അനുഷ്ഠാനം-പഠനങ്ങള്‍

നബി(സ)യെ മാധ്യമമാക്കി സഹായാര്‍ഥന

നബി(സ)യെക്കൊണ്ടുള്ള ഇടതേട്ടം സമുദായത്തിനകത്ത് ഏറെ വാദകോലാഹലങ്ങള്‍ക്ക് വഴിയൊരുക്കുകയുണ്ടായി. നബിയുടെ സത്ത മുന്‍നിര്‍ത്തിയും, മഹത്ത്വവും സ്വാധീനവും ഉപയോഗപ്പെടുത്തിയും അല്ലാഹുവോട് ഇടതേടാം. അദ്ദേഹത്തെ മാധ്യമമാക്കി അല്ലാഹുവില്‍ സത്യംചെയ്യാം. എന്നത് സ്വൂഫികള്‍ ആവിഷ്‌കരിച്ച പുത്തന്‍ സമ്പ്രദായങ്ങളാണ്. നബിയോട് നേരിട്ട് സഹായാര്‍ഥന നടത്തുക, ആവശ്യങ്ങള്‍ ഉന്നയിക്കുക എന്നിവയും കണ്ടുവരുന്നു. തങ്ങളുടെ തെറ്റായ വിശ്വാസങ്ങള്‍ക്ക് വൈജ്ഞാനികമായ അടിത്തറയുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ജനങ്ങള്‍ക്ക് മുമ്പാകെ ഇസ ്‌ലാമികപ്രമാണങ്ങളെന്ന വ്യാജേന ഇവര്‍ ചിലതൊക്കെ അവതരിപ്പിക്കാറുണ്ട്.

നബിയോടുള്ള തവസ്സുല്‍ എന്നോണം അവതരിപ്പിച്ചു തുടങ്ങുന്ന ന്യായങ്ങള്‍ പയ്യെപയ്യെ അല്ലാഹു അല്ലാത്തവരോടുള്ള സഹായാര്‍ഥന ശരിയാണ് എന്ന വാദത്തിലാണ് ചെന്നെത്താറ്. ‘ഇടതേട്ടം ‘ എന്ന പേരില്‍ വലിയ്യുകളെയും സ്വാലിഹുകളെയും അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നത് അനുവദനീയമാണെന്ന് വരുത്തുകയാണ് ഇതിന്റെയെല്ലാം ഉദ്ദേശ്യം. നബിയെക്കൊണ്ട് ഇടതേടാം എന്ന് സ്ഥാപിച്ചുകിട്ടിയാല്‍ വലിയ്യുകളെയും അതിനായി മാധ്യമമാക്കാം എന്നവര്‍ കണക്കുകൂട്ടുന്നു. നബിയെയും സച്ചരിതരായ വലിയ്യുകളെയും സ്‌നേഹിക്കുക, അവരുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കുക മുതലായവയാണ് അതിനുപിന്നിലെ ലക്ഷ്യമെന്ന് അവര്‍ വിശദീകരിക്കുന്നു
തവസ്സുല്‍ അഥവാ ഇടതേട്ടം രണ്ടുവിധമാണ്:

1. നിയമവിധേയമായ ഇടതേട്ടം
2. നിയമവിരുദ്ധമായ ഇടതേട്ടം

നിയമവിധേയമായ ഇടതേട്ടം രണ്ടുതരമുണ്ട് : എ) നബിയിലുള്ള വിശ്വാസത്തെയും അദ്ദേഹത്തോടുള്ള അനുസരണത്തെയും ആധാരമാക്കിയും മുന്‍നിര്‍ത്തിയുമുള്ള ഇടതേട്ടം. ഇത് ഏതവസ്ഥയിലും ഏതൊരു മുസ്‌ലിമിന്റെയും ബാധ്യതയാണ്. നബിയില്‍ വിശ്വസിക്കുന്നതും അദ്ദേഹത്തെ അനുസരിക്കുന്നതും ഇഹ- പര ലോകങ്ങളില്‍ ഒരു പോലെ നന്‍മക്കും കാരുണ്യത്തിനുമുള്ള മാധ്യമമാണ്. ഈ ഇനം ഇടതേട്ടം രണ്ടുതരമുണ്ട്.

