രോഗം - ചികിത്സ

ചികിത്സയിലാണ് ശമനം

രോഗത്തിന് ചികിത്സ തേടണമെന്ന് നിര്‍ദ്ദേശിക്കുന്ന അനേകം ഹദീസുകളുണ്ട്.

1. ഉസാമതുബ്‌നു ശരീക്(റ)ല്‍നിന്ന് നിവേദനം:’ഞാന്‍ നബിയുടെ അടുത്തുചെന്നു- സ്വഹാബിമാര്‍ തങ്ങളുടെ ശിരസ്സുകളില്‍ പക്ഷികളുള്ളതുപോലെ (അച്ചടക്കത്തോടെ) ഇരിക്കുകയാണ്- സലാംചൊല്ലി അവിടെയിരുന്നു. അപ്പോള്‍ അവിടെനിന്നും ഇവിടെനിന്നും കുറെ ഗ്രാമീണ അറബികള്‍ വന്നെത്തി. അവര്‍ ചോദിച്ചു: ‘തിരുദൂതരേ, ഞങ്ങള്‍ക്ക് ചികിത്സിക്കാമോ? അവിടന്ന് പ്രതിവചിച്ചു: നിങ്ങള്‍ ചികിത്സിക്കുക. കാരണം ഔഷധമില്ലാതെ ഒരു രോഗവും അല്ലാഹു ഇറക്കിയിട്ടില്ല. വാര്‍ധക്യമൊഴിച്ച്”(അഹ്മദ് , തിര്‍മിദി)
2. ഇബ്‌നു മസ്ഊദില്‍നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ‘ചികിത്സ ഇറക്കിക്കൊണ്ടല്ലാതെ ഒരു രോഗവും അല്ലാഹു ഇറക്കിയിട്ടില്ല. അതുകൊണ്ട് നിങ്ങള്‍ ചികിത്സിക്കുവിന്‍.’ (ഇബ്‌നുമാജ, ഹാകിം)

ചികിത്സാര്‍ഥം മദ്യം ഉണ്ടാക്കുന്നതിനെപ്പറ്റി നബിയോടന്വേഷിച്ച താരിഖുബ്‌നു സുവൈദ്(റ)നോട് അത് ചികിത്സയല്ല, രോഗമാണ് എന്ന പ്രതിവചിച്ചതിനെ മുന്‍നിര്‍ത്തി നിഷിദ്ധവസ്തുക്കള്‍ മരുന്നാവുകയില്ല എന്ന് പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഉമ്മുസലമ(റ)യില്‍നിന്നുള്ള ഹദീസ് അതിന് പിന്‍ബലമേകുന്നു. നബി(സ) പറഞ്ഞു: ‘നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയ വസ്തുക്കളില്‍ രോഗശമനം അല്ലാഹു വെച്ചിട്ടില്ല’. എന്നാല്‍ കാണാന്‍ മാത്രമില്ലാത്തതും മത്തുണ്ടാക്കാത്തതുമായ മദ്യത്തിന്റെ തുള്ളി കൂട്ടുമരുന്നില്‍ കലര്‍ന്നിട്ടുണ്ടെങ്കില്‍ വസ്ത്രത്തില്‍ അല്‍പം പട്ട് കലരുന്നതുപോലെ അത് ഹറാമല്ലെന്ന് ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ചികിത്സിക്കാന്‍ വിശ്വാസിയായ ഭിഷഗ്വരന്‍ തന്നെയുണ്ടാകണം എന്ന നിബന്ധനയില്ല. എന്നാല്‍ അയാള്‍ വിശ്വസ്തനായിരിക്കണം. വ്യാജനായിരിക്കരുത്. അവിശ്വാസിയായിരുന്ന ഹാരിസുബ്‌നുകല്‍ദയെക്കൊണ്ട് ചികിത്സിപ്പിക്കാന്‍ നബി(സ)കല്‍പിച്ചതായി നിവേദനമുണ്ട്.അതുപോലെത്തന്നെ അത്യാവശ്യം നേരിടുമ്പോള്‍ പുരുഷന്ന് സ്ത്രീയെയും സ്ത്രീക്ക് പുരുഷനെയും ചികിത്സിക്കാവുന്നതാണ്. മുഅവ്വിദ്ബ്‌നു അഫ്‌റാഇന്റെ മകള്‍ റുബയ്യിഇല്‍നിന്ന്:’ഞങ്ങള്‍ റസൂലിന്റെ കൂടെ യുദ്ധത്തിന് പോകാറുണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ ജനങ്ങള്‍ക്ക് വെള്ളംകൊടുക്കുകയും സേവനങ്ങള്‍ ചെയ്യുകയും കൊല്ലപ്പെട്ടവരെയും മുറിവേറ്റവരെയും മദീനയിലേക്ക് കൊണ്ടുപോവുകയുംചെയ്തിരുന്നു(ബുഖാരി).’ഹാഫിള് ഇബ്‌നു ഹജര്‍ പറയുന്നു:’അനിവാര്യമാവുമ്പോള്‍(സ്ത്രീകളെ) അന്യപുരുഷന്‍മാര്‍ ചികിത്സിക്കാവുന്നതാണ്. എന്നാല്‍ നോട്ടവും കൈകൊണ്ടുള്ള സ്പര്‍ശനവും മറ്റും അത്യാവശ്യത്തിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കേണ്ടതാണ്'(ഫത്ഹുല്‍ ബാരി).

