അമേരിക്കയിലെ കറുത്തവര്‍ഗക്കാരുടെ പോരാട്ടചരിത്രത്തില്‍ തങ്കലിപികളാല്‍ ആലേഖനംചെയ്യപ്പെട്ട വ്യക്തിയാണ് മാല്‍കം എക്‌സ്. ആഫ്രോ-അമേരിക്കക്കാരുടെയും അമേരിക്കന്‍മുസ്‌ലിംകളുടെയും മാത്രമല്ല, എല്ലാ അമേരിക്കക്കാരുടെയും സ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും ആരാധനാമൂര്‍ത്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വ്യക്തിത്വത്തെക്കുറിച്ച ചില നിരീക്ഷണങ്ങള്‍ സമര്‍പിക്കുകയാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം.
മാല്‍കം എക്‌സ് അമേരിക്കന്‍ രാഷ്ട്രീയത്തിലും സാമൂഹികജീവിതത്തിലും ഉണ്ടാക്കിയ പ്രഭാവത്തെക്കുറിച്ച് ഞാന്‍ വിവരിക്കാനുദ്ദേശിക്കുന്നില്ല. അതേസമയം ആഫ്രോഅമേരിക്കന്‍ സമൂഹത്തിനകത്ത് മുസ്‌ലിംകളുടെ സവിശേഷമായ പോരാട്ടങ്ങള്‍ അമേരിക്കന്‍ ചരിത്രത്തിലെ അവിസ്മരണീയങ്ങളായ ഏടുകളാണെന്നത് നാം പ്രത്യേകം പഠിക്കേണ്ടതുണ്ട്.
കഥകള്‍ സര്‍വപ്രധാനം
കാര്യങ്ങള്‍ മനസ്സിലാക്കാന്‍ മുന്‍കാല ചരിത്രസംഭവങ്ങള്‍ വളരെയേറെ പ്രയോജനപ്രദമാണ്. ഖുര്‍ആനിലെ പ്രതിപാദ്യവിഷയങ്ങളുടെ മൂന്നിലൊന്ന് ചരിത്രപ്രധാനമായ കഥകളായതില്‍ അതുകൊണ്ടുതന്നെ യാതൊരു അത്ഭുതവുമില്ല. തന്റെ ചുറ്റുമുള്ള പൊതുസമൂഹത്തോട് കഥകള്‍ ചൊല്ലിക്കൊടുക്കാന്‍ അല്ലാഹു പ്രവാചകനോട് കല്‍പിക്കുന്നത് നാം കാണുന്നുണ്ടല്ലോ. (അഅ്‌റാഫ് 176).
സമരങ്ങളും വെല്ലുവിളികളും ചടുലനീക്കങ്ങളും നിറഞ്ഞ സംഭവബഹുലവും സത്യസന്ധവുമായ ചരിത്രകഥകള്‍ വ്യക്തിത്വവികാസത്തിന് സഹായിക്കുന്നു. അതുകൊണ്ടുതന്നെ ചരിത്രം എപ്പോഴും ഭാവികാലത്തെ കൃത്യമായി വീക്ഷിക്കാന്‍ ഉപകരിക്കും. എല്ലായ്‌പ്പോഴും ജീവിതത്തിന് ആവര്‍ത്തിച്ചുവരുന്ന ചട്ടക്കൂടാണ് ഉള്ളത്. അത് മനസ്സിലാക്കാന്‍ അല്‍പം പരിശ്രമം വേണ്ടിവരുമെന്ന് മാത്രം.
മാല്‍കം എക്‌സിന്റെ ജീവിതം വളരെയേറെ പ്രാധാന്യമുള്ളതാണ്. നമുക്ക് ബന്ധപ്പെടുത്താന്‍ കഴിയുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ ജീവിതകാലഘട്ടം നമ്മില്‍നിന്ന് അത്രയൊന്നും വിദൂരമല്ലല്ലോ. നാം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന കാലികപ്രശ്‌നങ്ങള്‍ അദ്ദേഹവും അഭിമുഖീകരിച്ചിട്ടുള്ളതാണ്.
