സമ്പദ് വ്യവസ്ഥ

സമ്പദ് വ്യവസ്ഥ

സാമൂഹികജീവിതത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ് സാമ്പത്തികവശം. ഭദ്രമായ സമൂഹം ഉണ്ടാകുന്നതിന്റെ അടിസ്ഥാനങ്ങളിലൊന്ന് ഭദ്രമായ സമ്പദ് വ്യവസ്ഥയത്രേ. അതിനാലാണ് ഇസ് ലാം സാമ്പത്തികരംഗത്ത് കൈക്കൊള്ളേണ്ട ഒട്ടേറെ നിയമങ്ങളും വ്യവസ്ഥകളും ജനങ്ങള്‍ക്ക് ഖുര്‍ആനിലൂടെയും നബിചര്യയിലൂടെയും അറിയിച്ചുകൊടുത്തത്. ഈ നിര്‍ദേശങ്ങളെ കാപിറ്റലിസം, കമ്യൂണിസം എന്നിവയെപ്പോലെ ഇസ് ലാമിന്റെ വ്യവസ്ഥയായി കണക്കാക്കുന്നതിനേക്കാള്‍ ചില നിയാമകതത്ത്വങ്ങളുടെ സമാഹാരമായി ഗണിക്കുന്നതാണ് കൂടുതല്‍ ഹിതമാവുക. കാരണം, ഈ നിയാമകതത്ത്വങ്ങളെ (Directive Principles) കാലികങ്ങളായ പ്രശ്‌നങ്ങള്‍ക്കനുസരിച്ച് ഉപയോഗപ്പെടുത്താന്‍ സമൂഹത്തിന് കഴിയുംവിധമാണ് പ്രതിപാദിച്ചിട്ടുള്ളത്. അതേസമയംതന്നെ, മൗലികകാര്യങ്ങളില്‍ വ്യക്തമായ നിര്‍ദേശങ്ങളുണ്ടുതാനും. ഉദാഹരണത്തിന് സകാത്തിനെ സംബന്ധിച്ച് എങ്ങനെയാണ് അതിന്റെ പരിധി കണക്കാക്കുന്നതെന്നും ആരൊക്കെയാണ് ഗുണഭോക്താക്കളെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാറിന്റെ ക്ഷേമപദ്ധതികള്‍ക്ക് തുക എങ്ങനെ കണ്ടെത്താം എന്നത് സ്വദഖഃ പോലുള്ള സംഗതികളെ മുന്‍നിര്‍ത്തിയായിരിക്കും ഉണ്ടാകുക.

പ്രൊഫ. ടി. അബ്ദല്ല.

Topics