സുന്നത്ത്-Q&A

നബി(സ)ക്ക് സിഹ്ര്‍ ബാധിച്ചുവോ?

ചോദ്യം: ഞാന്‍ വിദ്യാര്‍ഥിയാണ്. കൂടുതല്‍ വിജ്ഞാനം നേടാനാഗ്രിഹിക്കുന്നു. പണ്ഡിതന്‍മാര്‍ക്ക് അര്‍ഹമായ സ്ഥാനവും ബഹുമാനവും നല്‍കുന്നു. പ്രത്യേകിച്ച്, മനുഷ്യമനസ്സുകളെ പ്രകാശിപ്പുക്കുകയും അവരില്‍ ഇസ്‌ലാമിക ബോധം വളര്‍ത്തുകയും അവര്‍ക്ക് മനക്കരുത്തുണ്ടാക്കുകയും ഇസ്‌ലാമിക സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു പരിശ്രമിക്കുകയും ചെയ്യുന്ന പണ്ഡിതന്‍മാരെ. അല്ലാമാ റശീദ് രിദാ അവരില്‍ പെട്ടയാളാണ്. അദ്ദേഹത്തെ സലഫീ ചിന്തകനായും സുന്നത്തിന്റെ പ്രതിരോധകനായും ബിദ്അത്തുകളെ എതിര്‍ക്കുന്നയാളുമായിട്ടുമാണ് ഞങ്ങള്‍ കണക്കാക്കിയിരിക്കുന്നത്. പക്ഷേ, അദ്ദഹം തന്റെ ഗുരു ശൈഖ് മുഹമ്മദ് അബ്ദുവിനെ പിന്തുടര്‍ന്ന് സ്വഹീഹുല്‍ ബുഖാരിയിലെ ഒരു ഹദീസിനെ കളവാക്കി എന്നറിയാന്‍ കഴിഞ്ഞു. ഒരു ജൂതന്‍ തിരുമേനിക്ക് മാരണം ചെയ്തു എന്ന് പറയുന്ന ഹദീസാണത്. ശൈഖ് മുഹമ്മദ് അബ്ദുവാകട്ടെ പ്രസ്തുത ഹദീസിനെ നിരാകരിക്കുന്നതില്‍ മുഅ്തസിലികളോട് യോജിക്കുകയും ചെയ്തിരിക്കുന്നു.
താങ്കളുടെ പുസ്തങ്ങള്‍ വായിച്ചതില്‍നിന്ന് താങ്കള്‍ ശൈഖ് റശീദ് രിദയില്‍ ഏറെ ആകൃഷ്ടനാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. അപ്പോള്‍ ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ നിലപാടിനെ താങ്കള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്? പ്രസ്തുത ഹദീസിനെക്കുറിച്ച് അദ്ദേഹത്തിന്റെ നിലപാട് എന്തായിരുന്നു? ബുഖാരി-മുസ്‌ലിം എന്നീ ഹദീസ് ഗ്രന്ഥങ്ങളിലെ ഹദീസ് നിരസിക്കുന്ന ഒരാളെ എങ്ങനെയാണ് നമുക്ക് ഇമാമായി അംഗീകരിക്കാന്‍ കഴിയുക? ഇക്കാര്യത്തില്‍ താങ്കളില്‍നിന്നും വിശദീകരണം പ്രതീക്ഷിക്കുന്നു.

ഉത്തരം: മാന്യ സഹോദരന്റെ അവധാനതയോടെയുള്ള അന്വേഷണത്തിനും വിജ്ഞാനം നേടാനുള്ള താല്‍പര്യത്തിനും അല്ലാഹു പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ. ”എന്റെ രക്ഷിതാവേ എനിക്ക് വിജ്ഞാനം വര്‍ധിപ്പിച്ചുതരേണമേ” എന്ന് പ്രാര്‍ഥിക്കാനാണല്ലോ അല്ലാഹു നമ്മെ പഠിപ്പിക്കുന്നത്.
താല്‍പര്യവും പ്രശംസനീയമാണ്. സമുദായത്തെ ഉറക്കില്‍നിന്നുണര്‍ത്തുകയും അവരെ ബോധവല്‍ക്കരിക്കുകയും ദീനിന്റെ നവോത്ഥാനത്തിനുവേണ്ടി പരിശ്രമിക്കുകയും ചെയ്യുന്ന പണ്ഡിതന്‍മാരാണവര്‍. ഇതൊരു നല്ല ശീലമാണ്. അദ്ദേഹം അതില്‍ ഉറച്ചുനില്‍ക്കുകയും ആ സ്വഭാവം തുടര്‍ന്നുപോവുകയും ചെയ്യട്ടെ. ദൗര്‍ഭാഗ്യമെന്നു പറയട്ടെ, ഇന്ന് അധിക ആളുകള്‍ക്കും താല്‍പര്യം ഗോപുരങ്ങള്‍ തകര്‍ക്കാനും മഹാന്‍മാരായ പണ്ഡിതന്‍മാരെയും നേതാക്കളെയും ഇകഴ്ത്തിക്കാണിക്കാനുമാണ്. അത് വളരെ കഷ്ടംതന്നെ!
അതുപോലെ, മാന്യ സഹോദരന് എന്നെക്കുറിച്ചുള്ള സദ്വിചാരത്തിനും നന്ദി. അപ്രകാരം, ശൈഖ് റശീദ് രിദായെക്കുറിച്ച് നിഷ്പക്ഷമായി അഭിപ്രായം പറയാന്‍ കഴിയേണമേ എന്നാണെന്റെ ആഗ്രഹം.
ഞാന്‍ ശൈഖ് രിദായില്‍ ഏറെ ആകൃഷ്ടനാണ് എന്ന കാര്യം നിഷേധിക്കുന്നില്ല. അദ്ദേഹം ഇസ്‌ലാമിന്റെ നവോത്ഥാന നായകരില്‍ ഒരാളും വിജ്ഞാനഗോപുരവും സ്വതന്ത്രചിന്തകനും ദീനിലെ മുജ്തഹിദുമാണെന്ന് ഞാന്‍ വിചാരിക്കുന്നു. അദ്ദേഹത്തിന്റെ ‘അല്‍മനാര്‍’ പത്രവും ഖുര്‍ആന്‍ വ്യാഖ്യാനവും മറ്റു ഗ്രന്ഥങ്ങളും ഫത്‌വകളും മുഖേന മുസ്‌ലിം സമുദായത്തെ, അതിന്റെ ഉറക്കില്‍നിന്ന് ഉണര്‍ത്താനും അന്ധമായ അനുകരണസ്വഭാവത്തില്‍നിന്ന് മോചിപ്പിക്കാനും ഖുര്‍ആന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ പൂര്‍വഗാമികളുടെ ചര്യയനുസരിച്ച് പ്രവര്‍ത്തിക്കാനും ആഹ്വാനം നല്‍കി. അന്ധവിശ്വാസങ്ങളില്‍നിന്ന് സമുദായത്തെ മോചിപ്പിക്കുകയും ചെയ്തു. എന്നിട്ട്, യഥാര്‍ഥ ഇസ്‌ലാമിലേക്ക് പ്രബോധനം ചെയ്തു. ഇസ്‌ലാം, വിശ്വാസവും കര്‍മവും നാഗരികതയുമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
അദ്ദേഹം സലഫീ രീതി സ്വീകരിച്ചവരുടെ മുന്‍പന്തിയിലാണുണ്ടായിരുന്നത്. പ്രവാചക ചര്യയുടെ സഹായിയുമാണ്. അദ്ദേഹം സലഫീ അധ്യാപനം പ്രചരിപ്പിച്ചു. ബുദ്ധിയും പ്രമാണവുംകൊണ്ട് സലഫീ ചിന്തയെ സഹായിച്ചുപോന്നു. പ്രമാണങ്ങളുടെ വെളിച്ചത്തില്‍ ആധുനിക ചിന്താഗതിയോട് സംവാദം നടത്തി. എതിരാളികളുടെ സംശയങ്ങള്‍ ദൂരീകരിച്ചു. എന്നിട്ട്, ഇസ്‌ലാമിലേക്ക് സമ്പൂര്‍ണമായും ഉത്തമമായ മാര്‍ഗത്തിലും പ്രബോധനം ചെയ്തു.
