ചോ: ഞങ്ങളുടെ വീടിനടുത്ത് ഒരു ദരിദ്രകുടുംബത്തിലെ അംഗമായ പെണ്‍കുട്ടി സ്വകാര്യമാനേജ്‌മെന്റില്‍ മെഡിസിന് ചേര്‍ന്നിട്ടുണ്ട്. അവര്‍ക്ക് പഠനസഹായത്തിനായി സക്കാത്തിന്റെ വിഹിതം നല്‍കാമോ ?
ഉത്തരം: ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണ് സക്കാത്ത്. സമ്പന്നരില്‍നിന്ന് നിര്‍ബന്ധപൂര്‍വം വാങ്ങി ദരിദ്രര്‍ക്ക് നല്‍കുന്ന അവകാശമാണതെന്ന് പ്രവാചകന്‍തിരുമേനി അതിനെ വിവരിച്ചിരിക്കുന്നു. അത് വ്യത്യസ്തവിഭാഗങ്ങള്‍ക്ക് വിഭജിച്ചിട്ടുണ്ടെങ്കിലും മുഖ്യമായും ദരിദ്രര്‍ക്കും അഗതികള്‍ക്കുമാണ് നീക്കിവെച്ചിട്ടുള്ളത്. ഖുര്‍ആനില്‍ സക്കാത്തിന്റെ അവകാശികളെ വിവരിക്കുന്നത് കാണുക:’സകാത്ത് ദരിദ്രര്‍ക്കും അഗതികള്‍ക്കും അതിന്റെ ജോലിക്കാര്‍ക്കും മനസ്സിണങ്ങിയവര്‍ക്കും 21 അടിമ മോചനത്തിനും കടംകൊണ്ട് വലഞ്ഞവര്‍ക്കും ദൈവമാര്‍ഗത്തില്‍ വിനിയോഗിക്കാനും വഴിപോക്കര്‍ക്കും മാത്രമുള്ളതാണ്. അല്ലാഹു നിര്‍ണയിച്ച കടമയാണിത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്'(അത്തൗബ 60).
അതിനാല്‍ ആ വിദ്യാര്‍ഥി മുകളില്‍ വിവരിച്ച വിഭാഗങ്ങളില്‍ പെട്ടതാണെങ്കില്‍ അവള്‍ക്ക് സക്കാത്തില്‍ നിന്ന് വിഹിതം നല്‍കാവുന്നതാണ്.
സമുദായത്തിന് ഗുണകരമാകുന്ന ഏതുസംഗതിയിലും വിദ്യകരസ്ഥമാക്കാന്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ സക്കാത്തിനര്‍ഹരാണ്. വൈദ്യശാസ്ത്രം അത്തരത്തില്‍ പ്രയോജനപ്രദമായ വിജ്ഞാനമാണ്. ഇമാം ഗസ്സാലിയുടെ കാലത്ത് ആളുകള്‍ സാമൂഹികമാനമുള്ള വിഷയങ്ങള്‍ അവഗണിച്ച് കര്‍മശാസ്ത്രപ്രശ്‌നങ്ങള്‍ ഉരുക്കഴിക്കാനുള്ള വിദ്യകരസ്ഥമാക്കാന്‍ അത്യാവേശംകാട്ടിയപ്പോള്‍ അദ്ദേഹം അതിനെതിരെ രംഗത്തുവരികയുണ്ടായി. വൈദ്യശാസ്ത്രപഠനം സാമൂഹികബാധ്യതയാണെന്ന് അദ്ദേഹം അവരെ ഓര്‍മപ്പെടുത്തി. ഒരു സമുദായത്തില്‍ ഭിഷഗ്വരന്‍മാര്‍ ആരുംതന്നെയില്ലെങ്കില്‍ സമൂഹം ഒന്നടങ്കം തെറ്റുകാരായിരിക്കും.
ഭിഷഗ്വരന്‍മാര്‍ക്ക് യാതൊരു ക്ഷാമവുമില്ലാത്ത , വലിയ സാമ്പത്തികനേട്ടമുണ്ടാക്കിത്തരുന്ന പ്രൊഫഷന്‍ എന്ന ചിന്താഗതിവളര്‍ന്നുവന്നിട്ടുള്ള ഇന്നത്തെ സാഹചര്യം മേല്‍പറഞ്ഞ വിശകലനത്തിനകത്തുവരുന്നില്ല. അംഗീകൃതസ്ഥാപനങ്ങളില്‍ പ്രവേശനത്തിനുള്ള മാനദണ്ഡം പൂര്‍ത്തീകരിക്കാനാകാത്തവരാണ് പ്രൈവറ്റ് സ്ഥാപനങ്ങളില്‍ പ്രവേശനം തേടുന്നത്. അതിനാല്‍ തന്നെ സ്ഥാപനാധികൃതര്‍ക്ക് കൂടിയ തലവരിപ്പണം കൊടുക്കാന്‍ കഴിയുന്ന ആര്‍ക്കുംതന്നെ മതിയായ യോഗ്യതകളൊന്നുമില്ലെങ്കിലും ഇന്ന് മെഡിക്കല്‍പഠനം സാധ്യമാണ്. അത് ആ പ്രൊഫഷന്റെ പദവിക്ക് കളങ്കമേല്‍പ്പിച്ചിട്ടുണ്ടെന്നത് നിഷേധിക്കാനാകില്ല.
അതുകൊണ്ട്, മെറിറ്റില്‍ പ്രവേശനം നേടിയ വിഭാഗത്തിലാണ് താങ്കള്‍ സൂചിപ്പിച്ച പെണ്‍കുട്ടിയെങ്കില്‍ അവള്‍ സക്കാത്തിനര്‍ഹയാണ്. അതല്ല, രണ്ടാമത്തെ വിഭാഗത്തിലാണ് ആ കുട്ടി അഡ്മിഷന്‍ നേടിയതെങ്കില്‍ സക്കാത്ത് നല്‍കുന്നതിന് നീതീകരണമില്ല. സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡം പൂര്‍ത്തിയാക്കാത്തതിനാല്‍ തികഞ്ഞ പരിശീലനംസിദ്ധിച്ച ഡോക്ടര്‍മാരായല്ല അവര്‍ സമൂഹത്തെ സേവിക്കാന്‍ വരുന്നത്.
ചുരുക്കത്തില്‍ വൈദ്യശാസ്ത്രപഠനത്തിന് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള നിബന്ധനകള്‍ പൂര്‍ത്തിയാക്കിയവളാണ് ദരിദ്രയായ ആ പെണ്‍കുട്ടിയെങ്കില്‍ വിദ്യാഭ്യാസം നേടാന്‍ സക്കാത്ത് വിഹിതം നല്‍കുന്നതില്‍ യാതൊരു കുഴപ്പവുമില്ല.
Add Comment