അബൂഹാമിദ് മുഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ഗസാലി എന്നാണ് പേര്‍ഷ്യന്‍ ഇസ്‌ലാമികപണ്ഡിതനായ ഇമാം ഗസാലിയുടെ പൂര്‍ണനാമം. ലോകഇസ്‌ലാമികചരിത്രത്തില്‍ ഏറ്റവും സ്വാധീനംചെലുത്തിയ പണ്ഡിതരില്‍ ഒരാളായി അദ്ദേഹം എണ്ണപ്പെടുന്നു. അദ്ദേഹം മതപണ്ഡിതന്‍, തത്ത്വജ്ഞാനി, നിയമവിശാരദന്‍, സാമ്പത്തികവിശാരദന്‍ എന്നീനിലകളിലൊക്കെ ഇസ്‌ലാമികലോകത്തിന് ഒട്ടേറെ സംഭാവനകള്‍ അര്‍പിച്ചിട്ടുണ്ട്.
വളരെ നൂറ്റാണ്ടുകള്‍ക്കുമുമ്പ് മണ്‍മറഞ്ഞ വ്യക്തിത്വമാണെങ്കിലും അദ്ദേഹത്തിന്റെ വീക്ഷണത്തിന്റെ പ്രത്യേകതയൊന്നുകൊണ്ടുമാത്രം ആധുനികയുഗത്തിലും വളരെയേറെ ചര്‍ച്ചചെയ്യപ്പെടുന്നവരില്‍ ഒരാളായി ഇന്നും ഇമാം ഗസാലി വിരാജിക്കുന്നു. ആധുനികസാമ്പത്തികശാസ്ത്രത്തിന്റെ പിതാവായി വാഴിക്കപ്പെട്ട ആഡംസ്മിത്തുപോലും ഇമാം ഗസാലിയുടെ രചനകളെ ലാറ്റിന്‍ഭാഷയിലേക്ക് തര്‍ജ്ജമചെയ്തുകൊണ്ടാണ് യൂറോപില്‍ വെളിച്ചമെത്തിച്ചത്. സാമ്പത്തികചിന്തകള്‍ക്ക് ഊര്‍ജ്ജം നല്‍കിയ ഇമാം ഗസാലിയുടെ ചില നിരീക്ഷണങ്ങളിതാ:
1.അധ്വാനവിഭജനം: ആഡംസ്മിത്താണ് അധ്വാനവിഭജനത്തെക്കുറിച്ച കാഴ്ചപ്പാട് സമര്‍പിച്ചതെന്നാണ് നമ്മില്‍ അധികപേരുടെയും തെറ്റുധാരണ. ഒരു ജോലി അനേകം ലഘുപ്രവര്‍ത്തനങ്ങളായി തിരിക്കുകയും അത് ഓരോന്നും അതാതുമേഖലയില്‍ പരിചയവുംതാല്‍പര്യവുമുള്ള വ്യത്യസ്തയാളുകള്‍ക്ക് ഏല്‍പിച്ച് പൂര്‍ത്തീകരിക്കുകയെന്നതാണ് മേല്‍വിവരിച്ച അധ്വാനവിഭജനം. എന്നാല്‍ ഇമാം ഗസാലി നൂറ്റാണ്ടുകള്‍ക്കുമുമ്പേ തന്റെ ഇഹ്‌യാഉലൂമിദ്ദീനില്‍ പ്രസ്തുതസങ്കല്‍പത്തെ വിവരിച്ചതുകാണുക:
‘ബ്രഡ് ഉണ്ടാക്കാന്‍ വേണ്ടിവരുന്ന അധ്വാനങ്ങള്‍ ഉദാഹരണത്തിനെടുക്കാം. കര്‍ഷകന്‍ തന്റെ നിലം കൃഷിക്കുപയുക്തമാക്കാന്‍ ആവശ്യമായ കലപ്പയും മറ്റും ഉപയോഗിക്കുന്നു. ശേഷം നന്നായി ജലസേചനംനടത്തുന്നു. വിത്തുവിതക്കുന്നു. മൂത്തുവിളഞ്ഞ ധാന്യക്കതിരുകള്‍ കൊയ്‌തെടുക്കുന്നു. മെതിച്ചെടുത്ത ധാന്യമണികള്‍ പൊടിച്ചെടുക്കുന്നു. ധാന്യപ്പൊടി കുഴച്ച് അത് ബ്രഡിനായി ചുട്ടെടുക്കുന്നു. നോക്കുക; എത്രയധികം ഘട്ടങ്ങളിലൂടെ , അനേകരുടെ അധ്വാനങ്ങളിലൂടെ, വ്യത്യസ്ത ഉപകരണങ്ങളിലൂടെ കടന്നുവന്നാണ് ഓരോ ഉല്‍പന്നങ്ങളും ഉണ്ടാകുന്നത്’. സൂക്ഷ്മമായി ചിന്തിച്ചാല്‍ ഒരു ബ്രഡ് ഉണ്ടാക്കാന്‍ അതിനുപിന്നില്‍ ആയിരക്കണക്കിന് ആളുകളുടെ പരിശ്രമമുണ്ടെന്നുകാണാം.
