അനുഷ്ഠാനം-പഠനങ്ങള്‍

മരിച്ച മഹാന്‍മാരെ മുന്‍നിര്‍ത്തിയുള്ള സഹായാര്‍ഥന

ഉമര്‍(റ) ബര്‍സഖിലുള്ള നബി(സ)യെ കൊണ്ട് തവസ്സുല്‍ ചെയ്യാതെ പിതൃവ്യനായ അബ്ബാസി(റ)നെക്കൊണ്ട് ഇടതേടിയത് പ്രവാചകരല്ലാത്തവരെക്കൊണ്ടും തവസ്സുല്‍ അനുവദനീയമാണെന്ന് സമുദായത്തെ പഠിപ്പിക്കാനായിരുന്നുവെന്ന ശൈഖ് അഹ്മദ് സൈനീ ദഹ്‌ലാന്റെ വാദം തെറ്റാണെന്ന് പണ്ഡിതന്‍മാര്‍ വ്യക്തമാക്കുന്നു.

1. നബി(സ) ജീവിച്ചിരുന്ന കാലത്ത് നബി(സ)യുടെ പ്രാര്‍ഥന മാധ്യമമാക്കി സ്വഹാബികള്‍ മഴയ്ക്കുവേണ്ടി പ്രാര്‍ഥിച്ചിരുന്നതായും അതുവഴി മഴ ലഭിച്ചിരുന്നതായും മേല്‍ഹദീസില്‍നിന്ന് വ്യക്തമാണ്. മറ്റു ഹദീസുകളില്‍നിന്ന് ഇത് തെളിയുന്നുണ്ട്. എന്നാല്‍ സ്വഹാബികള്‍ നബി(സ)യുടെ സത്തയെയോ മഹത്ത്വത്തെയോ മുന്‍നിര്‍ത്തി ഇടതേട്ടം നടത്തിയതായി ഒരൊറ്റ ഹദീസിലുമില്ല. നബി(സ)യുടെ പ്രാര്‍ഥനയായിരുന്നു മാധ്യമം. ബുഖാരിയും മുസ്‌ലിമും അനസ്(റ)ല്‍നിന്ന് ഉദ്ധരിക്കുന്നു: ‘ഒരു വെള്ളിയാഴ്ച, മിമ്പറിനുനേരെയുള്ള വാതിലിലൂടെ ഒരാള്‍ പള്ളിയില്‍ കടന്നുവന്നു. അപ്പോള്‍ നബി(സ) മിമ്പറില്‍കയറി പ്രസംഗിക്കുകയായിരുന്നു. ആഗതന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, കാലികള്‍ ചത്തൊടുങ്ങി. വഴികള്‍ മുടങ്ങി, ഞങ്ങള്‍ക്ക് മഴകിട്ടാനായി താങ്കള്‍ പ്രാര്‍ഥിക്കണം’. അപ്പോള്‍ നബി(സ) കൈകള്‍ ഉയര്‍ത്തി പ്രാര്‍ഥിച്ചു. ‘അല്ലാഹുവേ, ഞങ്ങള്‍ക്ക് നീ വെള്ളംതരേണമേ ! അല്ലാഹുവേ ഞങ്ങള്‍ക്ക് നീ വെള്ളം തരേണമേ ! അല്ലാഹുവേ, ഞങ്ങള്‍ക്ക് നീ വെള്ളം തരേണമേ !’ അനസ് (റ) പറയുന്നു: ‘അല്ലാഹുവാണ, ഞങ്ങള്‍ ആകാശത്ത് മേഘമോ മഴവില്ലോ മറ്റുവല്ലതുമോ കണ്ടിരുന്നില്ല… അതിനിടെ പരിചപോലെ ഒരു മഴക്കാറ് പ്രത്യക്ഷപ്പെട്ടു. അത് ആകാശത്തിന് മധ്യേ എത്തിയപ്പോള്‍, അവിടമാകെ വ്യാപിച്ച് മഴപെയ്തു. അല്ലാഹുവാണ, ആറ് ദിവസങ്ങളില്‍ സൂര്യനെ കാണാനായില്ല. അടുത്ത വെള്ളിയാഴ്ച, അതേ വാതിലിലൂടെ ഒരാള്‍ പള്ളിയില്‍ കടന്നുവന്നു. അപ്പോള്‍ നബി(സ) പ്രസംഗിക്കുകയായിരുന്നു. ആഗതന്‍ നബി(സ)യെ നോക്കി പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, സമ്പത്തുകള്‍ നശിച്ചു, വഴികള്‍ മുടങ്ങി. മഴ നിര്‍ത്താനായി താങ്കള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കണം’. നബി(സ) കൈകള്‍ ഉയര്‍ത്തി പ്രാര്‍ഥിച്ചു: ‘അല്ലാഹുവേ, ഞങ്ങള്‍ക്കെതിരായല്ല, ഞങ്ങള്‍ക്കു ചുറ്റുമാണ് മഴപെയ്യിക്കേണ്ടത്. അല്ലാഹുവേ, കുന്നുകളില്‍ മലകളിലും ഉയര്‍ന്ന സ്ഥലങ്ങളിലും താഴ്‌വരകളിലും മരങ്ങള്‍ മുളയ്ക്കുന്ന ഇടങ്ങളിലും നീ മഴപെയ്യിക്കണമേ’ പ്രാര്‍ഥന കഴിഞ്ഞതോടെ മഴ തോര്‍ന്നു. ഞങ്ങള്‍ വെയിലത്ത് ഇറങ്ങി നടന്നു’ .

