മുന്‍കാലത്തുള്ള ബാര്‍ട്ടര്‍ രീതിമുതല്‍ ഉത്തരാധുനികലോകത്ത് പ്രചാരത്തിലുള്ള നവ ലിബറല്‍ സങ്കേതങ്ങളുള്‍ക്കൊള്ളുന്ന സാമ്പത്തിക രംഗത്തെ വിവിധ ക്രയവിക്രയരീതികളും കാഴ്ചപ്പാടുകളും ലോകത്ത് പ്രയോഗിക്കപ്പെട്ടവയില്‍പെടുന്നു. അക്കൂട്ടത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടതും പ്രാവര്‍ത്തികമാക്കപ്പെട്ടതുമായ രീതിയാണ് കാപിറ്റലിസവും കമ്യൂണിസവും. കാപിറ്റലിസം സ്വകാര്യവ്യക്തികള്‍ക്ക് അമിതസ്വാതന്ത്ര്യം നല്‍കുമ്പോള്‍, സ്വകാര്യവ്യക്തികള്‍ക്ക് സ്വാതന്ത്ര്യം നിഷേധിച്ച് എല്ലാ സാമ്പത്തിക ഇടപാടുകളും ഗവണ്‍മെന്റ് കൈകാര്യം ചെയ്യേണ്ടതാണെന്ന് കമ്യൂണിസം വാദിക്കുന്നു. കമ്യൂണിസത്തിന്റെ ഈ വാദം വ്യക്തിയെന്ന നിലയില്‍ അധ്വാനിക്കാനും സമ്പാദിക്കാനും ആഗ്രഹങ്ങള്‍ സഫലീകരിക്കാനുമുള്ള മനുഷ്യന്റെ തൃഷ്ണയെ ഷണ്ഠീകരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇസ്‌ലാമിന് ഇക്കാര്യത്തില്‍ തികച്ചും വ്യത്യസ്തമായ നിലപാടാണുള്ളത്. രാഷ്ട്രം സമ്പദ് വ്യവസ്ഥയില്‍ ഇടപെടുമ്പോഴും സാമൂഹികനന്‍മ ലാക്കാക്കി സ്വകാര്യവ്യക്തികള്‍ക്ക് പരമാവധി സ്വാതന്ത്ര്യം നല്‍കാനാണ് അത് താല്‍പര്യപ്പെടുന്നത്.
ഇസ്‌ലാം സാമ്പത്തികരംഗത്ത് കണിശമായ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. പലിശ, ചൂതാട്ടം, പൂഴ്ത്തിവെപ്പ്, മായംചേര്‍ക്കല്‍, അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കല്‍, മദ്യം , പന്നിമാംസം തുടങ്ങി നിഷിദ്ധവസ്തുക്കളുടെ വില്‍പന തുടങ്ങിയവയെല്ലാം അത് നിരോധിച്ചിരിക്കുന്നു. അതേസമയം കച്ചവടം, കൃഷി, തൊഴില്‍ , ദാനധര്‍മങ്ങള്‍ തുടങ്ങിയവയെ അത് പ്രോത്സാഹിപ്പിക്കുകയും സകാത്ത് നിര്‍ബന്ധമാക്കുകയും ചെയ്തു. പിശുക്കിനെയും ധൂര്‍ത്തിനെയും കടുത്ത ഭാഷയില്‍ അപലപിച്ചു. അതോടൊപ്പം കടം, അനന്തരാവകാശം, യുദ്ധമുതലുകള്‍ തുടങ്ങി പലകാര്യങ്ങളിലും നിലപാട് വ്യക്തമാക്കി. നമസ്‌കാരത്തിന്റെ രൂപം വിവരിച്ചിട്ടില്ലാത്ത ഖുര്‍ആന്‍ കടമിടപാടിന്റെ രീതിശാസ്ത്രം വ്യക്തമായി പ്രതിപാദിച്ചു.
