നമസ്‌കാരം-Q&A

സുബ്ഹ്, അസ്ര്‍ നമസ്‌കാരങ്ങള്‍ക്ക് ശേഷം ഉറക്കം ?

ചോ: ഞാന്‍ ഒരു മെഡിക്കല്‍ വിദ്യാര്‍ഥിയാണ്. ഉറങ്ങുന്നത് പലപ്പോഴും പുലര്‍ച്ചെ രണ്ടുമണിക്കുശേഷമാണ്. അതിനാല്‍ ക്ഷീണംകാരണം സുബ്ഹ് നമസ്‌കാരത്തിനുശേഷം വീണ്ടും ഉറങ്ങാറുണ്ട്. സുബ്ഹ് നമസ്‌കാരത്തിനുശേഷം ഉറങ്ങുന്നതിനെ സംബന്ധിച്ച് ഇസ്‌ലാമിന്റെ വിധിയെന്താണ്? അത് ഹറാമോ മക്‌റൂഹോ(വെറുക്കപ്പെട്ടത്) ആണോ?കൂടാതെ, അസ് ര്‍ നമസ്‌കാരത്തിനുശേഷമുള്ള ഉറക്കത്തെ സംബന്ധിച്ച ഇസ്‌ലാമികവിധിയെന്താണ്?

———————-

ഉത്തരം: അല്ലാഹു താങ്കളുടെ വിദ്യാഭ്യാസം ഗുണവത്തായ രീതിയില്‍ പൂര്‍ത്തിയാക്കാന്‍ അനുഗ്രഹിക്കട്ടെ. ദീനിന്റെ അധ്യാപനങ്ങള്‍ അറിയാനുള്ള ഔത്സുക്യം വര്‍ധിപ്പിച്ചുതരുമാറാകട്ടെ.

രാത്രിയിലെ പഠനത്തിനുശേഷം ക്ഷീണംതോന്നുന്നുവെങ്കില്‍ സുബ്ഹ് നമസ്‌കാരത്തിനുശേഷം ഉറങ്ങുന്നതില്‍ തെറ്റില്ല. അതേസമയം നബിയും അനുചരന്‍മാരും സുബ്ഹ് നമസ്‌കാരശേഷം ഉറങ്ങിയിരുന്നില്ല. കാരണം ആ സമയം അനുഗ്രഹത്തിന്റേതാണെന്നതുതന്നെ. രാത്രി കുത്തിയിരുന്ന് പഠിക്കുന്നതും സുബ്ഹ് നമസ്‌കാരത്തിനുശേഷം ഉറങ്ങുന്നതും അനുവദനീയമാണെങ്കിലും നേരത്തേ കിടന്നുറങ്ങി സുബ്ഹ് നമസ്‌കാരാന്തരം പഠിക്കുന്നതാണ് ഏറെയുത്തമം. പഠനത്തിന് കൂടുതല്‍ ഏകാഗ്രത കിട്ടാനും അത് സഹായിക്കും. അനുഗ്രഹം എന്നതിന്റെ വിവക്ഷ പൈസ എന്നതുമാത്രമല്ലല്ലോ. അതോടൊപ്പം അറിവും ആരോഗ്യവും അതില്‍പെട്ടതുതന്നെയാണ്. രാത്രി വൈകിയുറങ്ങുന്നതിനാല്‍ സുബ്ഹ് നഷ്ടപ്പെടുന്നത് അതിലൂടെ ഒഴിവാകുകയുംചെയ്യും.

അസ് ര്‍ നമസ്‌കാരാന്തരമുള്ള ഉറക്കത്തെ വിലക്കിക്കൊണ്ടുള്ള ആയത്തോ ഹദീഥോ ഇല്ല. അതിനാല്‍ ഉറങ്ങുന്നതിന് കുഴപ്പമില്ല.