ഇതിന്റെ അര്‍ഥം, ശൈഖ് റശീദ് രിദാ എല്ലാ ന്യൂനതകളില്‍നിന്നും മുക്തനാണ് എന്നോ, അദ്ദേഹം ഒരു തെറ്റും പറ്റാത്ത പാപസുരക്ഷിതത്വമുള്ള വ്യക്തിയാണെന്നോ ഒന്നുമല്ല. അദ്ദേഹം തന്നെക്കുറിച്ച് ധരിച്ചിട്ടുമുണ്ടാകില്ല.

ഹദീസിന്റെ മൂലവാക്യവും അതിന്റെ വ്യാഖ്യാനവും

ബുഖാരിയില്‍ ഉദ്ധരിച്ചതുപോലെ നമുക്ക് ഹദീസിന്റെ മൂലവാക്യവും അതിന്റെ വ്യാഖ്യാനങ്ങളും ശ്രദ്ധിക്കാം. എന്നിട്ട്, ശൈഖ് റശീദ് രിദാ സ്വന്തം തൂലികയില്‍ സൂറത്തുല്‍ ഫലഖിന്റെ വ്യാഖ്യാനമായി എഴുതിയ അഭിപ്രായവും അദ്ദേഹം ബുഖാരിയിലെ ഹദീസ് നിഷേധിച്ചുവെന്ന് വാദിക്കുന്നവര്‍ക്ക് നല്‍കിയ മറുപടിയും കാണാം. 
ഇമാം മുഹമ്മദ്ബ്ന്‍ ഇസ്മാഈലുല്‍ ബുഖാരി റിപ്പോര്‍ട്ടുചെയ്യുന്നു. ആഇശ പറയുന്നു: ''ബനൂ സുറൈഖ് ഗോത്രക്കാരനായ ഒരാള്‍ നബിതിരുമേനിക്ക് സിഹ്ര്‍ ചെയ്തു. ലബിദ് ബിന്‍ അഅ്‌സം എന്നാണ് അയാളുടെ പേര്. അങ്ങനെ തിരുമേനിക്ക് ഒരു കാര്യം ചെയ്തു എന്നു തോന്നും പക്ഷേ, അത് ചെയ്തിട്ടുണ്ടാവുകയില്ല. ഒരു ദിവസം തിരുമേനി എന്റെ അടുത്തായിരുന്നു. അങ്ങനെ തിരുമേനി പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. എന്നിട്ട് തിരുമേനി പറഞ്ഞു: 'ആഇശാ, ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചതിന് അവന്‍ എനിക്ക് ഉത്തരം നല്‍കിയിരിക്കുന്നു! എന്റെ അടുക്കല്‍ രണ്ടാളുകള്‍ വന്നു. അവരില്‍ ഒരാള്‍ തലഭാഗത്തും മറ്റേയാള്‍ എന്റെ കാല്‍ഭാഗത്തുമിരുന്നു.' അവരില്‍ ഒരാള്‍ ചോദിച്ചു: 'ഇദ്ദേഹത്തിനെന്താണ് ബുദ്ധിമുട്ടുണ്ടായിരിക്കുന്നത്?' അപരന്‍ പറഞ്ഞു: 'ഇദ്ദേഹത്തിന് സിഹ്ര്‍ ബാധിച്ചിരിക്കുന്നു.' ആദ്യത്തെയാള്‍ ചോദിച്ചു: 'ആരാണ് സിഹ്ര്‍ ചെയ്തത്?' മറ്റെയാള്‍ : 'ലബിദുബ്‌നു അഅ്‌സ്വം' ആദ്യത്തെയാള്‍: 'എന്തുവസ്തുവിലാണ് സിഹ്ര്‍ ചെയ്തിരിക്കുന്നത്?'മറ്റെയാള്‍ പറഞ്ഞു: 'ചീര്‍പ്പിലും (ചീര്‍പ്പുകൊണ്ട് ചീകുമ്പോള്‍ കൊഴിഞ്ഞു വിഴുന്ന) മുടിയിലും ഈത്തപ്പനയുടെ ഉണങ്ങിയ കൊതുമ്പിലും' ആദ്യയാള്‍ ചോദിച്ചു: 'അത് എവിടെയാണ്' മറ്റെയാള്‍ പറഞ്ഞു: 'അത് ദര്‍വാന്‍ ഗോത്രക്കാരുടെ കിണറ്റിലാണ്.' അങ്ങനെ തിരുമേനി ചില അനുചരന്‍മാരെയും കൂട്ടി. അവിടേക്ക് പോയി. തിരുമേനി പറഞ്ഞു: ''ആഇശാ, അതിലെ വെള്ളം മൈലാഞ്ചി കലക്കിയതുപോലെയുണ്ട്; അതിലെ ഈത്തപ്പനക്കൊതുമ്പിന്റെ തലപ്പ് പിശാചിന്റെ തലപോലെയുണ്ട്; ആഇശ ചോദിച്ചു: 'പ്രാവചകരേ, താങ്കള്‍ അത് പുറത്തെടുത്തില്ലേ?' തിരുമേനി പറഞ്ഞു: 'അല്ലാഹു എനിക്ക് ആശ്വാസം നല്‍കി. ഇനി അതിന്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ കുഴപ്പമുണ്ടാകുന്നത് ഞാന്‍ ഭയപ്പെട്ടു. അങ്ങനെ അതെടുത്ത് കുഴിച്ചുമൂടി.''
ഹാഫിസ് ഇബ്‌നു ഹജര്‍ ഈ ഹദീസിന്റെ വ്യാഖ്യാനത്തില്‍ പറയുന്നു: സിഹ്ര്‍ എന്നത് താഴെ പറയുന്ന രീതികളില്‍ പ്രയോഗിക്കും.

ഒന്ന്: ലഘുവായ ഒരു കാര്യം കുട്ടിയെ പരിപാലിക്കുന്ന സ്ത്രീ കുട്ടിക്ക് സിഹ്ര്‍ ചെയ്തു എന്നു പറഞ്ഞാല്‍, കുട്ടിയെ വശീകരിച്ചു എന്നാണര്‍ഥം. ഏതെങ്കിലും വസ്തുവിനെ വശീകരിച്ചാല്‍ അതിനെ സിഹ്ര്‍ ചെയ്തു എന്ന് പറയും. ഖുര്‍ആനില്‍ ഇങ്ങനെ കാണാം: ”ഞങ്ങള്‍ മാരണം ചെയ്യപ്പെട്ട ആളുകളാണ്.” (അല്‍ഹിജ്ര്‍: 15) അഥവാ, ഞങ്ങള്‍ക്ക് കാര്യം ഗ്രഹിക്കാന്‍ കഴിയുന്നില്ല എന്ന് സാരം. ”സാഹിത്യത്തിന് ഒരു വശ്യശക്തി(സിഹ്‌റ്)യുണ്ട്.”എന്ന് ഹദീസില്‍ വന്നിട്ടുണ്ട്.
