ശാസ്ത്രം ശാസ്ത്രം-ലേഖനങ്ങള്‍

ഖുര്‍ആന്റെ ‘ആകാശ’ വീക്ഷണം

‘പിന്നെ  അവന്‍ ആകാശത്തിനു നേരെ തിരിഞ്ഞു. അത് പുകയായിരുന്നു. അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: ”ഉണ്ടായി വരിക; നിങ്ങളിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.” അപ്പോള്‍ അവ രണ്ടും അറിയിച്ചു: ”ഞങ്ങളിതാ അനുസരണമുള്ളവയായി വന്നിരിക്കുന്നു.” (ഫുസ്സ്വിലത് 11)

പ്രവാചകന്‍ തിരുമേനി (സ)കൂടുതലായി പാരായണം ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്ന അധ്യായമാണ് വിശാലമായ വിശദാംശങ്ങളോടെയെന്ന ആശയമുള്ള ഫുസ്സ്വിലത്ത്. ഇതിലെ പതിനൊന്നാമത്തെ സൂക്തം പ്രപഞ്ചസൃഷ്ടിയെപ്പറ്റി സൂചനനല്‍കുന്നുണ്ട്. ഈ വിഷയത്തിലുള്ള ഇതരസൂക്തങ്ങളില്‍നിന്ന് വ്യത്യസ്തമാണിത്. ഭൗമഭൗതികശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ ഇതിനെ വിശകലനം ചെയ്യാനാണിവിടെ ശ്രമിക്കുന്നത്. ഈ സൂക്തം പലയാവര്‍ത്തി പാരായണംചെയ്യുമ്പോള്‍ അതില്‍ പല ആന്തരാര്‍ഥങ്ങളും ഉള്‍ക്കൊണ്ടതായി  മനസ്സിലാക്കാനാകും.

1. ‘പിന്നെ  അവന്‍ ആകാശത്തിനു നേരെ തിരിഞ്ഞു. അത് പുകയായിരുന്നു’ എന്ന വാചകം ചില രഹസ്യങ്ങളെ അനാവരണംചെയ്യുന്നു. അല്ലാഹു എന്തുദ്ദേശിക്കുന്നുവോ അപ്പോള്‍ അത് ആകട്ടെ എന്നുപറയുകയേ വേണ്ടൂ. അതുണ്ടാവുകയായി എന്ന് മറ്റൊരിടത്ത് പറയുന്നുണ്ട്. എന്നാല്‍ ഇവിടെ  അവന്‍ ആകാശത്തിനുനേരെ തിരിഞ്ഞു എന്നുപറയുന്നു. എന്താണതുകൊണ്ടുദ്ദേശിച്ചത്? എന്തോ ചിലത് വെളിപ്പെടുത്താനുദ്ദേശിക്കുന്നുവെന്നല്ലേ അതിന്റെ അര്‍ഥം.

2. ആകാശത്തോടും ഭൂമിയോടും പരസ്പരസഹകരണം പുലര്‍ത്താന്‍ ആഹ്വാനംചെയ്യുന്നു. സ്വമേധയാലോ നിര്‍ബന്ധിതാവസ്ഥയിലോ ആയാലും ശരി. അവര്‍ തമ്മിലുള്ള ഒത്തൊരുമ ആവശ്യപ്പെടുന്നു. തന്റെ കല്‍പന  നിഷേധിക്കാന്‍ കഴിയാത്തവിധം  പ്രബലമാണെന്ന് തെളിയിക്കുന്നു. ആകാശവും ഭൂമിയും തമ്മില്‍ സാധാരണനിലയില്‍ സഹകരണത്തിന് വിഷമമാണെന്ന സൂചന അത് പകര്‍ന്നുനല്‍കുന്നുണ്ട്. ഭൂമിയോടടുത്ത ആകാശമാണ്  ഭൂമിയുമായി അടുപ്പം പുലര്‍ത്തുന്നത്. അത് സമകാലികഭൗമഭൗതികമാനത്തില്‍ ഒട്ടേറെ ചിന്തകള്‍ക്ക് വഴിയൊരുക്കുന്നു.

