കര്‍മ്മശാസ്ത്രം-ഫത്‌വ

ശരീരഭാഗങ്ങള്‍ തുളച്ച് ആഭരണം ധരിക്കാമോ ?

ചോ: കാതുതുളച്ച് ആഭരണംധരിക്കുന്നതിന്റെ ഇസ്‌ലാമിക വിധിയെന്താണ്?

————-

ഉത്തരം:  നമ്മുടെ ശരീരവും അതിലെ ഓരോ അവയവങ്ങളുടെ കഴിവും അല്ലാഹു നമുക്ക് അമാനത്തായി നല്‍കിയ സംഗതികളാണെന്നാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. അതിനാല്‍ അവയെ ഏറ്റവും നല്ല രീതിയില്‍ സംരക്ഷിക്കുകയെന്നത് മുസ്‌ലിമെന്നനിലക്ക് നമ്മുടെ കടമയാണ്. അതിനാല്‍ ശരീരഭാഗത്തെയോ അവയവങ്ങളെയോ വികൃതമാക്കുന്നതോ അവയുടെ രൂപത്തില്‍ മാറ്റംവരുത്തുന്നതോ ഇസ്‌ലാം അനുവദിക്കുന്നില്ല.

അതേസമയം സ്വയമേവ വിരൂപമാണെങ്കില്‍ അവ ശരിയാക്കിയെടുക്കാന്‍ അവയില്‍ സര്‍ജറി അടക്കമുള്ളവ ചെയ്യാന്‍ അനുവാദമുണ്ട്. അല്ലാത്തവയെ ഖുര്‍ആന്‍ ശക്തിയായ ഭാഷയില്‍ കുറ്റപ്പെടുത്തുന്നു. പിശാച്  താന്‍  മനുഷ്യരെയൊന്നടങ്കം വഴികേടിലാക്കുമെന്നും അവരെ സ്വത്വവിസ്മൃതിയില്‍ ആപതിപ്പിക്കുമെന്നും അല്ലാഹുവോട്  വെല്ലുവിളിച്ചിരുന്നു.’അവരെ ഞാന്‍ വഴിപിഴപ്പിക്കും. വ്യാമോഹങ്ങള്‍ക്കടിപ്പെടുത്തും. ഞാന്‍ കല്‍പിക്കുന്നതിനനുസരിച്ച് അവര്‍ കാലികളുടെ കാത് കീറിമുറിക്കും. അവര്‍ അല്ലാഹുവിന്റ സൃഷ്ടിയെ കോലംകെടുത്തും.” അല്ലാഹുവെ വിട്ട് പിശാചിനെ രക്ഷകനാക്കുന്നവന്‍ പ്രകടമായ നഷ്ടത്തിലകപ്പെട്ടതു തന്നെ; തീര്‍ച്ച'(അന്നിസാഅ് 119).മുകളില്‍ സൂചിപ്പിച്ച സൂക്തത്തിന്റെ ആശയത്തെ കൃത്യമായി സൂചിപ്പിക്കുന്ന മറ്റൊരു വചനവും കാണുക.’അല്ലാഹുവിന്റെ സൃഷ്ടിഘടനക്ക് മാറ്റമില്ല. ‘(അര്‍റൂം 30)’നിങ്ങളുടെ കൈകളാല്‍ തന്നെ നിങ്ങളെ ആപത്തിലകപ്പെടുത്തരുത്'(അല്‍ ബഖറ195)

മേല്‍സൂക്തങ്ങളുടെ വെളിച്ചത്തില്‍ ശരീരംതുളക്കല്‍, ടാറ്റു പതിപ്പിക്കല്‍, ചുട്ടികുത്തല്‍ തുടങ്ങിയവയെല്ലാം ശരീരത്തിന്റെ തനതുബാഹ്യപ്രകൃതിയില്‍ മാറ്റംവരുത്തുന്ന പ്രക്രിയകളാണ്. അതിനാല്‍ ദീനിനെക്കുറിച്ച അവബോധമുള്ള വിശ്വാസിക്ക്  അത്തരം പ്രവൃത്തികളോട് യോജിക്കാന്‍ കഴിയില്ല. നാം വിചാരിക്കുന്നതുപോലെ അത്തരം പ്രവൃത്തികള്‍ നിരുപദ്രവകരമല്ല. എന്നല്ല, അത്തരം പ്രവൃത്തികള്‍ ശരീരത്തിന് പലദോഷങ്ങളും വരുത്തിവെക്കുന്നുണ്ട്. നാവ്, ചുണ്ട്, കണ്‍പോള എന്നീ ലോലചര്‍മഭാഗങ്ങള്‍ അണുബാധയ്ക്ക് എളുപ്പത്തില്‍ വിധേയമാകുന്നവയാണ്. അതിലൂടെ ഒട്ടേറെ രോഗങ്ങള്‍ പിടിപെടാം. അവയില്‍ ചിലത് മാരകമായവയാണ്. അല്ലാഹു സൃഷ്ടിച്ച പ്രകൃതിയില്‍ മാറ്റം വരുത്താനുള്ള ഏതുശ്രമങ്ങളും കടുത്ത പ്രത്യാഘാതമുണ്ടാക്കുന്നവയാണെന്നതില്‍ അതിനാല്‍ തന്നെ സംശയമില്ല.