മറ്റൊരു ഹദീസ് കാണുക:’നബി(സ) മഴയ്ക്കുവേണ്ടി പ്രാര്‍ഥിക്കാനായി ജനങ്ങളെയുംകൊണ്ട് പുറപ്പെട്ടു. അദ്ദേഹം നിന്നുകൊണ്ട് പ്രാര്‍ഥിച്ചു. അനന്തരം ഖിബ്‌ലയുടെ നേരെ തിരിഞ്ഞ്, തട്ടം തല തിരിച്ചിട്ടു. അനന്തരം മഴ പെയ്തു.’
ഇത്തരം ഹദീസുകള്‍ ഹദീസ് കൃതികളില്‍ ധാരാളമായി കാണാം. ഇവയെല്ലാം സ്ഥാപിക്കുന്നത്, മഴ ലഭിക്കാതിരുന്ന ഘട്ടങ്ങളില്‍ സ്വഹാബികളില്‍ നബി(സ)യെ സമീപിച്ച് മഴയ്ക്ക് വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കാന്‍ അപേക്ഷിച്ചിരുന്നു എന്നാണ്. മറ്റു ചില അവസരങ്ങളില്‍ നബിതിരുമേനി(സ) ജനങ്ങളേയും കൂട്ടി മഴയ്ക്കുവേണ്ടി നമസ്‌കാരത്തിനായി തയ്യാറെടുക്കുകയാണ് ചെയ്തിരുന്നത്. ‘അല്ലാഹുവേ, ഞങ്ങള്‍ ഞങ്ങളുടെ നബിയെക്കൊണ്ട് ഇടതേടിയിരുന്നു. അതുവഴി ഞങ്ങള്‍ക്ക് മഴ തന്നിരുന്നു’എന്ന വാചകം ഇതാണ് സൂചിപ്പിക്കുന്നത്.

2. നബി(സ) നിര്യാതനായ ശേഷം അദ്ദേഹത്തിനുപകരം അബ്ബാസിനെ കൊണ്ടാണ് ഇടതേട്ടം നടത്തിയിരുന്നത്. കാരണം, മരിച്ചുപോയ നബി(സ)യെക്കൊണ്ട് ഇടതേടല്‍ അസാധ്യവും അനനുവദനീയവുമാണ.് സ്വഹാബികളുടെ സാന്നിധ്യത്തില്‍ അവര്‍ ഇത് ആവര്‍ത്തിക്കുകയുംചെയ്തു. മരിച്ചുപോയ നബി(സ)യെക്കൊണ്ട് ഇടതേട്ടം അനുവദനീയമായിരുന്നുവെങ്കില്‍ ഉമര്‍(റ) മറ്റൊരാളെ ആശ്രയിക്കുമായിരുന്നില്ല.സ്വഹാബികള്‍ അതിന് അദ്ദേഹത്തെ അനുവദിക്കുകയുമില്ലായിരുന്നു. ഉമര്‍(റ) ഈ രീതി ആവര്‍ത്തിച്ചതില്‍നിന്ന് , മരിച്ചുപോയ നബി(സ)യെ മുന്‍നിര്‍ത്തി ഇടതേട്ടം അനുവദനീയമല്ലെന്ന് വ്യക്തം.