മതിയായ ഊഷ്മാവ് നിലനിറുത്താന്‍ കഴിഞ്ഞാല്‍ ഏത് ഗ്രഹത്തിലും ജീവിതം സാധ്യമാകുമെന്ന് ഈയടുത്തകാലം വരെ ശാസ്ത്രം കരുതിയിരുന്നു. ഗ്രഹത്തിനുചുറ്റും അന്തരീക്ഷം രൂപവത്കരിക്കുന്നത് അസാധ്യമെന്ന് പറയാനാവുംവിധം പ്രയാസമേറിയ പ്രക്രിയയാണെന്ന്  ഗവേഷകര്‍ തിരിച്ചറിഞ്ഞത്  ഏതാനുംവര്‍ഷങ്ങള്‍ക്കുമുമ്പാണ്. ഗ്രഹവും അന്തരീക്ഷവും തമ്മില്‍ ചേര്‍ത്തുനിറുത്താനാകാത്തവിധം  തടസ്സം ഉണ്ടത്രേ.(അതായിരിക്കാം സമീപാകാശം).

സമീപാകാശത്തെ അന്തരീക്ഷത്തില്‍ വാതകകണങ്ങളാണുള്ളത്. അന്തരീക്ഷത്തിലുള്ള വാതകകണങ്ങള്‍ വലിയ ഗ്രഹങ്ങളെ സംബന്ധിച്ചിടത്തോളം അവയുമായി ചേര്‍ന്നുനില്‍ക്കുന്നവയാണ്. എന്നാല്‍ ചെറുഗ്രഹങ്ങളില്‍  വാതകകണങ്ങളെ  ചേര്‍ത്തുനിറുത്താനാവശ്യമായ  ഗുരുത്വാകര്‍ഷണബലമില്ല. തന്‍മൂലം വാതകങ്ങള്‍ അകന്ന് ഗ്രഹോപരിതലം തരിശായിത്തീരുന്നു. ഈ ധാരണകള്‍ മുന്നില്‍വെച്ചുകൊണ്ട് സൂക്തത്തിന്റെ രണ്ടാം ഭാഗം വായിച്ചുനോക്കുക:”ഉണ്ടായി വരിക; നിങ്ങളിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.”അന്തരീക്ഷത്തില്‍നിന്ന് രക്ഷപ്പെട്ട് ശൂന്യാകാശത്തേക്ക് പ്രയാണംചെയ്യാന്‍ ശ്രമിക്കുന്ന തന്‍മാത്രകളെ ഭൂമി ആകര്‍ഷിക്കുകയും പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുകയുംചെയ്യുന്നു. അതായത്, അവരുടെ പങ്കാളിത്തം ഉഭയസമ്മതത്തോടെയല്ല, നിര്‍ബന്ധിതമാണ്.

മേല്‍സൂക്തത്തിലെ പ്രാപഞ്ചികസത്യത്തെക്കുറിച്ച വിവരണം എത്രമാത്രം ശാസ്ത്രീയമാനമുള്ളതാണെന്ന് ഇപ്പോഴാണ് നമുക്ക് മനസ്സിലാകുന്നത്. ഇക്കാര്യം പതിനാലുനൂറ്റാണ്ടുകള്‍ക്കുമുന്വ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അമ്പതുകൊല്ലംമുമ്പുവരെ ഇൗ യാഥാര്‍ഥ്യം ആര്‍ക്കുമറിയില്ലായിരുന്നു. ഇനി ദൈവികവചനത്തിന്റെ ആന്തരാര്‍ഥം നന്നായിഗ്രഹിക്കാന്‍  ഭൗമഭൗതികശാസ്ത്രത്തെക്കുറിച്ച് അല്‍പംകൂടി  അറിയാന്‍ ശ്രമിക്കാം. അതായത്, ഗ്രഹങ്ങളില്‍ അന്തരീക്ഷം ഉണ്ടാകാന്‍ സഹായിക്കുന്ന ഘടകങ്ങളെന്തെന്ന് പരിശോധിക്കാം.

അന്തരീക്ഷത്തിന്റെ രൂപവത്കരണത്തിന് വാതകതന്‍മാത്രകളുടെ ചലനവും അവയെ ചെറുത്തുനില്‍ക്കുന്ന ഗുരുത്വാകര്‍ഷണബലവും സമതുലിതമായി ഉണ്ടാകണം. ഈ സന്തുലിതാവസ്ഥ സൃഷ്ടിച്ചെടുക്കല്‍ അസാധ്യമാംവിധം പ്രയാസമാണ്. പ്രപഞ്ചത്തില്‍ ഏതാണ്ടെല്ലാ ഗ്രഹങ്ങളിലും  ഇതുതന്നെയാണ് സ്ഥിതി.