1. നബിയിലുള്ള വിശ്വാസവും സ്‌നേഹവും അദ്ദേഹത്തിനുള്ള അനുസരണവും മാധ്യമമാക്കി അല്ലാഹുവിന്റെ പ്രതിഫലവും സ്വര്‍ഗവും കാംക്ഷിക്കുക. ‘അല്ലാഹുവേ നിന്റെ നബിയിലുള്ള എന്റെ വിശ്വാസവും അനുസരണവും സ്‌നേഹവും മാധ്യമമാക്കി എനിക്ക് നീ പൊറുത്തുതരേണമേ’ എന്ന തരത്തിലുള്ള പ്രാര്‍ഥനകള്‍ നടത്തുക.

ബി). നബിയുടെ ജീവിതകാലത്ത് അദ്ദേഹത്തിന്റെ ശിപാര്‍ശയും പ്രാര്‍ഥനയും മാധ്യമമാക്കി ഇടതേടുക. നബി(സ) ജീവിച്ചിരുന്നപ്പോള്‍ സ്വഹാബികള്‍ അല്ലാഹുവോട് പ്രാര്‍ഥിക്കാനും തങ്ങള്‍ക്ക് വേണ്ടി പൊറുക്കലിനെ തേടാനും ജലാര്‍ഥന നടത്താനും അദ്ദേഹത്തോട് അപേക്ഷിച്ചിരുന്നു. പരലോകത്ത് എത്രയും വേഗം വിചാരണ നടന്നുകിട്ടാന്‍ വേണ്ടി മനുഷ്യര്‍ നബി(സ)യോട് അപേക്ഷിക്കുന്ന സംഭവം പ്രസിദ്ധമാണല്ലോ. ഈ ഇനം തവസ്സുല്‍ അദ്ദേഹം ജീവിച്ചിരിക്കുന്ന കാലത്ത് അദ്ദേഹം പ്രാര്‍ഥിച്ചവര്‍ക്കും ശിപാര്‍ശചെയ്തവര്‍ക്കും പ്രയോജനപ്രദമാണ്.
പരലോകത്ത് നടത്തുന്ന ശിപാര്‍ശയും ഫലപ്രാപ്തിയിലെത്തുമെന്ന് പ്രമാണങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ നബിയുടെ മരണശേഷം ആരും അദ്ദേഹത്തിന്റെ ഖബ്‌റിനടുത്തോ മറ്റുവല്ല ഇടങ്ങളിലോ അല്ലാഹുവോട് പ്രാര്‍ഥിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നില്ല. സ്വഹാബികളോ താബിഉകളോ അവരുടെ പിന്‍ഗാമികളോ ഈ വിധം പ്രവര്‍ത്തിച്ചിട്ടില്ല. അത് അനുവദനീയമാണെന്ന് അവരില്‍നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുമില്ല. ഇത്തരം തവസ്സുല്‍ രണ്ടുരീതിയിലാണ് നടക്കാറ്.

എ). സ്വഹാബികള്‍ ആവശ്യപ്പെടുകയും നബി(സ) അവര്‍ക്കുവേണ്ടി അല്ലാഹുവോട് പ്രാര്‍ഥിക്കുകയും ചെയ്തിരുന്നതുപോലെ നബിയോട് പ്രാര്‍ഥിക്കാനും ശിപാര്‍ശ ചെയ്യാനും അപേക്ഷിക്കുക.

