വേദങ്ങള്‍

വേദഗ്രന്ഥങ്ങള്‍

മനുഷ്യര്‍ എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കുന്നതിനുവേണ്ടി നിയോഗിക്കപ്പെട്ട പ്രവാചകന്മാരിലൂടെ ദൈവം അവതരിപ്പിച്ച മാര്‍ഗദര്‍ശക ഗ്രന്ഥങ്ങളാണ് വേദഗ്രന്ഥങ്ങള്‍. ഇഹപര ജീവിതവിജയത്തിനാവശ്യമായ ദൈവിക നിയമനിര്‍ദേശങ്ങളുടെ സമാഹാരമാണ് വേദം എന്ന് പറ യാം. നാലു വേദഗ്രന്ഥങ്ങളുടെ പേരുകളാണ് അവസാനത്തെ വേദമായ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്. മൂസാ(അ)യിലൂടെ അവതരിപ്പിക്കപ്പെട്ട തൗറാത്തും, ദാവൂദി(അ)ലൂടെ അവതരിപ്പിക്കപ്പെട്ട സബൂറും ഈസാ(അ)യിലൂടെ അവതരിപ്പിക്കപ്പെട്ട ഇന്‍ജീലും മുഹമ്മദി(സ)ലൂടെ അവതരിപ്പിക്കപ്പെട്ട ഖുര്‍ആനുമാണവ. ഇവ കൂടാതെയും മറ്റു ചില പ്രവാചകന്മാരിലൂടെ വേദഗ്രന്ഥങ്ങള്‍ അവതരിപ്പിക്കപ്പെട്ടിരുന്നുവെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.

മനുഷ്യരെ ഒന്നിപ്പിക്കുകയാണ് വേദഗ്രന്ഥത്തിന്റെ പരമപ്രധാനമായ ധര്‍മമെന്നാണ് ഖുര്‍ആനിക വീക്ഷണം. വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നതു കാണുക: ‘മനുഷ്യരാശി ഒരൊറ്റ സമുദായമായിരുന്നു. പിന്നീട് ശുഭവാര്‍ത്ത അറിയിക്കുന്നവരും മുന്നറിയിപ്പ് നല്‍കുന്നവരുമായി അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു. ജനങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങളില്‍ തീര്‍പ്പുകല്‍പിക്കാനായി അവരോടൊപ്പം സത്യവേദ പുസ്തകവും അവതരിപ്പിച്ചു.’ (2:213).
മനുഷ്യര്‍ ഭിന്നിച്ച വിഷയത്തില്‍ ദൈവികമായ തീര്‍പ്പുകല്‍പിക്കുന്നതി നുവേണ്ടിയാണ് വേദഗ്രന്ഥങ്ങള്‍ അവതരിപ്പിക്കപ്പെട്ടതെന്നാണല്ലോ ഇതില്‍ നിന്ന് മനസ്സിലാവുന്നത്. മനുഷ്യരെ ഭിന്നതയില്‍നിന്ന് കരകയറ്റുവാന്‍ വേണ്ടിയാണ് ഖുര്‍ആനിന്റെയും അവതരണമെന്ന് അത് പ്രഖ്യാപിക്കുന്നുണ്ട്. ‘നിനക്കു നാം വേദപുസ്തകം ഇറക്കിത്തന്നത് അവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകളുള്ള കാര്യങ്ങളുടെ യാഥാര്‍ഥ്യം അവര്‍ക്ക് വിവരിച്ചുകൊടുക്കാനാണ്. വിശ്വസിക്കുന്ന ജനത്തിന് നേര്‍വഴി കാട്ടാനും. ഒപ്പം അനുഗ്രഹമായും.’ (16:64). ചുരുക്കത്തില്‍, വേദഗ്രന്ഥത്തിന്റെ പരമപ്രധാനമായ ധര്‍മം ജനങ്ങളെ സത്യത്തിലേക്ക് നയിച്ചുകൊണ്ട് അവര്‍ക്കിടയിലുള്ള ഭിന്നിപ്പും സ്പര്‍ധയും ഇല്ലാതാക്കുകയാകുന്നു.

About the author

padasalaadmin

Add Comment

Click here to post a comment

Topics