അബ്‌സീനിയന്‍ അടിമ ബിലാല്‍ ബിന്‍ റബാഹ് ഇസ്‌ലാമിന്റെ മഹത്വം തിരിച്ചറിഞ്ഞ് വിഗ്രഹാരാധന വെടിഞ്ഞ് ഏകദൈവ വിശ്വാസം ആശ്ലേഷിച്ചു. അക്കാലത്ത് ലോകത്ത് നിന്നിരുന്ന അറബ്-പേര്‍ഷ്യന്‍-റോമന്‍ രാഷ്ട്രീയ-മത വ്യവസ്ഥകള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള മഹത്വവും, ഔന്നത്യവും ഇസ്‌ലാമിനുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഇസ്‌ലാം മനുഷ്യന് -മറ്റെല്ലാ പരിഗണനകള്‍ക്കും മീതെ- സ്വാതന്ത്ര്യവും സ്ഥാനവും വകവെച്ച് കൊടുക്കുന്നു. ഒരു വ്യക്തിയുടെ സാമൂഹികമായ സ്ഥാനമോ, സാമ്പത്തികശക്തിയോ, കുലമഹിമയോ ഇസ്‌ലാമില്‍ ഒട്ടും പരിഗണനീയമല്ല. വിശ്വാസിയുടെ ഉള്‍ക്കാഴ്‌ചയോടെ ബിലാല്‍ കാര്യങ്ങള്‍ ദര്‍ശിക്കുകയും ഏറ്റവും കഠിനമായ പീഡനങ്ങള്‍ ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍ സഹിക്കുകയും ചെയ്‌തു. ഈ ദര്‍ശനം ലോകത്ത് ആധിപത്യം സ്ഥാപിക്കുമ്പോള്‍ ലോകത്തെ ഏറ്റവും വിശിഷ്ടമായ എടുപ്പിന് മുകളില്‍ കയറി എല്ലാവരും കാതോര്‍ത്ത് നില്‍ക്കെ സത്യവചനം പ്രഖ്യാപിക്കാനുള്ള പ്രതാപം തനിക്ക് ലഭിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഇസ്‌ലാമിക ദര്‍ശനവും, അതിനനുസരിച്ച തന്റെ സവിശേഷമായ ആസൂത്രണവും, വ്യക്തിപരമായ സ്വപ്‌നവുമായിരുന്നു ചരിത്രത്തിന്റെ സുവര്‍ണതാളുകളില്‍ മഹാന്മാരുടെ മുന്‍നിരയില്‍ സ്ഥാനം പിടിക്കാന്‍ ബിലാലിനെ പ്രാപ്‌തനാക്കിയത്. വിസ്‌മരിക്കപ്പെട്ട, പ്രാന്തവല്‍ക്കരിക്കപ്പെട്ട ദുര്‍ബലരുടെ ഗണത്തിലായിരുന്നില്ല അദ്ദേഹത്തിന്റെ ഇടം
‘ഞങ്ങളത് ചെയ്‌താല്‍ ഞങ്ങള്‍ക്കെന്താണ് ലഭിക്കുക?’ എന്നായിരുന്നുവത്രെ സഹാബാക്കള്‍(ഇസ്‌ലാം ആശ്ലേഷിക്കുന്നതിന് മുമ്പ്) അഖബഃ ഉടമ്പടിയുടെ സന്ദര്‍ഭത്തില്‍ പ്രവാചകനോട് ചോദിച്ചത്. തീര്‍ത്തും ന്യായമായ ചോദ്യമായിരുന്നു അത്. സ്വന്തം ജീവനും സ്വത്തും കുടുംബവും ദൈവിക മാര്‍ഗത്തില്‍ ത്യജിക്കാന്‍ തയ്യാറായാല്‍ തങ്ങള്‍ക്കെന്ത് ലഭിക്കും എന്നതായിരുന്നു അവര്‍ക്ക് അറിയേണ്ടിയിരുന്നത്. സ്വര്‍ഗമാണ് പ്രതിഫലമെന്ന് കേട്ട അവര്‍ കരാറുറപ്പിച്ച്, തിരിഞ്ഞ് നോക്കാതെ മുന്നേറുകയാണ് ചെയ്‌തത്. വിവരമാണ് അടിസ്ഥാനപരമായ ആവശ്യം. കാരണം കര്‍മവും ത്യാഗവും വിവരത്തെ തുടര്‍ന്നാണ് രൂപപ്പെടുക. ജനങ്ങള്‍ക്ക് സുഖകരമായ ജീവിതം പ്രദാനം ചെയ്യുന്നതിനാണ് ഈ ദര്‍ശനം അവതരിച്ചിട്ടുള്ളത്. അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിന്റെ ഫലമാണ് സ്വര്‍ഗത്തിലെ ആനന്ദകരമായ ജീവിതം. നമ്മെ ഭൗതിക വിരക്തിയിലും പട്ടിണിയിലും തളച്ചിട്ട് മരണത്തെ പ്രതീക്ഷിച്ച് കാത്തിരിക്കാന്‍ പഠിപ്പിക്കുന്ന ‘കുഴിമാട’ദര്‍ശനമല്ല ഇസ്‌ലാം. രാജാധിരാജന്റെ നിയമങ്ങളനുസരിച്ച് ഭൂമിയില്‍ രാജാവായി പ്രതാപത്തോടെ ജീവിക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.
