എന്റെ ചെറിയ മകന്‍ കുറച്ച് പക്ഷികളെ വാങ്ങി കൂട്ടില്‍ വളര്‍ത്തിയിരുന്നു. അവന്‍ അവക്ക് വെള്ളവും ധാന്യവും നല്‍കുകയും അവയെ പരിചരിക്കുകയും ചെയ്തു. പക്ഷേ ഒരിക്കല്‍ അവന്‍ കൂടിന്റെ വാതില്‍ അടക്കാന്‍ മറന്നു. തിരിച്ച് വന്നപ്പോള്‍ താന്‍ വളര്‍ത്തിയ പക്ഷികള്‍ വെള്ളവും ധാന്യവും കൂടുമെല്ലാം ഉപേക്ഷിച്ച് പറന്നകന്നതായി കണ്ടു. സ്വാതന്ത്ര്യത്തിന്റെ പരിമളം ശ്വസിച്ച് അവ ആകാശത്ത് പറന്നു കളിക്കുന്നുണ്ടാവാം. ‘സ്വാതന്ത്ര്യമാണ് ജീവിതത്തേക്കാള്‍ അമൂല്യം’ എന്ന് അവ അവനോട് വിളിച്ച് പറയുന്നുണ്ടാവാം.
പൂര്‍ണമായ സ്വാതന്ത്ര്യം ലഭിക്കുന്നുവെന്ന് ആരെങ്കിലും വാദിക്കുന്നുവെങ്കില്‍ അവന്‍ മൂഢനാണ്. ചങ്ങലകളും ബന്ധനങ്ങളും പുറമേക്ക് കാണണമെന്നില്ല. ചിലപ്പോള്‍ മനുഷ്യന്റെ ചലന സ്വാതന്ത്ര്യത്തിന് അത് കൂച്ചുവിലങ്ങിടുന്നു. ആ സംഗതി മനസ്സിലാക്കുന്നവരും അവയോട് സൂക്ഷ്മതയും ജാഗ്രതയും പുലര്‍ത്തുന്നവരും അവരിലുണ്ട്. അവയെ അവഗണിക്കുന്നവരും അശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നവരും ജനങ്ങളിലുണ്ട്.
സ്വാതന്ത്ര്യം എന്നത് ഒരു ആപേക്ഷിക കാര്യമാണ്. അവ നേടിയെടുക്കാന്‍ പരിശ്രമിക്കുന്നവര്‍ക്കിടയിലാണ് അടിസ്ഥാന വ്യത്യാസമുള്ളത്. അവര്‍ തങ്ങളുടെ നിലപാടുകളിലും, വാക്കുകളിലും അഭിപ്രായങ്ങളിലും സ്വന്തത്തെയാണ് -മറ്റുള്ളവരെയല്ല- പ്രതിനിധീകരിക്കാറുള്ളത്. തങ്ങള്‍ക്ക് മുന്നില്‍ കാണുന്ന വഴിയിലൂടെ സ്വാതന്ത്ര്യത്തിന് വേണ്ടി പരിശ്രമിക്കുന്നവരും, നിര്‍ണിതവും സ്വയംകൃതവുമായ ആസൂത്രണത്തോടെ അതിലേക്ക് എത്തിപ്പെടുന്നവരുമുണ്ട്.
ചങ്ങലകളെ പ്രണയിക്കുകയും അവക്ക് കീഴ്‌പെടുകയും ചെയ്യുന്നവരും അവരിലുണ്ട്. ബന്ധവൈവിധ്യങ്ങളുടെ ചങ്ങലകള്‍. കുടുംബ ബന്ധത്തിന്റെയും ദാനധര്‍മത്തിന്റെയും സ്മരണകളുടെയും പ്രതീക്ഷകളുടെയും സമ്പത്തിന്റെയും ഉദ്യോഗത്തിന്റെയും അധികാരത്തിന്റെയും ചങ്ങലകള്‍.
മനുഷ്യജീവിതത്തെ സദാ വലയം ചെയ്യുന്ന, അവന്റെ ചലനങ്ങളെ കുടുസ്സാക്കുന്ന, അവന്റെ മേല്‍ കൂടുതല്‍ ബന്ധനങ്ങള്‍ അടിച്ചേല്‍പിക്കുന്ന വൃത്തമാണ് അവ. ഈ സമ്മര്‍ദങ്ങളില്‍ നിന്നെല്ലാം സ്വതന്ത്രമായവര്‍ ഇഹലോകം വിട്ട് യാത്രയായവരാണ്.