ബി) അല്ലാഹുവോടുള്ള പ്രാര്‍ഥനയില്‍ നബി(സ)യുടെ ശിപാര്‍ശയും പ്രാര്‍ഥനയും ചേര്‍ക്കുക. ഒരു അന്ധന്‍ നബി(സ)യെ സമീപിച്ച് തനിക്ക് വേണ്ടി അല്ലാഹുവോട് പ്രാര്‍ഥിക്കാനും ശിപാര്‍ശ പറയാനും അപേക്ഷിച്ചത് ഇതിന് ഉദാഹരണമാണ്. നബി(സ) അന്ധനുവേണ്ടി പ്രാര്‍ഥിക്കുകയും ശിപാര്‍ശ ചെയ്യുകയും അല്ലാഹുവോട്, ‘അല്ലാഹുവേ, കാരുണ്യത്തിന്റെ പ്രവാചകനായ നിന്റെ മുഹമ്മദ് നബിയെക്കൊണ്ട് നിന്നോട് ഞാന്‍ ചോദിക്കുന്നു. നിന്നിലേക്ക് ഞാന്‍ തിരിയുന്നു'(അല്ലാഹുമ്മ ഇന്നീ അസ്അലുക വ അതവജ്ജഹു ഇലൈക ബി നബിയ്യിക മുഹമ്മദിന്‍ അര്‍റഹ്മ) എന്ന് പ്രാര്‍ഥിക്കാന്‍ അയാളോട് ആവശ്യപ്പെടുകയുമുണ്ടായി. മേല്‍ഹദീസില്‍ ‘അല്ലാഹുവേ, എന്റെ കാര്യത്തില്‍ തിരുമേനിയെ നീ ശുപാര്‍ശകനായി സ്വീകരിക്കേണമേ’ എന്ന് പ്രാര്‍ഥിക്കാനാണ് തിരുമേനി അദ്ദേഹത്തോട് ആവശ്യപ്പെട്ടതെന്ന് കാണാം.

(ഈ ഹദീസിന്റെ വിശദീകരണം വഴിയെ വരുന്നുണ്ട്) ഇത്തരം ഇടതേട്ടം നബിയുടെ ജീവിതകാലത്ത് മാത്രം പരിമിതമാണ്. തിരുമേനിയുടെ വിയോഗാനന്തരം ഒരു സാഹചര്യത്തിലും ഇത് അനുവദനീയമല്ല. അതിന് സ്വീകാര്യവും സാധുവുമായ തെളിവില്ല.

നിയമവിരുദ്ധമായ ഇടതേട്ടം

നബിയുടെ സത്ത, മഹത്ത്വം, സ്വാധീനം, നബിയെ മാധ്യമമാക്കി അല്ലാഹുവില്‍ സത്യംചെയ്യുക മുതലായവയാണ് നിയമവിരുദ്ധ ഇടതേട്ടം എന്നതിന്റെ വിവക്ഷ. ഇത് അനുവദനീയമാണെന്നതിന് തെളിവില്ല. സ്വീകാര്യയോഗ്യമായ ഹദീസുകള്‍ പിന്‍ബലമില്ല. സ്വഹാബികള്‍ നബി(സ)യുടെ ജീവിതകാലത്തോ മരണാനന്തരമോ, അദ്ദേഹത്തിന്റെ ഖബ്‌റിനടുത്തോ മറ്റു വല്ല ഇടങ്ങളിലോ വെച്ച് അങ്ങനെ ചെയ്തിരുന്നതായി രേഖയില്ല. തന്നെയുമല്ല, നബി(സ)യുടെ വിയോഗാനന്തരം, ഉമര്‍(റ) നബിയെ കൊണ്ട് ഇടതേടുന്നതിന് പകരം അബ്ബാസി(റ)നെകൊണ്ട് ഇടതേടിയത് പോലെ, സ്വഹാബികല്‍ ജീവിച്ചിരിക്കുന്നവരെ മുന്‍നിര്‍ത്തിയാണ് അല്ലാഹുവിനോട് ഇടതേടിയിരുന്നത്. മിക്ക പില്‍ക്കാല മുസ്‌ലിംകളും നബി(സ)യെ കൊണ്ട് ഇടേതടുക എന്നതുകൊണ്ട് വിവക്ഷിക്കുന്നത് മേല്‍വിവരിച്ച നിയമവിരുദ്ധ ഇടതേട്ടമാണ്. നബി(സ0യെയും സച്ചരിതരെയും സ്‌നേഹിക്കുന്നതിന്റെ ഏറ്റവും മികച്ച രീതിയായി ഇതിനെ അവര്‍ കൊണ്ടാടുന്നു. സുബുകി എഴുതുന്നു:’ഏതവസ്ഥയിലും നബി(സ)യോട് ഇടതേടല്‍ അനുവദനീയമാണ്. അദ്ദേഹത്തെ സൃഷ്ടിക്കുന്നതിന് മുമ്പും ശേഷവും ജീവിതകാലത്തും മരണാനന്തരം ബര്‍സഖീ ഘട്ടത്തിലും പുനരുത്ഥാനശേഷം മഹ്ശറിലും സ്വര്‍ഗത്തിലുമെല്ലാം’ ഇതിനെ സുബുകി മൂന്നായി വിഭജിക്കുന്നു:

1. അല്ലാഹുവിനോട് നബി(സ)യെയോ അദ്ദേഹത്തിന്റെ മഹത്ത്വത്തെയോ ബര്‍ക്കത്തിനെയോ മുന്‍നിര്‍ത്തി ചോദിക്കുക. മേല്‍ മൂന്നു രീതികളിലും ഇടതേട്ടം അനുവദനീയമാണ്. ഇതിന് സ്വഹീഹായ ഹദീസുകളുടെ പിന്‍ബലമുണ്ട്.

2. അല്ലാഹുവിനോട് പ്രാര്‍ഥിക്കാന്‍ നബി(സ)യോട് ആവശ്യപ്പെടുക. ഇത് അദ്ദേഹത്തിന്റെ ജീവിതകാലത്തെന്ന പോലെ മരണാനന്തരവും ആകാവുന്നതാണ്. ഇതിന് തെളിവായി അദ്ദേഹം മാലികുദ്ദാറില്‍നിന്നുള്ള ഹദീസ് ഉദ്ധരിക്കുന്നു.’ഉമറുബ്‌നുല്‍ ഖത്ത്വാബി(റ)ന്റെ ഭരണകാലത്ത് ജനങ്ങളെ വരള്‍ച്ച ബാധിച്ചു. അപ്പോള്‍ ഒരാള്‍ നബിയുടെ ഖബ്‌റിനടുത്തുവന്ന് ‘അല്ലാഹുവിന്റെ ദൂതരേ, താങ്കള്‍ താങ്കളുടെ സമുദായത്തിന് വേണ്ടി മഴയ്ക്കായി പ്രാര്‍ഥിക്കണം. അവര്‍ നശിച്ചുകഴിഞ്ഞിരിക്കുന്നു’ എന്ന് പറഞ്ഞു. അപ്പോള്‍ അയാളുടെ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ട നബി(സ) ഇങ്ങനെ പറഞ്ഞു: ‘നിങ്ങള്‍ ഉമറിനെ സമീപിച്ച് എന്റെ സലാം പറയുക. അവര്‍ക്ക് മഴ ലഭിക്കുമെന്ന വിവരവും അദ്ദേഹത്തെ അറിയിക്കുക. ഉമറിനോട് അവധാനത പാലിക്കണമെന്ന് പറയണം.’ അയാള്‍ ഉമറിനെ സമീപിച്ച് വിവരം പറഞ്ഞു. അതുകേട്ട് ഉമര്‍ കരഞ്ഞു. തുടര്‍ന്ന് ഉമര്‍(റ) പറഞ്ഞു: ‘എന്റെ നാഥാ , എന്നാല്‍ കഴിയുന്ന ഒന്നിലും ഞാന്‍ ഉപേക്ഷ വരുത്തില്ല.’ സുബുകി തുടരുന്നു: ‘നബി(സ)യുടെ വിയോഗാനന്തരം ബര്‍സഖീ ജീവിത ഘട്ടത്തില്‍ മഴയ്ക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ നബി(സ)യോട് ആവശ്യപ്പെടാമെന്നതിന് ഇത് തെളിവാണ്. ബര്‍സഖീ ജീവിതത്തില്‍ നബി(സ) അല്ലാഹുവോട് പ്രാര്‍ഥിക്കുക എന്നത് അസാധ്യമൊന്നുമല്ല.’

അല്ലാഹുവിനോട് ചോദിച്ചും അവനോട് ശിപാര്‍ശചെയ്തും ഉദ്ദിഷ്ടകാര്യം നിറവേറ്റുന്നതിന് നബി(സ) കാരണക്കാരനാവുക- വാചകം വ്യത്യസ്തമാണെങ്കിലും ഇത് രണ്ടാമത്തെ ആശയത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഒന്നുകൂടി തെളിച്ചുപറഞ്ഞാല്‍, ‘അല്ലാഹുവിന്റെ ദൂതരേ, എന്റെ പ്രയാസം ദൂരീകരിക്കേണമേ, എന്നെ സഹായിക്കേണമേ ‘എന്ന് പ്രാര്‍ഥിക്കാം.
ഇത്തരം തവസ്സുല്‍ അനുവദിക്കുന്നവരുടെ ന്യായങ്ങള്‍:

നബിയെക്കൊണ്ട് ഇടതേടല്‍ അനുവദനീയമാണെന്നതിന് ഉദ്ധരിക്കപ്പെടുന്ന മൂഖ്യമായ തെളിവുകള്‍ നമുക്ക് പരിശോധിച്ചുനോക്കാം.
‘സത്യവിശ്വാസികളേ, അല്ലാഹുവിനെ ഭയപ്പെടുവിന്‍, അവങ്കലേക്കുള്ള സാമീപ്യമാര്‍ഗം അന്വേഷിക്കുവിന്‍’ (അല്‍മാഇദ 35).
‘ഇക്കൂട്ടര്‍ വിളിച്ചുപ്രാര്‍ഥിക്കുന്നതാരെയാണോ അവര്‍ സ്വയം തന്നെ തങ്ങളുടെ രക്ഷിതാവിന്റെ സാമീപ്യം നേടുന്നതിന് വേണ്ടി മാര്‍ഗമന്വേഷിച്ചുകൊണ്ടിരിക്കുകയാണ്; തങ്ങളില്‍ ആരാണവനോട് കൂടുതല്‍ അടുത്തവനാവുക എന്ന്. അവര്‍ അവന്റെ കാരുണ്യമാശിക്കുന്നു. ശിക്ഷയെ ഭയപ്പെടുകയുംചെയ്യുന്നു. എന്തെന്നാല്‍ നിന്റെ നാഥന്റെ ശിക്ഷ വളരെ ഭയപ്പെടേണ്ടതുതന്നെ(അല്‍ ഇസ്‌റാഅ് 57)’.

‘ഹഖീഖത്തുത്തവസ്സുല്‍ വല്‍ വസീലഃ’ എന്ന കൃതിയുടെ കര്‍ത്താവ് എഴുതുന്നു: ‘മേല്‍ രണ്ട് സൂക്തങ്ങളിലെയും ‘വസീലഃ’ എന്ന പദം വിശാലാര്‍ഥത്തിലുള്ളതാണ്. പ്രവാചകന്‍മാര്‍ സ്വാലിഹുകള്‍ മുതലായ ശ്രേഷ്ഠസത്തകളെക്കൊണ്ട് അവരുടെ ജീവിതകാലത്തും മരണാനന്തരവും ഇടതേടാമെന്ന് സൂക്തങ്ങള്‍ വിവക്ഷിക്കുന്നു. കല്‍പിക്കപ്പെട്ട രീതിയില്‍ സല്‍ക്കര്‍മങ്ങള്‍ ചെയ്തശേഷം അവ ഉപയോഗിച്ച് ഇടതേടാമെന്ന ആശയവും ഇതുള്‍ക്കൊള്ളുന്നു.’
പ്രവാചകന്‍മാരുടെയും സച്ചരിതരുടെയും സത്തകള്‍കൊണ്ട് ഇടതേടുന്നത് അനുവദനീയമാണെന്ന മേല്‍വാദം ശുദ്ധ അസംബന്ധമാണ്. മേല്‍സൂക്തങ്ങളെ ഈ അര്‍ഥത്തില്‍ സ്വഹാബികളോ താബിഉകളോ വ്യാഖ്യാനിച്ചിട്ടില്ല. മേല്‍രണ്ട് സൂക്തങ്ങളിലെയും ‘വസീലഃ’യുടെ വിവക്ഷ സല്‍ക്കര്‍മങ്ങളാണെന്ന് പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിശദീകരിച്ചിട്ടുമുണ്ട്. തന്നെയുമല്ല, പ്രവാചകന്‍മാരുടെയും സച്ചരിതരുടെയും സത്തകള്‍കൊണ്ട് ഇടതേടാമെന്നതിന് അല്‍ഇസ്‌റാഅ് 57-ാം സൂക്തം തെളിവായെടുക്കുന്നത് സൂക്തത്തിന്റെ അവതരണ പശ്ചാത്തലത്തിന് വിരുദ്ധമാണ്.

