ജറൂസലം: ഗസ്സയിലേക്ക് പ്രതിഷേധവുമായി പുറപ്പെട്ട ‘മവി മര്‍മറ’കപ്പലില്‍കടന്നുകയറി 9 തുര്‍ക്കിപൗരന്‍മാരെ വെടിവെച്ചുകൊന്ന സംഭവത്തില്‍ വഷളായ ഇസ്രയേലി -തുര്‍ക്കി ബന്ധം പുനസ്ഥാപിച്ചത് ഗസ്സക്ക് നേട്ടമെന്ന് നെതന്യാഹു. അവശ്യസാധനങ്ങള്‍ തുര്‍ക്കിയില്‍നിന്ന് ഇറക്കുമതിചെയ്യാന്‍ ഇന്ന് ഒപ്പുവെക്കുന്ന കരാറനുസരിച്ച് ഗസ്സയ്ക്ക് സാധ്യമാകും. എന്നാല്‍ ഗസ്സയുടെ സമുദ്രമേഖല ഉപരോധത്തില്‍ തുടരുമെന്ന് നെതന്യാഹു വ്യക്തമാക്കി.
ഇസ്രയേലുമായി ഒപ്പുവെച്ച കരാറനുസരിച്ച് മെഡിറ്ററേനിയന്‍ കടലിലെ വാതകനിക്ഷേപം തുര്‍ക്കിവഴി യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യാനാകും. അതോടൊപ്പം റഷ്യയുമായി ബന്ധം വഷളായ സാഹചര്യത്തില്‍ അവരുടെ വാതകവിതരണം കുറച്ചതിന്റെ സമ്മര്‍ദ്ദത്തില്‍നിന്ന് തുര്‍ക്കിക്ക് രക്ഷപ്പെടാനുമാകും.
കരാറിന്റെ നേട്ടം ഫലസ്തീനിലെ ഗസ്സമുനമ്പിലുള്ളവര്‍ക്ക് ലഭ്യമാകും എന്നാണ് നിരീക്ഷകര്‍ പറയുന്നത്. അവശ്യസാധനങ്ങള്‍ ഇസ്രയേലിലെ അഷ്ദുദ് തുറമുഖത്ത് ഇറക്കിയശേഷം റോഡുമാര്‍ഗം ഗസ്സയിലെത്തിക്കാനാണ് ധാരണ. തുര്‍ക്കിയുടെ മേല്‍നോട്ടത്തില്‍ ഗസ്സയിലെ താറുമാറായിക്കിടക്കുന്ന കുടിവെള്ള -വൈദ്യുത ശൃംഖലകള്‍ ഇതോടെ പുനസ്ഥാപിക്കപ്പെടുമെന്നാണ് അറിയുന്നത്.
‘മവി മര്‍മറ’ സംഭവത്തില്‍ കൊല്ലപ്പെട്ട തുര്‍ക്കിപൗരന്‍മാരുടെ കുടുംബങ്ങള്‍ക്ക് 20 മില്യണ്‍ ഡോളര്‍ ഇസ്രയേല്‍ നഷ്ടപരിഹാരം നല്‍കും. സംഭവത്തില്‍ നെതന്യാഹു നേരത്തെ ഖേദം പ്രകടിപ്പിച്ചിരുന്നു.
Add Comment