സ്മാര്‍ട്ട് ക്ലാസ്സ്‌

ദൗര്‍ബല്യങ്ങളല്ല ബുദ്ധിയുടെ അളവുകോല്‍

നക്ഷത്രങ്ങളാണ് കുട്ടികള്‍-10
ചെറിയ പ്രായത്തില്‍ കുട്ടികളുടെ ദുര്‍ബലമായ പഠന പ്രകടനങ്ങള്‍ കണ്ട് അസ്വസ്ഥരാകുന്ന രക്ഷിതാക്കളുണ്ട്. ക്‌ളാസ് മുറികളില്‍ ഇത്തരം ദുര്‍ബല പ്രകടനങ്ങള്‍ ചില കുട്ടികളില്‍ ആവര്‍ത്തിക്കപ്പെടുന്നതു കാണുമ്പോള്‍ സമനില തെറ്റിപ്പോകുന്ന അധ്യാപകരുമുണ്ട്. ഇതര കുട്ടികളുമായി താരതമ്യം ചെയ്യുന്നതിലൂടെ സംഭവിക്കുന്ന സ്വാഭാവികമായ ഒരു അപചയമാണിത്. ആരേയും കുറ്റപ്പെടുത്താനും നമുക്കാവില്ല. ആഗോളവല്‍ക്കരണം സൃഷ്ടിച്ച പ്രതിലോമപരമായ മല്‍സര ചിന്ത ഇതുപോലുള്ള അപചയ സാധ്യത സമൂഹത്തിനകത്ത് വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ശാരീരിക- മാനസിക-വൈകാരിക-ബൗദ്ധിക വളര്‍ച്ച എല്ലാ കുട്ടികളിലും ഒരുപോലെ നടക്കണമെന്നി ല്ലെന്നും ചില കുട്ടികളില്‍ കാലവിളംബമെടുക്കുമെന്നും അറിയാതെ പോകുന്നവര്‍ പരിസരബോധമില്ലാതെ ധൃതി കാട്ടിക്കളയും.അവര്‍ തീരുമാനിക്കുന്നിടത്തേക്ക് എത്തിയില്ലെങ്കില്‍ പിന്നെ , കുട്ടികള്‍ പ്രതി സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുകയും പഴി കേള്‍ക്കാന്‍ തുടങ്ങുകയും ചെയ്യും.

ചെറുപ്പകാല പരിമിതികള്‍ ഒരു വ്യക്തിയുടെ പിന്നീടുള്ള കുതിപ്പിനോ മുന്നേറ്റത്തിനോ തടസ്സമാകണമെന്നില്ല എന്ന് ബോധ്യപ്പെടുത്താന്‍ പലരും ശാസ്ത്ര പ്രതിഭയായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ ഉദാഹരിക്കാറുണ്ട്.

1921ല്‍ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ഐന്‍സ്റ്റീന്റെ ജീവചരിത്രം പ്രസിദ്ധീകൃതമായിട്ടുണ്ട്. Einstein: His Life and Universe എന്ന ശീര്‍ഷകത്തില്‍ വാള്‍ട്ടര്‍ ഐസക്‌സണ്‍ എന്നയാളുടെതാണ് കൃതി. ഐന്‍സ്റ്റീന്റെ ജീവിതവുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ ഇസ്‌റയേലിലാണ് സൂക്ഷിക്കപ്പെട്ടിട്ടുള്ളത്. ഐന്‍സ്റ്റീന്‍ ആറര വയസ്സു വരെ സംസാരിച്ചിരുന്നില്ല എന്ന് മറ്റൊരു ജീവചരിത്ര കാരനായ കാള്‍ സീലിംഗ് പറയുന്നു. പൊതുവെ പഠനത്തില്‍ വിരക്തിയും മടുപ്പും പ്രകടിപ്പിച്ചു. കടുത്ത ദേഷ്യ പ്രകൃതക്കാരനായിരുന്ന ഐന്‍സ്റ്റീന്‍ അനുജത്തി മാജയുമായി സദാ വഴക്കടിക്കുമായിരുന്നു. മകന്റെ ദ്വേഷ്യം തണുപ്പിക്കാന്‍ അമ്മ പൗളീന്‍ വയലിന്‍ വാങ്ങിച്ചു കൊടുത്തു സംഗീതത്തിലേക്ക് തിരിച്ചു വിട്ടു. ഐന്‍സ്റ്റീന്‍ പിന്നീട് നല്ലൊരു സംഗീതജ്ഞനായി മാറി. മരണം വരെ ആ പ്രതിഭാശാലി ശാസ്ത്രത്തെ എന്ന പോലെ സംഗീതത്തെയും പ്രണയിച്ചു.