രണ്ട്: യാഥാര്‍ഥ്യമില്ലാതെ വഞ്ചനകൊണ്ടും തോന്നലുകള്‍ കൊണ്ടും സംഭവിക്കുന്നത്. ഉദാ: മാരണം ചെയ്യുമ്പോള്‍ കൈയടക്കം കൊണ്ട് ചെയ്യുന്ന കണ്‍കെട്ട് വിദ്യ. അല്ലാഹു പറയുന്നു: ”അവരുടെ ജാലവിദ്യ നിമിത്തം അവരുടെ കയറുകളും വടികളുമെല്ലാം ഓടുകയാണെന്ന് അദ്ദേഹത്തിന് തോന്നുന്നു.” (ത്വാഹാ: 66). മറ്റൊരിടത്ത് പറയുന്നു: ”അവര്‍ ആളുകളുടെ കണ്‍കെട്ടി വശീകരിച്ചു” (അല്‍ അഅ്‌റാഫ്: 116). ഇവിടെവെച്ച് അവര്‍ മൂസാനബിയെ മാരണക്കാരന്‍ എന്നു വിളിച്ചു. ചിലപ്പോള്‍ ഈ ആവശ്യത്തിനായി ഇരുമ്പിനെ ആകര്‍ഷിക്കുന്ന കാന്തം ഉപയോഗിക്കാറുണ്ട്.
മൂന്ന്: പിശാചിന്റെ സഹായത്തോടുകൂടി സാധിക്കുന്നത്. അത് അവരുമായുള്ള അടുപ്പം കൊണ്ട് നേടിയെടുക്കുന്നതാണ്. അല്ലാഹു പറയുന്നു: ”എന്നാല്‍ ജനങ്ങള്‍ക്ക് മാരണം പഠിപ്പിച്ചുകൊടുത്തുകൊണ്ട് പിശാചുക്കളാണ് ദൈവനിഷേധത്തിലേര്‍പ്പെട്ടത്.” (അല്‍ബഖറ: 102)
നാല്: നക്ഷത്രങ്ങളോട് സംവദിച്ചുകൊണ്ടും (അവരുടെ വാദമനുസരിച്ച്)അതിന്റെ ചൈതന്യം ആവാഹിച്ചുകൊണ്ടും.
ഇബ്‌നു ഹസം പറയുന്നു: ”ചിലത് മന്ത്രം കൊണ്ട് സാധിക്കുന്നതുണ്ട്. ചിലര്‍ ഈ അവസാനം പറഞ്ഞ രണ്ടുംകൂടി സംയോജിപ്പിക്കും. അഥവാ, പിശാചിന്റെ സഹായവും നക്ഷത്രങ്ങളോട് സംവദിക്കലും. അവരുടെ വാദപ്രകാരം ഇത് ഏറ്റവും ശക്തിയേറിയ വിദ്യയാണ്.”
അബൂബകര്‍ റാസി പറയുന്നു: ”ബാബിലോണിയക്കാര്‍ മതത്തില്‍നിന്ന് വ്യതിചലിച്ചവരായിരുന്നു. അവര്‍ സപ്ത നക്ഷത്രങ്ങളെ ആരാധിക്കുകയും അവയെ ദേവന്‍മാരെന്ന് വിളിക്കുകയും ചെയ്തു. ഭൂമിയില്‍ നടക്കുന്ന എല്ലാ കാര്യങ്ങളുടെയും പിന്നിലെ ചാലകശക്തി അവയാണെന്ന് അവര്‍ വിശ്വസിച്ചു. അവര്‍ അവയുടെ പേരില്‍ ബിംബങ്ങളുണ്ടാക്കി. അവയില്‍ ഓരോന്നിനും ഓരോ ക്ഷേത്രങ്ങളും അവയില്‍ പ്രതിഷ്ഠകളുമുണ്ടാക്കി ആരാധിച്ചുപോന്നു. അവരിലേക്കാണ് മഹാനായ ഇബ്രാഹീം നബി നിയോഗിതനായത്. അവരുടെ വിദ്യാഭ്യാസം നക്ഷത്രങ്ങളെക്കുറിച്ച പഠനമായിരുന്നു. അതോടൊപ്പം അവരിലെ മാരണക്കാര്‍ സിഹ്ര്‍ ചെയ്യുകയും അവ നക്ഷത്രങ്ങളുടെ പ്രവര്‍ത്തനമാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. തങ്ങളുടെ ദുര്‍വൃത്തി പുറത്തറിയാതിരിക്കാന്‍ വേണ്ടിയായിരുന്നു അത്.”
കൂടാതെ മാരണക്കാരന്റെ പ്രവര്‍ത്തിയെക്കുറിച്ചും സിഹ്ര്‍ എന്ന് പറയും. അത് ചിലപ്പോള്‍ മന്ത്രം പോലെ ഒരു ആശയമായിരിക്കും. ചിലപ്പോള്‍ ചില വസ്തുക്കളായിരിക്കും. ഉദാഹരണത്തിന് സിഹ്ര്‍ ചെയ്യപ്പെടുന്നയാളുടെ ആള്‍രൂപം ഉണ്ടാക്കുക. ചിലപ്പോള്‍ ആശയവും വസ്തുവും ഒന്നിച്ചു ചേര്‍ക്കും. അതാണത്രേ കൂടുതല്‍ ശക്തിയുള്ളത്.
സിഹ്ര്‍ ഫലിക്കുന്നതിനെക്കുറിച്ചും അഭിപ്രായവ്യത്യാസമുണ്ട്. അത് യാഥാര്‍ഥ്യമല്ല. വെറും തോന്നലാണ്. എന്നു പറയുന്നവരുണ്ട്. അതാണ് ശാഫിഈ മദ്ഹബുകാരനായ അബൂജഅ്ഫര്‍ അല്‍ ഉസ്തര്‍ബാദിയുടെയും ഹനഫീമദ്ഹബുകാരനായ അബൂബകര്‍ റാസിയുടെയും ളാഹിരി മദ്ഹബുകാരനായ ഇബ്‌നുഹസമിന്റെയും അഭിപ്രായം.
ഇമാം നവവി പറഞ്ഞിരിക്കുന്നു: ”ശരിയായ അഭിപ്രായം സിഹ്‌റിന് യാഥാര്‍ഥ്യമുണ്ട് എന്നതാണ്. ബഹുഭൂരിപക്ഷത്തിന്റെയും അഭിപ്രായം അതാണ്. ഖുര്‍ആനും സുന്നത്തും വ്യക്തമാക്കുന്നതും അതാണ്. പക്ഷേ, സിഹ്ര്‍കൊണ്ട് വസ്തുവില്‍ വല്ല പരിവര്‍ത്തനവും സംഭവിക്കുമോ ഇല്ലേ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. സിഹ്‌റിന് ഒരു വസ്തുവിന്റെ രൂപം മാറ്റാനും മനുഷ്യന് രോഗമുണ്ടാക്കാനും കഴിയുമോ? അല്ലെങ്കില്‍ ഖരവസ്തുവിനെ ജീവനുള്ളതാക്കാനും മറിച്ചും സാധിക്കുമോ?
ഭൂരിപക്ഷത്തിന്റേയും അഭിപ്രായം ആദ്യത്തേതാണ്. ഒരു ന്യൂനപക്ഷം രണ്ടാമത്തെ അഭിപ്രായക്കാരുണ്ട്. അത് ദൈവിക നിശ്ചയമനുസരിച്ച് നടക്കുന്നു എന്ന് വെക്കുകയാണെങ്കില്‍ അംഗീകരിക്കപ്പെടണം. ഇനി, അത് യാഥാര്‍ഥ്യമായി സംഭവിക്കുന്നതാണ് എന്നു വെച്ചാല്‍ അതില്‍ അഭിപ്രായഭിന്നതയുണ്ട്.”
ഖത്താബി പറയുന്നു: ”ചിലര്‍ സിഹ്‌റിനെ നിരുപാധികം നിരാകരിച്ചിരിക്കുന്നു. അത് കേവലം തോന്നലുകള്‍ മാത്രമാണ്. എന്ന അഭിപ്രായമാണ് അവര്‍ പരിഗണിച്ചിരിക്കുന്നത്.”
