സംഭവിച്ച തെറ്റുകള്‍ സമ്മതിക്കാന്‍ ധൈര്യമുള്ളവര്‍ നന്നേകുറവാണ്. ഇത്തരം ധീരന്‍മാരെ സൃഷ്ടിക്കാനുള്ള സാമൂഹിക സാഹചര്യമല്ല നമുക്കുള്ളത് എന്നതാണ് അതിന്റെ മുഖ്യകാരണം. സത്യത്തിന്റെ നേതൃത്വം തങ്ങള്‍ക്കായിരിക്കണമെന്നും, തങ്ങളില്‍ നിന്ന് സംഭവിക്കുന്നതെല്ലാം സത്യമായിരിക്കണമെന്നും നാം നിശ്ചയിച്ചുറപ്പിച്ചിരിക്കുന്നു.
ചരിത്രം പഠിക്കുന്നതിന്റെ യുക്തി പൂര്‍വകാല അബദ്ധങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളുകയെന്നതാണ്. മുന്‍കാലത്ത് സംഭവിച്ച തെറ്റുകളും വീഴ്ചകളും ഇപ്പോഴും നാം ആവര്‍ത്തിക്കുകയും അവയില്‍ തന്നെ തുടരുകയുമാണ് ചെയ്യുന്നതെങ്കില്‍ ചരിത്രവായന കൊണ്ട് പ്രത്യേകിച്ച് ഫലം ലഭിക്കുകയില്ല. സംഭവിക്കുന്ന തെറ്റുകളെക്കുറിച്ച് ബോധമുണ്ടായിരിക്കണമെന്നതാണ് ഇതിനോട് ചേര്‍ന്നുണ്ടാവേണ്ട മറ്റൊരു ഗുണം. ഓരോ വ്യക്തിയും സ്വയം വീഴ്ചകള്‍ പരിശോധിക്കാനും, കണ്ടെത്താനും, ചികിത്സിക്കാനും ശ്രമിക്കുമ്പോഴാണ് ആരോഗ്യകരമായ സമൂഹം രൂപപ്പെടുന്നത്.
ശൈഖ് മുഹമ്മദുല്‍ ഗസ്സാലി ഇതേക്കുറിച്ച് നടത്തിയ പരാമര്‍ശം ശ്രദ്ധേയമാണ് ‘നമ്മില്‍ ചിലര്‍ക്ക് സംഭവിച്ച വീഴ്ചകളുടെ ചരിത്രം വായിക്കാന്‍ പോലും നാം തയ്യാറാവുന്നില്ലെന്നത് ദുഖകരമാണ്. തല്‍ഫലമായ വമ്പിച്ച നഷ്ടമാണ് നമുക്ക് സംഭവിച്ചിരിക്കുന്നത്. അബദ്ധങ്ങളും, വീഴ്ചകളും ദൈവഭക്തിക്ക് പോറലേല്‍പിക്കുകയില്ല. മനുഷ്യന്‍ പാപസുരക്ഷിതനായി സൃഷ്ടിക്കപ്പെട്ടതല്ല. എന്നാല്‍ സംഭവിക്കുന്ന വീഴ്ചകള്‍ അവഗണിക്കുകയും ഇന്നലെയും ഇന്നും നാളെയും അവ തന്നെ ആവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ് ദൈവഭക്തി ശുഷ്‌കിക്കുകയും ഹൃദയം നശിക്കുകയും ചെയ്യുന്നത്’.
നമ്മുടെ സ്ഥാപനങ്ങളിലും മറ്റും കാണപ്പെടുന്ന പ്രശ്‌നങ്ങളുടെ മര്‍മമാണ് ഇത്. നേതൃസ്ഥാനങ്ങളിലും ഉദ്യോഗങ്ങളിലും ഉള്ളവര്‍ സ്വന്തം വീഴ്ചകള്‍ സമ്മതിക്കാന്‍ തയ്യാറാവുകയില്ല. തങ്ങളുടെ വീഴ്ചകള്‍ എത്ര തന്നെ വ്യക്തമാണെങ്കിലും ഇത് തന്നെയായിരിക്കും അവരുടെ സമീപനം. തെറ്റ് അംഗീകരിക്കുന്നതിന് പകരം അവസാന നിമിഷം വരെ തന്റെ പ്രവൃത്തിയെ ന്യായീകരിച്ച്, സ്വയം പ്രതിരോധിച്ച് നിലകൊള്ളുകയാണ് അവര്‍ ചെയ്യുക. തന്റെ നിലപാടിനെ അരക്കിട്ടുറപ്പിക്കുന്നതിന് വേണ്ടി സംസാരിക്കുകയും ശക്തമായി തര്‍ക്കിക്കുകയും വാഗ്വാദത്തില്‍ ഏര്‍പെടുകയും ഒടുവില്‍ ധിക്കാരത്തില്‍ ചെന്നവസാനിക്കുകയും ചെയ്യുന്നു പ്രസ്തുത സമീപനം.