അതേസമയം പ്രവാചക സഖാക്കള്‍ക്ക് ഇസ്‌ലാമിക സമൂഹത്തില്‍ സവിശേഷമായ ഒരു സ്ഥാനവും ഔദ്യോഗികമായി നല്‍കപ്പെട്ടിരുന്നില്ല. അവരില്‍ ചിലരെ അവരുടെ ഏതെങ്കിലും നിലപാടുകളെ തുടര്‍ന്നാണ് ഇസ്‌ലാമിക ചരിത്രത്തില്‍ സ്‌മരിക്കുന്നത്. ഖന്‍ദഖ് യുദ്ധത്തില്‍ ജൂത-ബഹുദൈവ സമൂഹങ്ങളെ വേര്‍തിരിക്കാനുള്ള നിര്‍ദേശം സമര്‍പിച്ച നുഐം ബിന്‍ മസ്‌ഊദ് ഇതിന് ഉദാഹരമാണ്. ഒരേയൊരു നിലപാട് കൊണ്ട് ഇസ്‌ലാമിക സമൂഹത്തിന്റെ നിര്‍മിതിയില്‍ ഒരു കല്ല് വെക്കാന്‍ അദ്ദേഹത്തിന് സാധിക്കുകയുണ്ടായി. ചരിത്രഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെടുകയും ഇടംപിടിക്കുകയും ചെയ്‌തവരേക്കാള്‍ ഇരട്ടിയാണ് വിജയങ്ങളിലും, മറ്റും പങ്കെടുക്കുകയും തിരശ്ശീലക്ക് പിന്നില്‍ നിന്ന് ഇസ്‌ലാമിന് വേണ്ടി ആസൂത്രണങ്ങള്‍ നടത്തുകയും ചെയ്‌തവരുടെ നാമങ്ങള്‍. എല്ലാ സൈന്യത്തോടുമൊപ്പം രോഗികളെ പരിചരിക്കുന്നവരും, ഭക്ഷണം പാകം ചെയ്യുന്നവരും, വാള്‍ മൂര്‍ച്ചകൂട്ടുന്നവരും, രക്തസാക്ഷികളെ മറവ് ചെയ്യുന്നവരുമെല്ലാം ഉണ്ടായിരുന്നു. അവരെല്ലാം ഇസ്‌ലാമിക നവജാഗരണ പദ്ധതിയുടെ നിര്‍ണായക ഭാഗം തന്നെയായിരുന്നു. മുന്നിലോ, പിന്നിലോ, സൈന്യത്തിലോ പുറത്തോ സ്ഥാനം എന്നല്ല, തങ്ങളുടെതായ ദൗത്യം അവര്‍ നിര്‍വഹിക്കുകയും ദീനിനെ പ്രതിരോധിക്കുന്നതില്‍ ഒന്നാമനായി സ്വയം വിലയിരുത്തുകയും ചെയ്‌തു.
ചരിത്രം ക്രോഡീകരിച്ച പ്രശോഭിതമായ നാമങ്ങള്‍ക്കും ലോകനാഥന്‍ ക്ലിപ്‌തപ്പെടുത്തിയ അറിയപ്പെടാത്ത നാമങ്ങള്‍ക്കും ഇടയില്‍ മറ്റൊരു വിഭാഗം കൂടിയുണ്ടായിരുന്നു. ധാരാളം സല്‍ക്കര്‍മങ്ങള്‍ ചെയ്‌തിട്ടില്ലാത്ത, എന്നാല്‍ ഹൃദയം കൊണ്ട് ഇസ്‌ലാമിക സമൂഹത്തിന്റെ കൂടെ നിന്ന, ചിലപ്പോഴൊക്കെ അബദ്ധവും, മറ്റു ചിലപ്പോള്‍ നന്മയും പ്രവര്‍ത്തിച്ച അവരും ഇസ്‌ലാമിന്റെ തന്നെ ഭാഗമായിരുന്നു.