മസൂരി പറയുന്നു: ”ഭൂരിപക്ഷം പണ്ഡിതന്‍മാരും സിഹ്‌റിന് യാഥാര്‍ഥ്യമുണ്ടെന്ന് അഭിപ്രായപ്പെടുന്നവരാണ്. ചിലര്‍ അതിന്റെ വസ്തുതയെ ചോദ്യം ചെയ്തിരിക്കുന്നു. കേവലം തോന്നലുകള്‍ മാത്രമാണ് ഉണ്ടാവുക എന്ന അഭിപ്രായത്തെ തള്ളിക്കളയുകയും ചെയ്തിരിക്കുന്നു. സിഹ്ര്‍ ചെയ്യുന്നയാള്‍ ചില വാക്കുകള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍, അല്ലെങ്കില്‍ ചില വസ്തുക്കള്‍ ചില പ്രത്യേകരീതിയില്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ ചില സംഗതികള്‍ ഉണ്ടായിത്തീരും എന്ന് ബുദ്ധി സമ്മതിക്കും. വിദഗ്ധരായ ഭിഷഗ്വരന്‍മാര്‍ ചില മരുന്നുകള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഉപദ്രവകാരികളായ പദാര്‍ഥങ്ങള്‍പോലും ഉപകാരപ്രദമായി മാറുന്നത് കാണാറുണ്ട്.”
ഖുര്‍ആനില്‍ പറഞ്ഞ ”മനുഷ്യനെയും അവന്റെ ഇണയുടെയും ഇടയില്‍ അവര്‍ വേര്‍പ്പെടുത്തുന്നു” (അല്‍ബഖറ: 102) എന്നതില്‍ കവിഞ്ഞ് സിഹ്‌റിന് പ്രത്യേകമായ സ്വാധീനം ചെലുത്താന്‍ കഴിയുകയില്ല എന്ന് പറയുന്നവരുണ്ട്. അതില്‍കൂടുതല്‍ സംഭവിക്കുമായിരുന്നെങ്കില്‍ ഖുര്‍ആന്‍ അത് പറയുമായിരുന്നു എന്നാണവരുടെ വാദം.
മാസൂരി പറയുന്നു: ”ഇതിലും കൂടുതല്‍ സംഭവിക്കാന്‍ സാധ്യതയുണ്ട് എന്ന് ബുദ്ധി നമ്മോട് പറയുന്നു.” അദ്ദേഹം തുടരുന്നു: മേല്‍പറഞ്ഞ സൂക്തം അതിലും കൂടുതല്‍ സംഭവിച്ചുകൂടാ എന്ന് ഖണ്ഡിതമായി പറയുന്നില്ല. അതില്‍ പ്രകടമായ കാര്യം അതാണെന്ന് മാത്രം.”
സിഹ്‌റിന്റെയും കറാമത്തിന്റെയും ഇടയിലുള്ള വ്യത്യാസം സിഹ്ര്‍ എന്നാല്‍, അത് നിഗൂഢമായ ചില വാക്കുകളുടെയും പ്രവൃത്തികളുടെയും സംയോജന ഫലമായി, മാരണം ചെയ്യുന്നയാള്‍ക്ക് താന്‍ ഉദ്ദേശിച്ച കാര്യം ചെയ്യാന്‍ സാധിക്കുന്നു എന്നതാണ്. എന്നാല്‍ കറാമത്ത് അങ്ങനെയല്ല. അത് മിക്കപ്പോഴും യാദൃശ്ചികമായി ഒത്തുവരുന്നതായിരിക്കും.
നവവി റൗദയുടെ അനുബന്ധത്തില്‍ മുത്തവല്ലിയെ ഉദ്ധരിച്ചുകൊണ്ടു പറയുന്നു: ”ഒരാള്‍ അസാധാരണമായ പ്രവൃത്തി ചെയ്യുമ്പോള്‍ അയാളുടെ അവസ്ഥ പരിഗണിക്കണം. അയാള്‍ ശരീഅത്തിനെ മുറുകെപ്പിടിക്കുന്നവനും പാപങ്ങള്‍ ചെയ്യാത്തവനുമാണെങ്കില്‍, അയാള്‍ മുഖേന സംഭവിക്കുന്ന അസാധാരണ സംഭവങ്ങള്‍ കറാമത്താകുന്നു. അല്ലെങ്കില്‍ അത് സിഹ്‌റുമാണ്. കാരണം, അത് പിശാച് സേവകൊണ്ടും മറ്റും സാധിക്കുന്നതാണ്.
ഖുര്‍ത്തുബി പറയുന്നു: ”സിഹ്ര്‍ എന്നാല്‍ അതൊരു കായിക തന്ത്രമാണ്. അത് പരിശ്രമിച്ചു നേടാനാവും. പക്ഷേ, അതിന്റെ സൂക്ഷ്മസ്വഭാവം കാരണം എല്ലാവര്‍ക്കും അതിന് സാധിക്കുകയില്ല. അതിന്റെ രീതി പ്രത്യേക വസ്തുക്കളും മന്ത്രങ്ങളും പ്രത്യേക രീതിയില്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കുന്നതാണ്. അതില്‍ അധികവും യാഥാര്‍ഥ്യമില്ലാത്ത തോന്നലുകളാണ്. അപ്പോള്‍ അതിനെക്കുറിച്ച് അജ്ഞരായവര്‍ക്ക് അത് മഹാ സംഭവമായിത്തോന്നും. ഫിര്‍ഔന്‍ ഹാജരാക്കിയ മാരണക്കാരെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: ”അവര്‍ ഒരു വമ്പിച്ച ജാലവിദ്യയാണ് കൊണ്ടുവന്നത്.” (അല്‍അഅ്‌റാഫ്: 116)
അവരുടെ വടികളും കയറുകളും അവയുടെ യഥാര്‍ഥ അവസ്ഥയില്‍നിന്നു മാറിയിട്ടുണ്ടായിരുന്നില്ല. വാസ്തവം പറഞ്ഞാല്‍ ചില സിഹ്‌റുകള്‍ക്ക് ഹൃദയത്തില്‍ പ്രേമം, കോപം എന്നീ വികാരങ്ങളുണ്ടാക്കാനും ശരീരത്തില്‍ ചില വേദനകളും രോഗങ്ങളും ഉണ്ടാക്കാനും കഴിയും. പിന്നെ, നിരാകരിക്കേണ്ട കാര്യം, സിഹ്‌റ് മൂലം ഖരവസ്തു ജീവനുള്ളതായി മാറുകയും ജീവനുള്ളവ ഖരവസ്തുവായി മാറുകയും ചെയ്യുക തുടങ്ങിയവയാണ്.”
ഹദീസില്‍ വന്ന, നബിയെ ബനൂ സുറൈഖ് ഗോത്രക്കാരനായ ലബീദുബ്‌നുല്‍ അഅ്‌സ്വം സിഹ്ര്‍ ചെയ്തു എന്നത് മുസ്‌ലിമില്‍ ഇപ്രകാരമാണ്: ”നബിയെ ബനൂ സുറൈഖ് ഗോത്രക്കാരനായ ഒരു ജൂതന്‍ സിഹ്ര്‍ ചെയ്തു.”
മറ്റൊരു നിവേദനത്തില്‍ ഇപ്രകാരം വന്നിരിക്കുന്നു: ‘ജൂതന്‍മാരുമായി സഖ്യത്തിലുള്ള സുറൈഖ് ഗോത്രക്കാരന്‍ സിഹ്ര്‍ ചെയ്തു; അവന്‍ കപട വിശ്വാസിയായിരുന്നു.’ അപ്പോള്‍ ഈ രണ്ടു ഹദീസുകള്‍ക്കിടയില്‍ ഇങ്ങനെ സംയോജിപ്പിക്കാം: ജൂതന്‍ എന്നു പറഞ്ഞത് അവന്റെ യഥാര്‍ഥ അവസ്ഥയെക്കുറിച്ചാണ്. കപടവിശ്വാസി എന്നു പറഞ്ഞത് അവന്റെ ബാഹ്യരൂപം പരിഗണിച്ചിട്ടും.