ഈ കാഴ്ചപ്പാട് ആഡംസ്മിത്തിന്റെ ‘പിന്നുനിര്‍മാണ’ പ്രക്രിയയിലെ അധ്വാനവിഭജനം എന്ന ഉദാഹരണത്തേക്കാള്‍ കൂടുതല്‍ സ്വീകാര്യമായി നമുക്കനുഭവപ്പെടുന്നു.
2.നാണയ(കറന്‍സി)ത്തിന്റെ പങ്ക്: മനുഷ്യചരിത്രത്തിലെ വളരെ നിര്‍ണായകമായ കണ്ടുപിടിത്തമായിരുന്നു കറന്‍സിയുടെ കണ്ടുപിടുത്തം. ബാര്‍ട്ടര്‍ സമ്പ്രദായത്തേക്കാള്‍ അനുയോജ്യവും പ്രായോഗികവുമാണ് നാണയവ്യവസ്ഥയെന്ന് ഇമാം ഗസാലി നിരീക്ഷിക്കുകയുണ്ടായി. പലപ്പോഴും ഒരു വ്യക്തിക്ക് അയാളുടെ കയ്യിലില്ലാത്ത വസ്തു ആവശ്യമായിവരും. അതുപോലെ അയാള്‍ക്ക് ആവശ്യമില്ലാത്തവ കൈവശമുണ്ടാകും. അതിനാല്‍ കൈമാറ്റത്തിന് പറ്റിയ അന്തരീക്ഷം ഉണ്ടാകേണ്ടതുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു. അതിനാല്‍ കൈമാറ്റത്തിനുള്ള ഉപാധിയായും മറ്റുള്ള വസ്തുക്കള്‍ നേടാനുള്ള മാര്‍ഗമായും നാണയം ഉപയോഗപ്പെടുത്താം. നാണയം സ്വയമേവ വിലയുള്ളതല്ല. അത് കണ്ണാടിപോലെയാണ്. അതിന് രൂപമില്ല. പക്ഷേ അത് അതിന്റെ മുമ്പാകെവരുന്ന വസ്തുവിന്റെ രൂപം കാണിക്കുന്നു. അതേപോലെ പ്രിന്റുചെയ്ത കറന്‍സിക്ക് വിലയില്ല. പക്ഷേ, ഉപഭോഗവസ്തുക്കളുടെ വിലനിലവാരം അത് സ്വീകരിക്കുന്നു. അതിനാല്‍ അത് വിലകൊടുത്ത് വാങ്ങിക്കാവതല്ല. അത് വില്‍ക്കാനോ വാടകക്ക് കൊടുക്കാനോ പാടുള്ളതുമല്ല. ഇസ്‌ലാമികസാമ്പത്തികവീക്ഷണപ്രകാരം നാണയം(കറന്‍സി) ഇത്തരത്തിലാണ് നിര്‍വചിക്കപ്പെട്ടിട്ടുള്ളത്.