3. ഉമര്‍(റ)ന്റെ ആവര്‍ത്തിച്ചുള്ള ഈ നിലപാട് ,നബി(സ) അല്ലാത്ത ആരെക്കൊണ്ടും ഇടതേടാമെന്ന് പഠിപ്പിക്കാനായിരുന്നുവെന്നും മരിച്ചുപോയ നബി(സ)യെക്കൊണ്ട് ഇടതേടാമെന്ന് സ്വഹാബികള്‍ക്കറിയാമായിരുന്നുവെന്നുമുള്ള വാദത്തിന്റെ മുനയൊടിക്കുന്നുണ്ട്. മേല്‍വാദം ഒട്ടുമെ ശരിയല്ല. ശരിയായിരുന്നുവെങ്കില്‍ ഉമര്‍ ആവര്‍ത്തിച്ച് അങ്ങനെ ചെയ്യുമായിരുന്നില്ല. തന്നെയുമല്ല, പരമശ്രേഷ്ഠനായ നബി(സ)യെ മാറ്റിനിര്‍ത്തി, ശ്രേഷ്ഠനായ സ്വഹാബിയെ മാധ്യമമാക്കി ഇടതേടല്‍ അനുവദനീയമാണെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് വിശദീകരിക്കുമായിരുന്നു. നബി(സ)യുടെ സത്തയെ ഉപയോഗിച്ച് ഇടതേടുക എന്നത് സ്വഹാബികള്‍ക്കിടയില്‍ സുപരിചിതമായിരുന്നെന്ന വാദം, ഉമര്‍(റ) ഉള്‍പ്പെടെയുള്ള പ്രമുഖസ്വഹാബികളെക്കുറിച്ച് വ്യക്തമായ വ്യാജാരോപണമാണ്. മേല്‍വാദത്തിന് അനുകൂലമായി സാധുവായ റിപ്പോര്‍ട്ടില്ലെന്ന് മാത്രമല്ല, അതിന് വിരുദ്ധമായാണ് തെളിവുകളത്രയുമുള്ളത്.

4. നബി(സ) ജീവിച്ചിരുന്ന കാലത്ത് നബി(സ)യെ കൊണ്ടാണ് ഇടതേട്ടം നടത്തിയിരുന്നതെന്ന് വ്യക്തമാക്കിയ ഉമര്‍(റ) തിരുമേനിയുടെ മരണാനന്തരം പിതൃവ്യന്‍ അബ്ബാസിനെക്കൊണ്ട് ഇടതേടിയെന്ന് വ്യക്തമാക്കുകയുണ്ടായി.. രണ്ട് തവസ്സുലും ഒരേ ഇനം തന്നെ. അതായത്, സ്വാലിഹുകളുടെ പ്രാര്‍ഥനകൊണ്ടുള്ള ഇടതേട്ടം. നബി(സ)യാകട്ടെ, സ്വാലിഹുകളുടെ നേതാവും.

