നോമ്പ്-Q&A

ഇസ് ലാം സ്വീകരിച്ചിട്ടില്ലാത്ത ഭാര്യക്ക് വേണ്ടി ഫിത്ര്‍ സകാത്ത് നല്‍കണോ ?

ചോദ്യം: മുസ് ലിമായ ഒരു ഭര്‍ത്താവ് അയാളുടെ ഇസ് ലാം സ്വീകരിച്ചിട്ടില്ലാത്ത ഭാര്യക്ക് വേണ്ടി ഫിത്ര്‍ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥനാണോ ?
———————–

ഉത്തരം: മുസ് ലിമായ ഒരു ഭര്‍ത്താവ് ഇസ് ലാം സ്വീകരിച്ചിട്ടില്ലാത്ത അയാളുടെ ഭാര്യക്ക് വേണ്ടി ഫിത്ര്‍ സകാത്ത് നല്‍കേണ്ടതില്ല. കാരണം, ഫിത്ര്‍ സകാത്ത് മുസ് ലിംകള്‍ക്ക് മാത്രം ബാധകമായ ഒരനുഷ്ഠാനമാണ്.
ഇവ്വിഷയത്തില്‍ www.islamqa.info യില്‍ നല്‍കപ്പെട്ടിട്ടുള്ള വിശദീകരണം ഇങ്ങനെയാണ്: വേദക്കാരായ (ക്രിസ്ത്യന്‍ – ജൂത) ഭാര്യമാര്‍ക്ക് വേണ്ടി മുസ് ലിമായ ഭര്‍ത്താവ് ഫിത്ര്‍ സകാത്ത് നല്‍കേണ്ടതില്ല. ഫിത് ര്‍ സകാത്ത് മുസ് ലിംകള്‍ക്ക് മാത്രം ബാധകമായതാണ്. ഇബ്‌നു ഉമര്‍ (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസ് ഇതിന് തെളിവാണ് : മുസ്‌ലിംകളായ അടിമക്കും സ്വതന്ത്രനും, സ്ത്രീക്കും പുരുഷനും, ചെറിയവനും വലിയവനും, ഒരു സ്വാഅ് കാരക്കയോ അല്ലെങ്കില്‍ ഒരു സ്വാഅ് യവമോ നല്കണമെന്ന് അല്ലാഹുവിന്റെ റസൂല്‍ കല്‍പിച്ചിരിക്കുന്നു.
‘മുസ് ലിംകളായ’ എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിരിക്കെ ഫിത്ര്‍ സകാത്ത് നിര്‍ബന്ധമാവുന്നത് ആ ഘടകം കൊണ്ടാണെന്ന് മനസ്സിലാക്കാം. ഇമാം മുഗ്നി അദ്ദേഹത്തിന്റെ അല്‍മുഹ്താജിലും ഹാഫിദ് ഇബ്‌നു ഹജര്‍ അല്‍അസ്ഖലാനി തന്റെ ഫത്ഹുല്‍ബാരിയിലും ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്.

Topics