ഖുര്‍ആന്‍ സൂക്തത്തിന്റെ വിശദാംശഭാഗത്തേക്ക് നമുക്ക് കടക്കാം.

‘പിന്നെ  അവന്‍ ആകാശത്തിനു നേരെ തിരിഞ്ഞു’. പ്രപഞ്ചനാഥന്‍ കാര്യങ്ങളെ എങ്ങനെ നടപ്പിലാക്കുന്നുവെന്നതിന്റെ ചില രഹസ്യങ്ങള്‍ ഇതിലടങ്ങിയിരിക്കുന്നു. മാത്രമല്ല,ശാസ്ത്രതലത്തില്‍ നിന്ന് നിരീക്ഷിച്ചാല്‍ തികച്ചുംസങ്കീര്‍ണമായ സാഹചര്യങ്ങളുടെ കോര്‍വ ആവശ്യമാണെന്നു കാണാനാകുന്നു.

1. അന്തരീക്ഷോഷ്മാവ് 2.ആനുപാതികമായ ഭൂഗുരുത്വാകര്‍ഷണബലം, 3. സംതുലനാവസ്ഥയെ ശിഥിലമാക്കാതെ ശൂന്യാകാശത്തുനിന്നുള്ള പ്രകാശോര്‍ജ്ജങ്ങളുടെ വരവ്.

അന്തരീക്ഷ ഊഷ്മാവ്

അന്തരീക്ഷത്തിലെ വാതകതന്‍മാത്രകള്‍ ഭൗമോപരിതലത്തില്‍ നിന്ന് രക്ഷപ്പെടാന്‍ശ്രമിക്കുന്നത് ഊഷ്മാവിനെ ആസ്പദമാക്കിയാണ്. അന്തരീക്ഷ ഊഷ്മാവ് നാലുസംഗതികളെ ആസ്പദമാക്കിയാണ് നിലകൊള്ളുന്നത്.

a. ഭൂമിയും സൂര്യനുംതമ്മിലുള്ള അകലം. അവ കൂടുതല്‍ അടുത്തുപോയാല്‍ അന്തരീക്ഷത്തിലെ മുഴുവന്‍ വാതകതന്‍മാത്രകളും ആവിയായി രക്ഷപ്പെട്ടുപോകും. നേരെമറിച്ച് ഭൂമി സൂര്യനില്‍നിന്ന് വളരെ അകലെയായാല്‍ വാതകതന്‍മാത്രകള്‍ ഖനീഭവിച്ച് ഭൗമോപരിതലത്തില്‍ അലിഞ്ഞുചേരും.

b. സൂര്യനില്‍നിന്ന് ഭൂമി സ്വീകരിക്കുന്ന ചൂട് അതിന്റെ ഉപരിതലത്തില്‍ എല്ലായിടത്തും ഒരുപോലെ വിതരണംചെയ്യപ്പെടണം. അതിനായി ഭൂമി ഒരു അച്ചുതണ്ടില്‍കൃത്യമായ വേഗതയില്‍ കറങ്ങണം. ആ കറക്കം കുറഞ്ഞുപോയാല്‍ ഭൗമോപരിതലം വേഗത്തില്‍ തണുത്തുപോകും. കൂടുതല്‍ വേഗത്തില്‍ കറങ്ങിയാല്‍ ചൂട് ഒരേയളവില്‍ എല്ലായിടത്തുംചെന്നെത്തുകയില്ല. അതിനാല്‍ ഭൂമി അതിപ്പോഴുള്ള വേഗത്തില്‍ മാത്രമേ കറങ്ങാന്‍ പാടുള്ളൂ. 

ഭൂമധ്യരേഖയിലാണ് സൗരോര്‍ജം കൂടുതല്‍ആവാഹിക്കപ്പെടുന്നത് അതിനാല്‍തന്നെ അത് വേഗം ചൂടുപിടിക്കുന്നു. അതേസമയം ധ്രുവപ്രദേശങ്ങള്‍ തണുത്ത അവസ്ഥയിലായിരിക്കും. അതിനാല്‍ അച്ചുതണ്ട് അല്‍പം ചരിഞ്ഞ് നിലകൊള്ളേണ്ടതുണ്ട്. ആ ചരിവ് 23.5 ഡിഗ്രിയാണെന്ന് നാം കണ്ടെത്തിക്കഴിഞ്ഞു.