5. ഉമറി(റ)ന്റെ ആവശ്യപ്രകാരം അബ്ബാസ് നടത്തിയ പ്രാര്‍ഥന ഉദ്ധരിച്ചുവന്ന ചില റിപോര്‍ട്ടുകളില്‍നിന്ന്, ഉമര്‍(റ) ആവശ്യപ്പെട്ടതും അബ്ബാസ്(റ) പ്രാര്‍ഥിച്ചതും വ്യക്തമാണ്. ഇബ്‌നു ഹജര്‍ ‘ഫത്ഹുല്‍ ബാരി’യില്‍ എഴുതുന്നു: ‘അബ്ബാസ് (റ) എന്താണ് പ്രാര്‍ഥിച്ചതെന്നും ഏതു സാഹചര്യത്തിലാണ് പ്രാര്‍ഥന നടന്നതെന്നും സുബൈറുബ്‌നു ബക്കാര്‍ വിശദീകരിച്ചിട്ടുണ്ട്. ‘ഉമര്‍ (റ) മഴയ്ക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അബ്ബാസ് പറഞ്ഞു: ”അല്ലാഹുവേ, പാപത്തെത്തുടര്‍ന്നല്ലാതെ പരീക്ഷണങ്ങളുണ്ടാവില്ല. പശ്ചാത്താപത്തിലൂടെയല്ലാതെ പരീക്ഷണം നീങ്ങിപ്പോവില്ല. നിന്റെ നബിയുടെ അടുത്ത് എനിക്കുള്ള സ്ഥാനം പരിഗണിച്ചുകൊണ്ടാണ് ആളുകള്‍ എന്നെ സമീപിച്ചിരിക്കുന്നത്. ഞങ്ങളുടെ കൈകള്‍ പാപങ്ങളുമായും മൂര്‍ധാവുകള്‍ പശ്ചാത്താപവുമായും നിന്നിലേക്കിതാ നീളുന്നു. ആയതിനാല്‍, നീ ഞങ്ങള്‍ക്ക് മഴ വര്‍ഷിപ്പിച്ചുതരേണമേ! അപ്പോള്‍ ആകാശം മലകള്‍ പോലെ താഴ്ത്തിയിട്ടു(ധാരാളമായി മഴ പെയ്തുവെന്ന് സാരം). ഭൂമി ഫലഭൂയിഷ്ഠമായി. ജനങ്ങള്‍ ജീവിച്ചു.

അബ്ബാസിന്റെ സത്തയോ അദ്ദേഹത്തിന്റെ പ്രായമോ മാധ്യമമാക്കിക്കൊണ്ടല്ല, പ്രാര്‍ഥന മുഖേനയായിരുന്നു ഇടതേട്ടം നടത്തിയതെന്ന് മേല്‍ ഹദീസ് വ്യക്തമാക്കുന്നു. സത്തകൊണ്ടായിരുന്നുവെങ്കില്‍ അബ്ബാസ് എന്തിന് പുതിയൊരു പ്രാര്‍ഥനതന്നെ അവതരിപ്പിക്കണം? മഴയ്ക്കുവേണ്ടി സ്ഥലത്തേക്ക് അദ്ദേഹം എന്തിന് വരണം? നബി(സ)യുടെ വിയോഗശേഷം ഉമര്‍(റ)നെ പ്പോലെ മുആവിയ(റ)യും ദഹ്ഹാക്കുബ്‌നു ഖൈസും(റ) യസീദുബ്‌നുല്‍ അസ്‌വദില്‍ ജര്‍ശീയെ മാധ്യമമാക്കി ഇടതേട്ടം നടത്തുകയുണ്ടായി. സ്വഹാബികളും താബിഉകളും ഈ രീതി സ്വീകരിച്ചിരുന്നു. അബ്ബാസ്(റ)നെ മാധ്യമമാക്കിയ ഉമര്‍(റ)ന്റെ നടപടികള്‍ , നബി(സ)യെ അദ്ദേഹത്തിന്റെ മരണാനന്തരം മാധ്യമമാക്കാം എന്നതിന് തെളിവല്ലെന്ന് മാത്രമല്ല എതിരുമാണ്.