ആദ്യകാല ചരിത്രത്തില്‍ ഇസ്‌ലാം സാക്ഷാല്‍ക്കരിച്ച മഹത്തായ നേട്ടമായിരുന്നു ഇത്. ദീന്‍ മുറുകെ പിടിക്കുന്നതില്‍ പല വിതാനത്തിലുള്ള ജനങ്ങള്‍ ഇസ്‌ലാമിക സമൂഹത്തില്‍ തങ്ങളുടെ ഇടം തിരിച്ചറിഞ്ഞ് ജീവിച്ചിരുന്നു. അനുയായികളെയും സഹായികളെയും സഖ്യകക്ഷികളെയും എതിരാളികളെയും ഒരു പോലെ ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലമായ അടിസ്ഥാനമായിരുന്നു ഇസ്‌ലാമിക സമൂഹത്തിന് ഉണ്ടായിരുന്നത്. ജനങ്ങള്‍ക്കിടയില്‍ വേര്‍തിരിവ് കല്‍പിക്കുന്നതിന്റെ അടിസ്ഥാനം മതമല്ല, നീതിയാണ് എന്ന സിദ്ധാന്തമായിരുന്നു പ്രസ്‌തുത രാഷ്ട്രഘടനയെ നയിച്ചിരുന്നത്. അക്കാരണത്താലാണ് ക്രൈസ്‌തവരോടും, ജൂതരോടും നീതി പുലര്‍ത്തി അവര്‍ക്കെതിരില്‍ പ്രവര്‍ത്തിച്ച മുസ്‌ലിംകളെ ശിക്ഷിക്കുന്ന നയം സ്വീകരിച്ചത്. സമര്‍ഖന്ദില്‍ നിന്ന് മുസ്‌ലിം സൈന്യം പുറത്ത് കടക്കണമെന്ന മുസ്‌ലിം ഖാദിയുടെ വിധിയെ തുടര്‍ന്നാണ് അവിടത്തുകാര്‍ കൂട്ടംകൂട്ടമായി ഇസ്‌ലാം ആശ്ലേഷിച്ചത്. ഈ കാഴ്‌ചപ്പാട് തന്നെയാണ് ബൈതുല്‍ മാലില്‍ നിന്ന് സമ്പത്തെടുത്ത് രാഷ്ട്രത്തിലെ നിരാലംബരായ ക്രൈസ്‌തവരെയും ജൂതരെയും സംരക്ഷിക്കാന്‍ ഉമര്‍ ബിന്‍ അബ്ദില്‍ അസീസിനും പ്രചോദനമായത്. താന്‍ വിശ്വസിക്കാന്‍ പോകുന്ന ദര്‍ശനം, തന്റെ നിലവിലുള്ള മഹത്വത്തിന് യാതൊരു കോട്ടവുമേല്‍പിക്കുകയില്ലെന്ന തിരിച്ചറിവ് തന്നെയാണ്, ശക്തമായി എതിര്‍ത്തതിന് ശേഷം ഇസ്‌ലാം ആശ്ലേഷിക്കാന്‍ അബൂസുഫ്‌യാന് കാരണമായത്.
ഇസ്‌ലാമിക നവജാഗരണ പദ്ധതി ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നിട്ട കവാടമാണ്. തങ്ങളുടെ താല്‍പര്യവും കഴിവുകളും ഉപയോഗിച്ച് ആര്‍ക്കും അതില്‍ പങ്കാളിയാകാവുന്നതാണ്. സാമൂഹികവും, സാമ്പത്തികവുമായ നീതിയായിരിക്കണം അടിസ്ഥാനമെന്ന് മാത്രം. ധൈഷണികമായ സൗന്ദര്യവും, ആത്മീയ ഔന്നത്യവും, ജന്മസിദ്ധികളുടെ പ്രയോഗവല്‍ക്കരണവുമെല്ലാം ഇസ്‌ലാമിക ദര്‍ശനത്തില്‍ ഒരു പോലെ പരിഗണനീയമാണ്. സമൂഹത്തിലെ എല്ലാ വ്യക്തിയും വിശ്വാസത്തിലും, ദൈവഭക്തിയിലും ഒരേ വിതാനത്തില്‍ എത്തിച്ചേരണമെന്ന് ഇസ്‌ലാമിന് നിബന്ധനയില്ല. ചക്രവാളത്തില്‍ സ്വാതന്ത്ര്യത്തിന്റെ പ്രകാശകിരണങ്ങളും ഭൂമിയില്‍ നീതിയുടെ ദീപസ്‌തംഭങ്ങളും ഉയര്‍ന്ന് നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഇസ്‌ലാമിക സമൂഹത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാകാവുന്നതാണ്.
ഡോ. ദയ്‌മഃ ത്വാരിഖ് ത്വഹ്‌ബൂബ്
Add Comment