മക്ക: ഈ വര്‍ഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഹാജിമാരുടെ വരവ് ശക്തമായി. ജിദ്ദ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളം വഴിയും മദീന മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളം വഴിയുമാണ് തീര്‍ത്ഥാടകര്‍ ഇപ്പോള്‍ എത്തി കൊണ്ടിരിക്കുന്നത്.
ഇരുവിമാനത്താവളങ്ങള്‍ വഴി ഏകദേശം മുക്കാല്‍ ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ പുണ്യഭൂമിയില്‍ എത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങളിലായി വിവിധ രാജ്യങ്ങളില്‍ നിന്ന് തീര്‍ത്ഥാടകര്‍ എത്തിച്ചേരും. ജിദ്ദ ഹജ്ജ് ടെര്‍മിനലിലും മദീന വിമാനത്താവളത്തിലും തിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്. നൂറിലേറെ വിമാനങ്ങള്‍ ഹാജിമാരുമായി ജിദ്ദ, മദീന സര്‍വ്വീസ് നടത്തുന്നതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു.
ജിദ്ദയില്‍ വിമാനമിറങ്ങിയ ഹാജിമാര്‍ മക്കയിലെ താമസസ്ഥലങ്ങളിലെക്കാണ് നേരിട്ടെത്തുന്നത്. ഇവിടെ വിശ്രമ ശേഷം ഇവര്‍ ഉംറ നിര്‍വഹിച്ച് പ്രാര്‍ഥനകളിലേക്ക് കടക്കും. ഇന്ത്യന്‍ ഹാജിമാരില്‍ ഹജ്ജ് കമ്മിറ്റി മുഖേനയുള്ളവര്‍ ഇപ്പോള്‍ മദീന വഴിയാണ് എത്തുന്നത്. നിലവില്‍ ഇവിടെയെത്തിയവര്‍ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി വരികയാണ്. ദിനം പ്രതി പത്ത് വിമാന സര്‍വീസുകളാണ് ഇന്ത്യയില്‍ നിന്നും മദീനയിലേക്ക് നടത്തുന്നത്. ഇതിനകം പതിനായിരത്തോളം ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ മദീനയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
ഈ മാസം 29 മുതലാണ് ഇന്ത്യയില്‍ നിന്നുള്ള ഹാജിമാര്‍ ജിദ്ദ വിമാനത്താവളം വഴി മക്കയിലെത്തുക. ഇവരെ സ്വീകരിക്കാന്‍ ഹജ്ജ് മിഷന്‍ സംവിധാനങ്ങള്‍ മക്കയില്‍ പൂര്‍ണ്ണ സജ്ജമാണ്. പതിനായിരത്തോളം പേരാണ് മദീന, ജിദ്ദ വിമാനത്താവളം വഴി പുണ്യഭൂമിയിലെത്തുന്നത്.
ഇതുവരെയായി അയ്യായിരത്തിലേറെ ഇന്ത്യന്‍ ഹാജിമാര്‍ മദീനയിലെത്തി. ഇന്ത്യ, പാകിസ്ഥാന്‍, മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ് കൂടുതലായി ആദ്യ ഘട്ടത്തില്‍ എത്തുന്നത്.
Add Comment