‘അപ്പോള്‍ അവ രണ്ടും അറിയിച്ചു: ”ഞങ്ങളിതാ അനുസരണമുള്ളവയായി വന്നിരിക്കുന്നു.” എന്ന സൂക്തഭാഗത്തിലെ പ്രഖ്യാപനം വരൂ, പരസ്പരം സഹകരിച്ച് ചേര്‍ന്നുനില്‍ക്കൂ എന്ന ദൈവികാജ്ഞയുടെ ഉത്തരമാണ്. അത് ഭൂമിയുടെ ചരിവിന്റെയും കറക്കത്തിന്റെയും രൂപത്തിലാണ്. ഭൂമി തന്റെതായ രീതിയില്‍ ആ നിര്‍ദേശത്തെ നടപ്പിലാക്കിയെന്നര്‍ഥം.

c. സ്വാംശീകരിച്ച ചൂടിനെ ഭൂമിക്ക്  നിലനിറുത്തണമല്ലോ. അതിനായി പുതപ്പ് വേണംതാനും.  ടി ആവശ്യത്തിനായി കാര്‍ബണ്‍ഡൈഓക്‌സയിഡിന്റെ സാന്നിധ്യം അന്തരീക്ഷത്തില്‍ ഉറപ്പുവരുത്തിയിരിക്കുന്നു. അക്കാര്യവും സൂക്തത്തിലുണ്ട്. ‘  അത് പുകയായിരുന്നു’ എന്ന വെളിപ്പെടുത്തലില്‍നിന്ന് മറ്റെന്താണ് മനസ്സിലാക്കാനാകുക? ഭൗമാന്തരീക്ഷത്തില്‍ ആദ്യഘട്ടത്തില്‍ പുകയായിരുന്നു കൂടുതലും ഉണ്ടായിരുന്നതെന്ന് ഇത് വ്യക്തമാക്കുന്നു. ആ പുക(കാര്‍ബണ്‍ഡൈഓക്‌സയിഡ്)യാണ് ഭൂമിയുടെ ചൂടിനെ നിലനിറുത്തിയത്.

ഭൂഗുരുത്വാകര്‍ഷണബലത്തിലെ സന്തുലിതത്വം

ഭൗമോപരിതലത്തിലെ ഭൂഗുരുത്വാകര്‍ഷണത്തെ സംബന്ധിച്ച് ആധുനികശാസ്ത്രം പറയുന്നതിതാണ്: ഭൂമിയിലുള്‍ക്കൊള്ളുന്ന മൊത്തം ആറ്റങ്ങളുടെ ഗുരുത്വാകര്‍ഷണബലങ്ങളുടെ ആകത്തുകയാണ് അത്.അതായത്, അന്തരീക്ഷതന്‍മാത്രകള്‍ രക്ഷപ്പെടാതെ അവയെ പിടിച്ചുനിറുത്തുന്നത് ഭൂഗുരുത്വാകര്‍ഷണബലമാണ്. അതേസമയം അത് അന്തരീക്ഷത്തിന്റെ ആഗിരണത്തെ തടയുകയുംചെയ്യുന്നു. അതായത് ഭൗമമണ്ഡലത്തിലെ വാതകം നിശ്ചിതവ്യാപ്തവും സാന്ദ്രതയും ഉറപ്പുവരുത്തുന്നു. അത് അന്തരീക്ഷമണ്ഡലത്തിന്റെ സുരക്ഷയ്ക്ക് സഹായകമായി വര്‍ത്തിക്കുന്നു. പക്ഷേ ഇതോടൊപ്പം ഒട്ടനേകം ഘടകങ്ങള്‍ പ്രാധാന്യപൂര്‍വം നിലനില്‍ക്കുന്നുണ്ടെന്നും നാം അറിയുക.