മാല്‍കമിന്റെ ജീവിതം ചുരുക്കത്തില്‍
മാല്‍കമിന്റെ ബാല്യകാലത്താണ് അദ്ദേഹത്തിന്റെ പിതാവ് മരിക്കുന്നത്. വംശീയാക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. അതെത്തുടര്‍ന്ന് മനോനില തകരാറായ മാതാവ് മനോരോഗാശുപത്രിയില്‍ ജീവിതകാലം കഴിച്ചുകൂട്ടി. ഏതൊരു ആഫ്രിക്കക്കാരനെയുംപോലെ ദുഷ്‌കരമായിരുന്നു അദ്ദേഹത്തിന്റെയും ജീവിതം. വംശീയാധിക്ഷേപത്തിന് സദാ ഇരയായി. കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടതിനാല്‍ ജയിലിലടക്കപ്പെട്ടു.
ജയിലിനകത്ത് അദ്ദേഹം നാഷന്‍ ഓഫ് ഇസ്‌ലാമിനെക്കുറിച്ച് കേള്‍ക്കാനിടയായി. വെള്ളവംശീയതയ്‌ക്കെതിരെ കറുത്തവംശജരുടെ ആധിപത്യം എന്നതായിരുന്നു അവരുടെ മുദ്രാവാക്യം. സംഘടനയ്ക്ക് പേരില്‍ മാത്രമേ ഇസ്‌ലാമുമായി ബന്ധമുണ്ടായിരുന്നുള്ളൂ.
ജയിലില്‍വെച്ച് നാഷന്‍ ഓഫ് ഇസ്‌ലാമിന്റെ മുദ്രാവാക്യങ്ങളിലാകൃഷ്ടനായ മാല്‍കം മോചിതനായി പുറത്തുവന്നപ്പോള്‍ അതിന്റെ ശക്തനായ വക്താവായി മാറി. അധികംവൈകാതെ അദ്ദേഹം അതിന്റെ നേതൃപദവി അലങ്കരിച്ചു. എന്നാല്‍ സംഘടനയ്ക്കകത്തെ മറ്റു നേതാക്കള്‍ അസൂയാലുക്കളായി. പത്രങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിന്റെ പേരില്‍ അദ്ദേഹത്തിന് മേല്‍ വിലക്കേര്‍പ്പെടുത്തി.
ഈ വിലക്കിന്റെ കാലത്താണ് അദ്ദേഹം യഥാര്‍ഥ ഇസ്‌ലാമിനെ അടുത്തറിയുന്നത്. മക്കയില്‍ ഹജ്ജുനിര്‍വഹിച്ചുകൊണ്ടിരിക്കെ, വംശീയത ഇസ്‌ലാമിന്റെ ആദര്‍ശമല്ലെന്ന് അദ്ദേഹം തിരിച്ചറിയുകയും ഒട്ടേറെ ലോകമുസ്‌ലിംനേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. തദ്ഫലമായി മനപരിവര്‍ത്തനം സംഭവിച്ച അദ്ദേഹം തിരികെ ജന്‍മനാട്ടിലെത്തി ഇസ്‌ലാമികപ്രബോധനങ്ങളിലേര്‍പ്പെട്ടു.
കറുത്തവര്‍ഗക്കാരുടെ വിമോചനത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തി അദ്ദേഹത്തെ ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെ നാഷന്‍ ഓഫ് ഇസ്‌ലാമിന്റെ അനുയായികളില്‍ ചിലര്‍ കൊലപ്പെടുത്തുകയായിരുന്നു.
നമുക്കുള്ള പാഠങ്ങള്‍:
1: അല്ലാഹു അറിയുന്നു; നിങ്ങള്‍ അറിയുന്നില്ല.