ഉസ്മാനുബ്‌നു ഹനീഫില്‍നിന്ന് അഹ്മദും മറ്റുചിലരും ഉദ്ധരിച്ച ഹദീസാണ് തവസ്സുല്‍ അനുകൂലിക്കുന്നവരുടെ മറ്റൊരു തെളിവ്: ‘ഒരു അന്ധന്‍ നബി(സ)യെ സമീപിച്ച് ‘എന്റെ രോഗം സുഖപ്പെടുത്താന്‍ താങ്കള്‍ അല്ലാഹുവോട് പ്രാര്‍ഥിക്കണം’ എന്നാവശ്യപ്പെട്ടു. അപ്പോള്‍ നബിതിരുമേനി(സ) പറഞ്ഞു: ‘നീ ഉദ്ദേശിക്കുന്നപക്ഷം ഞാന്‍ നിനക്ക് വേണ്ടി പ്രാര്‍ഥിക്കാം. ഉദ്ദേശിക്കുന്ന പക്ഷം പിന്നീടാവാം. അതാണ് ഉത്തമം’. അങ്ങനെ നബി(സ) അദ്ദേഹത്തോട് നല്ല രീതിയില്‍ വുദു ചെയ്ത് രണ്ട് റക്അത്ത് നമസ്‌കരിച്ച് ഇങ്ങനെ പ്രാര്‍ഥിക്കാന്‍ നിര്‍ദ്ദേശിച്ചു:’ അല്ലാഹുവേ, കാരുണ്യത്തിന്റെ പ്രവാചകനായ, നിന്റെ പ്രവാചകന്‍ മുഹമ്മദ് (സ)നെ മുന്‍നിര്‍ത്തി ഞാന്‍ നിന്നോട് യാചിക്കുന്നു. മുഹമ്മദേ ,താങ്കള്‍ മുഖാന്തിരം ഞാന്‍ എന്റെ ആവശ്യത്തിനായി എന്റെ രക്ഷിതാവിങ്കലേക്ക് തിരിഞ്ഞിരിക്കുന്നു. എന്റെ ആവശ്യം നിറവേറട്ടെ. അല്ലാഹുവേ, അദ്ദേഹത്തെ എന്റെ കാര്യത്തിലും അദ്ദേഹത്തിന്റെ കാര്യത്തില്‍ എന്നെയും ശിപാര്‍ശകരാക്കേണമേ, അയാള്‍ അതുപ്രകാരം പ്രാര്‍ഥിച്ചു. അയാളുടെ രോഗം ഭേദപ്പെട്ടു.”

നബി(സ) അന്ധനെ പ്രാര്‍ഥനയില്‍ തന്നെക്കൊണ്ട് ഇടതേടാന്‍ പഠിപ്പിച്ചെന്നും അതുപ്രകാരം ചെയ്തപ്പോള്‍ അയാള്‍ക്ക് കാഴ്ച തിരിച്ചുകിട്ടിയെന്നും , നബി(സ)യുടെ സത്തകൊണ്ടാണ് അയാള്‍ ഇടതേട്ടം നടത്തിയതെന്നും അദ്ദേഹത്തിന്റെ പ്രാര്‍ഥന കൊണ്ടല്ലെന്നും ഇത് അനുവദനീയമാണെങ്കില്‍ മേല്‍ പ്രാര്‍ഥന ആര്‍ക്കും നടത്താവുന്നതാണെന്നും ഈ ഹദീസില്‍നിന്ന് ചിലര്‍ തെളിവ് കണ്ടെത്തുന്നു.