ശരീരത്തിന് ദോഷംവരുത്തിവെക്കുന്ന ഏതുസംഗതികളും അതിനാല്‍തന്നെ ഇസ്‌ലാംവിലക്കുന്നു;ഒരുവേള അതില്‍ പ്രത്യക്ഷപ്രയോജനം വെളിവായാല്‍പോലും.  ഒരു വിഷയത്തില്‍ ഗുണത്തേക്കാള്‍ ദോഷമാണ് ഏറിയിരിക്കുന്നതെന്ന് ബോധ്യമുള്ള സാഹചര്യത്തില്‍ പ്രത്യേകിച്ചും ഇസ്‌ലാമിന്റെ കാഴ്ചപ്പാട് അതാണ്.

ഇപ്പറഞ്ഞവയില്‍നിന്ന് അല്‍പമെങ്കിലും ഇളവ് പണ്ഡിതന്‍മാര്‍ നല്‍കിയിട്ടുള്ളത് സ്ത്രീകളുടെ കാതുകുത്തുന്ന വിഷയത്തിലാണ്. അത് സ്ത്രീകളുടെ ആഭരണാലങ്കാരങ്ങളുടെ വിഷയമായതുകൊണ്ടുമാത്രം. അതേസമയം ആണുങ്ങള്‍ക്ക് അത്തരം ആഭരണങ്ങളുടെ ആവശ്യമില്ല. സ്ത്രീകളുടെ ചര്യകളെ അനുകരിച്ച് പുരുഷന്‍മാര്‍ വിലസുന്നത് ഇസ് ലാം വിലക്കിയിരിക്കുന്നു. മുഹമ്മദ് നബി(സ)ഇപ്രകാരം പറഞ്ഞു:’സ്ത്രീകളെ അനുകരിക്കുന്ന പുരുഷന്‍മാരെയും പുരുഷന്‍മാരെ അനുകരിക്കുന്ന സ്ത്രീകളെയും അല്ലാഹു ശപിച്ചിരിക്കുന്നു’. ഇസ് ലാമില്‍ സ്ത്രീകള്‍ക്കുംപുരുഷന്‍മാര്‍ക്കും വ്യത്യസ്തറോളുകളാണുളളതെന്ന കാര്യം പ്രത്യേകം ഓര്‍ക്കുക.

കാതുതുളക്കുന്ന കാര്യം നേരത്തേ സൂചിപ്പിച്ച നാവ്, ചുണ്ട്, പൊക്കിള്‍കുഴി തുളക്കുന്ന സംഗതിയില്‍നിന്ന് വ്യത്യസ്തമാണ്. കാരണം ഈ വിഷയത്തില്‍ അപകടസാധ്യത തുലോം കുറവാണ്. ശരീരഭാഗങ്ങള്‍ തുളക്കുന്നത് പുരുഷന്‍മാര്‍ക്ക് പ്രത്യേകിച്ചും അനുവദനീയമല്ല എന്നതിന് മറ്റൊരു കാരണവുമുണ്ട്. അത് ഇതരസമൂഹങ്ങളെയോ സമുദായങ്ങളെയോ ആചാരാനുഷ്ഠാനങ്ങളില്‍ അനുകരിക്കരുതെന്നതാണ്. അത്തരം അനുകരണങ്ങളെ മുഹമ്മദ് നബി(സ)വിലക്കിയിരിക്കുന്നു.

ചുരുക്കത്തില്‍ ശരീരഭാഗങ്ങള്‍ തുളക്കുന്നതും ചുട്ടികുത്തുന്നതും പുരുഷന്‍മാര്‍ക്ക് വിലക്കിയിരിക്കുന്നു. ചില പണ്ഡിതന്‍മാരുടെ അഭിപ്രായത്തില്‍, സ്ത്രീകള്‍ക്ക് കാതുകുത്താന്‍ അനുവാദവും നല്‍കിയിരിക്കുന്നു.

 

Topics