പതിനാലാം വയസ്സില്‍ സൂറിച്ച് പോളി ടെക്‌നികില്‍ പ്രവേശന പരീക്ഷ എഴുതിയപ്പോള്‍ കണക്കിനും ബോട്ടണിക്കും സുവോളജിക്കും തോറ്റു. ഓട്ടിസത്തിന്റെ വകഭേദമായ എക്‌സ്പര്‍ഗേഴ്‌സ് സിന്‍ട്രാം ഐന്‍സ്റ്റീനുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. ജീവിതത്തില്‍ തീക്ഷ്ണമായ പരിമിതികള്‍ അനുഭവിച്ച ഐന്‍സ്റ്റീന്‍ പിന്നെ അല്‍ഭുതങ്ങളാണ് ലോകത്ത്
സൃഷ്ടിച്ചത്. അദ്ദേഹം ആവിഷ്‌കരിച്ച ആപേക്ഷികതാ സിദ്ധാന്തം സമൂഹത്തിന്റെ ശാസ്ത്രബോധ മണ്ഡലത്തെത്തന്നെ അപ്പാടെ വഴി തിരിച്ചു വിട്ടു.

ക്ലാസ് മുറിയില്‍ അലസതയിലും വിരസതയിലും അഭിരമിച്ച് മടിയനായി കഴിഞ്ഞു വന്ന ഐന്‍സ്റ്റീന്‍ ഏവരെയും അല്‍ഭുതപ്പെടുത്തി സ്‌കൂള്‍ പാഠ്യപദ്ധതിയുടെ അതിരുകള്‍ ഭേദിച്ച് തന്നെ അഗാധമായി സ്വാധീനിച്ച ഭൗതിക വിഷയങ്ങളുടെ ആഴങ്ങളിലേക്ക് സഞ്ചരിച്ചു. ഗഹനമായ ശാസ്ത്ര ഗ്രന്ഥങ്ങളെ നിശിതമായി വിശകലനം ചെയ്തു. കുട്ടിയായിരിക്കെ കച്ചവടക്കാരനായ അച്ഛന്‍ ഹെര്‍മന്‍ ഐന്‍സ്റ്റീന്‍ വാങ്ങിച്ചു കൊടുത്ത കോമ്പസിലെ വടക്കു നോക്കി സൂചി കൊളുത്തി വെച്ച അന്വേഷണപരതയുടെ ആ ജ്വാല പിറക്കാനിരിക്കുന്ന ഒരു ശാസ്ത്ര പ്രതിഭയെക്കുറിച്ചുള്ള ശുഭ സൂചനയായിരുന്നു എന്ന് എത്ര പേരറിഞ്ഞു?

1955-ല്‍ തന്റെ 76-ാമത്തെ വയസ്സിലാണ് മഹാനായ ആ ശാസ്ത്രജ്ഞന്‍ ലോകത്തോട് വിടപറഞ്ഞത്. ആറര വയസ്സു വരെ വായ തുറക്കാതിരുന്ന ഐന്‍സ്റ്റീന്‍ ലോകത്തിന്റെ ദുഷ്ടതകള്‍ക്കും നൃശംസതകള്‍ക്കുമെതിരെ നിരന്തരം , നിര്‍ഭയം ഉറക്കെയുറക്കെ ശബ്ദിച്ചു കൊണ്ടിരിക്കുന്നതാണ് പിന്നീടങ്ങോട്ട് മനുഷ്യരാശി കണ്ടത്.