ഇബ്‌നു ഹജറില്‍ ഹൈതമി എഴുതുന്നു: ‘നബി(സ) അദ്ദേഹത്തിന് അതു പഠിപ്പിച്ചുകൊടുത്തു. അതേസമയം അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിച്ചില്ല. കാരണം, അയാള്‍ക്ക് തന്റെ ഉദ്ദേശ്യം പൂര്‍ണമായും സാക്ഷാത്കരിക്കാന്‍ വേണ്ടി നിര്‍ബന്ധിതാവസ്ഥയുടെയും ദുരിതത്തിന്റെയും ആവശ്യത്തിന്റെതുമായ ആഭിമുഖ്യത്തോടെ സഹായംതേടട്ടെ എന്ന് നബി ഉദ്ദേശിച്ചതായിരുന്നു. ഇത് നബി(സ)യുടെ ജീവിതകാലത്തും മരണാനന്തരവും സാധ്യമാണ്. മുന്‍ഗാമികള്‍ തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറിക്കിട്ടാന്‍ നബി(സ)യുടെ വിയോഗാനന്തരം ഈ പ്രാര്‍ഥന ഉപയോഗിച്ചിരുന്നു.’നബി(സ)യുടെ സത്തകൊണ്ട് ഇടതേട്ടമാവാം എന്നതിന് തെളിവായി മേല്‍ ഹദീസ് ഉപയോഗിക്കപ്പെടുന്നു. ഈ ഹദീസ്, പരാമര്‍ശവിധേയനായ അന്ധന് മാത്രമല്ല ബാധകമെന്നും ആര്‍ക്കും ഈ പ്രാര്‍ഥനയാവാമെന്നും വാദിക്കപ്പെടുന്നു. എന്നാല്‍ ഹദീസില്‍ അത്തരം ന്യായങ്ങളൊന്നുമില്ല. നിയമവിധേയമായ ഒരിനം ഇടതേട്ടമാണ് ഹദീസിലെ പ്രതിപാദ്യം. നബിയുടെ പ്രാര്‍ഥനകൊണ്ട് അന്ധന്‍ ഇടതേടുകയായിരുന്നു ഇത് നിയമാനുസൃതമാണ്.

ഹദീസില്‍നിന്ന് നമുക്ക് താഴെപറയുന്ന കാര്യങ്ങള്‍ വ്യക്തമാകുന്നു:

1. അന്ധന്‍ നബി(സ)യെ സമീപിച്ചത് തിരുമേനി അയാള്‍ക്കുവേണ്ടി പ്രാര്‍ഥിക്കാനാണ്.’എന്റെ രോഗം ഭേദമാക്കിത്തരാന്‍ താങ്കള്‍ അല്ലാഹുവോട് പ്രാര്‍ഥിക്കണം’ എന്ന വാചകത്തിന്റെ വിവക്ഷ അതാണ്. മറ്റുള്ളവരുടേതില്‍നിന്ന് വ്യത്യസ്തമായി നബി(സ)യുടെ പ്രാര്‍ഥനക്ക് ഉത്തരം കിട്ടും എന്നറിയുന്നതിനാലാണദ്ദേഹം തിരുമേനി(സ)യോട് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടത്. തവസ്സുലിനെ തെറ്റായി വ്യാഖ്യാനിക്കാന്‍ പറയുന്നതുപോലെ, നബി(സ)യുടെ സത്തയോ മഹത്ത്വമോ മാധ്യമമാക്കുകയായിരുന്നു ലക്ഷ്യമെങ്കില്‍ അദ്ദേഹം നബി(സ)യുടെ സന്നിധിയില്‍ വന്ന് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടേണ്ടതുണ്ടായിരുന്നില്ല. വീട്ടിലിരുന്ന് നബി(സ)യുടെ സത്തയോ മഹത്ത്വമോ മാധ്യമമാക്കി പ്രാര്‍ഥിച്ചാല്‍ മതിയായിരുന്നു. തവസ്സുലിന്റെ അര്‍ഥം നന്നായി അറിയാവുന്ന അദ്ദേഹം അങ്ങനെ ചെയ്യാതെ നേരില്‍ ചെന്നുകണ്ട് തന്റെ ഇംഗിതം അറിയിക്കുകയായിരുന്നു.

2. ഒന്നുകില്‍ ക്ഷമിക്കുക, അല്ലെങ്കില്‍ പ്രാര്‍ഥിക്കുക എന്ന് ആവശ്യപ്പെട്ടശേഷം പ്രാര്‍ഥിക്കാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു.