നമ്മുടെ കാഴ്ചപ്പാടും, വളര്‍ത്തപ്പെട്ട സാഹചര്യവുമാണ് ഇത്തരം നിലപാടുകളിലേക്ക് നയിക്കുന്നത്. തെറ്റുകളോടുള്ള സമീപനമായി സമൂഹവും, പൊതുബോധവും നമുക്ക് പകര്‍ന്ന തന്നിരിക്കുന്നത് അവയെ അകറ്റി നിര്‍ത്തുകയെന്നതാണ്. അതിനാല്‍ തന്നെ തെറ്റുകളില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ ശ്രമിക്കുകയോ, സംഭവിച്ച വീഴ്ചകളെ തന്നില്‍ അകറ്റി നിര്‍ത്തുകയോ ആണ് ചെയ്യാറ്. പടിപടിയായുള്ള സംസ്‌കരണത്തിലൂടെ മാത്രമെ ഈ മാനസികാവസ്ഥ മാറ്റിയെടുക്കാന്‍ സാധിക്കുകയുള്ളൂ. തെറ്റുകള്‍ അംഗീകരിക്കുന്നിതിലെ മഹത്വം ബോധ്യപ്പെടുത്തുകയും, അത് മനസ്സില്‍ സ്ഥാപിക്കുകയും ചെയ്യുകയെന്നതാണ് ഇതിന്റെ പ്രഥമപടി. ന്യായീകരണ സമീപനത്തില്‍ നിന്ന് വീഴ്ചകള്‍ അന്വേഷിക്കാനും കണ്ടെത്താനും കൈകാര്യം ചെയ്യാനുമുള്ള മാനസികാവസ്ഥയിലേക്കുള്ള ഈ മാറ്റം വളരെ ശ്രമകരവും, പ്രശംസനാര്‍ഹവുമാണ്.
നമ്മുടെ കര്‍മങ്ങള്‍ പരാജയപ്പെടാനുള്ള മുഖ്യകാരണവും തെറ്റുകളെക്കുറിച്ച് തെറ്റായ സങ്കല്‍പം തന്നെയാണ്. നാം ആഗ്രഹിക്കുന്ന സമയത്ത് ആഗ്രഹിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തത് അതിലേക്കുള്ള ചവിട്ടുപടികള്‍ കൃത്യമായി സ്വീകരിക്കാത്തത് കൊണ്ട് തന്നെയാണ്. മാത്രമല്ല, വിജയത്തിലേക്കുള്ള പടവുകള്‍ കയറുന്നതിനിടെ സംഭവിച്ച വീഴ്ചകള്‍ പരിഹരിക്കാനും, അവയുടെ നഷ്ടം നികത്താനുമാണ് അവശേഷിക്കുന്ന സമയമത്രയും നമുക്ക് പാഴാക്കേണ്ടി വരുന്നത്. അബദ്ധങ്ങള്‍ ആവര്‍ത്തിച്ച് അവയുടെ നഷ്ടം പരിഹരിക്കാന്‍ സമയം കളയുന്നതിന് പകരം അവ ആവര്‍ത്തിക്കാതിരിക്കാനുള്ള ശ്രമമാണ് നടത്തേണ്ടിയിരുന്നത്.
പ്രശ്‌നത്തിന്റെ വേരിലേക്ക് കടന്ന് ചെന്ന് പരിഹാരം കാണുകയാണ് ഉപരിപ്ലവമായ സമീപനങ്ങള്‍ക്ക് പകരം നാം ചെയ്യേണ്ടത്. നാം അവയെക്കുറിച്ച ബോധവരാവുകയും അവ ചികിത്സിക്കുകയും ചെയ്യുമ്പോഴാണ് കാലിടറാതെ കൂടുതല്‍ സ്ഥൈര്യത്തോട് കൂടി മുന്നേറാന്‍ സാധിക്കുക.
ബസ്സാം റാഇഅ്
Add Comment