Youth

ആരാണ് ഉമ്മത്ത് (അല്‍ഉമ്മഃ) ?

ഉമ്മഃ എന്ന പദം ഖുര്‍ആനില്‍ നാം പലയിടങ്ങളിലായി കാണാറുണ്ട്. ആകെ പരാമര്‍ശിക്കപ്പെട്ട 49 ല്‍ 43 ഉം മക്കീഅധ്യായങ്ങളിലാണുള്ളത്. അതിന്റെ ബഹുവചനരൂപമായ ഉമമ് എന്ന വാക്ക് ആകെയുള്ള 11 ല്‍ 10 ഉം മക്കീ സൂറകളിലാണ്.
‘അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ ഒരേ ഉമ്മത്ത് ആക്കുമായിരുന്നു(അന്നഹ്ല്‍ 93)’ എന്ന് പറഞ്ഞിടത്ത് മതം , ആദര്‍ശം എന്നാണുദ്ദേശ്യം. ഇബ്‌റാഹീം നബി(സ)യെ ഉമ്മത്തായി വിശേഷിപ്പിച്ചത് നേതാവ് എന്ന അര്‍ഥത്തിലാവാം. സൂറ യൂസുഫിലെ 45 -ാം സൂക്തത്തില്‍ ബഅ്ദ ഉമ്മത്തിന്‍ എന്ന പ്രയോഗത്തിന്റെ അര്‍ഥം സമയം എന്നാണ്. ഖസ്വസ് അധ്യായത്തിലെ 23-ാം സൂക്തത്തില്‍(വജദ അലൈഹി ഉമ്മത്തന്‍) എന്ന പദപ്രയോഗം വെള്ളമെടുക്കാന്‍ വരുന്ന സംഘം എന്നര്‍ഥത്തിലാണ്.

മക്കയിലവതീര്‍ണമായ അധ്യായങ്ങളിലാണ് ഏറ്റവും കൂടുതല്‍ പദപ്രയോഗം കണ്ടിട്ടുള്ളത്. മുന്‍പ്രവാചകന്‍മാരെ ധിക്കരിച്ച സമൂഹങ്ങളെ പ്രതിപാദിക്കുമ്പോഴാണ്. അതിനാല്‍ നിര്‍ണിതഗുണങ്ങളുള്ള ഏതെങ്കിലും സമൂഹങ്ങളെക്കുറിച്ചാണ് ഉമ്മത്ത് എന്ന പ്രയോഗമെന്ന് പറയാനാവില്ല.

അതേസമയം, മദനീഅധ്യായങ്ങളില്‍ ‘മധ്യമസമുദായം’ (ഉമ്മത്തന്‍ വസത്വന്‍-അല്‍ബഖറ 143), ജനങ്ങള്‍ക്ക് വേണ്ടി ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെട്ട സമുദായം(ഖൈറ ഉമ്മത്തിന്‍ ഉഖ്‌രിജത് ലിന്നാസ് -ആലുഇംറാന്‍ 110), നന്‍മകല്‍പിക്കുകയും തിന്‍മ വിലക്കുകയുംചെയ്യുന്ന ഉമ്മത്ത് (ആലുഇംറാന്‍ 104) എന്നീ പ്രയോഗങ്ങള്‍ ഒരു ആദര്‍ശസമൂഹത്തെയാണ് കുറിക്കുന്നതെന്ന കാര്യം നിസ്തര്‍ക്കമാണ്. ഇസ് ലാമിനെ ആദര്‍ശമായി സ്വീകരിച്ച സമൂഹമാണ് ‘അല്‍ ഉമ്മ അല്‍ ഇസ് ലാമിയ്യ’ എന്നര്‍ഥം.

ഒരു രാഷ്ട്രഘടനയിലേക്ക് വരുമ്പോള്‍ അവിടെ നിവസിക്കുന്നവരെല്ലാം മത വംശ വ്യത്യാസമില്ലാതെ ഉമ്മഃ എന്ന പരികല്‍പനയില്‍ വരും. മദീനക്കുവേണ്ടി പ്രവാചകന്‍ (സ) തയ്യാറാക്കിയ ‘അസ്സ്വഹീഫ’ എന്ന് പേരിലറിയപ്പെടുന്ന ലിഖിത ഭരണഘടനയില്‍ ‘ജൂതന്‍മാര്‍ ഒരു സമൂഹമാണ്, മുസ്‌ലിംകള്‍ ഒരു സമൂഹമാണ് ‘(അല്‍ യഹൂദു ഉമ്മത്തുന്‍, വല്‍ മുസ് ലിമൂന ഉമ്മത്തുന്‍) എന്ന് വന്നിട്ടുണ്ട്. ആദര്‍ശപരമായി ഇവരണ്ടും രണ്ട് സമൂഹമാണ് എന്നേ അതിനുദ്ദേശ്യമുള്ളൂ. തൊട്ടുടനെ ‘മുസ്‌ലിംകളും ജൂതന്‍മാരും ഒരു സമൂഹമാണ്'(അല്‍മുസ്‌ലിമൂന വല്‍ യഹൂദ് ഉമ്മത്തുന്‍) എന്നും കാണാം. രാഷ്ട്രത്തിലെ പ്ൗരന്‍മാര്‍ എന്ന നിലക്ക് ഇവര്‍ ആദര്‍ശഭിന്നതകള്‍ക്കപ്പുറം ഒരേ സമൂഹമാണ് എന്നാണര്‍ഥം. പൗരത്വത്തെയാണ് ഇവിടെ നിര്‍വചിച്ചിരിക്കുന്നത്. ആദര്‍ശവ്യതിരിക്തതക്കൊപ്പം ബഹുസ്വരതയെയും പൗരന്‍മാരുടെ മനുഷ്യാവകാശങ്ങളെയും ഇതിനെക്കാള്‍ മനോഹരമായി എങ്ങനെയാണ് നിര്‍വചിക്കാനാവുക!

Topics