പുതുനൂറ്റാണ്ടില്‍ നമ്മെപ്പോലെ ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവര്‍ പുതിയപുതിയ വെല്ലുവിളികള്‍ക്ക് വിധേയരായിക്കൊണ്ടിരിക്കുന്നു.നമുക്ക് കഴിക്കാന്‍ മതിയായത്ര ഭക്ഷണവും താമസിക്കാന്‍ നല്ല ഭവനവും ചെറിയതെങ്കിലും തെറ്റില്ലാത്ത ആഡംബരസൗകര്യങ്ങളുമുണ്ട്. ഇത്രയും ഭൗതികസൗകര്യങ്ങളുണ്ടെങ്കിലും നാം അന്തഃരംഗങ്ങളില്‍ സംഘര്‍ഷം അനുഭവിക്കുന്നു. ഹൃദയാന്തരാളങ്ങളില്‍ ഒരു തരം ശൂന്യത. മനസ്സില്‍ സദാ വിങ്ങല്‍ മാത്രം. ഓരോ ദിനങ്ങള്‍ പിന്നിടുന്തോറും ഉത്കണ്ഠയും മാനസികസമ്മര്‍ദ്ദവും ഏറിവരുന്നു. സമ്പാദിച്ചുകൂട്ടുന്തോറും സന്തോഷം അകന്നകന്നുപോകുന്നതുപോലെയാണ് നമുക്ക് തോന്നുന്നത്. ഇതില്‍നിന്നെല്ലാം മുക്തമാകാമല്ലോ എന്നുകരുതി വിനോദയാത്രസംഘടിപ്പിച്ചാല്‍ അവിടെയും ഏകാന്തത നമ്മെ പിന്തുടരുന്നു. അല്ലാഹുവില്‍നിന്നകന്നാല്‍ ജീവിതം നിരാശാജനകമായിരിക്കുമെന്നതാണ് വസ്തുത. എത്രമാത്രം പൈസ കയ്യിലുണ്ടായിട്ടും കാര്യമില്ല. പടച്ചവനെക്കുറിച്ച സ്മരണ ഇല്ലാതായാല്‍ വമ്പന്‍ മണിമാളികയുണ്ടാക്കി അതില്‍ കിടന്നാലും നിദ്രലഭിക്കില്ല. ജീവിതത്തിന്റെ അര്‍ഥം മനസ്സിലാക്കി അത് പൂര്‍ത്തീകരിക്കാനുള്ള ശ്രമമെങ്കിലും നന്നെക്കുറഞ്ഞത് നമ്മുടെ ഭാഗത്തുനിന്നുണ്ടായാല്‍ മാത്രമേ സന്തോഷം കണ്ടെത്താനാകൂ.
അല്ലാഹുവിന്റെ നിര്‍ദ്ദേശപ്രകാരം ജീവിക്കേണ്ടവരാണ് മനുഷ്യര്‍. മനുഷ്യരെ സന്തുഷ്ടരായി കാണാനാണ്് അല്ലാഹു അങ്ങനെ കല്‍പിച്ചതുതന്നെ. ഇഹത്തിലും പരത്തിലും നാം ആഹ്ലാദത്തിലായിരിക്കുമെന്നതാണ് അതിന്റെ ഗുണഫലം . ശരിയായ സന്തോഷം കണ്ടെത്താനുള്ള താക്കോല്‍ നമ്മെ ഏല്‍പിച്ചിട്ടുണ്ട്. അത് നാം നഷ്ടപ്പെടുത്തരുത്. അല്ലാഹുവിനെ അനുസരിക്കുകയെന്നത് പ്രയാസമുള്ള കാര്യമൊന്നുമല്ലല്ലോ.ഖുര്‍ആന്‍ പറയുന്നത് കാണുക:’ജിന്നുകളെയും മനുഷ്യരെയും എനിക്കു വഴിപ്പെട്ടു ജീവിക്കാനല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.'(അദ്ദാരിയാത് : 56)
ഇസ്‌ലാം ഇഹലോകജീവിതത്തിന്റെ ലക്ഷ്യമെന്തെന്ന് മനുഷ്യനെ പഠിപ്പിക്കുന്നു. അതനുസരിച്ച് ജീവിക്കാനുള്ള വഴികള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുവഴി നമുക്ക് എളുപ്പത്തില്‍ സന്തോഷം കണ്ടെത്താം. ഖുര്‍ആനും നബിചര്യയും നമ്മുടെ ജീവിതത്തിലെ ദുഃഖങ്ങളെയും പ്രയാസങ്ങളെയും ദൂരീകരിക്കാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്.
