സമ്പദ് വ്യവസ്ഥ

ഉപഭോഗനിയന്ത്രണം

ഇസ്‌ലാം ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുകയും അനിയന്ത്രിത ഉപഭോഗത്തെ അത് വിലക്കുകയും ചെയ്യുന്നു. ഉപഭോഗനിയന്ത്രണം സ്വമേധയാ ഒരു ശീലമാക്കി വളര്‍ത്താന്‍ വ്യക്തികളെ ഇസ്‌ലാം പ്രേരിപ്പിക്കുന്നു. ആവശ്യമാവുമ്പോള്‍ നടപ്പാക്കാനും ഇസ്‌ലാമില്‍ വ്യവസ്ഥയുണ്ട്. അനുവദനീയ ഉല്‍പന്നങ്ങള്‍ മാത്രമാണ് ഉല്പാദിപ്പിക്കപ്പെടുക. അവയെല്ലാം ഉപയോഗിക്കാവുന്നതാണ്. പക്ഷേ, അധികമാവരുത്. ഉപയോഗിക്കുന്ന ഒരോ വസ്തുവില്‍നിന്നും പരമാവധി പ്രയോജനക്ഷമത നേടിയെടുക്കേണ്ടതുണ്ട്. ധാരാളിത്തമാവരുത്. ”നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുക, എന്നാല്‍ അമിതവ്യയം അരുത്.” (ഖുര്‍ആന്‍). ഇസ്‌റാഫും തബ്ദീറും കര്‍ശനമായി വിലക്കിയിരിക്കുന്നു. അനുവദനീയമായ വിഭവങ്ങളുടെ അമിതമായ ഉപഭോഗമാണ് ഇസ്‌റാഫ്. ഹലാലായ ഭക്ഷണപാനീയങ്ങള്‍ ഉദാഹരണം. അനുവദനീയമല്ലാത്തവയ്ക്കുവേണ്ടി വിനിയോഗിക്കുക അനുവദനീയമായവയെ ഉപഭോഗ ശൂന്യമാക്കുക എന്നിവയാണ് തബ്ദീര്‍(ദുര്‍വ്യയം). ആവശ്യത്തിലധികം ഭക്ഷണം പാകം ചെയ്യുകയും ഉപയോഗിക്കാതെ കുഴിച്ചുമൂടുകയും ചെയ്യുന്നത് ഉദാഹരണം.വാഹനങ്ങളും യന്ത്രങ്ങളും പോലുള്ളവ നിര്‍മിക്കുമ്പോള്‍ നീണ്ട ദശാബ്ദങ്ങള്‍ ഉപയോഗയോഗ്യമായ രീതിയില്‍ നിര്‍മിക്കുന്നതും അത്തരത്തില്‍പെടുത്താം. ആവശ്യത്തിലധികം വലുപ്പത്തില്‍ വീടുണ്ടാക്കുന്നതും അവ ഉപയോഗശൂന്യമായി ഒഴിച്ചിടുന്നതും ഈ ഗണത്തില്‍പ്പെടുന്നു. വ്യക്തിഗതതാല്‍പര്യങ്ങളെക്കാള്‍ പൊതുതാല്‍പര്യങ്ങള്‍ക്ക് മുന്‍ഗണനല്‍കുന്നതാകും ഉല്‍പന്നശ്രേണികള്‍. സമൂഹത്തിലെ ഒരു ചെറിയ ധനികവിഭാഗത്തിന്റെ ഉപഭോഗശേഷി മുഴുവന്‍ സമൂഹത്തിന്റെയും ഉപഭോഗശേഷിയാക്കിമാറ്റുകയാണ് ഉപഭോഗ നിയന്ത്രണം വഴി ഇസ്‌ലാം ലക്ഷ്യം വെക്കുന്നത്. ഇത് ഉപഭോഗവും ഉല്പാദനവും വര്‍ദ്ധിപ്പിക്കുകയും സാമൂഹ്യക്ഷേമം ഉറപ്പുവരുത്തുകയും ചെയ്യുന്നു.

Topics