തനിക്ക് മുകളിലും താഴെയുമായി ഒട്ടേറെ നഷ്ടങ്ങള്‍ സംഭവിച്ചതായി അവന് തോന്നുന്നു. ഒട്ടേറെ അമൂല്യമായ അവസരങ്ങള്‍ ധാരാളം പേര്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ഇത്തരം നഷ്ടങ്ങളില്‍ സംപ്രീതരായവരുമുണ്ട്. ചില ചവര്‍പ്പുകള്‍ കടിച്ചിറക്കാനും, ദുരന്തങ്ങള്‍ നേരിടാനും പ്രതീക്ഷകള്‍ തകരുമ്പോള്‍ അവയെ കായികസ്പിരിറ്റോടെ നേരിടാനും അവന്‍ പഠിച്ചിരിക്കുന്നു. മനസ്സ് പ്രകൃത്യാ ഇത്തരം ആശയങ്ങളെ വെറുക്കുന്നു എന്നത് ശരി തന്നെ. പക്ഷേ അത് അവക്ക് കീഴ്‌പെട്ടിരിക്കുന്നു.
ധിക്കാരം പ്രവര്‍ത്തിക്കലോ, മറ്റുള്ളവരെ ബോധപൂര്‍വം എതിര്‍ക്കലോ അല്ല സ്വാതന്ത്ര്യം. ഏതെങ്കിലും വ്യക്തിയെയോ, പാര്‍ട്ടിയെയോ, ആദര്‍ശത്തെയോ എതിര്‍ക്കാന്‍ വേണ്ടി വിമര്‍ശിക്കലുമല്ല സ്വാതന്ത്ര്യം. ജനങ്ങളുടെ തെറ്റുകളും വീഴ്ചകളും ഗവേഷണം നടത്തി കണ്ടെത്തുകയും അതിന്റെ പേരില്‍ അവരെ ഞെരുക്കുകയും ചെയ്യുന്നതിന്റെ പേരല്ല സ്വാതന്ത്ര്യം.
ദാമ്പത്യത്തിന്റെ ബന്ധനം, ഉദ്യോഗത്തിന്റെ ബന്ധനം, വിജ്ഞാന സ്ഥാപനങ്ങളുടെ ബന്ധനം, സമൂഹത്തിന്റെ ബന്ധനം, അധികാരത്തിന്റെ ബന്ധനം, അനുയായികളുടെ ബന്ധനം, പൊതുജനത്തിന്റെ ബന്ധനം…..
ഇവയെല്ലാറ്റിനും പുറമെ സ്വന്തം മനസ്സിന്റെ ബന്ധനവും! ഇവയില്‍ നിന്ന് രക്ഷ നേടുകയെന്നത് എത്ര പ്രയാസകരമാണ്! ‘സ്വന്തം മനസ്സിന്റെ പിശുക്കില്‍ നിന്ന് മോചിതരായവരാണ് വിജയികള്‍'( അല്‍ഹശ്ര്‍ 9).
വാസ്തവത്തില്‍ സ്വാതന്ത്ര്യത്തിന്റെ നന്നേ കുറഞ്ഞ വിഹിതം ലഭിച്ചവരാണ് അതിന്റെ പേരില്‍ കൂടുതല്‍ ധിക്കാരം പ്രവര്‍ത്തിക്കുന്നത്. അഹ്മദ് ബിന്‍ ദാവുദ് ഇപ്രകാരം പറഞ്ഞു:’ ചാട്ടവാറടിക്ക് വിധേയനാവുന്നതിന് മുമ്പ് അഹമദ് ബിന്‍ ഹമ്പലിനെ ഞാന്‍ ജയിലില്‍ സന്ദര്‍ശിക്കുകയുണ്ടായി. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു ‘അബൂ അബ്ദുല്ലാഹ്, താങ്കള്‍ക്ക് കുടുബമുണ്ട്, ചെറിയ മക്കളുണ്ട്. പക്ഷേ താങ്കളുടെ പക്ഷത്ത് ന്യായവുമുണ്ട്. അദ്ദേഹം എന്നോട് പറഞ്ഞു: ‘ഇതാണ് താങ്കളുടെ കാഴ്ചപ്പാടെങ്കില്‍ താങ്കള്‍ സ്വസ്ഥനാണ് ‘.
ഡോ. സല്‍മാന്‍ ബിന്‍ ഫഹദ് ഔദഃ
Add Comment