Youth കുടുംബം-ലേഖനങ്ങള്‍

ചെറുപ്പക്കാരെ പള്ളികളിലേക്ക് ആകര്‍ഷിക്കാന്‍…

മുസ്‌ലിംകൗമാരക്കാരെയും യുവാക്കളെയും പള്ളികളിലേക്കും ഇസ്‌ലാമിക്‌സെന്ററുകളിലേക്കും സ്റ്റഡിസര്‍ക്കിളിലേക്കും ആകര്‍ഷിക്കാനോ സ്ഥിരംസന്ദര്‍ശകരാക്കാനോ  കഴിയുന്നില്ലെന്നത് ആധുനികമുസ്‌ലിംസമുദായം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്.

പള്ളിയിലെ ആരാധനാകര്‍മങ്ങളിലേക്കും സെന്ററുകളിലെ  പരിപാടികളിലേക്കും നിര്‍ബന്ധിച്ചോ നിരന്തരം ഉപദേശിച്ചോ പിടിച്ചുവലിച്ചോ കൊണ്ടുപോകേണ്ട അവസ്ഥയാണ് പല മാതാപിതാക്കള്‍ക്കുമുള്ളത്. കൗമാരപ്രായക്കാരനായ മകന്‍ കോളേജില്‍ പോയിത്തുടങ്ങുന്നതോടെ അതുവരെ പള്ളിയില്‍ പോക്ക് അവസാനിപ്പിക്കുന്നതായി അവര്‍ക്ക് കാണേണ്ടിവരുന്നു.

അതേസമയം കുട്ടിക്കാലം മുതല്‍ക്കുതന്നെ പള്ളിയില്‍ പോകുകയും  കോളേജില്‍ ചേര്‍ന്നാല്‍ അവിടെ പരിസരത്തുള്ള പള്ളിയില്‍ പരപ്രേരണയൊന്നുമില്ലാതെ നമസ്‌കരിക്കാന്‍ ഔത്സുക്യം കാട്ടുകയുംചെയ്യുന്ന സന്താനങ്ങളും ഇന്നുണ്ട്.

തന്റെ സന്താനങ്ങള്‍  നമസ്‌കാരം മുറുകെപ്പിടിക്കുന്നവരായിരിക്കണം എന്നാഗ്രഹിക്കുന്ന രക്ഷിതാക്കള്‍ അതിനായി എന്താണ് ചെയ്യേണ്ടതെന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നു. അത്തരത്തിലുള്ള പ്രായോഗികമായി സ്വീകരിക്കാന്‍ കഴിയുന്ന ചില സംഗതികളാണ് ഇവിടെ വിവരിക്കുന്നത്

1. ഒന്നാമതായി ചെറുപ്പക്കാരുടെ മനസ്സ് മനസ്സിലാക്കാന്‍ ശ്രമിക്കുക. അതായത് അവരില്‍ ഒരാളായി സങ്കല്‍പിച്ചുകൊണ്ട് അവരുടെ അനുഭവങ്ങളെന്തെന്ന് തിരിച്ചറിയുക. തന്റെ കുട്ടിക്കാലത്ത്  ദീനില്‍ താല്‍പര്യമുണ്ടാക്കാന്‍ രക്ഷിതാക്കള്‍ എന്തൊക്കെയാണ് ചെയ്തതെന്ന് ഓര്‍ത്തെടുക്കുക. ഉദാഹരണത്തിന് നിങ്ങളുടെ കുട്ടി ഇസ്‌ലാമികപുസ്തകങ്ങള്‍ വായിക്കുന്നശീലം സ്വീകരിക്കണമെങ്കില്‍ നിങ്ങള്‍ വായനാശീലം നേടിയെടുക്കാന്‍ കുട്ടിയായിരിക്കെ എന്തൊക്കെ ചെയ്തുവെന്ന് ചിന്തിച്ചുനോക്കുക. മാനസികമായി കുട്ടികളെ തയ്യാറെടുക്കാന്‍ സ്വീകരിക്കുന്ന ഈ രീതി  അത്ഭുതങ്ങള്‍ സൃഷ്ടിക്കും. മുതിര്‍ന്നവരുടെ പ്രോത്സാഹനങ്ങള്‍ പക്ഷേ കുട്ടികളുടെ പ്രായംകൂടുന്തോറും ഫലിക്കാന്‍ പ്രയാസമായിരിക്കും.

