ചോദ്യം: ഞാന്‍ യുകെയിലാണ് താമസിക്കുന്നത്. ഇസ് ലാമോഫോബിയ ആക്രമണങ്ങള്‍ യുകെയില്‍ വളരെ വ്യാപകമാവുന്ന ഈ കാലത്ത് ഹിജാബ് ധരിക്കാതിരിക്കലാണ് നല്ലതെന്ന് ചില സുഹൃത്തുക്കള്‍ എന്നെ ഉപദേശിക്കുകയുണ്ടായി. സുരക്ഷ മുന്‍നിര്‍ത്തി ഹിജാബ് അഴിക്കുന്നതുകൊണ്ട് ഇസ് ലാമികദൃഷ്ട്യ വല്ല കുഴപ്പമുണ്ടോ ?
ഉത്തരം : ശൈഖ് അഹ്മദ് കുട്ടി
മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ ഹിജാബ് മാറ്റുന്നതില്‍ കുഴപ്പമില്ല. അപ്പോഴും മാന്യമായി തലമറയ്ക്കുകയും നിങ്ങളുടെ സ്വന്തം ധാര്‍മികതയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുകയും വേണം. അതേസമയം ഒറ്റപ്പെട്ട് ഉണ്ടാവുന്ന പരിഹാസം, ഉപദ്രവം തുടങ്ങി കാരണങ്ങള്‍ കൊണ്ട് മാത്രം ഹിജാബ് ഒരിക്കലും മാറ്റരുത്. സത്യവിശ്വാസികള്‍ ഭൂമിയില്‍ അനുഭവിക്കുന്ന ഉപദ്രവങ്ങളെക്കുറിച്ച് അല്ലാഹു പറയുന്നു : കുറ്റവാളികള്‍ സത്യവിശ്വാസികളെ കളിയാക്കി ചിരിക്കുമായിരുന്നു. അവരുടെ അരികിലൂടെ നടന്നുപോകുമ്പോള്‍ അവര്‍ പരിഹാസത്തോടെ കണ്ണിറുക്കുമായിരുന്നു. അവര്‍ തങ്ങളുടെ കുടുംബങ്ങളിലേക്ക് രസിച്ചുല്ലസിച്ചാണ് തിരിച്ചു ചെന്നിരുന്നത്. (ഖുര്‍ആന്‍ 83 : 29-31)
മറ്റൊരിടത്ത് അല്ലാഹു പറയുന്നു :
തീര്‍ച്ചയായും നിങ്ങളുടെ സമ്പത്തിലും ശരീരത്തിലും നിങ്ങള്‍ പരീക്ഷണ വിധേയരാകും. നിങ്ങള്‍ക്കുമുമ്പെ വേദം ലഭിച്ചവരില്‍ നിന്നും ബഹുദൈവ വിശ്വാസികളില്‍ നിന്നും നിങ്ങള്‍ ധാരാളം ചീത്തവാക്കുകള്‍ കേള്‍ക്കേണ്ടിവരും. അപ്പോഴൊക്കെ നിങ്ങള്‍ ക്ഷമപാലിക്കുകയും സൂക്ഷ്മത പുലര്‍ത്തുകയുമാണെങ്കില്‍ തീര്‍ച്ചയായും അത് നിശ്ചയദാര്‍ഢ്യമുള്ള കാര്യം തന്നെ. (ഖുര്‍ആന്‍ 3 : 183)
ഇസ് ലാംവിരുദ്ധരില്‍ നിന്ന് ഒറ്റപ്പെട്ട് ഉണ്ടാവുന്ന പരിഹാസവാക്കുകളും പ്രവൃത്തികളും നമ്മെ അലോസരപ്പെടുത്തേണ്ടതില്ലെന്ന് ചുരുക്കം. സത്യത്തിന്റ് വാഹകരാവുമ്പോള്‍ അത്തരം അനുഭവങ്ങള്‍ സ്വാഭാവികം.
ഇത്തരം സന്ദര്‍ഭങ്ങളില്‍ ക്ഷമയവലംബിക്കുകയും അവരുടെ വിധി അല്ലാഹുവില്‍ ഏല്‍പിച്ച് സത്യത്തിലേക്ക് അവര്‍ എത്തിച്ചേരാന്‍ പ്രാര്‍ഥിക്കുകയും ചെയ്യുക. ഈ സമീപനത്തിലൂടെ ധാരാളം ശത്രുക്കളെ ഇസ് ലാമിന്റെ തണിലില്‍ എത്തിയതിന്റെ ചരിത്രം നമുക്ക് മുമ്പിലുണ്ട്.
എന്നാല്‍, തന്റെ ജീവനും അഭിമാനത്തിനും ഭീഷണയുണ്ടാവുമ്പോള്‍ അതിന്റെ വശം വേറെയാണ്. സുരക്ഷാര്‍ഥം ചില വിധികളില്‍ ഇളവ് ആവാമെന്ന് ശരീഅത്ത് തന്നെ പറയുന്നുണ്ട്. തന്റെ പ്രദേശത്തിന്റെ ഈ പ്രശ്‌നത്തിന്റെ രൂക്ഷത, പ്രശ്‌നമനുഭവിക്കുന്നയാള്‍ ഉറപ്പുവരുത്തുകയും വേണം. ഒരിടത്തെ പ്രശ്‌നം മറ്റൊരു പ്രദേശത്തെ വിധി തീരുമാനിക്കുന്നതാവരുത്. ജീവിക്കുന്ന ഇടം പ്രശ്‌നകലുഷിതമാണെങ്കില്‍ ഇസ് ലാം അനുസരിച്ച് ജീവിക്കാന്‍ കഴിയുന്നിടത്തേക്ക് മാറാന്‍ ശ്രമിക്കുക. അതിനാവുന്നില്ലെങ്കില്‍ താരതമ്യേന ഇസ് ലാമിക വിരുദ്ധമല്ലാത്ത സമീപനം സ്വീകരിക്കുകയോ ഹിജാബ് മാറ്റി മാന്യമായ വസ്ത്രം ധരിക്കുകയും ചെയ്യുക.
മുഖം മുഴുവന്‍ മറയക്കുക എന്ന് ഇസ് ലാമില്‍ നിര്‍ബന്ധ ബാധ്യതയല്ല എന്നും നാം മനസ്സിലാക്കുക. മുഖം മുഴുവന്‍ മറച്ച് ധരിക്കുന്ന നിഖാബ് വസ്ത്രം പാശ്ചാത്യരുടെ മനസ്സില്‍ ഇസ് ലാമിനെക്കുറിച്ച് നെഗറ്റീവ് ധാരണയുണ്ടാക്കിയിട്ടുണ്ട്. ഇസ് ലാമിക പ്രബോധന മേഖലയിലും ഇത് പ്രശ്‌നമാവുന്നുണ്ട്.
അവസാനിപ്പിച്ചുകൊണ്ട് പറയട്ടെ, തന്റെ സുരക്ഷയെക്കുറിച്ച് ഒരു സ്ത്രീക്കാണ് കൂടുതല്‍ ബോധ്യമുണ്ടാവുക. അതിനാല്‍ അവള്‍ ചിന്തിക്കട്ടെ താന്‍ ചെയ്യുന്നത് ശരിയോ തെറ്റോ എന്ന്. പ്രവാചകന്‍ (സ) പറഞ്ഞു : ഉത്തമശീലങ്ങളാണ് നന്മ; മനസ്സില്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണ് തിന്‍മ (ഇമാം അഹ്മദ്, നവവി)