1. ഭൂമിയില്‍ പലതരത്തിലുള്ള മൂലകങ്ങള്‍ പ്രത്യേകഅനുപാതത്തില്‍ നിലനില്‍ക്കുന്നു. ഇവിടെ ജീവന്‍ നിലനില്‍ക്കാനും നാഗരികതയെ പരിപോഷിപ്പിക്കാനും ആവശ്യമായ ലോഹധാതുക്കളടക്കം വാതകങ്ങളും അലോഹങ്ങളുമുണ്ട്. അതായത്, ഭൂമിയുടെ സാന്ദ്രത കൃത്യമായ പദാര്‍ഥങ്ങളുടെ വിന്യാസത്തിലൂടെ സാധ്യമാക്കിയിരിക്കുന്നു. പക്ഷേ, അത് നമ്മുടെ കണക്കുകൂട്ടലുകള്‍ക്കുമപ്പുറത്താണെന്നുമാത്രം.

2.ഭൂഗുരുത്വാകര്‍ഷണം സന്തുലിതമാക്കുന്നതില്‍ അന്തരീക്ഷത്തിലെ വാതകതന്‍മാത്രകളുടെ ഭൗതികസ്വഭാവം മാത്രമല്ല, രാസസ്വഭാവവും പങ്കുവഹിക്കുന്നു. അതായത്, അവ ഏതെങ്കിലും ഘട്ടത്തില്‍ മാറ്റത്തിന് വിധേയമാകുന്ന പ്രശ്‌നമേയുദിക്കുന്നില്ല. ഭൗമമണ്ഡലത്തിലെ  ഉപരിപാളികളും മണ്ണും മലയും എല്ലാംതന്നെ അന്തരീക്ഷവായുവുമായി പ്രതിപ്രവര്‍ത്തിച്ച് അന്തരീക്ഷത്തെ സ്വാംശീകരിക്കാവുന്ന ഘടനയിലല്ല സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.

ഉദാഹരണത്തിന് ഭൂവല്കപാളി കാര്‍ബണ്‍കൊണ്ട് നിര്‍മിതമാണ്. അതിനാല്‍ തന്നെ അത് ഓക്‌സിജനുമായും നൈട്രജനുമായും പ്രതിപ്രവര്‍ത്തനസാധ്യതയുള്ളതാണ്. പക്ഷേ, പാളിയിലെ സിലിക്കണ്‍സംയുക്തങ്ങള്‍ ഓക്‌സിജനെയും  നൈട്രജനെയും രാസപ്രവര്‍ത്തനത്തിന് കഴിയാത്തവിധം നിര്‍ജീവമാക്കിനിര്‍ത്തുന്നു.

വ്യത്യസ്തപ്രകാശോര്‍ജങ്ങളുടെ ഫലമായി അന്തരീക്ഷസ്ഥിരതയ്ക്ക് മാറ്റംവരുന്നില്ല.

അന്തരീക്ഷമണ്ഡലം എത്രതന്നെ സ്ഥിരതയാര്‍ജിച്ചതാണെങ്കിലും ബാഹ്യാകാശത്തുനിന്ന് വരുന്ന വൈവിധ്യശ്രേണിയിലുള്ള പ്രകാശോര്‍ജങ്ങളാല്‍ മാറ്റപ്പെടാവുന്നതാണ്.  അതിന് കാരണം അത്തരം പ്രകാശകണികകളുടെ പ്രവേഗം വ്യത്യസ്തപ്പെട്ടിരിക്കുന്നുവെന്നതുതന്നെ. എന്നിട്ടും അന്തരീക്ഷമണ്ഡലത്തിന്റെ സന്തുലിതത്വം നിലനില്‍ക്കുന്നതിന് പല കാരണങ്ങളുണ്ട്:

a. ഭൂമിയെ വലയംചെയ്തുനില്‍ക്കുന്ന, നൂറുകണക്കിന് ഭൗമവ്യാസത്തിന് തുല്യമായ  കാന്തികമണ്ഡല(മാഗ്നെറ്റോസ്ഫിയര്‍)ത്തിന്റെ സാന്നിധ്യം. ശൂന്യാകാശത്തുനിന്നുവരുന്ന എല്ലാതരത്തിലുമുള്ള കണങ്ങളെയും തടഞ്ഞുനിര്‍ത്തുന്നു.

