സ്മാര്‍ട്ട് ക്ലാസ്സ്‌

നിങ്ങള്‍ കുട്ടികളെ കാണണം

നക്ഷത്രങ്ങളാണ് കുട്ടികള്‍ -9

കുട്ടികളുടെ വ്യക്തിത്വ വികാസത്തിന്റെ സുപ്രധാന ഘട്ടമാണ് ആറിനും പതിനൊന്നിനും ഇടയിലുള്ള പ്രായം. ബൗദ്ധിക പ്രവര്‍ത്തനം ത്വരിതപ്പെടാനും ഭാഷാ വിനിമയം പാകപ്പെടാനും ആരംഭിച്ചിരിക്കുന്ന ഘട്ടമാണിത്.വാതില്‍പുറ കളി-വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ താല്‍പര്യമെടുക്കുന്നതോടൊപ്പം കലയിലും കരവിരുതിലുമെല്ലാം കുട്ടികള്‍ നൈപുണ്യം കാട്ടിത്തുടങ്ങുകയും ചെയ്യും. കുട്ടികളുടെ സാമൂഹ്യ സമ്പര്‍ക്ക മേഖല വിപുലമാകാന്‍ തുടങ്ങുന്ന ഈ ഘട്ടത്തില്‍ സാമൂഹ്യ മനോഭാവങ്ങള്‍ അവരുടെ ചിന്തകളിലും ചെയ്തികളിലും സ്വാധീനമുറപ്പിക്കാനുള്ള സാധ്യത വളരെയേറെയാണെന്ന് ശിശു മനഃശ്ശാത്രജ്ഞന്‍ മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

എങ്ങനെയെങ്കിലും സാമൂഹ്യ അംഗീകാരം നേടിയെടുക്കാനുള്ള ത്വര മിക്ക കുട്ടികളിലും നമുക്കീ കാലയളവില്‍ കാണാന്‍ കഴിയും. അവരുടെ ശരീര ഭാഷകളും ചേഷ്ടാഭാവങ്ങളും നിരീക്ഷിച്ചാല്‍ മതി. മല്‍രങ്ങളില്‍ പങ്കെടുക്കുമ്പോള്‍ മുന്‍നിരയിലെത്താന്‍ കുട്ടികള്‍ വെമ്പല്‍ കാണിക്കുന്നതും പിന്നിലായിപ്പോയാല്‍ അവരുടെ മുഖം മ്‌ളാനമായിപ്പോകുന്നതും നാം കാണാറുണ്ടല്ലൊ. ക്‌ളാസ് പ്രകടനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവക്കുന്ന കുട്ടികള്‍ അധ്യാപകരില്‍ നിന്നും പ്രശംസാ പ്രതികരണങ്ങള്‍ കിട്ടാന്‍ കാത്തിരിക്കാറുണ്ട്. കിട്ടാതെ പോവുകയോ കിട്ടാന്‍ വൈകുകയോ ചെയ്താല്‍ അവരെയത് ഒരുതരം നിഷ്‌ക്കര്‍മ്മണ്യതയിലേക്ക് തള്ളിവിടാറാണ് പതിവ്.

ഉയര്‍ന്ന സ്‌കൂള്‍ വിദ്യാഭ്യാസം നടക്കുന്ന രാജ്യങ്ങളിലെ അധ്യാപകര്‍ തങ്ങളുടെ കുട്ടികളുടെ അസൈന്‍മെന്റുകള്‍ പരിശോധിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്താറുണ്ട്. പഠന പ്രൊഫൈലുകള്‍ നോക്കുന്നതിനിടയില്‍ വ്യത്യസ്തമോ, നൂതനമോ, അസാധാരണമോ ആയ നിരീക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പച്ച മഷിപ്പേന കൊണ്ട് പ്രശംസയുടെയും പ്രോല്‍സാഹനത്തിന്റെയും അടിക്കുറിപ്പ് എഴുതുന്ന ഒരധ്യാപികയുടെ കുറിപ്പ് മുമ്പ് വായിച്ചതോര്‍ക്കുന്നു. തന്നെ കേള്‍ക്കാനും ശ്രദ്ധിക്കാനും അംഗീകരിക്കാനും ആളുണ്ട് എന്ന് അനുഭവിച്ചറിയുമ്പോള്‍ കുട്ടികള്‍ക്കുണ്ടാകുന്ന പ്രചോദനം ചെറുതല്ല.

ഡോ.എ.പി.ജെ.അബ്ദുല്‍ കലാം അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഉണ്ടായ ഒരു സംഭവം ഏറെ വികാര വായ്‌പ്പോടെ പങ്ക് വെച്ചിട്ടുണ്ട്. അന്ന് ജീവശാസ്ത്രം പഠിപ്പിച്ചിരുന്നത് സുബ്രഹ്മണ്യ അയ്യര്‍ എന്ന അധ്യാപകനാണ്. ഒരു ദിവസം പക്ഷികള്‍ എങ്ങനെ പറക്കുന്നു എന്ന ഭാഗം പഠിപ്പിക്കുകയായിരുന്നു മാഷ്. പ്രഗല്‍ഭനായ അധ്യാപകനായിരുന്നു അയ്യര്‍. ശാസ്ത്രാശയങ്ങള്‍ ഏറ്റവും നന്നായി കുട്ടികളിലേക്ക് വിനിമയം ചെയ്യാന്‍ സാധ്യമായ എല്ലാ ബോധന തന്ത്രങ്ങളും ഉപയോഗിക്കുന്ന പ്രതിഭാധനനായ മാഷ്. അദ്ദേഹമാണ് പക്ഷികള്‍ എങ്ങനെ പറക്കുന്നു എന്ന് പഠിപ്പിക്കുന്നത്. പിരീഡ് അവസാനിച്ചപ്പോള്‍ സുബ്രഹ്മണ്യ അയ്യര്‍ പതിവു ശൈലിയില്‍ ചോദിച്ചു: ‘ മനസ്സിലായില്ലേ, പക്ഷികള്‍ എങ്ങനെ പറക്കുന്നു എന്ന്?’