സകാത്ത് സംഭരണവും വിതരണവും ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. പണക്കാരില്‍ നിന്ന് സംഭരിക്കുന്ന സകാത്ത് ഖുര്‍ആന്‍ തന്നെ വിശദമാക്കിയ എട്ട് അവകാശികള്‍ക്ക്(ദരിദ്രര്‍, അഗതികള്‍, സകാത്ത് ജോലിക്കാര്‍, ഇസ് ലാമുമായി ഇണക്കപ്പെട്ടവര്‍, അടിമമോചനം, കടംകൊണ്ട് വിഷമിക്കുന്നവര്‍, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍, യാത്രക്കാര്‍) വിതരണം ചെയ്യേണ്ടതുണ്ട്. അമുസ്‌ലിംകളില്‍നിന്ന് ജിസ്‌യ വാങ്ങേണ്ടതും ഭരണകൂടമാണ്. ഇതിന് പുറമെ യുദ്ധമുതലുകളുടെ ഒരു വിഹിതം, അനന്തരാവകാശികളില്ലാതെ മരണപ്പെടുന്നവരുടെ സ്വത്ത് തുടങ്ങിയവയൊക്കെയാണ് ഖജനാവില്‍ പണം വരുന്ന സ്രോതസ്സുകള്‍. ഇസ്‌ലാമിക ഭരണകൂടത്തിന്റെ ഭരണച്ചിലവുകള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ എന്ന വിവക്ഷിച്ച സകാത്ത് ഇനത്തില്‍പെടും. . ഉമര്‍(റ)ന്റെ കാലത്ത് നടപ്പില്‍ വരുത്തിയ റേഷന്‍, പെന്‍ഷന്‍ തുടങ്ങിയവയെല്ലാം ദരിദ്രര്‍, അഗതികള്‍ തുടങ്ങിയ ഗണത്തില്‍പെട്ട അവകാശികള്‍ക്കാണ്.
സമ്പത്തിന്റെ വിനിമയത്തെ വളരെ കാര്യഗൗരവത്തോടെ ഇസ്‌ലാം കാണുന്നു എന്ന് തെളിയിക്കുന്ന ഒട്ടേറെ സൂക്തങ്ങളുണ്ട്. അതിലൂടെ ചില അടിസ്ഥാനങ്ങളെ ഇസ്‌ലാം മുന്നോട്ടുവെക്കുന്നു.
- മനുഷ്യന്റെ നിലനില്‍പിന് ആധാരമാണ് സമ്പത്ത്. അത് വിഡ്ഢികളുടേതുപോലെ കൈകാര്യം ചെയ്യാവതല്ല.
- സമ്പത്ത് ധനികര്‍ക്കിടയില്‍ മാത്രമായി ചുറ്റിക്കറങ്ങാതെ എല്ലാവര്‍ക്കുമിടയില്‍ ക്രയവിക്രയം ചെയ്യപ്പെടണം.
ഇസ്‌ലാമികരാഷ്ട്രത്തില്‍ സ്വകാര്യസ്വത്തും പൊതുസ്വത്തും ഉണ്ടായിരിക്കും. വ്യക്തികള്‍ തങ്ങളുടേതായ രീതിയിലൂടെ സമൂഹത്തിന് ഹാനിവരുത്താതെ സമ്പാദിക്കുന്നതാണ് സ്വകാര്യസ്വത്ത്. അതേസമയം എല്ലാവര്‍ക്കും ആവശ്യമായതും സ്വകാര്യവ്യക്തികളോ സര്‍ക്കാരോ കയ്യടക്കി വെച്ചാല്‍ പൊതുജീവിതത്തിന് പ്രയാസം സൃഷ്ടിക്കുന്നതുമായ (കുടിവെള്ളം, കടല്‍വിഭവങ്ങള്‍, ഉപ്പ്, പുല്ല് തുടങ്ങിയവ)വിഭവങ്ങളുള്‍പ്പെട്ടതാണ് പൊതുസ്വത്ത്.
ഭരണകൂടത്തിന്റെ കൃത്യമായ വ്യവസ്ഥയിലും മേല്‍നോട്ടത്തിലും സ്വകാര്യവ്യക്തികള്‍ക്ക് പരമാവധി സ്വാതന്ത്ര്യം നല്‍കുന്ന സാമ്പത്തികരീതികളാണ് ഇസ്‌ലാമിന്റേത്. രാഷ്ട്രം അനിവാര്യമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മാത്രമേ നടത്തൂ. ലാഭം ലക്ഷ്യമാക്കി സ്വകാര്യവ്യക്തികള്‍ നടത്താന്‍ താല്‍പര്യപ്പെടുന്ന എന്തും രാഷ്ട്രത്തിന്റെ പൊതുതാല്‍പര്യങ്ങള്‍ക്കും ഇസ്‌ലാമികതത്ത്വങ്ങള്‍ക്കും വിരുദ്ധമല്ലെങ്കില്‍ അനുവദിക്കും. ഇതാണ് പ്രവാചകന്റെയും നാലു ഖലീഫമാരുടെയും ഭരണത്തില്‍നിന്ന്ും നമുക്ക് മനസ്സിലാകുന്നത്. എന്നാല്‍ സമൂഹത്തിന് ദ്രോഹമുണ്ടാക്കുന്ന കുത്തക ആര്‍ക്കും അനുവദിക്കില്ല. ജൂതന്‍ കുത്തകയാക്കിവെച്ച കിണര്‍ ഉസ്മാന്‍ (റ) വിലക്ക് വാങ്ങി പൊതു ജനങ്ങള്‍ക്ക് നല്‍കിയത് ഇതിനുദാഹരണമാണ്.