3. പ്രാര്‍ഥിക്കണമെന്ന അന്ധന്റെ നിര്‍ബന്ധം കാരണമായി നബി(സ) അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിച്ചു കാരണം, ഉദ്ദേശിക്കുന്ന പക്ഷം പ്രാര്‍ഥിക്കാമെന്ന് നബി(സ) വാഗ്ദാനം നല്‍കിയിരുന്നതാണല്ലോ. ‘താങ്കള്‍ അല്ലാഹുവോട് പ്രാര്‍ഥിക്കണം’ എന്ന അഭ്യര്‍ഥന അദ്ദേഹത്തിന്റെ നിര്‍ബന്ധബുദ്ധി സൂചിപ്പിക്കുന്നുണ്ട്. നബി(സ)പ്രാര്‍ഥനകൊണ്ട് മതിയാക്കാതെ, നന്‍മയുടെ എല്ലാ വശങ്ങളും സ്വായത്തമാക്കാനായി അദ്ദേഹത്തോട് നമസ്‌കരിക്കാന്‍ കല്‍പിക്കുകയും നമസ്‌കാരത്തില്‍ ചൊല്ലേണ്ട പ്രാര്‍ഥന അദ്ദേഹത്തെ പഠിപ്പിക്കുകയും ചെയ്തു.

4. ‘അല്ലാഹുവേ, എന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റെ ശിപാര്‍ശ നീ സ്വീകരിക്കേണമേ’ എന്ന ഭാഗം നബി(സ)യുടെ സത്തകൊണ്ടോ മഹത്ത്വം കൊണ്ടോ ഉള്ള ഇടതേട്ടമല്ല, അതിന്റെ അര്‍ഥം ‘അല്ലാഹുവേ, എന്റെ കാര്യത്തില്‍ നബി(സ)യുടെ ശിപാര്‍ശ നീ സ്വീകരിക്കേണമേ’ എന്നാണ്. അതായത്, എന്റെ കണ്ണിന് കാഴ്ച തിരിച്ചുകിട്ടാനുള്ള അദ്ദേഹത്തിന്റെ പ്രാര്‍ഥന നീ സ്വീകരിക്കേണമേ’ എന്ന്.

5. ‘അദ്ദേഹത്തിന്റെ (നബിയുടെ) കാര്യത്തില്‍ എന്നെ നീ ശിപാര്‍ശകനായി സ്വീകരിക്കേണമേ’ എന്ന് പ്രാര്‍ഥിക്കാന്‍ നബി(സ)നിര്‍ദ്ദേശിക്കുകയുണ്ടായി. അതായത്, നബിയുടെ ശിപാര്‍ശയും പ്രാര്‍ഥനയും സ്വീകരിക്കാനുള്ള എന്റെ പ്രാര്‍ഥന നീ സ്വീകരിക്കേണമേ’ എന്ന്. ഈ ഒരൊറ്റവാചകം മതി, അന്ധന്റെ ഇടതേട്ടം നബി(സ)യുടെ സത്തയോ മഹത്ത്വമോ കൊണ്ടായിരുന്നില്ല എന്നതിന് തെളിവായി. നബി(സ) അന്ധനുവേണ്ടി പ്രാര്‍ഥിക്കുന്നു. തനിക്കുവേണ്ടിയുള്ള നബിയുടെ പ്രാര്‍ഥന സ്വീകരിക്കാനായി അന്ധനും പ്രാര്‍ഥിക്കുന്നു. നബിക്കുവേണ്ടി അന്ധന്റെ ശിപാര്‍ശ എന്നാല്‍ തനിക്കുവേണ്ടി നബിനടത്തിയ പ്രാര്‍ഥന സ്വീകരിക്കേണമേ എന്ന അപേക്ഷ.

6. നബി(സ)യുടെ അമാനുഷദൃഷ്ടാന്തവും ഉത്തരം ലഭിച്ച പ്രാര്‍ഥനയുമായാണ് പണ്ഡിതന്‍മാര്‍ ഇതിനെ കാണുന്നത്. നബി(സ)യുടെ ബര്‍ക്കത്തിനാല്‍ അന്ധന്റെ രോഗം ഭേദമായി. അയാള്‍ക്ക് കാഴ്ചകിട്ടി. ആയതിനാല്‍, ബൈഹഖിയുള്‍പ്പെടെയുള്ളവര്‍ ‘പ്രവാചകത്വത്തിന്റെ തെളിവുകള്‍’ എന്ന അധ്യായത്തിലാണ് ഇത് ചേര്‍ത്തിരിക്കുന്നത്. രോഗശമനത്തിന്റെ രഹസ്യം നബി(സ)യുടെ പ്രാര്‍ഥനയായിരുന്നു.