തികച്ചും ദുരിതപൂര്‍ണമായ സാഹചര്യത്തിലാണ് മാല്‍കമിന്റെ ജീവിതം തുടങ്ങുന്നത്. വംശീയതയുടെ പേരില്‍ പിതാവ് കൊല്ലപ്പെട്ടു. മാതാവ് മാനസികരോഗാശുപത്രിയിലായി. വിവിധ ദത്തുവളര്‍ത്തുകേന്ദ്രങ്ങളിലൂടെ വളര്‍ന്നുവലുതായി. കൗമാരദശയില്‍ കുറ്റകൃത്യങ്ങളിലകപ്പെട്ട് ഇരുമ്പഴിക്കുള്ളില്‍ കഴിയേണ്ടിവന്നു. ആഫ്രിക്കന്‍ യുവത്വത്തിന്റെ അന്നത്തെ അവസ്ഥയായിരുന്നു അത്. അത്തരം പ്രതികൂലസാഹചര്യങ്ങളുമായി ഏറ്റുമുട്ടിയിട്ടും ലോകമെങ്ങും ചര്‍ച്ചചെയ്യപ്പെടുംവിധം വ്യക്തിത്വത്തിനുടമയായി അദ്ദേഹം മാറി.
അല്ലാഹു മനുഷ്യര്‍ക്കായി ചെയ്തിട്ടുള്ള ആസൂത്രണങ്ങളെക്കുറിച്ച് നാം ആഴത്തില്‍ ചിന്തിക്കേണ്ടതുണ്ട്. മാല്‍കം കടന്നുപോയ ജീവിതസാഹചര്യങ്ങളെക്കുറിച്ച് ചിന്തിച്ചാല്‍ അദ്ദേഹം ഇന്നറിയപ്പെടുന്ന ഒരു വ്യക്തിത്വമാകാന്‍ യാതൊരു സാധ്യതയുമില്ലല്ലോ. തന്റെ പിതാവിനെ വകവരുത്തിയ വംശീയതയുടെ മൗലികകാരണങ്ങളെക്കുറിച്ചാണ് അദ്ദേഹം പഠിച്ചത്. അങ്ങനെ അതിനെതിരെ സമരപാത സ്വീകരിച്ചുകൊണ്ട് കര്‍മരംഗത്തിനിറങ്ങി. ഒരാളുടെ ജീവിതത്തില്‍ കയ്‌പേറിയ നിമിഷങ്ങള്‍ സമ്മാനിക്കുന്ന ജയില്‍കാലഘട്ടം അദ്ദേഹത്തിന്റെ നേഷന്‍ ഓഫ് ഇസ്‌ലാമിലേക്കുള്ള പ്രയാണത്തിലാണ് അവസാനിച്ചത്.
നേഷന്‍ ഓഫ് ഇസ്‌ലാം ഇസ്‌ലാമിക തത്ത്വങ്ങളുമായി പൊരുത്തപ്പെടാത്ത ഒരു സംഘടനയാണെന്ന് നമുക്കറിയാം. അങ്ങനെയാണെങ്കില്‍പോലും അത് അദ്ദേഹത്തില്‍ നേതൃഗുണം, പ്രഭാഷണചാതുരി, സംഘാടനം എന്നിവ വളര്‍ത്തിയെടുക്കാന്‍ നിമിത്തമായി. ആ സംഘടനയുടെ വീക്ഷണങ്ങളോടുള്ള എതിരഭിപ്രായവും ഏറ്റുമുട്ടലും അദ്ദേഹത്തെ യഥാര്‍ഥ ഇസ്‌ലാമിലേക്കെത്തിച്ചു. അത് അദ്ദേഹത്തിന്റെ ജീവിതത്തെ ആകെ മാറ്റിമറിച്ചു. അത്തരത്തിലുള്ള വെല്ലുവിളികള്‍ ജീവിതത്തില്‍ കടന്നുവന്നില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ അദ്ദേഹം മഹനീയ വ്യക്തിയാവുകയില്ലായിരുന്നു.