ഇസ്‌ലാമിന്റെ നിയമങ്ങളനുസരിച്ച് ജീവിക്കുന്നവര്‍ക്ക് പ്രശ്‌നമോ പ്രതിസന്ധിയോ ഉണ്ടാകില്ലെന്ന് ഇപ്പറഞ്ഞതിനര്‍ഥമില്ല. കാരണം എല്ലാ മനുഷ്യരും പരീക്ഷിക്കപ്പെടുമെന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹുവിലേക്ക് തിരിയാനും അവനെ ആശ്രയിക്കാനും നമ്മെ പ്രേരിപ്പിക്കുമാറ് ഒട്ടേറെ അവസരങ്ങളുള്ളതാക്കി ജീവിതത്തെ അവന്‍ മാറ്റിയിരിക്കുന്നു. ആ അവസരങ്ങളിലുള്ള ക്ഷമയ്ക്കും നന്ദിപ്രകടനത്തിനും അവന്‍ പ്രതിഫലം വാഗ്ദാനംചെയ്തിരിക്കുകയാണ്. അവനില്‍ വിശ്വാസമര്‍പ്പിക്കുന്നവരെ അവന്‍ അതിയായി സ്‌നേഹിക്കുമെന്നും ഉറപ്പുനല്‍കിയിട്ടുണ്ട്.
‘അങ്ങനെ നീ തീരുമാനമെടുത്താല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തീര്‍ച്ചയായും അല്ലാഹു തന്നില്‍ ഭരമേല്‍പിക്കുന്നവരെ ഇഷ്ടപ്പെടുന്നു.'(ആലുഇംറാന്‍ 159)
‘അല്ലാഹുവിന്റെ പേര്‍ കേള്‍ക്കുമ്പോള്‍ ഹൃദയം ഭയചകിതമാകുന്നവര്‍ മാത്രമാണ് യഥാര്‍ഥ വിശ്വാസികള്‍. അവന്റെ വചനങ്ങള്‍ വായിച്ചുകേട്ടാല്‍ അവരുടെ വിശ്വാസം വര്‍ധിക്കും. അവര്‍ എല്ലാം തങ്ങളുടെ നാഥനില്‍ സമര്‍പ്പിക്കും.'(അല്‍ അന്‍ഫാല്‍ 2)
ജീവിതം പരീക്ഷണങ്ങളും പ്രയാസങ്ങളും വിജയങ്ങളും നിറഞ്ഞതാണ്. പലപ്പോഴും ഉയര്‍ച്ച-താഴ്ചകളുടേതാണ് അതിലെ ദിനങ്ങള്‍. ഒരു ദിനം നിങ്ങളുടെ ഈമാന്‍ ഉന്നതവും മധുരതരവുമാണെങ്കില്‍ അടുത്തദിവസം അത് നിരാശയും സങ്കടവും നിറഞ്ഞ് ഈമാനിന്ന് മങ്ങലേല്‍പിക്കുംവിധമായിരിക്കും.
അത്തരം ജീവിതയാത്രയില്‍ എല്ലാം അറിയുന്ന ദൈവത്തില്‍ സര്‍വവും ഭരമേല്‍പിക്കുന്നതാണ് നമുക്കുത്തമം. തുടരെത്തുടരെയുണ്ടാകുന്ന പ്രതിസന്ധികള്‍ നമുക്ക് കുരുക്കുതീര്‍ക്കുകയും അതുവഴി സമാധാനം നഷ്ടപ്പെടുകയുംചെയ്യുമ്പോള്‍ അവയ്ക്കു പിന്നില്‍ കൃത്യമായ കാരണവും യുക്തിയും ഉണ്ടെന്ന് തിരിച്ചറിയണം. പലപ്പോഴും അതിന്റെ യുക്തി അല്ലാഹുവിനുമാത്രമേ അറിയാന്‍ കഴിയുകയുള്ളൂ.
