വാഷിങ്ടണ്‍: യുഎസിലെ ടെക്‌സാസില്‍ മുസ്‌ലിം ഡോക്ടര്‍ക്കുനേരെ അതിക്രമം. രാവിലെ മസ്ജിദിലേക്കു പോവുന്നതിനിടെയായിരുന്നു അക്രമമുണ്ടായത്. അക്രമികള്‍ ഡോക്ടര്‍ക്കെതിരേ രണ്ടുതവണ വെടിയുതിര്‍ത്തതായും വെടി മുറിവേല്‍പിച്ചതായും ദൃക്‌സാക്ഷികള്‍ അറിയിച്ചു. ഹൂസ്റ്റണ്‍ നഗരത്തിലെ മദ്‌റസാ ഇസ്‌ലാമിയാ പള്ളിക്കു സമീപം വച്ചായിരുന്നു അക്രമം. തുടര്‍ന്ന് മസ്ജിദിന്റെ കവാടത്തിലെത്തി ഡോക്ടര്‍ സഹായം തേടുകയായിരുന്നുവെന്നും ഇതിനിടെ അക്രമികള്‍ രക്ഷപ്പെട്ടതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റതിനെത്തുടര്‍ന്ന് ഡോക്ടറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
യുഎസിലെ മുസ്‌ലിം വിരുദ്ധ അതിക്രമങ്ങള്‍ നിര്‍ത്തണമെന്നും നിരപരാധികള്‍ നിരന്തരം അക്രമിക്കപ്പെടുകയാണെന്നും മദ്‌റസാ ഇസ്‌ലാമിയാ വക്താവ് മുഫ്തി മുഹമ്മദ് വാസിം ഖാന്‍ പറഞ്ഞു. അമേരിക്കക്കാര്‍ അമേരിക്കക്കാരെ തന്നെ ആക്രമിക്കുകയാണെന്ന് സംഭവത്തെക്കുറിച്ച് ഹൂസ്റ്റണിലെ കൗണ്‍സില്‍ ഫോര്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് (സിഎഐആര്‍) പ്രതിനിധി മുസ്തഫാ കരോള്‍ പ്രതികരിച്ചു.
അക്രമത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നു പോലിസ് അറിയിച്ചു. കഴിഞ്ഞ ദിവസം യുഎസിലെ ഫ്‌ളോറിഡയിലെ ഒരു പള്ളിക്കു സമീപവും ഒരു മുസ്‌ലിം യുവാവിന് നേരെ കയേറ്റം നടന്നിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യുഎസിലെ മുസ്‌ലിം വിരുദ്ധ അക്രമങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചതായി നിയമസഹായ സംഘടന ദ സതേണ്‍ പോവര്‍ട്ടി ലോ സെന്റര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2014നെ അപേക്ഷിച്ച് നാലിരട്ടി വര്‍ധനയാണ് കഴിഞ്ഞ വര്‍ഷം ഇത്തരം അക്രമങ്ങളില്‍ വന്നതെന്ന് ലോ സെന്റര്‍ അറിയിച്ചു.
Add Comment