സകാത്തിന് പുറമെ നികുതി വാങ്ങുന്ന സംവിധാനം ആദ്യകാല ഇസ്‌ലാമികഭരണകൂടങ്ങളില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ആവശ്യമാണെങ്കില്‍ അത്തരം നികുതി ഈടാക്കുന്നതിന് വിലക്കുകളില്ലെന്ന് പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു. പൊതുറോഡുകള്‍, തുറമുഖം, റെയില്‍വേ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആതുരാലയങ്ങള്‍ തുടങ്ങി പൊതു ആവശ്യങ്ങള്‍ക്ക് വേണ്ടി നികുതി വാങ്ങാം.അതേസമയം ഇവയുടെ നിര്‍മാണത്തിന് സ്വകാര്യവ്യക്തികളോ സ്ഥാപനങ്ങളോ തയ്യാറാണെങ്കില്‍ അവരെ എല്‍പിക്കാം. അതിന് അവര്‍ക്ക് ലാഭം ഈടാക്കാം.
നമ്മുടെ രാജ്യത്ത് വ്യക്തി-സ്ഥാപന വരുമാനത്തിന് 10-30 ശതമാനം വരെ നികുതി ഈടാക്കുന്നുണ്ട്. ഇതിന് പുറമെ പരോക്ഷനികുതികളും മറ്റുനികുതികളും വേറെ. ഈ നികുതികള്‍ക്ക് പുറമെയാണ് സ്വകാര്യപങ്കാളിത്തത്തോടെ നടത്തുന്ന സംരംഭങ്ങളിലുള്ള ടോളും ഫീസും. നികുതിയില്‍നിന്നാണ് സര്‍ക്കാര്‍ നമുക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നത്. അഴിമതിയും കൈക്കൂലിയും സ്വജനപക്ഷപാതവുമൊക്കെ കഴിഞ്ഞ് ജനങ്ങള്‍ക്ക് ലഭിക്കുന്നത് വളരെ തുച്ഛം. ഇതിലും നല്ലത് സ്വകാര്യവ്യക്തികളെ കാര്യങ്ങള്‍ ഏല്‍പിക്കുന്നതാണ്.കാരണം, പദ്ധതിപൂര്‍ത്തീകരണത്തിലെയും അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിലെയും കാര്യക്ഷമതയും വേഗതയും പുതുമയും സ്വകാര്യസംരംഭങ്ങളിലാണ് എളുപ്പത്തില്‍ സാധ്യമാകുന്നത്.
ജനങ്ങളെ ചൂഷണംചെയ്യുന്ന അവസ്ഥയില്ലാതാക്കിക്കൊണ്ട് ഗവണ്‍മെന്റുകള്‍ക്ക് പദ്ധതികളും ക്ഷേമപരിപാടികളും പൊതുവികസനപ്രവര്‍ത്തനങ്ങളും സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കാം. സര്‍ക്കാര്‍ അവര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കണം എന്നുമാത്രം. ഇസ്‌ലാമികഗവണ്‍മെന്റുകള്‍ക്ക് അത്തരം നയം സ്വീകരിക്കുന്നതിന് ദീനിദൃഷ്ട്യാ വിലക്കുകളൊന്നുമില്ലെന്ന് ആധുനികസാമ്പത്തികവിദഗ്ധനായ ഡോ. മുന്‍ദിര്‍ കഹ്ഫിനെപ്പോലുള്ളവര്‍ പറയുന്നതും അതുകൊണ്ടാണ്.
ഒ.കെ.ഫാരിസ്
Add Comment