ഹദീസിലെ ഒരു കാര്യം ചെയ്തു എന്ന് നബിക്ക് തോന്നും, പക്ഷേ, അത് ചെയ്തിട്ടുണ്ടാവുകയില്ല’ എന്നപ്രസ്താവനയെക്കുറിച്ച് മാസൂരി പറയുന്നു: ”ചില പുത്തന്‍വാദികള്‍ ഈ ഹദീസിനെ നിരാകരിച്ചിരിക്കുന്നു. കാരണം, അത് തിരുമേനിയുടെ പ്രവാചകത്വ പദവിക്ക് നിരക്കാത്തതും അതില്‍ സംശയം ജനിപ്പിക്കുന്ന കാര്യവുമാണ് എന്നാണവരുടെ പക്ഷം. അവരുടെ അഭിപ്രായത്തില്‍ ഇത്തരം കാര്യങ്ങളിലേക്ക് നയിക്കുന്ന എല്ലാ കാര്യവും തള്ളപ്പെടേണ്ടതാണ്. ഇത് ശരീഅത്തിനെക്കുറിച്ച വിശ്വാസ്യത നഷ്ടപ്പെടുത്തും. ഇങ്ങനെയാവുമ്പോള്‍ തിരുമേനി ജിബ്‌രീലിനെ കണ്ടു എന്ന് തോന്നും, പക്ഷേ, അദ്ദേഹം കണ്ടിട്ടുണ്ടാവുകയില്ല. അദ്ദേഹത്തിന് വഹ്‌യ് കിട്ടി എന്നു തോന്നും പക്ഷേ, കിട്ടിയിട്ടുണ്ടാവുകയില്ല.”
മാസൂരി തുടരുന്നു: ”ഇവയെല്ലാം തള്ളപ്പെടേണ്ടതാണ്. കാരണം, തിരുമേനിയുടെ സത്യസന്ധതയും അദ്ദേഹം പാപസുരക്ഷിതനാണ് എന്നതുമെല്ലാം പ്രമാണങ്ങള്‍കൊണ്ട് തെളിയിക്കപ്പെട്ടതാണ്. മുഅ്ജിസത്തുകളും ഉണ്ടായിട്ടുണ്ട്. അപ്പോള്‍ പ്രമാണത്തിനെതിരില്‍ വന്ന കാര്യങ്ങള്‍ തള്ളപ്പെടേണ്ടതാണ്. എന്നാല്‍ ചില ഭൗതിക കാര്യങ്ങള്‍(അത് പ്രവാചകത്വത്തിന്റെ വിഷയമല്ല)സാധാരണ മനുഷ്യര്‍ക്ക് സംഭവിക്കുന്നതുപോലെ തിരുമേനിക്കും സംഭവിച്ചേക്കാം. രോഗം ബാധിക്കുന്നതുപോലെ. അപ്പോള്‍ ഭൗതികവും അയഥാര്‍ഥവുമായ ഒരു കാര്യം അദ്ദേഹത്തിന് തോന്നുക എന്നത് അത്ര അസംഭവ്യമൊന്നുമല്ല. എന്നാല്‍, ദീന്‍ കാര്യങ്ങളില്‍ അദ്ദഹം വ്യതിയാനങ്ങളില്‍നിന്നൊക്കെ സുരക്ഷിതനുമാണ്.
ചിലര്‍ പറയുന്നു: ”ഈ ഹദീസ് കൊണ്ടുള്ള ഉദ്ദേശ്യം, തന്റെ ഭാര്യമാരുമായി സംഭോഗം നടത്തി എന്ന് തിരുമേനിക്ക് തോന്നും; പക്ഷേ, അങ്ങനെ സംഭവിച്ചിട്ടുണ്ടാവുകയില്ല എന്നാണ്.” ഇത് സാധാരണ മനുഷ്യര്‍ക്ക് ഉറക്കത്തില്‍ സംഭവിക്കുന്നതാണല്ലോ. അപ്പോള്‍ അപ്രകാരം ഉണര്‍വിലും തോന്നുക എന്നത് അത്ര വിദൂരമൊന്നുമല്ല.”
ഇയാദ് പറയുന്നു: ”സിഹ്ര്‍ ബാധിച്ചത് തിരുമേനിയുടെ ശരീരത്തെയാണ്; അല്ലാതെ അദ്ദേഹത്തിന്റെ ബുദ്ധിയെയും വിവേചന ശക്തിയെയുമല്ല.”
സിഹ്ര്‍ ബാധിച്ചപ്പോള്‍ ലബീദിന്റെ സഹോദരി പറഞ്ഞു: ”അദ്ദേഹം നബിയാണെങ്കില്‍ അദ്ദേഹത്തിന് വിവരം ലഭിക്കും. അല്ലെങ്കില്‍ സിഹ്ര്‍ മുഖേന അയാളുടെ ബുദ്ധി നശിക്കും.” അപ്പോള്‍ ആദ്യം പറഞ്ഞത് സംഭവിച്ചു എന്നാണ് സ്വഹീഹായ ഹദീസില്‍നിന്ന് മനസ്സിലാവുന്നത്.
ചില പണ്ഡിതന്‍മാര്‍ പറഞ്ഞു: ”താന്‍ ഒരു കാര്യം ചെയ്തു എന്ന് തോന്നുകയും അത് ചെയ്തിട്ടുമില്ലെങ്കില്‍ ക്രിയ ചെയ്തു എന്നുറപ്പിച്ചു എന്നല്ല, മറിച്ച് അത് ഒരുതരം തോന്നല്‍ മാത്രമാണ്.”
ഇയാദ് പറയുന്നു: ”മേല്‍പറഞ്ഞ തോന്നല്‍കൊണ്ടുള്ള ഉദ്ദേശ്യം, തിരുമേനിക്ക് പതിവനുസരിച്ച് ഭാര്യമാരുമായി സംഭോഗത്തില്‍ ഏര്‍പ്പെടാന്‍ തോന്നും. പക്ഷേ, ഭാര്യയുമായി അടുക്കുമ്പോള്‍ അതിന് സാധിക്കുകയില്ല എന്നാണ്. സാധാരണ സിഹ്ര്‍ ബാധിച്ചവര്‍ക്ക് സംഭവിക്കുന്നതുപോലെ.”
മുല്‍ഹിബ് പറയുന്നു: ”തിരുമേനി പിശാചുക്കളില്‍നിന്ന് സുരക്ഷിതനാണ് എന്ന് പറഞ്ഞതിനര്‍ഥം, അദ്ദേഹം പിശാചുക്കളുടെ ചതിയില്‍ പെടുകയില്ല എന്നൊന്നുമല്ല. ഒരിക്കല്‍ തിരുമേനി നമസ്‌കരിച്ചുകൊണ്ടിരിക്കെ പിശാച് തിരുമേനിയുടെ നമസ്‌കാരം ശല്യപ്പെടുത്താന്‍ വരുകയും അല്ലാഹുവിന്റെ സഹായത്തോടെ തിരുമേനി അതില്‍നിന്ന് രക്ഷപ്പെടുകയും ചെയ്തു എന്ന് സ്വഹീഹില്‍ വന്നിട്ടുണ്ട്. അപ്രകാരംതന്നെ അദ്ദേഹത്തിന് സിഹ്ര്‍ ബാധിച്ചത് കാരണമായി ചില അസ്വസ്ഥതകള്‍ നേരിടുകയുണ്ടായി. അത് പ്രബോധനപ്രവര്‍ത്തനങ്ങളെ എതിരായി ബാധിക്കുന്ന തരത്തിലുള്ളതായിരുന്നില്ല; സംസാരിക്കാന്‍ പ്രയാസമുണ്ടാവുക, ചില പ്രവര്‍ത്തികള്‍ ചെയ്യാന്‍ സാധിക്കാതെ വരിക, താല്‍ക്കാലികമായ ചില തോന്നലുകള്‍ ഉണ്ടാവുക തുടങ്ങിയ ചില രോഗങ്ങള്‍ ഉണ്ടാകുന്നതുപോലെ മാത്രം. പക്ഷേ, അതൊക്കെ നീങ്ങിപ്പോകും. പിശാചിന്റെ കുതന്ത്രങ്ങളെ അല്ലാഹു പരാചയപ്പെടുത്തും.”
