രോഗം മനുഷ്യന്റെ തെറ്റുകുറ്റങ്ങളെ പൊറുപ്പിക്കുമെന്നും പാപങ്ങളെ മായ്ച്ചുകളയുമെന്നും പ്രസ്താവിക്കുന്ന ഒട്ടേറെ ഹദീസുകള്‍ കാണാം. അവയില്‍ ചിലത്:
1. അബൂഹുറൈറ(റ)യില്‍നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ‘അല്ലാഹു ആര്‍ക്കെങ്കിലും നന്‍മ ഉദ്ദേശിച്ചാല്‍ അയാള്‍ക്ക് അവങ്കല്‍നിന്ന് പരീക്ഷണം വന്നെത്തുന്നു.
2. അബൂഹുറൈറ(റ)യില്‍നിന്ന് നിവേദനം: നബിതിരുമേനി അരുളിചെയ്തു: ‘മുസ്‌ലിമിന് ക്ഷീണമോ രോഗമോ ദുഃഖമോ വ്യസനമോ ഉപദ്രവമോ ഏല്‍ക്കുകയാണെങ്കില്‍, എന്നല്ല, അയാള്‍ക്ക് മുള്ളുതറയ്ക്കുകയാണെങ്കില്‍പോലും അതുമുഖേന അല്ലാഹു അയാളുടെ പാപങ്ങള്‍ പൊറുക്കാതിരിക്കില്ല.’
3. ഇബ്‌നു മസ്ഊദില്‍നിന്ന് : ഞാന്‍ ഒരുനാള്‍ തിരുമേനിയുടെ അടുത്ത് ചെന്നു. അദ്ദേഹം പനിച്ചുകിടക്കുകയായിരുന്നു. ഞാന്‍ പറഞ്ഞു: ‘തിരുദൂതരേ, അവിടത്തേക്ക് കഠിനമായി പനിക്കുന്നുണ്ടല്ലോ.’ അപ്പോള്‍ തിരുമേനി പറഞ്ഞു. ‘അതെ നിങ്ങളില്‍ രണ്ടാള്‍ക്ക് ഉണ്ടാകുന്നത്ര പനിയും വേദനയുമുണ്ടെനിക്ക് . അപ്പോള്‍ ഞാന്‍ പറഞ്ഞു: ‘അങ്ങേയ്ക്ക് എല്ലാറ്റിനും ഇരട്ടി പ്രതിഫലമുണ്ടായതുകൊണ്ടായിരിക്കാം അത്.’ തിരുമേനി പ്രതിവചിച്ചു:’അതെ , അതങ്ങനെത്തന്നെ.’ തുടര്‍ന്ന് അവിടുന്ന് പറഞ്ഞു:’ഒരു മുസ്‌ലിമിന് മുള്ളുതറച്ചോ മറ്റുതരത്തിലോ വേദനിക്കുന്നപക്ഷം വൃക്ഷത്തില്‍നിന്ന് ഇലപൊഴിയുംപോലെ അതു മുഖേന അല്ലാഹു പാപങ്ങള്‍ പൊറുത്തുകൊടുക്കുക തന്നെ ചെയ്യും.’
4. അബൂഹുറൈറ(റ)നിവേദനം റസൂല്‍ (സ)പറഞ്ഞു: സത്യവിശ്വാസിയുടെ ഉദാഹരണം തണ്ടുബലമില്ലാത്ത ചെടി പോലെയാണ്. എവിടെനിന്ന് കാറ്റുവീശിയാലും അതില്‍ ആ ചെടി ഉലയും. (കാറ്റ് നിന്നാലോ അത് നേരെനില്‍ക്കും), അങ്ങനെ ആപത്തുകൊണ്ടത് മറിഞ്ഞുകൊണ്ടിരിക്കും. ധിക്കാരിയാകട്ടെ, ഉറപ്പോടെ നിവര്‍ന്നുനില്‍ക്കുന്ന ദേവതാരു വൃക്ഷത്തെപ്പോലെയാകുന്നു. അവസാനം അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ അവന്‍ അതിനെ തകര്‍ക്കുന്നു.
യഥാര്‍ഥത്തില്‍ പലതരത്തിലുള്ള രോഗങ്ങളിലൂടെയും പ്രയാസങ്ങളിലൂടെയും അല്ലാഹു പരീക്ഷിക്കുകയാണ് ചെയ്യുന്നത്. അതില്‍ ക്ഷമയോടെ നിലകൊള്ളുന്നപക്ഷം അല്ലാഹു അവര്‍ക്ക് സ്വര്‍ഗലബ്ധി വാഗ്ദാനംചെയ്യുന്നു.
തന്റെ വേദനയും വ്യാധിയും സംബന്ധിച്ച് വൈദ്യനോടും സ്‌നേഹിതന്‍മാരോടും സങ്കടംപറയാന്‍ രോഗിക്ക് അനുവാദമുണ്ട്. എന്നാല്‍ അത് നിരാശയും അമര്‍ഷവും ധ്വനിപ്പിക്കുന്ന വിധത്തിലാകരുത്. ആഇശ (റ)ഒരിക്കല്‍ നബിതിരുമേനിയോട് അക്ഷമയോടെ ‘എന്റെ തല’ എന്നുപറഞ്ഞപ്പോള്‍ ‘അല്ല , എന്റെ തലക്കാണ് വേദന’യെന്ന് തിരുമേനിയും പറയുകയുണ്ടായി.
എന്നാല്‍ തന്റെ വിഷമത്തെപ്പറ്റി ആവലാതി പറയുംമുമ്പ് രോഗി തന്റെ നാഥനെ സ്തുതിക്കുകയാണ് വേണ്ടത് . ഇബ്‌നു മസ്ഊദ് (റ) പറുന്നു: ‘ആവലാതി പറയുംമുമ്പ് കൃതജ്ഞതയുണ്ടാവുന്ന പക്ഷം അത് ആവലാതിയല്ല’. എന്നാല്‍ അല്ലാഹുവോട് ആവലാതിപറയുന്നതിന് വിരോധമില്ല. ‘എന്റെ വേവലാതിയും ദുഃഖവും ഞാന്‍ അല്ലാഹുവിങ്കല്‍ മാത്രം സമര്‍പ്പിക്കുന്നു’ എന്ന് യഅ്ഖൂബ് നബി(അ) പറഞ്ഞതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ടല്ലോ.
Add Comment