നമ്മള്‍ സാഹചര്യങ്ങളുടെ അടിമകളാകരുത്. ജീവിതത്തിലെ വിഷമസന്ധികളില്‍ പതറിപ്പോകരുത്. അത്തരം അവസ്ഥകള്‍ നമ്മെ മാറ്റിപ്പണിയുംവിധം ഇഛാശക്തി ആര്‍ജിക്കാനുള്ള അല്ലാഹുവിന്റെ പദ്ധതിയായിരിക്കാം. ആ പ്രതികൂലസാഹചര്യങ്ങളോട് എങ്ങനെ നാം പ്രതികരിക്കുന്നുവെന്നതാണ് മുഖ്യം. മാല്‍കമിനെപ്പോലെ പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നുപോയ എത്രയോ ആളുകളുണ്ടാകാം. പക്ഷേ, അവര്‍ മാല്‍കമിനെ പ്പോലെ നായകരായി അറിയപ്പെടുകയോ ആദരിക്കപ്പെടുകയോ ചെയ്തിട്ടില്ല.
യൂസുഫ് നബി കടന്നുപോയ പരീക്ഷണഘട്ടങ്ങളെ ഇത്തരുണത്തില്‍ നാമൊന്നോര്‍ത്തുനോക്കുക. ഒരു ബാലനും തന്റെ സഹോദരങ്ങളാല്‍ വെറുക്കപ്പെടാനോ വിദൂരദിക്കില്‍ ഉപേക്ഷിക്കപ്പെടാനോ ആഗ്രഹിക്കില്ല. എന്നിരുന്നാലും ആ ചരിത്രം വീണ്ടും നാം വായിക്കുമ്പോള്‍ തികച്ചും പ്രതികൂലാവസ്ഥയായിരിക്കെ ഓരോ ഘട്ടങ്ങളും യൂസുഫ് നബിയില്‍ നേതൃഗുണം പരിപോഷിപ്പിച്ചതായി കാണാനാകും. ഇപ്പറഞ്ഞതിനര്‍ഥം സ്വജീവിതത്തില്‍ കുറച്ച് മോശമായ ഭൂതകാലം ഉണ്ടാകുന്നത് നല്ലതാണെന്നല്ല. മറിച്ച്, അത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായാല്‍ അത് നമ്മെ പരിപോഷിപ്പിക്കാന്‍ അല്ലാഹു ആവിഷ്‌കരിച്ചതാണെന്ന് നമുക്ക് തിരിച്ചറിവുണ്ടാകണം. കാര്യങ്ങള്‍ അവ്വിധമാണോയെന്ന് തീരുമാനിക്കുക അതിനോടുള്ള നമ്മുടെ പ്രതികരണമാണെന്ന് മാത്രം.
2. പരിസമാപ്തിയിലാണ് കാര്യം
മാല്‍കം എക്‌സും യൂസുഫ് നബിയും തമ്മിലെന്ത് താരതമ്യം എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകാം. കാരണം, യൂസുഫ് ഒരിക്കലും അധര്‍മം പ്രവര്‍ത്തിച്ചിട്ടില്ല. എല്ലാവരും അദ്ദേഹത്തോട് അതിക്രമം പ്രവര്‍ത്തിക്കുകയാണ് ചെയ്തത്. അതേസമയം, തിന്‍മകളുടെയും അധാര്‍മികതകളുടെയും ഘട്ടത്തിലൂടെ മാല്‍കം കടന്നുപോയിട്ടുണ്ടെന്ന് ഏതൊരാള്‍ക്കുമറിയാം. മദ്യം, മയക്കുമരുന്ന് , മദിരാക്ഷി, ഗുണ്ടാവൃത്തി അങ്ങനെ എല്ലാ വൃത്തികേടുകളിലുമായി അദ്ദേഹത്തിന് ഇരുണ്ട കാലമുണ്ട്.