ഇബ്‌നുല്‍ഖസാര്‍ പറയുന്നു: ”തിരുമേനിക്ക് ബാധിച്ചത് ഒരുതരം രോഗമായിരുന്നു. ഹദീസിന്റെ അവസാനത്തില്‍ തിരുമേനി പറയുന്നുണ്ട്. ‘എനിക്ക് അല്ലാഹു ശമനം നല്‍കി’ എന്ന്.
ഇബ്‌നു അബ്ബാസ്(റ) നിവേദനം ചെയ്ത ഹദീസില്‍ ഇപ്രകാരം കാണാം: തിരുമേനിക്ക് രോഗമായി. തിരുമേനി സ്ത്രീ, ഭക്ഷണം, പാനീയം ഒന്നും ഉപയോഗിക്കാതെയായി. അപ്പോള്‍ തിരുമേനിയുടെ മേല്‍ രണ്ടു മലക്കുകള്‍ ഇറങ്ങി.”
ഇബ്‌നുഹജര്‍ പറയുന്നു: ”ഈ സംഭവത്തില്‍ തിരുമേനി പ്രാര്‍ഥനയുടെയും ചികിത്സയുടെയും രണ്ട് പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിച്ചു. ആദ്യമായി, തിരുമേനി തന്റെ പ്രയാസം അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചു. തനിക്കേല്‍ക്കേണ്ടിവന്ന പരീക്ഷണത്തില്‍ പ്രതിഫലം ആഗ്രഹിച്ചു. അസുഖം ഭേദമാകാതെ വരുകയും അത് തന്റെ ഇബാദത്തിനെ ബാധിക്കുമെന്ന് തോന്നുകയും ചെയ്തപ്പോള്‍ അവിടുന്ന് ചികിത്സയുടെയും മരുന്നിന്റെയും മാര്‍ഗത്തിലേക്കും, തുടര്‍ന്നു പ്രാര്‍ഥനയിലേക്കും തിരിഞ്ഞു. രണ്ടും അതിന്റെ പൂര്‍ണരൂപത്തില്‍ ചെയ്തുകൊണ്ടിരുന്നു.
ആഇശ(റ) തിരുമേനിയോട്, താങ്കള്‍ അത് പുറത്തെടുത്തില്ലേ എന്ന് ചോദിച്ചപ്പോള്‍, തിരുമേനി ഇല്ല എന്ന് മറുപടി പറഞ്ഞു. ഇബ്‌നു ഉയൈനയുടെ റിപ്പോര്‍ട്ടില്‍ തിരുമേനി അത് പുറത്തെടുത്തു എന്നാണുള്ളത്.
ഇമാം നവവി പറയുന്നു: ”അത് പുറത്തെടുത്താല്‍ മുസ്‌ലിംകള്‍ക്കിടയില്‍ കുഴപ്പം ഉണ്ടാകും എന്ന് തിരുമേനി ഭയപ്പെട്ടു. അഥവാ, അവര്‍ സിഹ്‌റിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കും; അത് പഠിക്കാന്‍ തുടങ്ങുകയും ചെയ്യും. സിഹ്ര്‍ ചെയ്ത ലബീദിനെതിരില്‍ തിരിയാനും കാരണമാകും.”
ആഇശ(റ)യില്‍നിന്നുള്ള റിപ്പോര്‍ട്ടില്‍ ഇപ്രകാരം കാണാം: ”തിരുമേനി ചോദിക്കപ്പെട്ടു. പ്രവാചകരേ, താങ്കള്‍ക്ക് അവരെ കൊല്ലാമായിരുന്നില്ലേ? അപ്പോള്‍ തിരുമേനി പറഞ്ഞു: ”അല്ലാഹുവിന്റെ ശിക്ഷ അതിലുമേറെ കഠിനമാണല്ലോ!”
അംറയുടെ റിപ്പോര്‍ട്ടില്‍ ഇപ്രകാരം കാണാം: ”അങ്ങനെ തിരുമേനി അയാളെ പിടികൂടി. ചോദ്യം ചെയ്തപ്പോള്‍ അയാള്‍ കുറ്റം സമ്മതിച്ചു. അപ്പോള്‍ തിരുമേനി അയാള്‍ക്ക് മാപ്പു കൊടുത്തു.”
സൈദുബ്‌നുല്‍ അര്‍ഖമിന്റെ റിപ്പോര്‍ട്ടില്‍ ഇപ്രകാരം കാണാം: ”തിരുമേനി ആ ജൂതനോട് ഒന്നും സംസാരിക്കുകയുണ്ടായില്ല. അവന്റെ മുഖത്ത് നോക്കുകയും ചെയ്ചതില്ല.”
അംറുബ്‌നുല്‍ ഹകമിന്റെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: ”ലബീദിനോട്, നിന്നെ ഇതിനു പ്രേരിപ്പിച്ചതെന്താണ് എന്ന് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: ധനമോഹം!”
ഏതായാലും തിരുമേനി അയാളെ വധിക്കുകയുണ്ടായില്ലെന്ന് ഇബ്‌നു ശിഹാബിനെ ഉദ്ധരിച്ചുകൊണ്ട് കിതാബുല്‍ ജിസ്‌യയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഖുര്‍ത്തുബി പറയുന്നു: ”തിരുമേനി അയാളെ വധിച്ചു എന്ന് പറയുന്നതിന് തെളിവൊന്നുമില്ല. കാരണം, തിരുമേനി ലബീദുബ്‌നുല്‍ അഅ്‌സമിനെ വധിക്കാതെ വിട്ടത്, അയാളെ വധിച്ചാല്‍ ഉണ്ടാവാനിടയുള്ള കുഴപ്പം ഭയന്നായിരുന്നു. അല്ലെങ്കില്‍ ജനങ്ങള്‍ ഇസ്‌ലാമില്‍ പ്രവേശിക്കുന്നതിന് തടസ്സമാകും എന്ന് ഭയന്നതുകൊണ്ട്. തിരുമേനി കപടവിശ്വാസികളെ കൊല്ലാതിരിക്കാനുള്ള കാരണം, ‘മുഹമ്മദ് തന്റെ അനുയായികളെ വധിക്കുന്നു’ എന്ന് ജനങ്ങള്‍ പറയാതിരിക്കാന്‍ വേണ്ടിയായിരുന്നു.”
ഇതൊക്കെയാണ് ‘ജൂതന്‍ തിരുമേനിക്ക് സിഹ്ര്‍ ചെയ്തു’ എന്ന ഹദീസിനെക്കുറിച്ച് വ്യാഖ്യാതാക്കള്‍ പറയുന്നത്. ഇക്കാര്യത്തില്‍ എന്തെല്ലാം സംശയങ്ങളാണ് ഉയര്‍ന്ന് വന്നത് എന്നതിന് തെളിവാണ് ഇതെല്ലാം. അപ്രകാരം തന്നെ ബുദ്ധിയുടെയും പ്രമാണങ്ങളുടെയും വെളിച്ചത്തില്‍ വിഷയത്തിന് പണ്ഡിതന്‍മാര്‍ എത്രമാത്രം പരിഗണന നല്‍കിയിരിക്കുന്നു എന്നും ഇതില്‍നിന്ന് മനസ്സിലാവുന്നതാണ്. അപ്പോള്‍ ആധുനിക ചിന്താഗതിക്കാര്‍ക്കിടയില്‍ ഈ വിഷയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതില്‍ അത്ഭുതമില്ല.