നബിയും അനുചരന്‍മാരും പ്രഭാതനമസ്‌കാരത്തിനുശേഷം അവിടെത്തന്നെയിരുന്ന് സൂര്യനുദിക്കും വരെ കുശലം പറയുമായിരുന്നു (മുസ്‌ലിം1/463). സമ്മാക് ഇബ്‌നു ഹര്‍ബിന്റെ ഹദീഥ് ഇപ്രകാരമാണ്: ‘ഞാന്‍ ജാബിറുബ്‌നു സമുര്‍റയോട് ചോദിച്ചു: താങ്കള്‍ പ്രവാചകന്‍ തിരുമേനിയോടൊപ്പം ഇരിക്കാറുണ്ടോ ? അദ്ദേഹം പറഞ്ഞു: ‘അതെ, ചിലപ്പോഴൊക്കെ. സൂര്യനുദിക്കുംവരെ സുബ്ഹ് നമസ്‌കരിച്ചിടത്തുനിന്ന് അദ്ദേഹം എങ്ങും പോയിരുന്നില്ല. സൂര്യനുദിച്ചാല്‍ അദ്ദേഹം എഴുന്നേല്‍ക്കുമായിരുന്നു. ജാഹിലിയ്യാകാലഘട്ടത്തില്‍ സംഭവിച്ചകാര്യങ്ങള്‍ വിസ്തരിച്ചുപറഞ്ഞ് അവര്‍ അങ്ങനെയിരിക്കും. അതുകേട്ട് മന്ദസ്മിതംതൂകുകയും ചിരിക്കുകയുംചെയ്യും.’

തന്റെ സമുദായത്തെ പ്രഭാതങ്ങളില്‍ അനുഗ്രഹിക്കണമെന്നാവശ്യപ്പെട്ട് അല്ലാഹുവിന്റെ തിരുദൂതര്‍ പ്രാര്‍ഥിക്കാറുണ്ടായിരുന്നു. സഖ് ര്‍ അല്‍ ഗാമിദിയുടേതായി വന്ന ഒരു ഹദീഥില്‍ ഇപ്രകാരം കാണാം: ‘അല്ലാഹുവിന്റെ തിരുദൂതര്‍ പ്രാര്‍ഥിച്ചു’അല്ലാഹുവേ , എന്റെ സമുദായത്തെ നീ പ്രഭാതങ്ങളില്‍ അനുഗ്രഹിക്കേണമേ’. എപ്പോഴൊക്ക നബി യാത്രാസംഘത്തെയും സൈന്യത്തെയും ദൗത്യനിര്‍വഹണവുമായി അയച്ചുവോ അതെല്ലാം പ്രഭാതത്തിലായിരുന്നു’. സഖ് ര്‍ ഒരു വ്യാപാരിയായിരുന്നു. അദ്ദേഹം തന്റെ കച്ചവടസംഘത്തെ യാത്രയാക്കിയിരുന്നത് പ്രഭാതങ്ങളിലായിരുന്നു. അങ്ങനെ പ്രവര്‍ത്തിച്ചതുമൂലം അദ്ദേഹത്തിന് വളരെയധികം സമ്പത്തുണ്ടായി (അബൂദാവൂദ്,തിര്‍മിദി, ഇബ്‌നുമാജഃ).

ഈ യാഥാര്‍ഥ്യം മുന്നില്‍വെച്ചുകൊണ്ട് സലഫുകളിലൊരുവിഭാഗം സുബ്ഹ് നമസ്‌കാരശേഷം ഉറങ്ങുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. ഇബ്‌നു അബീശൈബ തന്റെ ‘മുസന്നഫ്(5/223 ിീ. 25454)’ എന്ന കൃതിയില്‍ ഇപ്രകാരം കുറിച്ചതുകാണാം.’ഉര്‍വ ഇബ്‌നുസുബൈര്‍ ഇപ്രകാരം പറയുകയുണ്ടായി: സുബൈര്‍ തന്റെ മക്കളെ പ്രഭാതവേളയില്‍ ഉറങ്ങുന്നത് വിലക്കിയിരുന്നു.’ ഉര്‍വ പറയുന്നു:’പ്രഭാതവേളയില്‍ ഉറങ്ങാറുണ്ടെന്ന് പറയാറുള്ള വ്യക്തിയോട് എനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല.’

‘അസ്‌റിനുശേഷം ഉറങ്ങുകയും പിന്നീടെഴുന്നേറ്റ ശേഷം മനസ്സിനൊരുസുഖവുമില്ല എന്നുപറയുന്നവന്‍ സ്വന്തത്തെ മാത്രം പഴിപറഞ്ഞുകൊള്ളട്ടെ’ എന്ന് തിരുവചനമുണ്ടെന്ന് പറയുന്നുണ്ട്. യഥാര്‍ഥത്തില്‍ ആ ഹദീഥ് ദുര്‍ബലമാണ്. ഹദീഥിന് നിവേദകപരമ്പരയുടെ പിന്‍ബലമില്ല. അതിനാല്‍ അസ് ര്‍ നമസ്‌കാരശേഷം ഉറങ്ങുന്നതിന് വിലക്കുകളൊന്നുമില്ല.

 

Topics