ഇതെല്ലാം മുന്‍നിര്‍ത്തി മാല്‍കം എക്‌സിന്റെ ജീവിതത്തില്‍നിന്ന് പഠിക്കാവുന്ന മറ്റൊരു പാഠമുണ്ട്. നിങ്ങളുടെ ഭൂതകാലം എന്തായിരുന്നുവെന്നത് നിങ്ങളെ നിര്‍ണയിക്കുന്നതില്‍ ഒരിക്കലും പ്രശ്‌നമല്ലെന്ന വസ്തുതയാണ് അത്. വര്‍ത്തമാനകാലത്ത് നിങ്ങളെങ്ങനെ പോയിക്കൊണ്ടിരിക്കുന്നുവെന്നതാണ് അതില്‍ പ്രധാനപ്പെട്ട കാര്യം. ഉമര്‍(റ) ആദ്യകാലത്ത് ഇസ്‌ലാമിന്റെ കഠിനശത്രുവായിരുന്നുവല്ലോ. മുഹമ്മദിന്റെ ആശയങ്ങളുപേക്ഷിച്ച് പാരമ്പര്യമതത്തിലേക്ക് മടങ്ങിവരാന്‍ അദ്ദേഹം വിശ്വാസികളെ മര്‍ദ്ദിക്കാറുണ്ടായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ മാല്‍കമിനെക്കാള്‍ വലുതായിരുന്നു ഉമറിന്റെ വഴികേട്.
അങ്ങനെയിരിക്കെ, ഒരുനാള്‍ ഉമറിന് സത്യം ബോധ്യപ്പെടുകയായി. അദ്ദേഹം പരിവര്‍ത്തിതനായി. അദ്ദേഹത്തിന്റെ ജീവിതത്തെ ഇസ്‌ലാം പുനസൃഷ്ടിച്ചു. അല്ലാഹുവിന് വേണ്ടി അദ്ദേഹം ജീവിച്ചു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിയായി. അതിനാല്‍ ഉമര്‍(റ)നെ മഹത്വവല്‍ക്കരിക്കുന്നത് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാനഘട്ടങ്ങളെ മുന്‍നിര്‍ത്തിയാണ്.
മക്കാകാലഘട്ടത്തില്‍ പ്രവാചകനെ കഠിനമായി ദ്രോഹിച്ച മുശ ്‌രിക്കുകളിലൊരാളായിരുന്നു ഇക്‌രിമത്തുബ്‌നു അബീ ജഹ്ല്‍. മദീനയില്‍ ഇസ്‌ലാമികരാഷ്ട്രം സ്ഥാപിച്ച നബി പിന്നീട് സ്വദേശമായ മക്കയില്‍ വിജയശ്രീലാളിതനായി തിരികെവരുമ്പോള്‍ അദ്ദേഹത്തോട് പോരാടാന്‍ വന്നത് ഇക്‌രിമയുടെ നേതൃത്വത്തിലുള്ള ചെറുസംഘം മാത്രമായിരുന്നു. തന്നോട് അങ്ങേയറ്റത്തെ ശത്രുത വെച്ചുപുലര്‍ത്തിയ മുശ്‌രിക്കുകള്‍ക്കെല്ലാം നബി പൊതുമാപ്പുനല്‍കിയപ്പോള്‍ ഇക്‌രിമയെ അതില്‍ നിന്നൊഴിവാക്കി.