പ്രമുഖ സ്വഹാബി ഇബ്‌നു മസ്ഊദ് (റ) പറയുന്നു: ‘ചിലയാളുകള്‍ ജിന്നുവര്‍ഗത്തിലെ ചിലരെ ഇബാദത്തെടുത്തിരുന്നു. ആ ജിന്നുകള്‍ ഇസ്‌ലാം സ്വീകരിച്ച് തങ്ങളുടെ മതത്തില്‍ മുറുകെപ്പിടിച്ച് ജീവിച്ചുപോന്നു.’
അല്ലാഹുവിനെക്കൂടാതെ ജിന്നുകളെ ഇബാദത്തെടുക്കുകയും അവരോട് പ്രാര്‍ഥിക്കുകയും ചെയ്തിരുന്നവരോട്, ജിന്നുകള്‍ ഇസ്‌ലാം സ്വീകരിച്ച് സല്‍ക്കര്‍മങ്ങളിലൂടെ അല്ലാഹുവുമായി അടുത്ത് തുടങ്ങിയിരിക്കുന്നു എന്ന് അല്ലാഹു വ്യക്തമാക്കിയിരിക്കുകയാണിവിടെ. സത്യവിശ്വാസം കൈക്കൊണ്ട് നേര്‍മാര്‍ഗം പ്രാപിച്ച ജിന്നുകളെപ്പോലെ നിങ്ങളും സന്‍മാര്‍ഗപ്രാപ്തരാവുക എന്ന് മക്കയിലെ ബഹുദൈവവിശ്വാസികളോട് അല്ലാഹു ഉണര്‍ത്തുന്നു.
പ്രവാചകരേ, അവരോട് പറയുക: ‘അല്ലാഹുവിനെക്കൂടാതെ (കാര്യങ്ങള്‍ നിവര്‍ത്തിക്കുന്നവരായി) നിങ്ങള്‍ കരുതുന്നവരെ പ്രാര്‍ഥിച്ചു നോക്കുവിന്‍. ഒരു ക്ലേശത്തെയും നിങ്ങളില്‍നിന്ന് തട്ടിക്കളയാന്‍ അവര്‍ക്ക് സാധിക്കുന്നില്ല, മാറ്റിക്കളയാനും സാധിക്കുന്നില്ല. ഇക്കൂട്ടര്‍ വിളിച്ചുപ്രാര്‍ഥിക്കുന്നതാരെയാണോ, അവര്‍ സ്വയം തന്നെ തങ്ങളുടെ രക്ഷിതാവിന്റെ സാമീപ്യം നേടുന്നതിന് വേണ്ടി മാര്‍ഗമന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. തങ്ങളില്‍ ആരാണവനോട് കൂടുതല്‍ അടുത്തവനാകുകയെന്ന്. അവര്‍ അവന്റെ കാരുണ്യമാശിക്കുന്നു. ശിക്ഷയെ ഭയപ്പെടുകയും ചെയ്യുന്നു. എന്തെന്നാല്‍ നിന്റെ നാഥന്റെ ശിക്ഷ വളരെ ഭയപ്പെടേണ്ടതുതന്നെ'(അല്‍ഇസ്‌റാഅ് 56,57)

