സുന്നത്ത്-Q&A

പഠിക്കാനായി കുട്ടികളെ അടിക്കാന്‍ നിര്‍ദേശിക്കുന്ന ഹദീസ് ?

ചോദ്യം: കുട്ടികള്‍ പഠിക്കുന്നതിന് വേണ്ടി അവരെ അടിക്കാമെന്ന് പറയുന്ന സഹീഹായ ഹദീസ് വല്ലതും വന്നിട്ടുണ്ടോ ?

—————

ഉത്തരം:  ഇക്കാര്യത്തില്‍ പ്രമാണയോഗ്യമായ ഹദീസുകളൊന്നും കാണാന്‍ കഴിയുന്നില്ല. മാത്രമല്ല, ശിക്ഷനല്‍കി പഠിപ്പിക്കുന്ന രീതി പ്രവാചക ചര്യയില്‍ ഉണ്ടായിട്ടില്ല. പ്രവാചകനായിരുന്നല്ലോ സ്വഹാബികളുടെ മുഴുവന്‍ അഭിവന്ദ്യനായ ഗുരു. അദ്ദേഹം ആബാലവൃന്ദം ജനങ്ങളുടെ ആദരണീയനായ അധ്യാപകനായിരുന്നു.

പ്രായോഗിക പരിശീലനത്തിലൂടെയും ജീവിതമാതൃക കാണിച്ചുമാണ് അദ്ദേഹം തന്റെ ശിഷ്യരെ പഠിപ്പിച്ചത്. അദ്ദേഹത്തിന്റെ പ്രിയപത്‌നിയും മുഅ്മിനുകളുടെ മാതാവുമായ ആയിശ (റ) പറയുന്നു: പ്രവാചകന്‍ (സ) ഒരാണിനെയോ പെണ്ണിനെയോ വേലക്കാരനെയോ ഒരാളെയും തന്റെ കരങ്ങള്‍കൊണ്ട് മര്‍ദ്ദിച്ചിട്ടില്ല. 

മുഹമ്മദ് നബി (സ) ഒരു അധ്യാപകനെന്ന നിലയ്ക്ക് അത്യധികം ക്ഷമാലുവും രസികനും ദയാവായ്പ് പ്രകടിപ്പിക്കുകയും ചെയ്ത ആളായിരുന്നു. അദ്ദേഹം ഒരാളെയും വിമര്‍ശിക്കുകയോ ശകാരിക്കുകയോ ചെയ്തിരുന്നില്ല. പ്രവാചകന് വേണ്ടി വര്‍ഷങ്ങളോളം സേവനം ചെയ്ത അനസ് (റ) പറഞ്ഞു: 10 വര്‍ഷം ഞാന്‍ അല്ലാഹുവിന്റെ ദൂതര്‍ക്ക് വേണ്ടി സേവനം ചെയ്തിട്ടുണ്ട്. അക്കാലത്തിനിടയിലൊന്നും, നീ എന്തുകൊണ്ടിങ്ങനെ ചെയ്തു, അല്ലെങ്കില്‍ ചെയ്തില്ല എന്നു പറഞ്ഞ് അദ്ദേഹം എന്നെ ശകാരിച്ചിട്ടില്ല.

ചുരുക്കത്തില്‍ പറയാനുള്ളതിതാണ്: മക്കളെ പഠിപ്പിക്കാന്‍ വേണ്ടി അടിയെന്ന മാര്‍ഗം ഒരിക്കലും ഉപയോഗിക്കരുത്. പഠനത്തിന് പ്രവാചകന്‍ (സ) കാണിച്ചുതന്ന ഫലപ്രദമായ മാര്‍ഗങ്ങള്‍ നമുക്ക് ഉപയോഗിക്കാം. അദ്ദേഹമാണല്ലോ നമ്മുടെ മാതൃകാപുരുഷന്‍. പ്രവാചകന്റെ സമീപനരീതികളെ കുറിച്ച് ഇമാം ബുഖാരി രചിച്ച ഒരു പുസ്തകം ഞാന്‍ നിങ്ങള്‍ക്ക് നിര്‍ദേശിക്കുകയാണ്. ഇംഗ്ലീഷില്‍ ആ പുസ്തകത്തിന്റെ പേര് Imam Bukhari’s Book of Muslim Morals and Manners എന്നാണ്.

 

 

Topics