ഈ രംഗത്താണ് അല്ലാമാ റശീദ് രിദാ സംസാരിച്ചത്. അദ്ദേഹത്തിന്റേത് നിഷേധിക്കുകയോ കളവാക്കുകയോ ചെയ്യുന്ന വാക്കായിരുന്നില്ല. മറിച്ച്, അദ്ദേഹം അതിനെ സത്യപ്പെടുത്തുകയും നല്ല വ്യാഖ്യാനം നല്‍കുകയുമാണുണ്ടായത്. അത് ബുദ്ധിക്കും ചിന്തക്കും ബോധ്യപ്പെടുന്നതായിരുന്നു. ഹദീസിന്റെ നിവേദക പരമ്പരയും മൂലവാക്യവും പരിഗണിക്കുന്നവര്‍ അതിനെ നിരാകരിക്കുകയുമില്ല.
സൂറത്തുല്‍ ഫലഖിന്റെ വ്യാഖ്യാനത്തിനൊടുവില്‍ ‘ജൂതന്‍ തിരുമേനിക്ക് സിഹ്ര്‍ ചെയ്ത വിഷയം’ എന്ന തലക്കെട്ടില്‍ അദ്ദേഹം പറയുന്നു. ”ബുഖാരിയും മുസ്‌ലിമും ആഇശയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, തിരുമേനിക്ക് സിഹ്ര്‍ ബാധിച്ചു. അങ്ങനെ തിരുമേനിക്ക് തന്റെ ഭാര്യമാരുടെ അടുക്കല്‍ ചെന്നു എന്നു തോന്നും പക്ഷേ, അപ്രകാരം ചെയ്തിട്ടുണ്ടാവില്ല.” അതേ ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു: ജൂതന്‍മാരുമായി സഖ്യത്തിലായിരുന്ന ബനൂ സുറൈഖ് ഗോത്രക്കാരനായ ഒരാള്‍ തിരുമേനിയെ സിഹ്ര്‍ ചെയ്തു. അയാള്‍ കപടവിശ്വാസിയായിരുന്നു.”
സൈദ്ബ്‌നുല്‍ അര്‍ഖമില്‍നിന്ന് നിവേദനം: ”തിരുമേനിക്ക് ഒരു ജൂതന്‍ സിഹ്ര്‍ ചെയ്തു. അങ്ങനെ തിരുമേനിക്ക് ദിവസങ്ങളോളം അസ്വസ്ഥതയുണ്ടായി. അപ്പോള്‍ ജിബ്‌രീല്‍ തിരുമേനിയുടെ അടുക്കല്‍ വന്നു. ജിബ്‌രീല്‍ പറഞ്ഞു: ‘ഒരു ജൂതന്‍ താങ്കള്‍ക്ക് സിഹ്ര്‍ ചെയ്തിരിക്കുന്നു. ഇന്നാലിന്ന കിണറ്റില്‍, കെട്ടുകളുണ്ടാക്കി അതില്‍ നിക്ഷേപിച്ചിരിക്കുന്നു.’ അപ്പോള്‍ തിരുമേനി ഒരാളെ അയച്ച് അത് പുറത്തെടുത്തു. എന്നിട്ട്, അതിന്റെ കെട്ടഴിച്ചു. അപ്പോള്‍ തിരുമേനി ബന്ധനത്തില്‍നിന്ന് മോചിതനായപോലെ എഴുന്നേറ്റു. പ്രസ്തുത വിവരം ജൂതനോട് പറഞ്ഞില്ല. തിരുമേനി അയാളെ നേരില്‍ കാണുകയും ചെയ്തില്ല.”
റശീദ് രിദാ പറയുന്നു: ഈ ഹദീസില്‍ നിന്ന് മനസ്സിലാകുന്നത് തിരുമേനിക്ക് സിഹ്ര്‍ ബാധിച്ചത് സ്ത്രീസംസര്‍ഗ വിഷയത്തില്‍ മാത്രമാണെന്നാണ്. പക്ഷേ, അധിക പണ്ഡിതന്‍മാരും മനസ്സിലാക്കിയത് സിഹ്ര്‍ തിരുമേനിയുടെ ശരീരത്തെ ബാധിച്ചതുപോലെ ബുദ്ധിയെയും ബാധിച്ചു എന്നാണ്. എന്നാല്‍ ചിലര്‍ അതിനെ നിരാകരിക്കുന്നു എന്ന് മാത്രമല്ല, കഠിനമായി നിഷേധിക്കുകയും ചെയ്യുന്നു. അത് നുബുവ്വത്തിന്റെ പദവിക്ക് യോജിച്ചതല്ലെന്നും തിരുമേനിയുടെ പാപസുരക്ഷിതത്വത്തിന് അത് എതിരാണെന്നും പറയുന്നു. ആഇശയുടെ വാക്കാണ് അവര്‍ക്ക് തെളിവ്. തിരുമേനിക്ക് ഒരു കാര്യം ചെയ്തു എന്ന് തോന്നുകയും അത് ചെയ്തിട്ടില്ലാതിരിക്കുകയും ചെയ്യുക. ഈ റിപ്പോര്‍ട്ട് തത്വശാസ്ത്രപണ്ഡിതന്‍മാര്‍ നിരാകരിക്കുകയും അത് ഖണ്ഡിതമായ തെളിവിന് എതിരാണെന്ന് പറയുകയും ചെയ്തു. മുശ്‌രിക്കുകള്‍ തിരുമേനിയെ ആക്ഷേപിച്ചു പറഞ്ഞതിനെ അല്ലാഹു ഉദ്ധരിക്കുന്നു: ”(റസൂലിനെപ്പറ്റി) അക്രമികള്‍ ഉദ്ധരിക്കുന്നു: മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്.” അല്ലാഹു തുടര്‍ന്നു പറയുന്നു: ”അവര്‍ നിന്നെക്കുറിച്ച് എങ്ങനെയാണ് ചിത്രീകരണങ്ങള്‍ നടത്തിയതെന്ന് നോക്കൂ. അങ്ങനെ അവര്‍ പിഴച്ചുപോയിരിക്കുന്നു. അതിനാല്‍ യാതൊരു മാര്‍ഗവും കണ്ടെത്താന്‍ അവര്‍ക്ക് സാധിക്കുകയില്ല.” (അല്‍റഫുര്‍ഖാന്‍: 8,9)
താഴ്ന്നതരം മനസ്സുകള്‍ക്ക് പരിശുദ്ധമായ ഉയര്‍ന്ന മനസ്സിനെ സ്വാധീനിക്കാന്‍ കഴിയുകയില്ല എന്നത് ഒരു മനശ്ശാസ്ത്ര തത്വമാണ്. അതിന്റെ അടിസ്ഥാനത്തില്‍ ഈ ഹദീസിന്റെ വിശ്വാസ്യതയെ ചില പണ്ഡിതന്‍മാര്‍ ചോദ്യം ചെയ്തിരിക്കുന്നു. എന്റെ അറിവില്‍ പെട്ടിടത്തോളം അവരില്‍ ആദ്യത്തെയാള്‍ കര്‍മശാസ്ത്ര പണ്ഡിതനും ഖുര്‍ആന്‍ വ്യാഖ്യാതാവുമായ അബൂബകര്‍ അല്‍ജസ്സാസും അവസാനത്തേത് നമ്മുടെ വന്ദ്യഗുരു മുഹമ്മദ് അബ്ദുവുമാണ്.
