Gulf

ഉര്‍ദുഗാന്‍ മുസ്‌ലിം ഉമ്മത്തിനായി ഇറങ്ങിത്തിരിച്ച നേതാവ് : ജമാല്‍ ഖശോഗി

ജിദ്ദ: പാശ്ചാത്യഅധിനിവേശകരുടെയും ഇസ്‌ലാമോഫോബിയ പ്രചാരകരുടെയും ഗൂഢാലോചനകള്‍ക്കും ആക്രമണങ്ങള്‍ക്കും ശരവ്യമായിക്കൊണ്ടിരിക്കുന്ന ആഗോളമുസ്‌ലിം ഉമ്മത്തിന്റെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന നേതാവാണ് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാനെന്ന് സൗദി പത്രപ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗി. പ്രസിഡണ്ടുമായി ദീര്‍ഘഅഭിമുഖസംഭാഷണം നടത്തവേ തന്റെ ചോദ്യങ്ങള്‍ക്ക് ലഭിച്ച മറുപടി ഹൃദയസ്പര്‍ശിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നത്തെ സാഹചര്യത്തില്‍ തുര്‍ക്കി -സൗദി സഹകരണത്തിന്റെ അടിയന്തിരപ്രാധാന്യം വിളിച്ചോതുന്നതായിരുന്നു ഉര്‍ദുഗാന്റെ മറുപടികളെന്ന് ജമാല്‍ ഖശോഗി വ്യക്തമാക്കി. ആഗോളമുസ്‌ലിംഉമ്മത്ത് കടുത്ത ആക്രമണത്തെ നേരിടുകയാണെന്ന് സൂചിപ്പിച്ച ഉര്‍ദുഗാന്‍ സിറിയയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ബശ്ശാറുല്‍ അസദ് അധികാരംവിട്ടൊഴിഞ്ഞേ മതിയാകൂ എന്ന് അഭിപ്രായപ്പെട്ടത് പ്രശ്‌നങ്ങളുടെ മര്‍മ്മമറിയുന്ന നേതാവിനെയാണ് വിളിച്ചോതുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അലെപ്പോയിലെ സംഭവവികാസങ്ങളുടെ പേരില്‍ പുട്ടിന്‍, ഒബാമ, യൂറോപ്യന്‍ നേതാക്കള്‍ എന്നിവരുമായി നിരന്തരസംഭാഷണം ഉര്‍ദുഗാന്‍ നടത്തുന്നുണ്ട്. എന്നാല്‍ കൂട്ടക്കൊലകളും ബോംബുവര്‍ഷവും ജീവാപായവും തുടര്‍ന്നുകൊണ്ടേയിരിക്കുന്നുവെന്ന് ഉര്‍ദുഗാന്‍ പരിതപിച്ചു.

ഉര്‍ദുഗാനുമായി നടന്ന അഭിമുഖഭാഷണം ‘റൂതാനാ ഖലീജിയ’ ചാനലില്‍ സംപ്രേഷണംചെയ്തിരുന്നു. ഒട്ടേറെ പേരുടെ അഭിനന്ദനങ്ങള്‍ നേടിയ ആ അഭിമുഖം എല്ലാ സോഷ്യല്‍മീഡിയസൈറ്റുകളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ദീര്‍ഘകാലത്തെ പത്രപ്രവര്‍ത്തനത്തിനിടയില്‍ നേരില്‍കണ്ട ആത്മാര്‍ഥതയുള്ള നേതാക്കളില്‍ മഹാതീര്‍മുഹമ്മദ്, ജനറല്‍ സിയാവുല്‍ ഹഖ് തുടങ്ങിയവര്‍ക്ക് ശേഷം തന്റെ മനസ്സിനെ കീഴടക്കിയ രാഷ്ട്രത്തലവനാണ് ഉര്‍ദുഗാനെന്ന് ജമാല്‍ ഖശോഗി വെളിപ്പെടുത്തി.

Topics