അതെന്തായാലും ഇക്‌രിമയുടെ ഭാര്യ നബിതിരുമേനിയെ ചെന്നുകണ്ട് സംസാരിച്ച് മാപ്പുനേടിയെടുത്തു. അതിനുശേഷം ഇക്‌രിമ നബിയുടെ അടുക്കല്‍ചെന്ന് സംസാരിച്ചു. അങ്ങനെ സത്യം ബോധ്യപ്പെട്ട അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. വൈകാതെ, ഇസ്‌ലാമികമാര്‍ഗത്തില്‍ രക്തസാക്ഷിയാവുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പേരുകേള്‍ക്കുമ്പോള്‍ മറ്റു സ്വഹാബികള്‍ക്കെന്നപോലെ പരലോകവിജയത്തിനും റഹ്മത്തിനും വേണ്ടി നാം അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു.
സത്യത്തിനും നന്‍മയ്ക്കും വേണ്ടി മാല്‍കമും നിലകൊണ്ടില്ലായിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ പേരും കൊടുംകുറ്റവാളികളുടെ പട്ടികയില്‍ ഇടംപിടിച്ചേനെ. തങ്ങള്‍ക്ക് ലഭിച്ച അവസരങ്ങളെ ഉമറും ഇക്‌രിമയും അവഗണിച്ചിരുന്നുവെങ്കില്‍ അവരും നരകാവകാശികളായേനെ.
3. സത്യം കണ്ടെത്തേണ്ട ബാധ്യതയുണ്ട്
സത്യംകണ്ടെത്താന്‍ മാല്‍കം നടത്തിയ പരിശ്രമങ്ങള്‍ ഏവരെയും പ്രചോദിപ്പിക്കുന്നതാണ്. വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ സംഭവിച്ചതാണെങ്കിലും അത് സുദീര്‍ഘമായൊരു യാത്രതന്നെയായിരുന്നു. അദ്ദേഹം മിഡിലീസ്റ്റ്, ആഫ്രിക്ക, യൂറോപ്, ഏഷ്യ തുടങ്ങിയ ഭൂഖണ്ഡങ്ങളിലെല്ലാം കടന്നുചെന്നു. ആ യാത്രയില്‍ അദ്ദേഹം ഒട്ടേറെ കാര്യങ്ങള്‍ പഠിച്ചു. അല്ലാഹു പറയുന്നത് കാണുക:
‘നമ്മുടെ മാര്‍ഗത്തില്‍ പരിശ്രമിക്കുന്നവരെ നാം നമ്മുടെ വഴികളിലൂടെ നയിക്കുക തന്നെ ചെയ്യും. സംശയമില്ല; അല്ലാഹു സച്ചരിതരോടൊപ്പമാണ്'(അല്‍അന്‍കബൂത് 69)
നബിയുടെ കാലത്തുണ്ടായിരുന്ന മജൂസിയായ പേര്‍ഷ്യക്കാരന്‍ സല്‍മാനെ അനുസ് മരിപ്പിക്കുന്നുണ്ട് മാല്‍കമിന്റെ യാത്രകള്‍. തന്റെ പിതാവിന്റെ തോട്ടവും വസ്തുവകകളും നോക്കിനടത്താനായി പുറപ്പെട്ടതായിരുന്നു അദ്ദേഹം. വഴിയില്‍വെച്ച് ഒരു ക്രൈസ്തവപാതിരിയില്‍നിന്ന് ഏകദൈവത്തെക്കുറിച്ച തിരിച്ചറിവ് ലഭിച്ചു. സത്യമാര്‍ഗം അന്വേഷിച്ച് നഗരങ്ങള്‍ തോറും നടന്ന അദ്ദേഹത്തിന് ഈന്തപ്പനയുടെ നാട്ടിലെ പ്രവാചകനെക്കുറിച്ച വിവരംലഭിച്ചു.