ശൈഖ് മുഹമ്മദുല്‍ അമീനിശ്ശന്‍ഖീത്വി ‘നിങ്ങള്‍ അവങ്കലേക്ക് സാമീപ്യാര്‍ഥം അന്വേഷിക്കുവിന്‍ ‘(അല്‍മാഇദ 35) എന്ന സൂക്തത്തിന്റെ വിശദീകരണത്തില്‍ എഴുതുന്നു: ‘ഈ സൂക്തത്തിലെ സാമീപ്യമാര്‍ഗം(വസീലഃ) എന്നതിന്റെ വിവക്ഷ, മുഹമ്മദ് നബി(സ) കൊണ്ടുവന്നത് പ്രകാരം അല്ലാഹുവിന്റെ കല്‍പനകള്‍ അനുസരിച്ചും നിരോധങ്ങള്‍ വെടിഞ്ഞും ആത്മാര്‍ഥമായി അല്ലാഹുവിലേക്ക് അടുക്കുക ‘എന്നാണെന്നാണ് ഭൂരിപക്ഷ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിരിക്കുന്നത്. അല്ലാഹുവിന്റെ തൃപ്തി നേടാനും ഇഹ- പര നന്‍മ കരസ്ഥമാക്കാനും ഇതുമാത്രമാണ് ഏകമാര്‍ഗം. വസീലഃ എന്നതിന്റെ വിവക്ഷ അല്ലാഹുവിന്റെയും മനുഷ്യന്റെയും ഇടയില്‍ മധ്യവര്‍ത്തിയാകുന്ന ശൈഖാണെന്ന തരത്തില്‍ ചില സൂഫികള്‍ നല്‍കുന്ന വ്യാഖ്യാനം അജ്ഞതയും ആന്ധ്യവും വ്യക്തമായ വഴികേടും അല്ലാഹുവിന്റെ ഗ്രന്ഥം കൊണ്ടുള്ള കളിയുമാണ്. അല്ലാഹുവിനെക്കൂടാതെ മധ്യവര്‍ത്തികളെ സ്വീകരിക്കുന്നത് സത്യനിഷേധത്തിന്റെ അടിത്തറയാണ്. അത്തരം ആളുകളെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: ‘അല്ലാഹുവിനെക്കൂടാതെ മറ്റ് രക്ഷകന്‍മാരെ വരിക്കുകയും (ആ നടപടിയെ) ഞങ്ങള്‍ അവരെ ആരാധിക്കുന്നത് അവര്‍ ഞങ്ങളെ അല്ലാഹുവിങ്കലേക്ക് അടുപ്പിക്കുന്നതിന് വേണ്ടി മാത്രമാകുന്നു'(എന്ന് അവര്‍ ന്യായീകരിക്കുന്നു)(അസ്സുമര്‍ 3).
‘ഈ ജനം അല്ലാഹുവിനെക്കൂടാതെ ,ഞങ്ങള്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിവില്ലാത്തതിനെ ആരാധിച്ചുകൊണ്ടിരിക്കുകയാകുന്നു. അവര്‍ വാദിക്കുന്നു. ഇക്കൂട്ടര്‍ അല്ലാഹുവിങ്കല്‍ ഞങ്ങളുടെ ശുപാര്‍ശകരാകുന്നു. പ്രവാചകരേ, അവരോട് പറയുക: നിങ്ങള്‍ അല്ലാഹുവിന്ന്, ആകാശങ്ങളിലോ ഭൂമികളിലോ ഉല്ലതായി അവന്‍ അറിയാത്ത കാര്യങ്ങള്‍ അറിയിച്ചുകൊടുക്കുകയാണോ? അവന്‍ അതീവപരിശുദ്ധനും ഈ ജനം ആരോപിക്കുന്ന പങ്കുകാരില്‍നിന്നെല്ലാം അതീതനുമത്രേ(യൂനുസ് 18).’

അല്ലാഹുവിന്റെ തൃപ്തിയും കാരുണ്യവും നേടാനുള്ള വഴി തിരുദൂതരെ പിന്‍പറ്റലാണെന്നറിയാന്‍ പ്രായപൂര്‍ത്തിയായ എല്ലാവരും ബാധ്യസ്ഥരാണ്. അതില്‍നിന്ന് തെറ്റുന്നവര്‍ നേരായ മാര്‍ഗത്തില്‍ നിന്ന് പിഴച്ചിരിക്കുന്നു.
അനസ്ബ്‌നു മാലികില്‍നിന്ന് ബുഖാരി ഉദ്ധരിച്ച ഹദീസാണ് ഇടതേട്ടം അനുവദനീയമാണെന്നതിന് ഹാജറാക്കപ്പെടാറുള്ള മറ്റൊരു തെളിവ്. ഹദീസ് ഇങ്ങനെ:
‘വരള്‍ച്ചയുണ്ടാകുമ്പോള്‍ ഉമര്‍(റ) അബ്ബാസുബ്‌നു അബ്ദില്‍ മുത്ത്വലിബിനെക്കൊണ്ട് ഇടതേട്ടം നടത്തിയിരുന്നു. അദ്ദേഹം പറയുമായിരുന്നു: ‘അല്ലാഹുവേ, ഞങ്ങള്‍ നിന്നോട് ഞങ്ങളുടെ നബിയെക്കൊണ്ട് ഇടതേട്ടം നടത്തിയിരുന്നു. അപ്പോള്‍ നീ ഞങ്ങള്‍ക്ക് വെള്ളം തന്നു. ഞങ്ങള്‍ ഇതാ ഞങ്ങളുടെ നബിയുടെ പിതൃവ്യനെ കൊണ്ട് ഇടതേട്ടം നടത്തുന്നു. ആയതിനാല്‍ നീ ഞങ്ങള്‍ക്ക് വെള്ളം തരേണമേ!’ അനസ് പറയുന്നു: ‘ഇതുപ്രകാരം മഴ ലഭിച്ചിരുന്നു’.