കുട്ടിക്കാലത്ത് പള്ളിയില്‍ പിതാക്കന്‍മാരോടൊപ്പം പോകാന്‍ തങ്ങളില്‍ താല്‍പര്യംജനിപ്പിച്ച സംഗതിയെന്തെന്ന് അവര്‍ ഓര്‍ക്കട്ടെ. ഇനി അവരുടെ രക്ഷിതാക്കള്‍ പള്ളിയില്‍ പോകാത്തവരായിരുന്നുവെങ്കില്‍ അവരോടൊപ്പം എവിടേക്ക് പോകുമ്പോഴായിരുന്നു കൂടുതല്‍ സന്തോഷം കണ്ടെത്തിയിരുന്നതെന്ന് ഓര്‍ത്തെടുക്കുക.

2. ചെറുപ്രായത്തിലേ തുടങ്ങുക

ചെറുപ്രായത്തില്‍തന്നെ കുട്ടികളെ പള്ളിയില്‍ കൊണ്ടുപോകാന്‍ ശ്രദ്ധിക്കുക. പള്ളിയില്‍ എങ്ങനെ അച്ചടക്കത്തോടെ ഇരിക്കണമെന്നും പെരുമാറണമെന്നും അവരെ പരിശീലിപ്പിക്കാന്‍ കൂട്ടത്തില്‍ ശ്രമിക്കണം. റമദാനില്‍ തറാവീഹിനും ജുമുഅ ദിനങ്ങളിലും പങ്കെടുപ്പിക്കണം. യുവാക്കളെ പ്രത്യേകം അഭിസംബോധനചെയ്യുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ ശ്രമിക്കണം.   കുട്ടികള്‍ക്ക് മുലയൂട്ടാന്‍ ഉമ്മമാര്‍ക്കായി മുറികള്‍, ടോയ്‌ലറ്റ് സൗകര്യങ്ങള്‍ , ബാലികാബാലന്‍മാര്‍ക്കായി പ്ലേ ഏരിയ എന്നിവ പള്ളിയില്‍ ഒരുക്കുന്നത് വളരെ ഉപകാരപ്രദമായിരിക്കും.(പള്ളി ആണുങ്ങളുടെ മാത്രം ഇടമാണെന്നും അവിടേക്ക് സ്ത്രീകളും കുട്ടികളും വരേണ്ടതില്ലെന്നുംചിന്തിക്കുന്ന തലമുറയ്ക്ക്  പുനര്‍വിചിന്തനത്തിന് അവസരമൊരുക്കുമിത്.)

3. അവരെ വിലകല്‍പിക്കുക

പള്ളികളില്‍ യുവാക്കളെ ആകര്‍ഷിക്കാനും അവരെ പതിവുകാരാക്കാനും കേവലം സ്വാഗതംചെയ്തതുകൊണ്ടുമാത്രം സാധിക്കുകയില്ല.  മാനുഷികവിഭവം എന്ന നിലയില്‍ അവര്‍ക്ക് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന യാഥാര്‍ഥ്യം മുന്‍നിര്‍ത്തി അവരെ പരിഗണിക്കുന്നുവെന്ന തിരിച്ചറിവ്  അവരില്‍ ജനിപ്പിക്കാന്‍ കഴിയുമ്പോഴേ അതിന് കഴിയുകയുള്ളൂ. രസകരവും താല്‍പര്യംജനിപ്പിക്കുന്നതുമായ പരിപാടികളില്‍ അവരെ പ്രതിനിധികളായി പങ്കെടുപ്പിച്ചാല്‍ പള്ളിയില്‍ അവര്‍ പതിവുകാരായിത്തീരും. സേവനപദ്ധതികള്‍, കായികപരിപാടികള്‍, ചെറിയ കുട്ടികള്‍ക്ക് ഖുര്‍ആന്‍ പഠിപ്പിച്ചുകൊടുക്കല്‍ , പെരുന്നാള്‍ വേളകളില്‍ ലഘുലേഖകളും ആശംസാകാര്‍ഡുകളും തയ്യാറാക്കല്‍ എന്നിവയില്‍ തുടങ്ങി  പരിപാലനപ്രക്രിയകളടക്കം പങ്കെടുപ്പിച്ചാല്‍ തങ്ങള്‍ പരിഗണിക്കപ്പെടുന്നുവെന്നും വിലമതിക്കപ്പെടുന്നുവെന്നും  അവര്‍ തിരിച്ചറിയും.

