ലോകം അറിയപ്പെട്ട പര്യവേക്ഷകരാരൊക്കെയെന്ന ചോദ്യത്തിന് പലപ്പോഴും നാം നല്‍കുന്ന ഉത്തരം മാര്‍കോ പോളോ, ഇബ്‌നുബത്തൂത്ത, ക്രിസ്റ്റഫര്‍ കൊളംബസ്, ഇവ്‌ലിയ സെലിബി(ദര്‍വീശ് മുഹമ്മദ് സില്ലി) തുടങ്ങിയവയായിരിക്കും. എന്നാല്‍ അക്കൂട്ടത്തില്‍ ആരാലും അറിയപ്പെടാതെ പോയ എക്കാലത്തെയും സ്വാധീനിച്ച ആരിലും താല്‍പര്യംജനിപ്പിക്കുന്ന ഒരു വ്യക്തിത്വമുണ്ട്. ചൈനയില്‍ അദ്ദേഹം സുപരിചിതനാണ്. ചൈനയില്‍ മഹാനായ നാവികത്തലവനും പര്യവേക്ഷകനും നയതന്ത്രജ്ഞനും തുടങ്ങി പലനിലകളിലും സുപ്രസിദ്ധനായ ഴെങ് ഹിയാണ് അത്.
ജനനം:
1371-ല്‍ തെക്കന്‍ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ ഹുയി(ചൈനീസ് മുസ്‌ലിംവംശം) കുടുംബത്തിലാണ് സെങ് ജനിച്ചത്. കുട്ടിക്കാലത്ത് മാ ഹി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ചൈനയില്‍ തറവാട്ട് പേരിനോട് ചേര്‍ത്താണ് മാതാപിതാക്കള്‍ പേര് നല്‍കുന്നത്. ‘മാ’ എന്നത് മുസ്‌ലിംപാരമ്പര്യത്തെ ഓര്‍മിപ്പിക്കുന്ന ‘മുഹമ്മദ് ‘ന്റെ ചൈനീസ് ചുരുക്കെഴുത്താണ്. അദ്ദേഹത്തിന്റെ പിതാവും പിതാമഹനും മക്കയില്‍ ഹജ്ജ് നിര്‍വഹിച്ചവരായിരുന്നുവെന്നതിനാല്‍ കുടുംബം ദീനി പശ്ചാത്തലമുള്ളതായിരുന്നു.
കൗമാരകാലത്ത് അദ്ദേഹത്തിന്റെ പട്ടണം മിങ് വംശജരുടെ ആക്രമണത്തിന് വിധേയമായി. സൈന്യം അദ്ദേഹത്തെ പിടികൂടി തലസ്ഥാനനഗരമായ നാന്‍ജിങിലേക്ക് കൊണ്ടുപോയി. അവിടെ ഒരുവലിയ രാജകുടുംബത്തില്‍ കൊട്ടാരഭൃത്യനായി നിയോഗിതനായി. വളരെ പീഡനങ്ങളും പ്രയാസങ്ങളും നേരിട്ടിരുന്ന ആ അന്തരീക്ഷത്തിലും അവിടത്തെ രാജകുമാരന്‍മാരില്‍ ഒരാളായ സൂ ഡിയുമായി സെങ് ഉറ്റസൗഹൃദം പുലര്‍ത്തി. പിന്നീട് സൂ ഡി ചക്രവര്‍ത്തിയായപ്പോള്‍ സെങ് രാജഭരണത്തില്‍ ഉയര്‍ന്ന പദവിയില്‍ അവരോധിതനായി. ആ ഘട്ടത്തില്‍ അദ്ദേഹത്തിന് ആദരസൂചകമായി ലഭിച്ചതാണ് ‘സെങ്’ എന്ന നാമവിശേഷണം. അങ്ങനെയാണ് സെങ് ഹി എന്ന പേരില്‍ അറിയപ്പെട്ടുതുടങ്ങിയത്.
പര്യവേഷണങ്ങള്‍
1405 ല്‍ ലോകത്തിന്റെ ഇതരഭാഗങ്ങളിലേക്ക് വാണിജ്യാര്‍ഥം വ്യത്യസ്തനാവികസംഘങ്ങളെ അയക്കാന്‍ ചക്രവര്‍ത്തി സൂ ഡി തീരുമാനിച്ചു. ആ വലിയ സംഘത്തിന്റെ തലവനായി ചക്രവര്‍ത്തി നിയോഗിച്ചത് സെങ് ഹിയെ ആയിരുന്നു. ഏതാണ്ട് മുപ്പതിനായിരം നാവികരുണ്ടായിരുന്ന ആ കപ്പല്‍ യാത്രാവ്യൂഹങ്ങളെ അദ്ദേഹമായിരുന്നു നയിച്ചത്.