അല്ലാഹുവല്ലാത്ത ഇതരശക്തിയോ പരമാധികാരിയോ ഇല്ലെന്ന് തിരിച്ചറിയുമ്പോള്‍ നമുക്ക് സമാധാനം ലഭിക്കുന്നു. അല്ലാഹു സര്‍വശക്തനും സര്‍വജ്ഞാനിയും ആണെന്നും അവന്റെ അനുമതിയോടെയല്ലാതെ യാതൊന്നും സംഭവിക്കുന്നില്ലെന്നും തന്റെ അനുചരനോട് മുഹമ്മദ് നബി ഒരു സന്ദര്‍ഭത്തില്‍ ഉണര്‍ത്തുകയുണ്ടായി.
‘അല്ലയോ ചെറുപ്പക്കാരാ, അല്ലാഹുവിന്റെ കല്‍പനകള്‍ നീ മുറുകെപ്പിടിക്കുക. അവന്‍ നിന്നെ ഇഹലോകത്തും പരലോകത്തും സംരക്ഷിക്കും. അവന്റെ ആജ്ഞകള്‍ പാലിക്കുക അവന്‍ നിന്നെ സഹായിക്കും. നിനക്കെന്തെങ്കിലും ആവശ്യമുണ്ടായാല്‍ അതവനോട് മാത്രം ചോദിക്കുക. സഹായംതേടുന്നുവെങ്കില്‍ അവന്റെ സഹായംതേടുക.
അറിയുക.. ജനം നിനക്കെന്തെങ്കിലും പ്രയോജനംലഭിക്കാന്‍വേണ്ടി സംഘടിക്കുകയാണെങ്കില്‍ പോലും അല്ലാഹു നിനക്കായി അത് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലല്ലാതെ നിനക്കത് പ്രയോജനംചെയ്യില്ല. അല്ലാഹു നിശ്ചയിച്ചിട്ടുണ്ടെങ്കിലല്ലാതെ അവര്‍ക്ക്് നിന്നെ ഉപദ്രവിക്കാനുമാകില്ല. പേനകള്‍ പിന്‍വലിക്കപ്പെട്ടിരിക്കുന്നു. ലിഖിതങ്ങള്‍ ഉണങ്ങിയിരിക്കുന്നു.'(തിര്‍മിദി 2516)
അല്ലാഹുവില്‍ ഭരമേല്‍പിക്കുക
എല്ലാ കാര്യങ്ങളുടെയും നിയന്ത്രണം അല്ലാഹുവിങ്കലാണെന്നും മനുഷ്യരെ സ്വര്‍ഗവാസികളാക്കുകയാണ് അവന്റെ ആഗ്രഹമെന്നും നാം തിരിച്ചറിഞ്ഞാല്‍ പിന്നെ ജീവിതത്തിലുണ്ടാകുന്ന സകലപ്രയാസങ്ങളും നമുക്ക് മറക്കാനാകും. അല്ലാഹു നമ്മെ സ്‌നേഹിക്കുന്നു. നമുക്കുത്തമമായത് മാത്രം അവന്‍ നടപ്പില്‍വരുത്തുന്നു. അങ്ങേയറ്റം കാരുണ്യവാനും പൊറുക്കുന്നവനും ആണ് അവനെന്ന് നമ്മെ അറിയിച്ചിട്ടുണ്ടല്ലോ അവന്‍.
നമ്മുടെ ആഗ്രഹത്തിനൊത്ത് കാര്യങ്ങള്‍ നടക്കാതെ വരുകയും അതിന് വിപരീതമായി സംഭവിക്കുന്ന പ്രതിസന്ധികള്‍ നമ്മുടെ ജീവിതനേട്ടത്തിനുള്ളതാണെന്ന് മനസ്സിലാക്കാതെ വരികയും ചെയ്താല്‍ ദുഃഖത്തില്‍നിന്ന് മോചനം നേടാന്‍ പ്രയാസമാകും. കടുത്ത ഉത്കണ്ഠയും വിഷാദവുമായിരിക്കും അതിന്റെ ഫലം. അതിനാല്‍ നാം അല്ലാഹുവില്‍ ഭരമേല്‍പിക്കാന്‍ പഠിക്കേണ്ടതുണ്ട്.
