ചോ: ഞാനും ഭാര്യയും റമദാനില്‍ നോമ്പെടുക്കുന്നവരാണ്. എന്നാല്‍ രാത്രികളില്‍ എന്റെ കൂടെ ക്കിടക്കാന്‍ അവള്‍ വിസമ്മതിക്കുന്നു. അതിനാല്‍ ഞാന്‍ വളരെ അസ്വസ്ഥനാണ്. എന്തുചെയ്യണം ?
—————————
ഉത്തരം: സാധാരണയായി, ക്ഷമാശീലം കുറഞ്ഞ ദമ്പതികളെ സംബന്ധിച്ചിടത്തോളം ദാമ്പത്യസംഘര്‍ഷത്തിന് വഴിയൊരുക്കുന്ന മാസമാണ് റമദാന്‍. അതിന് കാരണം, മൊത്തം ദിനചര്യകളുടെ സമയക്രമം മാറുന്നതാണ്. അതിനെത്തുടര്‍ന്നുണ്ടാകുന്ന ക്ഷീണം, തിരക്ക്, പരസ്പര സമ്പര്‍ക്കമില്ലായ്മ എന്നിവ കൂട്ടത്തില്‍ പെടുന്നു. ഭാര്യയുടെ പെരുമാറ്റത്തിനുപിന്നിലെ കാരണമാണ് കണ്ടുപിടിക്കേണ്ടത്.
റമദാനില്‍ ശാരീരികബന്ധം അനുവദനീയമല്ലെന്ന തെറ്റുധാരണ അവര്‍ക്കുണ്ടോയെന്നറിയണം. രാത്രികളില്‍ അതിന് വിലക്കില്ലെന്ന കാര്യം അവരെ ബോധ്യപ്പെടുത്തണം. (കൂട്ടത്തില്‍ പറയട്ടെ, നബിതിരുമേനി (സ) അവസാനപത്തില്‍ ഇഅ്തികാഫിലായിരുന്നതുകൊണ്ട് ഭാര്യമാരുമായി ശയിച്ചിരുന്നില്ലെന്നത് ഓര്‍ക്കുക)
പകല്‍, കുട്ടികളെ പരിപാലിക്കുകയും നോമ്പുതുറക്കുള്ള വിഭവങ്ങള്‍ ഒരുക്കുകയും ചെയ്തതിന്റെ ഫലമായുള്ള ക്ഷീണത്താലാണ് ഭാര്യ അങ്ങനെചെയ്യുന്നതെങ്കില്‍ ആ അവസ്ഥയെ മനസ്സിലാക്കുകയാണ് താങ്കള്‍ ചെയ്യേണ്ടത്. അങ്ങനെയെങ്കില്‍ ഭാര്യയെ ജോലികളില്‍ സഹായിച്ചുകൊണ്ട് അവര്‍ക്ക് എളുപ്പം ഉണ്ടാക്കിക്കൊടുക്കണം. മറ്റൊരു സംഗതി അവരോടുള്ള സ്‌നേഹപ്രകടനമാണ്. അതിന് ഒട്ടേറെ വഴികളുണ്ട്.
1. ഭാര്യയുടെ ഗാര്‍ഹികജോലികള്‍ തൃപ്തികരമാണെന്നും അഭിനന്ദനാര്‍ഹമാണെന്നും അവരോട് തുറന്നുപറയുക. അവരുടെ പ്രവൃത്തികളെ പുകഴ്തുകയാണ് വേണ്ടത്.
2. ജോലികളില്‍ അവരോടൊപ്പം കൂടുക. കുട്ടികളുണ്ടെങ്കില്‍ അവരെ നോക്കുക.
3. സമ്മാനങ്ങള്‍ നല്‍കുക.
4. റമദാന്‍ തിരക്കേറിയതായതുകൊണ്ട് പത്തുമിനിട്ട് പരസ്പരം വിശ്വാസ-പ്രവര്‍ത്തനകാര്യങ്ങള്‍ അവലോകനംചെയ്യാന്‍ ഉപയോഗിക്കുക.
5. അവസാനമായി, സ്പര്‍ശനവും തലോടലും ഏതൊരു സ്ത്രീയെ സംബന്ധിച്ചിടത്തോളവും വളരെ പ്രധാനമാണെന്ന് മനസ്സിലാക്കുക.
നബിതിരുമേനി(സ)യുടെ വാക്കുകള്‍ എപ്പോഴും ഓര്‍ക്കുക: ‘വിശ്വാസികളില്‍ ഏറ്റവും ഉത്തമന്‍ തന്റെ കുടുംബത്തോട് ഏറ്റവും നല്ലരീതിയില്‍ പെരുമാറുന്നവനാണ്. ഞാന്‍ എന്റെ കുടുംബത്തോട് ഏറ്റവും നന്നായി പെരുമാറുന്നവനാണ്.'(തിര്‍മിദി)
Add Comment