1405 നും 1433 നും ഇടക്ക് നടത്തിയ ഏഴ് പര്യവേക്ഷണയാത്രകളിലായി ഇന്നത്തെ മലേഷ്യ, ഇന്ത്യോനേഷ്യ, തായ്‌ലന്റ്, ഇന്ത്യ, ശ്രീലങ്ക, ഇറാന്‍ , ഒമാന്‍, സൗദി അറേബ്യ, സോമാലിയ, കെനിയ തുടങ്ങി ഒട്ടേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. തന്റെ അത്തരമൊരു യാത്രയില്‍ അദ്ദേഹം മക്കയില്‍ചെന്ന് ഹജ്ജ് നിര്‍വഹിക്കുകയുമുണ്ടായി.
ആ പര്യവേഷണയാത്രയില്‍ സെങ് ഹി മാത്രമായിരുന്നില്ല മുസ്‌ലിം. യാത്രാസംഘം ചെന്നിറങ്ങുന്ന സ്ഥലങ്ങളിലെ മുസ്‌ലിംകളുമായി ആശയവിനിമയം നടത്താന്‍ കഴിയും വിധം അറബിയടക്കം വ്യത്യസ്തഭാഷകള്‍ കൈകാര്യംചെയ്തിരുന്ന മാ ഹുവാന്‍ അടക്കമുള്ള ചൈനീസ് മുസ്‌ലിംകളും അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളിലുണ്ടായിരുന്നു. സെങ് ഹി താന്‍ നടത്തിയ സഞ്ചാരങ്ങളെക്കുറിച്ച് ‘യിങ് യായ് ഷെങ് ലാന്‍ ‘എന്ന യാത്രാക്കുറിപ്പെഴുതി. ഇന്ത്യന്‍ മഹാസമുദ്രത്തിനുചുറ്റുള്ള പതിനഞ്ചാംനൂറ്റാണ്ടിലെ ദേശസമൂഹങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ വിവരണത്തിന് ഇന്നും മുഖ്യാവലംബമാണ് ആ കുറിപ്പുകള്‍.
ലോകപര്യവേഷണത്തിനായുള്ള ആ സമുദ്രയാത്രകള്‍ ആളുകള്‍ വിസ്മരിക്കുകയില്ല. സെങ് ഹി നയിച്ച ആ കപ്പലുകള്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കൊളംബസ് യാത്രചെയ്ത കപ്പലുകളേക്കാള്‍ എത്രയോ മടങ്ങ് വലിപ്പമുള്ളവയായിരുന്നുവെന്നോ ? കപ്പലിന്റെ വലിപ്പത്തെക്കുറിച്ച പരാമര്‍ശങ്ങള്‍ അതിശയോക്തിയാണെന്ന് ആളുകള്‍ നൂറ്റാണ്ടുകളോളം കരുതിപ്പോന്നു. എന്നാല്‍ യാങ്‌സീ നദിയിലെ കപ്പല്‍നിര്‍മാണശാലകളില്‍നിന്ന് ലഭിച്ചിട്ടുള്ള പുരാവസ്തു അവശിഷ്ടങ്ങള്‍ ഇന്നത്തെ ഫുട്‌ബോള്‍ മൈതാനത്തേക്കാള്‍ വലിയതായിരുന്നു ആ കപ്പലുകളെന്ന് തെളിയിക്കുന്നു.
പര്യവേഷണസംഘം കടന്നുചെന്നിടങ്ങളിലൊക്കെ അവിടത്തെ പ്രാദേശികജനത നാവികസംഘത്തിനും ചൈനീസ് ചക്രവര്‍ത്തിക്കും ആദര-ഭയബഹുമാനംകലര്‍ന്ന കടപ്പാടുകള്‍ അറിയിച്ചുകൊണ്ടിരുന്നു. അതിന്റെ ഭാഗമായി സെങ് ഹി മടക്കയാത്രയില്‍ ആനക്കൊമ്പ്, ഒട്ടകങ്ങള്‍, സ്വര്‍ണം, ആഫ്രിക്കയില്‍നിന്ന് ജിറാഫ് തുടങ്ങിയവയെല്ലാം കൊണ്ടുപോകാറുണ്ടായിരുന്നു. അത്തരം പര്യവേഷണങ്ങളിലൂടെ ചൈന ലോകത്തിന് പകര്‍ന്നുകൊടുക്കാന്‍ ശ്രമിച്ച സന്ദേശം ഇതായിരുന്നു: ചൈന സാമ്പത്തിക-രാഷ്ട്രീയമേഖലയിലെ വന്‍ശക്തിയാണ്.