നമ്മുടെ ശൈഖ് ഈ വിഷയം നീട്ടിപ്പറയുകയും അതില്‍ അത്യുക്തി പ്രയോഗിക്കുകയും ചെയ്തിരിക്കുന്നു. അദ്ദേഹം ഇതിനെ നിരാകരിച്ചത് അഖീദയുടെയും ഫിഖ്ഹ് നിദാന ശാസ്ത്രത്തിന്റെയും പണ്ഡിതന്‍മാര്‍ക്കിടയില്‍ സര്‍വാംഗീകൃതമായ തത്വത്തിന്റെ അടിസ്ഥാനത്തിലുമാണ്. അഥവാ ഊഹം, ഖണ്ഡിതമായ തത്വത്തെ എതിര്‍ക്കുക എന്നിവയുടെ അടിസ്ഥാനത്തില്‍. കാരണം, ഈ ഹദീസ് ‘ആഹാദാ’ണ്. അതുമൂലം ഊഹമാണുണ്ടായിത്തീരുക. വിശ്വാസപരമായ കാര്യങ്ങളില്‍ ആഹാദ് ആയ ഹദീസ് തെളിവായി ഉദ്ധരിക്കാവതല്ല എന്ന് പണ്ഡിതന്‍മാര്‍ ഏകോപിച്ച് അഭിപ്രായപ്പെട്ടിരിക്കുന്നു.
ശൈഖ് മുഹമ്മദ് അബ്ദു തിരുമേനിയുടെ മഹത്വവും പദവിയും ഏറെ അംഗീകരിക്കുകയും വാഴ്ത്തിപ്പറയുകയും ചെയ്യുന്നയാളാണ്. അതില്‍ സംശയമില്ല. ഇക്കാര്യത്തില്‍ സൂഫികളേക്കാളും ആത്മീയ പണ്ഡിതന്‍മാരെക്കാളും തിരുമേനിയുടെ അമാനുഷികതയെക്കുറിച്ച് ധാരാളം ഹദീസുകള്‍ ഉദ്ധരിച്ച പണ്ഡിതന്‍മാരെക്കാളുമെല്ലാം അദ്ദേഹം മുന്നിലാണ്. അതിന്റെ വാചാലമായ തെളിവുകള്‍ അദ്ദേഹത്തിന്റെ ‘രിസാലാതുത്തൗഹീദി’ല്‍ ധാരാളം കാണാം.
ഹദീസിനെ ശരിയായി റിപ്പോര്‍ട്ട് ചെയ്യുന്നവരും അതിനെ അനുകരിക്കുന്നവരും പറയുന്നതനുസരിച്ച് സിഹ്ര്‍ തിരുമേനിയുടെ ശരീരത്തെയാണ് ബാധിച്ചത്; ആത്മാവിലും ബുദ്ധിയിലുമല്ല. അപ്പോള്‍ അതിന്റെ സ്വാധീനം ശരീരത്തിലാണുണ്ടായത്. ശാരീരിക രോഗങ്ങളില്‍നിന്ന് പ്രവാചകന്‍മാര്‍ മുക്തരായിട്ടില്ല.
ഈ പ്രശ്‌നത്തെ ഞാന്‍ കുറേ പരിശോധിച്ചിട്ടുണ്ട്. അല്‍അസ്ഹറില്‍നിന്നിറങ്ങുന്ന ‘നൂറുല്‍ഇസ്‌ലാം’ എന്ന പത്രത്തില്‍ തിരുമേനിക്ക് സ്ഹ്ര്‍ ബാധിച്ചു എന്ന ബുഖാരിയുടെ ഹദീസിനെ ഞാന്‍ കളവാക്കി എന്നെഴുതിയപ്പോള്‍, അതിന് ഞാന്‍ ഇപ്രകാരം മറുപടി പറയുകയാണുണ്ടായി: ”ഈ വിഷയത്തില്‍ ആഇശ(റ)യില്‍നിന്ന് സ്വഹീഹായി വന്ന ഹദീസിന്റെ താല്‍പര്യം സിഹ്ര്‍ ബാധിച്ചത് അവര്‍ തമ്മിലുള്ള സ്ത്രീ പുരുഷ സംസര്‍ഗത്തിന്റെ വിഷയത്തിലാണ്. അപ്പോള്‍ ‘തിരുമേനിക്ക് ഒരു കാര്യം ചെയ്തു എന്നു തോന്നുകയും അതു ചെയ്യാതിരിക്കുകയും ചെയ്തു.’ എന്ന് പറഞ്ഞതിന്റെ സാരം, ഈ വിഷയത്തെക്കുറിച്ച് വ്യംഗ്യമായി സൂചിപ്പിച്ചതാണ്; എല്ലാ വിഷയവും പൊതുവായി പറഞ്ഞതായിരുന്നില്ല എന്നാണ്. അതില്‍ നിയമനിര്‍മാണവുമായി ബന്ധപ്പെട്ട ഒരു കാര്യവും ഉണ്ടാവുകയില്ല. വെറും ശാരീരിക ബലഹീനത മാത്രമാണുണ്ടായത്. അപ്പോള്‍ പ്രശ്‌നം സാധാരണ പറഞ്ഞുവരാറുള്ള ‘ബന്ധിച്ചിടുക’ അഥവാ, പുരുഷന് സ്ത്രീയുമായി സംഭോഗത്തിലേര്‍പ്പെടാന്‍ കഴിയാതെ ബന്ധിച്ചിടുക എന്നര്‍ഥം. അപ്പോള്‍ ഈ വിഷയത്തില്‍ ഏറ്റവും സൂക്ഷ്മമായ അഭിപ്രായം സിഹ്ര്‍ ബാധിച്ചത് സ്ത്രീ വിഷയത്തില്‍ മാത്രമാണ് എന്നതാണ്.”
ഇതാണ് ശൈഖ് റശീദ് രിദാ പ്രസ്തുത ഹദീസിനെയും അതിന്റെ വ്യാഖ്യാനത്തെയും കുറിച്ച് പറഞ്ഞത്. പണ്ഡിതനും കര്‍മശാസ്ത്ര വിദഗ്ധനും പൂര്‍വകാല ഹദീസ് പണ്ഡിതന്‍മാരുടെ മാര്‍ഗത്തില്‍ സഞ്ചരിക്കുന്നവനുമായ ഒരാളുടെ അഭിപ്രായമാണിത്. അതൊരു പരിഷ്‌കര്‍ത്താവായ ഇമാമിന്റെ അഭിപ്രായമാണ്. അദ്ദേഹം നിര്‍മാണമാണ് ഇഷ്ടപ്പെടുന്നത്; സംഹാരമല്ല. നവോത്ഥാനമാണ് ആഗ്രഹിക്കുന്നത്; ഛിദ്രതയല്ല. അദ്ദേഹം മുന്‍ഗാമികളുടെ അര്‍ഹത നിഷേധിക്കുന്നില്ല. തന്റെ ഗുരുവിനോട് വിയോജിക്കുന്നു. അതോടൊപ്പം അദ്ദേഹത്തെ പ്രതിരോധിക്കുകയും അദ്ദേഹത്തിന് തിരുമേനിയോടുള്ള സ്‌നേഹവും ബഹുമാനവും ആണയിട്ട് ഉറപ്പിക്കുകയും ചെയ്യുന്നു. ഇതത്രെ നീതിയും നിഷ്പക്ഷതയും.
ശൈഖ് റശീദ് രിദായെ അല്ലാഹു അനുഗ്രഹിക്കട്ടെ. അദ്ദേഹത്തിന്റെ ഇജ്തിഹാദിന് (അത് തെറ്റായാലും ശരിയായാലും)അല്ലാഹു പ്രതിഫലം നല്‍കട്ടെ. ഇജ്തിഹാദ് ശരിയായാല്‍ രണ്ട് പുണ്യവും തെറ്റായാല്‍ ഒരു പുണ്യവും കിട്ടുമല്ലോ!

Topics