ഈ ഹദീസ്, സൃഷ്ടികളുടെ സത്തകൊണ്ടും ഇടതേട്ടമാവാം എന്നതിന് തെളിവായി ഉദ്ധരിക്കപ്പെടാറുണ്ട്. അബ്ബാസ്(റ)ന്റെ മഹത്ത്വവും അല്ലാഹുവിങ്കല്‍ അദ്ദേഹത്തിനുള്ള സ്ഥാനവും ഉപയോഗപ്പെടുത്തി ഇടതേടുകയായിരുന്നു ഉമര്‍(റ). അദ്ദേഹം നടത്തിയ പ്രാര്‍ഥനയില്‍ അബ്ബാസിന്റെ പേരെടുത്തുപറയുകയും അദ്ദേഹം മുഖേന മഴപെയ്യിക്കണമെന്ന് അല്ലാഹുവിനോട് അപേക്ഷിക്കുകയും അത് സ്വഹാബികള്‍ അംഗീകരിക്കുകയുംചെയ്തു എന്നാണ് വാദമെങ്കില്‍ നബി(സ)യെ കൊണ്ട് ഇടതേടാതെ ഉമര്‍(റ) എന്തുകൊണ്ടാണ് അബ്ബാസി(റ)നെ മാധ്യമമാക്കിയത്? ഇതിന് മറുപടിയായി തവസ്സുലിനെ പിന്തുണക്കുന്നവര്‍ പറയുന്നത് നബി(സ) അല്ലാത്തവരെക്കൊണ്ട് ഇടതേടല്‍ അനുവദനീയമാണെന്ന് തെളിയിക്കാനാണ് ഉമര്‍(റ) അബ്ബാസ്(റ)നെക്കൊണ്ട് ഇടതേടിയത് എന്നാണ്.

ശൈഖ് അഹ്മദ് സൈനീ ദഹ്‌ലാന്‍ എഴുതുന്നു:’ ഉമര്‍(റ) നബി(സ)യെക്കൊണ്ട് ഇടതേടാതെ , അബ്ബാസിനെക്കൊണ്ട് ഇടതേടിയത് നബി(സ)യല്ലാത്തവരെക്കൊണ്ട് മഴയ്ക്കുവേണ്ടി ഇടതേട്ടം അനുവദനീയമാണെന്നും അത് കുറ്റകരമല്ലെന്നും സ്ഥാപിക്കാനാണ്. നബി(സ)യെകൊണ്ട് മഴയ്ക്കുവേണ്ടി ഇടതേടി പ്രാര്‍ഥിക്കുന്ന രീതി അവര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്നു.’ നബിയല്ലാത്ത മറ്റാരെക്കൊണ്ടും മഴയ്ക്കുവേണ്ടി ഇടതേട്ടം നടത്തുന്നത് അനുവദനീയമല്ലെന്ന് ചിലയാളുകളെങ്കിലും തെറ്റിദ്ധരിച്ചേക്കാനിടയുള്ളതുകൊണ്ടാണ് അബ്ബാസ്(റ)നെ മധ്യവര്‍ത്തിയാക്കി മഴയ്ക്കുവേണ്ടി ഉമര്‍(റ) പ്രാര്‍ഥന നടത്തിയത്.
എന്നാല്‍ ശൈഖ് ദഹ് ലാന്റെ ഈ വാദം അഞ്ചുകാരണങ്ങളാല്‍ തള്ളപ്പെട്ടിരിക്കുന്നു.

(തുടരും)

About the author

padasalaadmin

Add Comment

Click here to post a comment

Topics