നജസുകള്‍ ഉപയോഗിച്ചുള്ള ചികിത്സ

ഇമാം മാലികിന്റെ വീക്ഷണത്തില്‍ എല്ലാ തരം നജസുകളും ചികിത്സയില്‍ ഉപയോഗിക്കുന്നത് ദീനില്‍ വിലക്കിയിരിക്കുന്നു. അത് തനിച്ചോ മിശ്രിതരൂപത്തിലോ ആയാലും ശരി. അകത്തേക്ക് കഴിക്കാനോ, ഇഞ്ചക്ഷനുവേണ്ടിയോ, തൊലിപ്പുറമെ പുരട്ടാനോ ഉപയോഗിക്കരുത്. അതേസമയം ഒട്ടകത്തിന്റെ മൂത്രം ചികിത്സക്ക് ഉപയോഗിക്കാമെന്നാണ് ഇമാം അഹ്മദ് ബ്‌നു ഹമ്പലിന്റെ അഭിപ്രായം. എന്നാല്‍ ജീവാപായം ഭയന്നാല്‍ മറ്റൊരുപോംവഴിയൊന്നുമില്ലെങ്കില്‍ നജസ് ചികിത്സക്ക് ഉപയോഗിക്കുന്നതിന് ഇളവുണ്ടെന്ന് ഇമാം അബൂഹനീഫയും ഇമാം ശാഫിഈയും പറയുന്നു. അനസുബ്‌നു മാലികി(റ)ല്‍നിന്ന് നിവേദനം:’രോഗബാധയാല്‍ മദീനയില്‍ ആളുകളില്‍നിന്ന് അകറ്റിനിര്‍ത്തപ്പെട്ട ഒരു ജനതയുണ്ടായിരുന്നു. അവരോട് നബിതിരുമേനി ഇടയന്‍മാരെ(ഒട്ടകത്തെ മേച്ചുനടക്കുന്നവരെ) കാണാന്‍ കല്‍പിച്ചു. അങ്ങനെ അതിന്റെ പാലും മൂത്രവും കുടിക്കാനും. അങ്ങനെ അവര്‍ ആ ഇടയന്‍മാരെ കാണുകയും അതിന്റെ പാലും മൂത്രവും കുടിക്കുകയുംചെയ്തു. തുടര്‍ന്ന് അവരുടെ അസുഖം ഭേദമായി….'(ബുഖാരി)

