മണ്ണുകൊണ്ട് ആദമിനെ സൃഷ്ടിച്ച് അല്ലാഹു അവനില്‍നിന്നുള്ള ആത്മാവിനെ ഊതിയശേഷം മലക്കുകളോട് പ്രണമിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ധിക്കാരിയായ ഇബ് ലീസ് ആ കല്‍പന നിരസിക്കുകയായിരുന്നു. അവന്‍ മൊഴിഞ്ഞു: ഞാനവനേക്കാള്‍ ഉല്‍കൃഷ്ടനാണ്. നീയവനെ ചെളിയില്‍നിന്ന് പടച്ചപ്പോള്‍ ഞാന്‍ തീയിനാല്‍ സൃഷ്ടിക്കപ്പെട്ടവനാണ്. (സ്വാദ് 76). ഈ അനുസരണക്കേടിന്റേയും ധിക്കാരത്തിന്റെയും ഫലമായി ഇബ് ലീസ് ശപിക്കപ്പെട്ടവനായി. മനുഷ്യരെ മുഴുവന്‍ വഴികേടിലാക്കാനായി അവന്‍ അവധി ചോദിച്ചപ്പോള്‍ സദ് വൃത്തരായ ദൈവദാസന്‍മാരെ പാട്ടിലാക്കാനാവില്ല എന്ന ഉപാധിയോടെ അല്ലാഹു അവന്ന് അവധി നല്‍കുകയുണ്ടായി. ഇക്കാര്യങ്ങളെല്ലാം തന്നെ ഖുര്‍ആനില്‍ പ്രതിപാദിച്ചിട്ടുണ്ട്.(സ്വാദ് 80).
ഇബ്‌ലീസ് ജിന്നുവര്‍ഗത്തില്‍ പെട്ടവനായിരുന്നു(അല്‍കഹ്ഫ് 80). അവന്‍ പുകയില്ലാത്ത അഗ്നിയില്‍നിന്ന് സൃഷ്ടിക്കപ്പെട്ടവനാണ്(അര്‍റഹ് മാന്‍ 15). ഉല്‍പത്തിയുടെ പേരിലുള്ള ദുരഹങ്കാരമാണ് അല്ലാഹുവിന്റെ കല്‍പനയെ ധിക്കരിക്കാന്‍ ഇബ് ലീസിന് പ്രേരണയായത്. വംശീയകാഴ്ചപ്പാടിന്റെ ഈ അടിസ്ഥാനസങ്കല്‍പത്തെ തകര്‍ത്തുകൊണ്ട് മനുഷ്യവംശത്തിന്റെ ഉല്‍പത്തി ആദമിലും ആദമിന്റെ ഉല്‍പത്തി മണ്ണിലുമാണെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുകയാണ് യഥാര്‍ഥ മേന്‍മയുടെ മാനദണ്ഡം. ജ്ഞാനത്തിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യന്‍ മലക്കുകളേക്കാള്‍ മഹത്ത്വമുള്ളവരായത്. ജിന്നുകളെ അപേക്ഷിച്ച് മനുഷ്യനുള്ള മഹത്ത്വത്തിന് നിദാനം നിര്‍മാണത്തിന് മണ്ണ് ഉപയോഗിച്ചുഎന്നതല്ല; മറിച്ച്. ഭൂമിയിലെ ഖലീഫ എന്ന അവന്റെ സ്ഥാനമാണ്(അല്‍ബഖറ 30). ഇബ്‌ലീസിന്റെ താന്‍പോരിമാവാദം തന്നെയാണ് ബ്രാഹ്മണിസത്തിലും നാസിസത്തിലും കൊളോണിയലിസത്തിലുമൊക്കെ ആവര്‍ത്തിക്കപ്പെടുന്നത്. നിറം, മതം, ദേശീയത, വംശം, വര്‍ഗം, ജാതി, ഗോത്രം എന്നിവയുടെ പേരിലുള്ള എല്ലാതരം അവകാശവാദങ്ങളെയും ഖുര്‍ആന്‍ എതിര്‍ക്കുന്നു. ശാപഗ്രസ്തനായ ഇബ് ലീസ് മനുഷ്യനെ വഴികേടിലാക്കാന്‍ പ്രതിജ്ഞയെടുത്തവനാണെന്ന് ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നു. അവന്‍ തന്റെ സഹജസ്വഭാവമായ അഹങ്കാരവും പെരുമനടിക്കലും അനുയായികള്‍ക്ക് പകര്‍ന്നുകൊണ്ടേയിരുന്നു. അന്ത്യനാള്‍ വരെ തന്റെ കുതന്ത്രങ്ങള്‍ അവന്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. ഇബ് ലീസില്‍നിന്ന് വ്യത്യസ്തമായി ആദം തന്റെ അനുസരണക്കേടില്‍ ഉറച്ചുനിന്നില്ല. അദ്ദേഹം മാപ്പപേക്ഷിക്കുകയും സദ് വൃത്തനാവുകയും ചെയ്തു.
ഇബ് ലീസ് ഇഫക്ട് ബാധിച്ചവരാണ് മറ്റുള്ളവരുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കാനും തങ്ങളുടെ താഴെയുള്ളവരോട് മാന്യമായി പെരുമാറാനും മടിക്കുന്നത്. അതേ താന്‍പ്രമാണിത്തവാദം തന്നെയാണ് വര്‍ഗീയ കേന്ദ്രീകൃത മതവ്യാഖ്യാനങ്ങളും ഏകാധിപത്യവാഞ്ഛയും മുറുകെപ്പിടിക്കുന്നതും.
വി.എ. മുഹമ്മദ് അശ് റഫ്
Add Comment