പ്രവാചകനെ നേരില്‍കാണാനുള്ള ആഗ്രഹത്തോടെ അദ്ദേഹം യാത്രതിരിച്ചു. അതിനായി സ്വന്തമായുണ്ടായിരുന്ന എല്ലാം വിറ്റുപെറുക്കി ആ പണം ഒരു യാത്രാസംഘത്തിന് നല്‍കി അവരുടെ കൂടെ പുറപ്പെട്ടു. എന്നാല്‍ അവര്‍ അദ്ദേഹത്തെ വഞ്ചിച്ചു. എന്നുമാത്രമല്ല, അദ്ദേഹത്തെ അടിമച്ചന്തയില്‍ വില്‍ക്കുകയുംചെയ്തു. വിവിധ യജമാനന്‍മാര്‍ കൈമാറി അദ്ദേഹം അവസാനം മദീനയിലെത്തി. അദ്ദേഹം കൊതിച്ചത് ഒടുവില്‍ നേടുകയും ചെയ്തു. അങ്ങനെയാണ് മുസ ്‌ലിംചരിത്രകാരന്‍മാര്‍ വിശേഷിപ്പിച്ച ‘സത്യാന്വേഷി’യായ സല്‍മാനായി അദ്ദേഹം മാറിയത്. സത്യം കണ്ടെത്താനുള്ള യാത്രയിലാണ് നാമെപ്പോഴും . ആ ഹിദായത്തിനായി നാം ദിവസം ചുരുങ്ങിയത് 5 നേരം 17 പ്രാവശ്യമെങ്കിലും നിര്‍ബന്ധമായും പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നു.
4. അറിയപ്പെടാത്ത നായകര്‍
വാസ്തവത്തില്‍ മാല്‍കമിന്റെ ജീവിതത്തില്‍ ഏറ്റവും അത്ഭുതകരമായത് അദ്ദേഹത്തെ സ്വാധീനിച്ചവ്യക്തികളാണ്. അദ്ദേഹത്തിന്റെ ആത്മകഥ വായിച്ചപ്പോള്‍ എന്റെ മനോമുകുരത്തില്‍ പലപ്പോഴും ഉയര്‍ന്നുവന്ന ചോദ്യമിതായിരുന്നു: ‘ ഇദ്ദേഹത്തെ ഇസ്‌ലാമിനെക്കുറിച്ച് ബോധ്യപ്പെടുത്തിയത് ആരാണ്? അദ്ദേഹത്തില്‍ മനപരിവര്‍ത്തനം സൃഷ്ടിക്കാന്‍ സാധിച്ചത് ആര്‍ക്കാണ് ‘എന്ന്. മിഡിലീസ്റ്റിലേക്കുള്ള യാത്രയില്‍ ആരുമായാണ് അദ്ദേഹം കണ്ടുമുട്ടിയത്? യൂറോപ്പില്‍ അദ്ദേഹത്തിന്റെ മനസ്സുമാറ്റുംവിധം സംസാരിച്ച ആ വ്യക്തി ആരാണ്?
ഇപ്പറഞ്ഞ വ്യക്തികളെല്ലാവരും മാല്‍കമിനേക്കാള്‍ ശക്തരാണ്. മാല്‍കമിന് സ്വന്തത്തെക്കാളേറെ അവരോടായിരിക്കും ഏറ്റവും കൂടുതല്‍ ഇഷ്ടമുണ്ടാവുക. മാല്‍്കമിന്റെ സദ്പ്രവൃത്തികളുടെ ഒരു വിഹിതം ആ ഗുണകാംക്ഷികള്‍ക്കും ലഭിക്കുകതന്നെ ചെയ്യും. അവര്‍ക്കുവേണമെങ്കില്‍ മാല്‍കമിനെ അവഗണിക്കാമായിരുന്നു. നേഷന്‍ ഓഫ് ഇസ് ലാമിന്റെ മാല്‍ക്കം തങ്ങളുടെ ബൗദ്ധിക-സമൂഹ ശത്രുവാണെന്ന് അവര്‍ക്ക് എഴുതിത്തള്ളാമായിരുന്നു. എന്നാല്‍ അതിനുപകരം വഴിയറിയാത്ത ഒരു പാമരനാണ് അദ്ദേഹമെന്ന് അവര്‍ തിരിച്ചറിഞ്ഞു. വ്യക്തികളോട് പറയുന്ന നല്ല വര്‍ത്തമാനം പ്രയോജനംചെയ്യില്ലെന്ന് നാം ഒരിക്കലും കരുതരുത്. ഒരുവേള അത് അവരില്‍ ക്ഷിപ്രമാറ്റം സൃഷ്ടിച്ചില്ലായിരിക്കാം. കുട്ടികളെ രാത്രി ഉറക്കാന്‍ വേണ്ടി നാം പറഞ്ഞുകൊടുക്കുന്ന കഥകള്‍പോലും അവരില്‍ മാറ്റം സൃഷ്ടിക്കുന്നവയാണെന്ന് നാം മനസ്സിലാക്കുക. ഒരാള്‍ എപ്പോഴാണ് ഹീറോയാവുന്നതെന്ന് ആര്‍ക്കാണ് പറയാനാവുക?