b. ബ്ലാക്‌ഹോളുകള്‍ എന്നറിയപ്പെടുന്ന ഭൂമിയില്‍നിന്ന് വളരെ അകലെയായി സ്ഥിതിചെയ്യുന്ന പ്രതിഭാസം  ക്ഷീരപഥത്തില്‍നിന്നുണ്ടാകുന്ന അധികഊര്‍ജത്തെ ആഗിരണംചെയ്യുന്നു.

c. അന്തരീക്ഷംതന്നെ അതിന് സ്വയം സുരക്ഷാകവചം ഒരുക്കിയിട്ടുണ്ട്. ഓസോണ്‍ എന്ന പേരിലറിയപ്പെടുന്ന അത്തരം കവചങ്ങള്‍ മാരകരശ്മികളെ തടുത്തുനിറുത്തുന്നു. അതോടൊപ്പംതന്നെ നൈട്രജന്റെ ഐസോടോപ്പുകളും  സുരക്ഷാവലയം തീര്‍ക്കുന്നുണ്ട്. മേല്‍വിവരിച്ചതിനുമപ്പുറം ഇന്നുംനമുക്ക് കണ്ടെത്താനാകാത്ത പല സംഗതികളും അന്തരീക്ഷത്തിലുണ്ട്. ഇനി അനാവൃതമാകുന്ന ഓരോ രഹസ്യങ്ങളും യുക്തിമാനും പ്രതാപവാനുമായ പ്രപഞ്ചനാഥന്റെ  വൈഭവത്തെ വിളിച്ചോതുന്നതാണ്  എന്നാണ് നാം മനസ്സിലാക്കേണ്ടത്.

ആകാശത്തിന്റെ ഭൗതികസ്വഭാവം നമുക്ക് അടുത്തറിയാനായിട്ടില്ല. അതിന്റെ വ്യാപ്തിയെക്കുറിച്ചോ അളവിനെക്കുറിച്ചോ നമുക്കറിയില്ല. അന്തരീക്ഷമണ്ഡലത്തില്‍നിന്ന് പുറത്തേക്ക് പോകണമെങ്കില്‍ അതിന് സെക്കന്റെില്‍ 11.3 കി.മീ. വേഗതയുണ്ടായിരിക്കണം എന്ന് നമുക്ക് അറിയാം. എന്നാല്‍ അന്തരീക്ഷകണികകള്‍ക്ക് ഈ വേഗം കൈവരിക്കാന്‍  ആവില്ല.

പ്രൊഫസര്‍ ഡി ലിമാക് സ്പിറ്റ്‌സറിന്റെ വീക്ഷണത്തില്‍  ഭൂമി അന്തരീക്ഷത്തില്‍നിന്ന് ആവശ്യമായ അളവില്‍ നൈട്രജനെ സ്വാംശീകരിക്കുന്നുണ്ട്.  വളരെ അപകടസ്വഭാവത്തിലുള്ള(ജ്വലനസഹായിയായ)ഓക്‌സിജനെ നിയന്ത്രിക്കുന്നത് നൈട്രജനാണല്ലോ.  അതോടൊപ്പം  ‘കുലീനവാതകങ്ങള്‍’ എന്നറിയപ്പെടുന്ന ഹീലിയം, ആര്‍ഗണ്‍, നിയോണ്‍, ക്രിപ്‌റ്റോണ്‍, സിനോണ്‍, റാഡൊണ്‍ തുടങ്ങിയവ നൈട്രജനും ഓക്‌സിജനും തമ്മില്‍ പ്രതിപ്രവര്‍ത്തിക്കുന്നത്  (പ്രത്യേകിച്ചും ഇടിമിന്നലിന്റെ വേളയില്‍ )ഇല്ലായ്മചെയ്യുന്നു.  

മേല്‍പറഞ്ഞ ഒട്ടേറെ ഭൗമഭൗതികപ്രതിഭാസങ്ങള്‍ അല്ലാഹുവിന്റെ സൂക്തത്തെ നമുക്ക് മനസ്സിലാക്കാന്‍ ഉപകരിക്കുന്നു. മാത്രമല്ല, എത്രമാത്രം അത്ഭുതങ്ങള്‍ നിറഞ്ഞതാണ് വാനലോകം എന്ന സംഗതി ഒന്നുകൂടി ഊട്ടിയുറപ്പിക്കപ്പെടുകയാണിവിടെ.     

 

Topics