4. സ്വയം മാതൃകകളായിത്തീരുക

യുവമുസ്‌ലിംതലമുറ എപ്പോഴും തങ്ങളെക്കാള്‍ മുതിര്‍ന്നവരെ സദാ നിരീക്ഷിക്കുന്നുവെന്ന് മനസ്സിലാക്കണം. പ്രബോധനപ്രവര്‍ത്തനങ്ങളിലും പള്ളിപരിപാടികളും സേവനസന്നദ്ധരായി രംഗത്തുള്ള ആളുകളുടെ സ്വഭാവവും പെരുമാറ്റവും യുവതലമുറ കാണുന്നുവെന്നും വിലയിരുത്തുന്നുവെന്നും തിരിച്ചറിഞ്ഞ് ഉത്തമസ്വഭാവത്തിനുടമകളാകാന്‍ മുതിര്‍ന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം സാമൂഹികപ്രവര്‍ത്തകരും, വിദ്യാഭ്യാസപ്രവര്‍ത്തകരും ആയ സെക്യുലര്‍ മുസ്‌ലിംകളെയും അവര്‍ കാണുന്നുണ്ട്. അവരെക്കാള്‍ മോശമായ സ്വഭാവപെരുമാറ്റരീതികളാണ് പള്ളിയില്‍ സദാസജീവരായ മുതിര്‍ന്ന ആളുകളില്‍ കാണുന്നതെങ്കില്‍ യുവതലമുറ പള്ളികളില്‍ നിന്ന് അകന്നുപോകുകയേ ഉള്ളൂ. പള്ളിയില്‍ പോയിട്ടും മറ്റുള്ളവരോട് പെരുമാറാനും സംസാരിക്കാനും ഇടപഴകാനും അറിയാത്തവരുടെ കൂട്ടത്തില്‍പെടാന്‍  താനൊരുക്കമല്ല എന്നായിരിക്കും കൗമാരക്കാരുടെയും യുവാക്കളുടെയും ചിന്ത.

5. താമസം മാറ്റുക

വിവാഹംകഴിയുന്ന യുവദമ്പതികള്‍ക്ക് ആദ്യമായി കുട്ടിയുണ്ടായാല്‍ ആ കുട്ടി വളരുന്ന ചുറ്റുപാടുകളെക്കുറിച്ചും അന്തരീക്ഷത്തെക്കുറിച്ചും ബോധമുണ്ടാകണം. പള്ളിയുമായി ബന്ധമുണ്ടാകുന്ന സാഹചര്യം ഉണ്ടോയെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ അധികപേരും നല്ല ജോലിസാഹചര്യവും വരുമാനവും ബിസിനസ് വളര്‍ച്ചയും ലക്ഷ്യമിട്ട് മക്കളുടെ ദീനിയായ വളര്‍ച്ചയെ അവഗണിക്കുകയാണ് ചെയ്യുന്നത്. കൗമാരത്തിലെത്തിയ മകന്റെ പെരുമാറ്റവും രീതികളും കാണുമ്പോഴാണ് പലപ്പോഴും രക്ഷിതാക്കള്‍ മക്കളെക്കുറിച്ച് വേവലാതിപ്പെടുന്നത് നാംകാണുന്നത്. അത്തരക്കാരുടെ സന്താനങ്ങളെ പള്ളിയും ദീനുമായും അടുപ്പംപുലര്‍ത്തുന്നവരാക്കാന്‍ വളരെ പ്രയാസമാണ്. അതിനാല്‍ വളരെ ചെറുപ്രായത്തില്‍തന്നെ  അത്തരംകാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്.

6. ഹജ്ജിലും ഉംറയിലും കുട്ടികളെ കൂട്ടുക

കുട്ടികള്‍ക്ക് ഇസ്‌ലാമിനോട് അതിയായതാല്‍പര്യം ജനിപ്പിക്കാന്‍ സാമ്പത്തികഭദ്രതയുള്ള മാതാപിതാക്കള്‍ക്ക് ചെയ്യാന്‍ കഴിയുന്ന സംഗതിയാണിത്. വര്‍ഷത്തില്‍ വിദേശങ്ങളില്‍ വിനോദയാത്ര നടത്തുന്ന മാതാപിതാക്കള്‍ മനസ്സുവെച്ചാല്‍ ഉംറയില്‍ മക്കളെ കൂടെക്കൂട്ടാവുന്നതേയുള്ളൂ. മക്കയുടെയും മദീനയുടെയും ദൃശ്യങ്ങളും പിന്നാമ്പുറചരിത്രവും  കാണുകയും കേള്‍ക്കുകയും മനസ്സിലാക്കുകയുംചെയ്യുന്ന സന്താനങ്ങളുടെ മനസ്സില്‍ അറിയാതെതന്നെ ഇസ്‌ലാമിനോടുള്ള താല്‍പര്യം ശക്തമായിത്തീരും.

Topics