ഇസ്‌ലാം വ്യാപനം
സെങ് ഹിയുടെ നേതൃത്വത്തിലുള്ള നാവികപര്യവേഷണസംഘം കേവലം സാമ്പത്തിക-രാഷ്ട്രീയ മേഖലയില്‍ മാത്രമല്ല, അനുരണനം സൃഷ്ടിച്ചത്. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന മുസ്‌ലിം ഉപദേശകന്‍മാര്‍ പ്രബോധനപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായി. ഇന്ത്യോനേഷ്യന്‍ ദ്വീപുകളായ ജാവ, സുമാത്ര, ബോര്‍ണിയോ എന്നിവിടങ്ങളില്‍ വളരെ മുമ്പേ താമസമുറപ്പിച്ച മുസ്‌ലിംജനതയെ അദ്ദേഹം അവിടെ കണ്ടുമുട്ടി. തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളുടെ നൂറ്റാണ്ടുകള്‍ക്കുമുമ്പേ നിലനിന്നിരുന്ന അറേബ്യയും ഇന്ത്യയുമായുള്ള വാണിജ്യബന്ധങ്ങലാണ് ഇസ്‌ലാം അവിടെയെല്ലാം പ്രചരിക്കുന്നതിന് നിമിത്തമായത്. സെങ് ഹി ആ ജനസമൂഹത്തില്‍ ഇസ്‌ലാമിന്റെ വളര്‍ച്ചയ്ക്കാവശ്യമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകി.
ജാവ, പലെമ്പാങ്, മലായ് ഉപദ്വീപ് , ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ മുസ്‌ലിം ജനതയ്ക്ക് താമസസൗകര്യങ്ങളൊരുക്കി. അതിലൂടെ പ്രദേശവാസികളില്‍ ഇസ്‌ലാമിന്റെ സന്ദേശമെത്തിക്കുകയായിരുന്നു ഉദ്ദേശ്യം. നാവികസംഘം ആ സ്ഥലങ്ങളില്‍ പള്ളികളും ക്ലിനിക്കുകളും പ്രാഥമികവിദ്യാഭ്യാസസ്ഥാപനങ്ങളും ഒരുക്കി.
1433 ല്‍ സെങ് ഹിയുടെ മരണത്തിനുശേഷവും മറ്റ് ചൈനീസ് മുസ്‌ലിംകള്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ തങ്ങളുടെ ഇസ്‌ലാമികപ്രബോധനപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ചൈനീസ് മുസ്‌ലിംകള്‍ അവിടങ്ങളിലെ ജനങ്ങളുമായി വൈവാഹികബന്ധത്തിലേര്‍പ്പെട്ടു. അങ്ങനെ ആ ജനസമൂഹവുമായി ഇഴുകിച്ചേര്‍ന്നു. മലായ് ഉപദ്വീപിലടക്കം മുസ്‌ലിംസമൂഹത്തിന്റെ സംസ്‌കാരത്തിലും പുരോഗതിയിലും അത് വളരെയധികം പ്രതിഫലിച്ചു.
പാരമ്പര്യം
നാവികത്തലവന്‍, നയതന്ത്രജ്ഞന്‍, യോദ്ധാവ്, വ്യാപാരി അങ്ങനെ ചൈനീസ്, മുസ്‌ലിം ചരിത്രത്തില്‍ ഴെങ് ഹി ബാക്കിവെച്ച പൈതൃകങ്ങള്‍ ഏറെയാണ്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇസ്‌ലാമിന് പ്രചാരംകൊടുത്ത മുഖ്യനേതാക്കളില്‍ ഒരാളാണ് അദ്ദേഹം. ദൗര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ മരണശേഷം ചൈനീസ് സര്‍ക്കാര്‍ കണ്‍ഫ്യൂഷ്യനിസത്തിലേക്ക് കൂടുമാറിയതോടെ കടല്‍പര്യവേഷണദൗത്യങ്ങള്‍ പിന്നെയുണ്ടായില്ല. അതിന്റെ ഫലമായി നൂറ്റാണ്ടുകളോളം ജനസ്മരണകളിലും ചരിത്രപാഠപുസ്തകങ്ങളിലും നിലനിന്നിരുന്ന സെങ് ഹിയുടെ നേട്ടങ്ങളും സംഭാവനകളും അതോടെ തിരശ്ശീലയില്‍ മറയുകയായിരുന്നു.
അതെന്തായാലും സെങ്ഹിയുടെ പൈതൃകസംഭാവനകള്‍ തികച്ചും വ്യതിരിക്തമാണ്. അദ്ദേഹത്തിന്റെ സംഭാവനകളെ അനുസ്മരിപ്പിക്കും വിധം ഒട്ടേറെ പള്ളികള്‍ തെക്കുകിഴക്കനേഷ്യന്‍ മേഖലകളില്‍ ഇന്നും നിലകൊള്ളുന്നുണ്ട്. ആ മേഖലകളില്‍ ഇസ്‌ലാം കടന്നുചെന്നത് വ്യാപാരത്തിലൂടെയും സഞ്ചാരികളുടെ പ്രബോധനത്തിലൂടെയും കുടിയേറ്റക്കാരിലൂടെയും ആയിരുന്നു. അക്കൂട്ടത്തില്‍ അഡ്മിറല്‍ സെങ് ഹിയുടെയും പങ്ക് ചെറുതല്ല. ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിംകളുള്ള രാജ്യമായി ഇന്തോനേഷ്യ അറിയപ്പെടുന്നതില്‍ സെങ്ഹിയുടെ പ്രവര്‍ത്തനങ്ങള്‍ വലിയ പങ്കുവഹിക്കുകയുണ്ടായിട്ടുണ്ട്.
Add Comment