7. ഈ പ്രാര്‍ഥന ആ അന്ധനു മാത്രമുള്ളതാണ്. ആ പ്രാര്‍ഥനയില്‍ അദ്ദേഹത്തിനുള്ള നബിയുടെ ശിപാര്‍ശ അടങ്ങിയിരിക്കുന്നു. നബി(സ) പ്രാര്‍ഥിക്കുകയോ ശിപാര്‍ശ നടത്തുകയോ ചെയ്തിട്ടില്ലാത്തവര്‍ അദ്ദേഹം പ്രാര്‍ഥിക്കുകയും ശിപാര്‍ശ നടത്തുകയും ചെയ്ത അന്ധന്റെ സ്ഥാനത്തല്ല.
നബി(സ) പ്രാര്‍ഥന എല്ലാ അന്ധന്‍മാരെയും ഉദ്ദേശിച്ചായിരുന്നുവെങ്കില്‍ സ്വഹാബികളിലെ അന്ധന്‍മാര്‍ക്ക് പ്രസ്തുത പ്രാര്‍ഥന നടത്തി രോഗശമനം നേടാമായിരുന്നില്ലേ? അവര്‍ അത് നടത്താതിരുന്നതില്‍ നിന്ന് ആ പ്രാര്‍ഥന അദ്ദേഹത്തിന് മാത്രമുള്ളതായിരുന്നു എന്നാണ് നാം ഗ്രഹിക്കേണ്ടത്. പില്‍ക്കാലക്കാര്‍ മനസ്സിലാക്കിയതുപോലെ, അന്ധന് കണ്ണുകാണാനായത് നബി(സ)യുടെ സത്തയെയും മഹത്ത്വത്തെയും മാധ്യമമാക്കിയതിനാലാണെങ്കില്‍ , നബി(സ)യോടൊപ്പം എല്ലാ പ്രവാചകന്‍മാരുടെയും വലിയ്യുകളുടെയും സ്വാലിഹുകളുടെയും മഹത്ത്വങ്ങളെ മാധ്യമമാക്കി ഇടതേട്ടം നടത്തുന്ന അന്ധന്‍മാര്‍ക്ക് കാഴ്ചകിട്ടേണ്ടതല്ലേ?
അന്ധന്റെ സുഖപ്രാപ്തിയെക്കുറിച്ച ഹദീസിനെ ആധാരമാക്കി, നബി(സ)യോട് മാത്രം മരണാനന്തരം ഇടതേട്ടം എന്ന് അല്‍ ഇസ്സുബ്‌നു അബ്ദിസ്സലാം അഭിപ്രായപ്പെട്ടതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഹദീസിന്റെ ആശയവും, നബി(സ)യുടെ സത്തകൊണ്ടുള്ള ഇടതേട്ടം അനുവദനീയമാണെന്നതിന് ഇത് തെളിവല്ലെന്നും നമുക്ക് വ്യക്തമായി. അല്‍ ഇസ്സുബ്‌നു അബ്ദിസ്സലാം അനുവദനീയമാണെന്നഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും വലിയൊരു പറ്റം പണ്ഡിതന്‍മാര്‍ അനുവദനീയമല്ലെന്ന അഭിപ്രായക്കാരാണ്. അദ്ദേഹത്തിന്റെ അഭിപ്രായം ശരിയാണെന്ന് സങ്കല്‍പിച്ചാല്‍ തന്നെ മറ്റു നബിമാര്‍ക്കോ സ്വാലിഹുകള്‍ക്കോ പങ്കില്ലാത്ത തദ്വിഷയകമായ സവിശേഷത മുഹമ്മദ് നബിക്ക് ഉണ്ടെന്നേ നന്നെക്കവിഞ്ഞാല്‍ വരികയുള്ളൂ. നബി(സ)യുടെ സവിശേഷത വെച്ച് മറ്റുള്ളവരെ അളക്കാവതല്ലല്ലോ.

About the author

padasalaadmin

Add Comment

Click here to post a comment

Topics