5. അല്ലാഹുവിന്റെ യുക്തിയും ശരീഅ നിയമങ്ങളുടെ പൂര്‍ണതയും
മാല്‍കമിന്റെ ജീവിതത്തിലെ വഴിത്തിരിവ് സൃഷ്ടിച്ച സംഭവമായിരുന്നു ഹജ്ജ് യാത്ര. അവിടെ ദേശ-ഭാഷാ-വംശ-വര്‍ണ വ്യത്യാസമില്ലാതെ പരസ്പരം തോളുരുമ്മി വിനയാന്വിതരായി, സൗഹാര്‍ദത്തോടെ ആരാധനാകര്‍മങ്ങളില്‍ മുഴുകുന്ന വിശ്വാസിസമൂഹത്തിന്റെ കാഴ്ച അദ്ദേഹത്തില്‍ മനപരിവര്‍ത്തനംസൃഷ്ടിച്ചു. വെളുത്തവനും കറുത്തവനും ഇടകലര്‍ന്ന് അല്ലാഹുവിന് സാഷ്ടാംഗമര്‍പ്പിക്കുന്ന ദൃശ്യം അദ്ദേഹത്തെ പിടിച്ചുകുലുക്കി. അദ്ദേഹത്തിന് പുതുജീവിതത്തിലേക്കുള്ള കാല്‍വെപ്പായിരുന്നു മക്കയിലേക്കുള്ള തീര്‍ഥാടനം. സത്യത്തില്‍ ഹജ്ജിന്റെ സന്ദേശമാണല്ലോ അത്.
തിരക്കും അതുമൂലമുള്ള പ്രയാസവും ഇല്ലാതിരിക്കാന്‍ വര്‍ഷംമുഴുക്കെ നീളുന്ന ഹജ്ജ് സീസണിനുവേണ്ടി നാമൊരു പക്ഷേ മനസ്സില്‍ ആഗ്രഹിച്ചിരിക്കാം. എന്നാല്‍ അല്ലാഹുവാണല്ലോ ഏറ്റം നന്നായി കാര്യങ്ങളെ അറിയുന്നവന്‍. ഒരു പ്രത്യേകസമയത്തോ, കാലയളവിലോ സംഘംചേരുന്നതിനും ഒരുമിച്ചുകൂടുന്നതിനും അതിന്റെ പ്രകൃതിയില്‍ ഉള്‍ച്ചേര്‍ന്ന യുക്തിയുണ്ട്. ആ യുക്തിയാണ് കറുത്തവന്റെ ആധിപത്യം എന്ന വംശീയ ചിന്തയില്‍നിന്ന് മാല്‍കമിനെ വഴിമാറിനടത്തിച്ചത്. അതാണ് തഖ്‌വ കൊണ്ടല്ലാതെ കറുത്തവനോ വെളുത്തവനോ അല്ലാഹുവിന്റെ അടുക്കല്‍ ശ്രേഷ്ഠത നല്‍കപ്പെടുന്നില്ലെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയത്.