‘ എനിക്കിപ്പോഴും മനസ്സിലായില്ല സര്‍ ‘കലാമാണ് പ്രതികരിച്ചത്.

‘ആരും പ്രയാസപ്പടേണ്ട, നമുക്കിന്ന് വൈകിട്ട് പക്ഷികള്‍ എങ്ങനെ പറക്കുന്നു എന്ന് പഠിക്കാം’ അയ്യര്‍ കുട്ടികളെ ആശ്വസിപ്പിച്ചു.

അന്ന് വൈകുന്നേരംഅയ്യര്‍, കലാം അടക്കമുള്ള മുഴുവന്‍ കുട്ടികളെയും കൂട്ടി കടല്‍ത്തീരത്തേക്ക് പോയി. ആകാശത്ത് വട്ടമിട്ടു പറക്കുന്ന പക്ഷികളിലേക്ക് ചൂണ്ടി മാഷ് വിശദീകരിച്ചു. കുട്ടികള്‍ അതീവ ജിജ്ഞാസ യോടെ പക്ഷികള്‍ പറക്കുന്നത് നിരീക്ഷിക്കുകയും മാഷിന്റെ വാക്കുകള്‍ ശ്രദ്ധിക്കുകയും ചെയ്തു. എല്ലാവരുടെയും മുഖങ്ങള്‍ പ്രസന്നമായിരുന്നു. പക്ഷികള്‍ എങ്ങനെ പറക്കുന്നു എന്ന് മനസ്സിലായപ്പോള്‍ ഉണ്ടായ ആഹ്ലാദത്തിന്റെ പ്രസന്നതയായിരുന്നു അത്.

‘കലാമേ, ഇപ്പോള്‍ മനസ്സിലായോ?’ മാഷിന്റെ ചോദ്യം വരേണ്ട താമസം കലാം ചാടിയെഴുന്നേറ്റു പറഞ്ഞു: ‘ഇപ്പോഴാണ് മനസ്സിലായത് പക്ഷികള്‍ എങ്ങനെ പറക്കുന്നു’ എന്ന്.

അഞ്ചാം ക്ലാസിലെ അന്നത്തെ ആ ശരാശരി വിദ്യാര്‍ത്ഥിയായ കലാമാണ് പിന്നീട് ശാസ്ത്ര വിസ്മയങ്ങളുടെ വിഹായസ്സുകള്‍ കടന്ന ‘ഇന്ത്യയുടെ മിസൈല്‍ മേന്‍’ ആയത് എന്ന് നാമോര്‍ക്കണം. അവസരമറിഞ്ഞും ഔചിത്യ ബോധത്തോടെയുമുള്ള അധ്യാപകരുടെ പിന്തുണയും താങ്ങും കിട്ടുമ്പോള്‍ തങ്ങള്‍ അംഗീകരിക്കപ്പെട്ടു എന്ന് കുട്ടികള്‍ക്ക് തോന്നും. അതവരെ മുന്നോട്ട് നയിക്കും. ജീവിത സാഹചര്യങ്ങളില്‍ അരക്ഷിതബോധം അലട്ടുന്നവരും അലഞ്ഞു തിരിയുന്നവരും ഉള്ളില്‍ മറ്റാരോടൊ പകയും ശത്രുതയുമായി കഴിയുന്നവരും എന്തിനുമേതിനും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നവരുമായ കുട്ടികളില്‍ സാമൂഹിക അംഗീകാരം പിടിച്ചു വാങ്ങാനുള്ള പ്രവണത കൂടുതലായിരിക്കുമെന്നും അഭിപ്രായമുണ്ട്. കൂട്ടുകാര്‍ക്കിടയിലായിരിക്കുമ്പോഴെല്ലാം അവരുടെ വാക്കുകള്‍ കേള്‍ക്കാനും നിര്‍ദ്ദേശങ്ങളോട് പ്രതികരിക്കാനും ഈ പ്രായത്തില്‍ കൂടുതല്‍ ഔല്‍സുക്യം കുട്ടികള്‍ കാണിക്കും.എന്നാല്‍ ഈ ഔല്‍സുക്യം മുതിര്‍ന്നവരുടെ സമീപമെത്തുമ്പോല്‍ കാണാന്‍ കഴിയണമെന്നില്ല.

സാമൂഹ്യ ബോധം രൂപപ്പെടുന്ന ഈ ഘട്ടത്തില്‍ സമൂഹത്തില്‍ തന്റെ ഇടം കുട്ടികള്‍ തിരിച്ചറിയും. ശത്രുപക്ഷത്തും മിത്രപക്ഷത്തും ഉള്ളവരെ വേര്‍തിരിക്കും.അതനുസരിച്ചായിരിക്കും പിന്നെ പെരുമാറ്റം. മുതിര്‍ന്നവരുടെ തലത്തിലേക്ക് പതുക്കെ പതുക്കെ വളര്‍ന്നെത്തുകയാണവര്‍. കൂട്ടുകുടുംബങ്ങളിലും വലിയ കുടുംബങ്ങളിലും കഴിയുന്ന കുട്ടികള്‍ കൂടുതല്‍ വേഗത്തില്‍ കാര്യങ്ങള്‍ ഗ്രഹിക്കുകയും ഉത്തരവാദിത്തമേറ്റെടുക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു( തുടരും ).

ഡോ.കുഞ്ഞുമുഹമ്മദ് പുലവത്ത്‌

Topics