സ്മാര്‍ട്ട് ക്ലാസ്സ്‌

നമ്മുടെ സാന്നിധ്യം കുട്ടികള്‍ക്ക് വേണം


നക്ഷത്രങ്ങളാണ് കുട്ടികള്‍ – 32

നവജാത ശിശുക്കളെ കാണുന്നത് എത്ര ആഹ്‌ളാദകരമായ അനുഭവമാണ്!!കൃത്രിമത്വം ലവലേശമില്ലാത്ത ആ ചിരി. നിര്‍വ്യാജമായ ആ നോട്ടം. നോക്കിനില്‍ക്കുന്നവരില്‍ ജിജ്ഞാസ ത്രസിപ്പിക്കും
വിധത്തിലുള്ള ക്രമരഹിതമായ ഭാവഹാവങ്ങള്‍. കണ്ണുകളും കവിളുകളും ചുണ്ടുകളും പാരസ്പര്യപ്പെട്ട് വിലയം പ്രാപിക്കുന്ന മട്ടില്‍ കൗതുക ജന്യമായ ആശയവിനിമയം. എന്തൊരു ശാലീനതയാണാ
മുഖത്ത്.! സത്യസന്ധതയാണാ കണ്ണുകളില്‍. ആരോടും പരിഭവമില്ല. ഗര്‍വില്ല. അനിഷ്ടമില്ല. കാരണം, അതൊന്നും പരിശീലിക്കാതെയാണ് ഭൂമിയിലേക്ക് പിറന്നു വീണിരിക്കുന്നത്. കപട ലോകത്തിന്റെ യാതൊരു വിധ വിഴുപ്പുകളും ആ ഇളം മനസ്സിലെത്താന്‍ അവസരമായിട്ടില്ല. ആ കുഞ്ഞു ചിന്തയില്‍ മൊട്ടിടാന്‍ സമയമെത്തിയിട്ടില്ല.

കുഞ്ഞു വളരാന്‍ തുടങ്ങുമ്പോള്‍ പക്ഷേ, ഗതി തിരിയും. മട്ടുമാറും. ഭാവങ്ങള്‍ക്ക് രൂപഭേദം സംഭവിക്കും. മുതിര്‍ന്നവരില്‍ നിന്നും അപ്പോഴേക്കും പരിശീലനം കിട്ടിത്തുടങ്ങിയിരിക്കും. കുഞ്ഞുങ്ങള്‍ കുഞ്ഞുങ്ങള്‍ക്കിടയിലല്ല മുതിര്‍ന്നവര്‍ക്കിടയില്‍ അവരോടൊപ്പമാണല്ലൊ സഹവസിക്കുന്നത്. സഹവാസത്തിലൂടെയും സഹവര്‍ത്തനത്തിലൂടെയുമാണല്ലൊ അബോധപൂര്‍വമായിട്ടാണെങ്കിലും കുഞ്ഞുങ്ങള്‍
പരീശീലിപ്പിക്കപ്പെടുന്നത്.

കുട്ടികളുടെയും പ്രായവും ഓരോ പ്രായത്തിലെയും പൊതു സവിശേഷതകളും ചില കുട്ടികളില്‍ മാത്രം കാണപ്പെടുന്ന അനന്യമായ പ്രത്യേകതകളും നിരവധി പഠനങ്ങള്‍ക്ക് ഇതിനകം വിധേയമായിട്ടുണ്ട്. ഓരോ പ്രായഘട്ടങ്ങളിലും സംഭവിക്കുന്ന ശാരീരിക മാനസിക വളര്‍ച്ച, വൈകാരിക പാകനം, ബൗദ്ധിക വികാസം, ശേഷീപോഷണം..ഇതെല്ലാം സൂക്ഷ്മ നിരീക്ഷണവും വിശകലനവും ആവശ്യപ്പെടുന്ന ഘടകങ്ങളാണ്.
ശിശുമനഃശ്ശാസ്ത്രജ്ഞന്‍മാരുടെ ചടുലവും ശ്രദ്ധേയവുമായ അന്വേഷണങ്ങള്‍ ഈ രംഗത്ത് തുടര്‍ച്ചയായി നടക്കുന്നു എന്നത് കുട്ടികളും കുട്ടിക്കാലവും എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നു എന്ന് വിളിച്ചു പറയുന്നുണ്ട്.

നമ്മളെല്ലാവരും കുട്ടിക്കാലം കടന്നു വന്നവരാണ്. കുട്ടിക്കാലത്തിന്റെ മധുരവും സൗന്ദര്യവും ആഹ്ലാദവും അനുഭവിച്ചവരാണ്. വളര്‍ച്ചയുടെയും വികാസത്തിന്റെയും നിരവധി ഘട്ടങ്ങള്‍ പിന്നിട്ടു പോന്നവരാണ്. കാലവ്യത്യാസം ഉണ്ട് എന്നതൊഴിച്ചാല്‍ നാമോരോരുത്തരും കടന്നു വന്ന പ്രായഘട്ടങ്ങള്‍ക്ക് വ്യത്യാസമില്ല. കുട്ടികളുടെ വളര്‍ച്ചയ്ക്ക് ഒരു പ്രത്യേകതയുണ്ട്. അത് വേഗം വേഗം സംഭവിക്കും എന്നതാണത്.
നമുക്കറിയാം, നവജാത ശിശു മൂന്ന് മാസം പ്രായമാകുമ്പോള്‍ തന്നെ ശബ്ദങ്ങളെയും ചലനങ്ങളെയും വേര്‍തിരിക്കാനാവുംവിധം അതിന്റെ കണ്ണുകളും കാതുകളും പ്രാപ്തി നേടിയിരിക്കും. കുട്ടികള്‍ പൊതുവെ അവരുടെ പ്രതികരണങ്ങളും പരിഭവങ്ങളും പ്രകടിപ്പിക്കുന്നത് മുതിര്‍ന്നവരോടാണ്. അവരുടെ ശാരീരിക സമ്പര്‍ക്കം മുതിര്‍ന്നവരോടൊപ്പമാണ് എന്നതാണ് അതിന്റെ കാരണം. മറ്റുള്ളവരുടെ സാന്നിധ്യം എപ്പോഴും കുട്ടികള്‍ക്ക് സുഖകരമായ അനുഭവമാണ്. തന്റെ ചുറ്റിലും ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടാകുന്നതാണ് കുട്ടിക്ക് കൂടുതല്‍ ആനന്ദകരം.

അതുകൊണ്ടാണ്, ഒറ്റപ്പെടുമ്പോള്‍ കുട്ടി കരയുന്നത്. വല്ലാതെ വിതുമ്പി വിതുമ്പി കരയുന്നത്. കരഞ്ഞുകൊണ്ട് മുതിര്‍ന്നവരുടെ ശ്രദ്ധ കുട്ടി തന്നിലേക്ക് ആകര്‍ഷിക്കുകയാണ്. മുതിര്‍ന്നവരുടെ പെരുമാറ്റം, മുഖഭാവങ്ങള്‍, ശരീരഭാഷ എന്നിവ കുട്ടികള്‍ നിരീക്ഷിക്കുകയും അനുകരിക്കുകയും ചെയ്യുമെന്ന് മനഃശ്ശാത്രജ്ഞന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് (തുടരും).

ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്

Topics