മന്ത്ര-പ്രാര്‍ഥനകള്‍കൊണ്ടുള്ളചികിത്സ

ദൈവസ്മരണ ജനിപ്പിക്കുന്നതും അര്‍ഥം വ്യക്തമായതുമായ അറബിപദങ്ങള്‍ ഉള്‍ക്കൊള്ളുന്ന, എന്നാല്‍ ശിര്‍ക്കിന്റെ യാതൊരു പഴുതും അവശേഷിപ്പിക്കാത്ത വാക്കുകള്‍ മന്ത്രിച്ചുകൊണ്ട് ചികിത്സിക്കുന്നതിന് വിരോധമില്ല. അല്ലാഹുവിന്റെ ഗ്രന്ഥത്തിലുള്ള വചനങ്ങള്‍കൊണ്ട് മന്ത്രിക്കുന്നതില്‍ ദോഷമില്ല. റബീഅ് പറയുന്നു: ഞാന്‍ ഇമാം ശാഫിഈയോട് മന്ത്രത്തെക്കുറിച്ച് ചോദിച്ചു. അദ്ദേഹം പറഞ്ഞു:”ഖുര്‍ആനിലുള്ളതും നിനക്കറിയാവുന്നതുമായ ദിക്‌റു(അല്ലാഹുവിനെ സ്മരിക്കാനുള്ള വചനങ്ങള്‍)കള്‍ കൊണ്ടും മന്ത്രിക്കുകയാണെങ്കില്‍ ആവാം.

ഹദീസുകളില്‍ വന്ന പ്രാര്‍ഥനാമന്ത്രങ്ങള്‍

1. ആഇശയില്‍നിന്ന്: ‘നബി(സ) അവിടത്തെ പത്‌നിമാരില്‍ ചിലരുടെ രോഗശമനത്തിനായി പ്രാര്‍ഥിച്ചിരുന്നു. വലതുകൈകൊണ്ട് രോഗിയെ തടവിക്കൊണ്ട് അവിടന്ന് പറയും: അല്ലാഹുമ്മ റബ്ബ ന്നാസി അദ്ഹിബില്‍ ബഅ്‌സ ഇശ്ഫി വ അന്‍ത ശ്ശാഫീ, ലാ ശിഫാഅ ഇല്ലാ ശിഫാഉക ശിഫാഅന്‍ ലാ യുഗാദിറു സഖമന്‍’-അല്ലാഹുവേ, ജനങ്ങളുടെ നാഥാ , പീഡനം നീക്കിക്കളയണമേ, രോഗം സുഖപ്പെടുത്തണമേ, നീയാണ് സുഖപ്പെടുത്തുന്നവന്‍. നീ ശമിപ്പിച്ചാലല്ലാതെ ശമനമില്ല. ഒരു രോഗത്തെയും ഒഴിവാക്കാത്ത ശമനം നല്‍കേണമേ.(ബുഖാരി, മുസ്‌ലിം).
2. ഉസ്മാനുബ്‌നു അബില്‍ ആസ്വ്(റ) പ്രസ്താവിക്കുന്നു:’അദ്ദേഹം തന്റെ ദേഹത്തിനനുഭവപ്പെട്ട വേദനയെ സംബന്ധിച്ച് റസൂല്‍(സ) തിരുമേനിയോട് ആവലാതി പറഞ്ഞു.’ശരീരത്തില്‍ സ്വന്തംവേദന അനുഭവപ്പെടുന്ന ഭാഗത്ത് സ്വന്തം കൈവെക്കുക. എന്നിട്ട് ബിസ്മില്ലാഹി എന്ന് പറയുക. പിന്നെ ബിസ്മില്ലാഹ് എന്ന് പറയുക. പിന്നെ ഏഴുപ്രാവശ്യം ഇങ്ങനെ പറയുക’അഊദു ബിഇസ്സത്തില്ലാഹി വ ഖുദ്‌റത്തിഹി മിന്‍ശര്‍രി മാ അജിദു വ ആഹാദിറു’- ഞാന്‍ അനുഭവിക്കുകയും ഭയപ്പെടുകയും ചെയ്യുന്ന രോഗത്തിന്റെ ഉപദ്രവത്തില്‍നിന്ന് അല്ലാഹുവിന്റെ പ്രതാപത്തിലും ശക്തിയിലും ഞാന്‍ അഭയംതേടുന്നു.
3. നബി(സ) ഹസന്‍, ഹുസൈന്‍ എന്നിവര്‍ക്കായി ഇപ്രകാരം മന്ത്രിച്ചിരുന്നുവെന്ന് ഇബ്‌നുഅബ്ബാസ് (റ)റിപോര്‍ട്ട് ചെയ്യുന്നു: അഈദുകുമാ ബി കലിമാത്തില്ലാഹി ത്താമ്മത്തി മിന്‍ കുല്ലി ശ്ശൈത്വാനിന്‍ വ ഹാമ്മത്തിന്‍ വ മിന്‍കുല്ലി ഐനിന്‍ ലാമ്മത്തിന്‍- എല്ലാ പിശാചുക്കളില്‍നിന്നും വിഷജന്തുക്കളില്‍നിന്നും ഉപദ്രവിക്കുന്ന കണ്ണുകളില്‍നിന്നും അല്ലാഹുവിന്റെ സമ്പൂര്‍ണവചനങ്ങളാല്‍ നിങ്ങള്‍ക്കുവേണ്ടി ഞാന്‍ അഭയംതേടുന്നു.(ബുഖാരി)