പലിശ
ഒരാള്‍ വായ്പവാങ്ങുന്ന പണത്തിന് നല്‍കേണ്ടിവരുന്ന അധികമൂല്യമാണ് പലിശ. അതുകൊണ്ടുതന്നെ ചരിത്രത്തിലെന്നും ചൂടേറിയ വാഗ്വാദങ്ങള്‍ക്കും തര്‍ക്കവിതര്‍ക്കങ്ങള്‍ക്കും പലിശ നിമിത്തമായിത്തീര്‍ന്നു. എന്നാല്‍ എല്ലാതരത്തിലുമുള്ള പലിശയെയും ഇസ്‌ലാം കര്‍ശനമായി വിലക്കി. ഇമാം ഗസാലിയും തന്റെതായ വീക്ഷണങ്ങള്‍ പലിശയെ സംബന്ധിച്ച് സമര്‍പ്പിച്ചിട്ടുണ്ട്.
1.’പലിശ നാണയത്തിന്റെ കൈമാറ്റത്തിനുള്ള ഉപാധിയെന്ന ധര്‍മത്തെ അട്ടിമറിക്കുന്നു.അത് സ്വയം ഉപഭോഗവസ്തുവായി മാറുന്നു.
- പൈസ വായ്പ നല്‍കുന്നത് ഒരു ജീവകാരുണ്യ/ക്ഷേമ പ്രവര്‍ത്തനമാണ്. അതിനെ വാണിജ്യവത്കരിക്കുന്നത് ഇസ്‌ലാം കര്‍ശനമായി വിലക്കിയിരിക്കുന്നു.
സാമ്പത്തികവീക്ഷണങ്ങളിലെ ധാര്‍മികമൂല്യങ്ങള്‍:
അധികപേരും ചിന്തിക്കുന്നത് വ്യാപാരത്തില്‍ മതധാര്‍മികമൂല്യങ്ങള്‍ക്ക് യാതൊരുപ്രസക്തിയുമില്ലെന്നാണ്.എന്നാല്‍ ഇമാം ഗസാലി(റ) ഈ കാഴ്ചപ്പാടിനെ ശക്തമായി എതിര്‍ക്കുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ധാര്‍മികമൂല്യങ്ങള്‍ക്ക് ഇസ്‌ലാമില്‍ അതീവപ്രാധാന്യമുണ്ട്. അദ്ദേഹത്തിന്റെ ഇഹ്‌യാഉലൂമിദ്ദീന്‍ എന്ന പുസ്തകത്തിലെ ‘സമ്പാദനവും വ്യാപാരവും’ എന്ന അധ്യായത്തില്‍ ഇപ്രകാരം പറയുന്നു: ‘ഒരാള്‍ വാണിജ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുമ്പോള്‍ അയാള്‍ ദീനിനെയും പരലോകത്തെയും വിസ്മരിച്ചുപോകരുത്. ഇനി ആരെങ്കിലും വിസ്മൃതരായി കൊള്ളക്കൊടുക്കകളിലേര്‍പെടുകയാണെങ്കില്‍ അറിഞ്ഞുകൊള്ളുക! അയാള്‍ പാരത്രികനേട്ടത്തെ വിറ്റ് ഇഹലോകം പകരം വാങ്ങുകയാണ് ചെയ്യുന്നത്. ബുദ്ധിയുള്ളവരാരെങ്കിലും തന്റെ മൂലധനം പാഴാക്കിക്കളയുമോ? ദീനാണ് ഒരു വിശ്വാസിയുടെ മൂലധനം.’
ഈ അധ്യായം ഇമാം ഗസാലി(റ) അവസാനിപ്പിക്കുന്നത് ഉല്‍പന്നം വില്‍ക്കാന്‍ സാധാരണയായി സ്വീകരിക്കാറുള്ള അധാര്‍മികമാര്‍ഗങ്ങളെ എണ്ണിപ്പറഞ്ഞുകൊണ്ടാണ്.
- പരസ്യപ്രചാരണങ്ങള്‍ നടത്തുക
- കള്ളനോട്ട് വിപണിയിലിറക്കുക
- ഇല്ലാത്ത ഗുണഗണങ്ങള്‍ പറയുകയും , ദൂഷ്യങ്ങള്‍ മൂടിവെക്കുകയും ചെയ്യുക.
ഉമര്‍ ഇല്‍യാസി
Add Comment