‘
അല്ലാഹു നിങ്ങളെ സഹായിക്കുന്നുവെങ്കില്‍ പിന്നെ നിങ്ങളെ തോല്‍പിക്കാനാര്‍ക്കും കഴിയില്ല. അവന്‍ നിങ്ങളെ കൈവെടിയുന്നുവെങ്കില്‍ പിന്നെ നിങ്ങളെ സഹായിക്കാന്‍ അവനെക്കൂടാതെ ആരാണുള്ളത്? അതിനാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കട്ടെ.'(ആലുഇംറാന്‍ 160)
‘അവനാണെന്റെ നാഥന്‍! അവനല്ലാതെ ദൈവമില്ല. ഞാന്‍ അവനില്‍ ഭരമേല്‍പിച്ചിരിക്കുന്നു. എന്റെ തിരിച്ചുപോക്കും അവനിലേക്കുതന്നെ.'(അര്‍റഅ്ദ് 30)
‘ഞങ്ങള്‍ എന്തിന് അല്ലാഹുവില്‍ ഭരമേല്‍പിക്കാതിരിക്കണം? ഞങ്ങളെ അവന്‍ ഞങ്ങള്‍ക്കാവശ്യമായ നേര്‍വഴിയിലാക്കിയിരിക്കുന്നു. നിങ്ങള്‍ ഞങ്ങള്‍ക്കേല്‍പിക്കുന്ന ദ്രോഹം ഞങ്ങള്‍ ക്ഷമിക്കുക തന്നെ ചെയ്യും. ഭരമേല്‍പിക്കുന്നവരൊക്കെയും അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ.'(ഇബ്‌റാഹീം 12)
മുസ്‌ലിംകളെന്ന നിലക്ക് അല്ലാഹുവിലുള്ള നമ്മുടെ വിശ്വാസം, ഐശ്വര്യത്തിലും പ്രയാസത്തിലും സ്ഥിരതയുള്ളതായിരിക്കണം. ഇവിടെ എന്തുസംഭവിക്കുന്നതും അല്ലാഹുവിന്റെ അനുമതിയോടെ മാത്രമാണ്.
ഉപജീവനത്തിനും നിലനില്‍പിനും ആവശ്യമായത് നല്‍കുന്ന അവന്‍ അത് പിന്‍വലിക്കുന്നതിനും കഴിവുറ്റവനാണ്. നാം ധനികനോ ദരിദ്രനോ ആരോഗ്യവാനോ രോഗിയോ ആയിരിക്കണമെന്നുള്ളത് അവന്‍ തീരുമാനിക്കുന്നു.
പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവു നല്‍കുക വഴി അവന്‍ നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. അതിന് നാം നന്ദിപ്രകാശിപ്പിക്കണം. ഏതവസ്ഥയിലും നന്ദിയുള്ളവനായിരിക്കാനാണ് നാം ശ്രമിക്കേണ്ടത്. നമുക്കു നേരിടേണ്ടിവരുന്ന പ്രയാസങ്ങളില്‍ ക്ഷമയവലംബിക്കുന്നതോടൊപ്പം അതിനേക്കാളുമുപരി അവനെ സ്‌നേഹിക്കുകയും അവനില്‍ വിശ്വാസമര്‍പ്പിക്കുകയും വേണം. ജീവിതം ഇരുളടഞ്ഞതാകുകയും വിഷമസന്ധിയിലകപ്പെടുകയും ചെയ്താലും നാം അല്ലാഹുവിനെ സ്‌നേഹിക്കണം. ദുഃഖവും പ്രയാസവും നമ്മെ അതിജയിക്കുകയാണെങ്കിലും നാം അതിലേറെ അല്ലാഹുവില്‍ ഭരമേല്‍പിക്കുകതന്നെ വേണം.
ആഇശ സ്റ്റേസി
Add Comment