കുട്ടിക്കാലത്തെ പരിമിതികള്‍ ഭാവിയിലെ തുല്യതകളില്ലാത്ത ജീവിതക്കുതിപ്പിലേക്കുള്ള അരിഷ്ടതകളായിട്ടേ കാണേണ്ടതുള്ളു എന്ന് ഐന്‍സ്റ്റീന്റെ ജീവിതം നമ്മോട് വിളിച്ചു പറയുന്നു.

കുട്ടികള്‍ പതിനൊന്നാം വയസ്സിലേക്ക് കടക്കുമ്പോള്‍ അതൊരു പുതിയ ഘട്ടമാണ്, കൗമാരം. പതിനെട്ട് വയസ്സ് വരെയാണ് കൗമാരകാലം. ആര്‍ക്കും പിടികൊടുക്കാത്ത ഒരു കാലം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരോട് ചോദിച്ചാല്‍ യാതൊരു റഫറന്‍സുമില്ലാതെ അവര്‍ പറഞ്ഞു തരും എന്താണ് കൗമാരമെന്ന്. കൗമാരത്തിന്റെ പ്രത്യേകതകളെന്ന് . കൗമാരമുയര്‍ത്തുന്ന വെല്ലുവിളികളെന്ന്.

കുട്ടികളുടെ സാമൂഹിക വികാസം മൂര്‍ത്തമാകുന്ന ഒരു ഘട്ടമാണിത്.ശൈശവ നൈതികതകള്‍ പുഷ്‌ക്കലമാകുന്നത് ഈ കാലയളവിലാണ്.കുട്ടിയിലെ വിപ്ലവകാരി തലയുയര്‍ത്താനാരംഭിക്കുന്ന സമയം.തലയുയര്‍ത്തുന്നത് ചിലപ്പോള്‍ നിലനില്‍ക്കുന്ന സാമൂഹിക വ്യവസ്ഥക്കെതിരായിരിക്കും. പക്ഷേ, വ്യത്യസ്തകളുണ്ടാകും. ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും ഈ വ്യത്യസ്തതകള്‍ പ്രകടമായിരിക്കും.

കൗമാരമെന്നത് , പക്വത പ്രാപിച്ച മുതിര്‍ന്നൊരു പൗരനിലേക്കുള്ള വളര്‍ച്ചാ യാത്രയുടെ സരണി കൂടിയാണ്. മുതിര്‍ന്നവരുടെതെന്ന പോലെ പെരുമാറാന്‍ തുടങ്ങും പിന്നെ കുട്ടികള്‍. കാഴ്ചപ്പാടുകളില്‍ സ്ഥൈര്യം പ്രകടമാകും. സ്വന്തം ഭാഗധേയം നിര്‍ണ്ണയിക്കാനും ജീവിതത്തിന്റെ ഗതി നിശ്ചയിക്കാനും പ്രാപ്തി നേടും.
ജനനം മുതല്‍ പതിനെട്ട് വയസ്സ് വരെയുള്ള കാലയളവിന്റെ ഒരു സവിശേഷത, ആ കാലയളവിന് സാമൂഹ്യ വികാസത്തിന്റെ നൈരന്തര്യമുണ്ടാകും എന്നതാണ്.ചിലപ്പോളത് ധനാത്മകമാകാം.ചിലപ്പോള്‍ നിഷേധാത്മകമാകാം. ഒരു കാര്യമുറപ്പ്: കുട്ടിയില്‍ നിന്നും മുതിര്‍ന്നയാളിലേക്കുള്ള ജൈവപരമായ ഒരു പരിണാമ യാത്രാവേളയാണ് കൗമാരം.

( തുടരും )

ഡോ.കുഞ്ഞുമുഹമ്മദ് പുലവത്ത്‌

Topics