എന്നാല്‍ പ്രാകൃതഗോത്രങ്ങളിലും പൗരാണികസമൂഹങ്ങളിലും ഉണ്ടായിരുന്ന ഐക്കല്ല്(കണ്ണേറില്‍നിന്നും രക്ഷനേടാനുള്ള കല്ല്) സമ്പ്രദായം നബി(സ) നിരോധിച്ചതായി പല ഹദീസുകളിലുമുണ്ട്. ഇബ്‌നുമസ്ഊദില്‍നിന്ന് നിവേദനം: അദ്ദേഹംതന്റെ ഭാര്യയുടെ അടുത്തുചെന്നു. അവര്‍ കഴുത്തിലെന്തോ കെട്ടിയിരുന്നു. അദ്ദേഹം അത് പിടിച്ചുവലിച്ച് പൊട്ടിച്ചു. എന്നിട്ട് പറഞ്ഞു:’അല്ലാഹു യാതൊരു തെളിവും അവതരിപ്പിച്ചിട്ടില്ലാത്ത കാര്യങ്ങളെ അവന്റെ പങ്കുകാരാക്കേണ്ട ആവശ്യം അബ്ദുല്ലയുടെ കുടുംബത്തിനില്ല.’ തുടര്‍ന്നദ്ദേഹം പ്രസ്താവിച്ചു.നബി(സ) പറയുന്നതായി ഞാന്‍ കേട്ടു:ഉറുക്കുകളും ഐക്കല്ലുകളും തിവലതും ശിര്‍ക്കാണ്.’ അവര്‍ ചോദിച്ചു. അബ്ദുല്ലാ ഉറുക്കും ഐക്കല്ലും ഞങ്ങള്‍ക്കറിയാം. ഈ തിവലത് എന്നാല്‍ എന്താണ് ? അദ്ദേഹം പറഞ്ഞു:’സ്ത്രീകള്‍ പുരുഷന്‍മാരുടെ സ്‌നേഹം നേടാനായി ധരിക്കുന്ന ഒരു വശീകരണമന്ത്രമാണ്.’ അതുപോലെ എന്തെങ്കിലും മന്ത്രങ്ങളോ ദിക്‌റുകളോ ആയത്തുകളോ ഏലസ്സാക്കി കെട്ടുന്നതും അനുവദനീയമല്ലെന്നാണ് ഇ്ബനു അബ്ബാസ്(റ), ഇബ്‌നു മസ്ഊദ്(റ), ഹുദൈഫ(റ), ഇമാം ശാഫിഈ, ഇമാം അബൂഹനീഫ തുടങ്ങിയവരുടെ അഭിപ്രായം.

About the author

padasalaadmin

Add Comment

Click here to post a comment

Topics