ശക്തി, ദൗര്‍ബല്യം, നന്മ, തിന്മ തുടങ്ങിയവയാല്‍ അല്ലാഹു ഇഹലോകത്ത് വെച്ച് പരീക്ഷിക്കുമെന്ന കാര്യത്തില്‍ നമുക്ക് അഭിപ്രായ വ്യത്യാസമില്ല. എന്നാല്‍ ദൗര്‍ബല്യവും തിന്മയും കൊണ്ടുള്ള പരീക്ഷണത്തിലാണോ, അതല്ല ശക്തിയും നന്മയും കൊണ്ടുള്ള പരീക്ഷണത്തിലാണോ വിജയ സാധ്യത കൂടുതലുള്ളത് എന്നതില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഇക്കാര്യത്തില്‍ മനുഷ്യന്റെ ഇതുവരെയുള്ള അനുഭവം എന്താണ് തെളിയിക്കുന്നത്?
പ്രമാണങ്ങളിലേക്കും പൂര്‍വസൂരികളുടെ വചനങ്ങളിലേക്കും നാം മടങ്ങുന്ന പക്ഷം ശക്തിയുടെയും ദൗര്‍ബല്യത്തിന്റെയും ഗുണപരമായ വശങ്ങളിലേക്ക് അത് ഒരുപോലെ വിരല്‍ ചൂണ്ടുന്നതായി കാണാവുന്നതാണ്. ഉദാഹരണമായി തിരുമേനി(സ)യുടെ ഒരു വചനം ഇപ്രകാരമാണ് : ‘നല്ല ധനം നല്ല മനുഷ്യന് എത്ര നല്ലതാണ്’.
പൂര്‍വസൂരികളുടെ ജീവിതത്തില്‍ നാം പ്രതികൂലമെന്ന് വിലയിരുത്തുന്ന ഘടകങ്ങള്‍ക്ക് നല്ല പ്രാധാന്യമുണ്ടായിരുന്നു. ദൈവസ്‌മരണ, ഏകാന്തത, നിശബ്ദത, വിശപ്പ് തുടങ്ങിയവ ദൈവബോധം സൃഷ്ടിക്കുന്ന ഘടകങ്ങളെന്ന് അവര്‍ വിലയിരുത്തി. മനസ്സിന്റെ ആഗ്രഹങ്ങളെയും ത്വരയെയും അടിച്ചമര്‍ത്തുക എന്നതായിരുന്നു അവരുടെ പരിശീലനത്തിലെ മുഖ്യഅടിസ്ഥാനം.
നാം ആഗോളീകരണത്തിന്റെ കാലത്താണ് ജീവിക്കുന്നത്. ശക്തര്‍ക്കും, സമ്പന്നര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്ന വൃത്തികെട്ട സംവിധാനമാണ് അത്. ദരിദ്രര്‍, ദുര്‍ബലര്‍, നിരക്ഷരര്‍ തുടങ്ങി പ്രയാസകരമായ ജീവിതം നയിക്കുന്നവരെ മുതലെടുക്കുകയാണ് അവര്‍ ചെയ്യുന്നത്. ഇവിടെ ദാരിദ്ര്യവും ദൗര്‍ബല്യവും സമ്പന്നര്‍ക്ക് അനുകൂല ഘടകമായി മാറിയിരിക്കുന്നു. ചരിത്രത്തില്‍ എല്ലായിടത്തും ശക്തരെ പ്രലോഭിപ്പിച്ച ഘടകമായിരുന്നു മറ്റുള്ളവരുടെ ദൗര്‍ബല്യം.
ഇന്ന് കാര്യം കൂടുതല്‍ സങ്കീര്‍ണമായിരിക്കുന്നു. ദരിദ്രരുടെ കൂട്ടത്തില്‍ ഒരാളായി ജീവിക്കുമ്പോള്‍ പകുതി പ്രയാസമേ ആ ആള്‍ക്ക് അനുഭവിക്കേണ്ടതുള്ളൂ. പക്ഷേ സമ്പന്നര്‍ക്കിടയില്‍ ദരിദ്രനായി ജീവിക്കേണ്ടി വരുമ്പോള്‍ അവന്റെ പ്രയാസം പതിന്മടങ്ങ് വര്‍ധിക്കുന്നു. സമ്പന്നരുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമായി അവര്‍ ഈ ദരിദ്രനെ കാണുന്നു.
അറബികള്‍ സാധാരണ പറയാറുണ്ട്: ‘ഉപരോധിക്കപ്പെട്ടവന്‍ ഒരു നന്മയും വരുത്തുകയില്ല ‘. ദരിദ്രനെ നേരിട്ട് സ്‌പര്‍ശിക്കുന്ന ഒരു പഴഞ്ചൊല്ലാണ് ഇത്. ദൗര്‍ബല്യം അതിന്റെ ആള്‍ക്ക് പ്രയാസവും തടസ്സവും മാത്രമേ സൃഷ്ടിക്കുകയുള്ളൂ. പട്ടണത്തെ വലയം ചെയ്‌ത് നില്‍ക്കുന്ന ഭീമന്‍ വേലിക്കെട്ടുകള്‍ക്ക് സമാനമാണ് അവന് അവന്റെ ദാരിദ്ര്യം. അതിനാല്‍ താന്‍ ബന്ധിക്കപ്പെട്ടവനായും, തഴയപ്പെട്ടവനായും ദരിദ്രന് തോന്നുന്നു. തന്റെ കാലത്തോടൊപ്പം സഞ്ചരിക്കാനോ, അതിലെ വെല്ലുവിളികളെ അതിജീവിക്കാനോ അവന് സാധിക്കുന്നില്ല.
ചക്രവാളങ്ങള്‍ അടഞ്ഞതായി ദുര്‍ബലന് തോന്നുമ്പോള്‍ അത് അവന്റെ ജീവിതത്തിലും സന്തോഷത്തിലും നേട്ടത്തിലുമെല്ലാം പ്രതികൂലമായി സ്വാധീനം ചെലുത്തുന്നു. ഉപരോധത്തില്‍ ശ്വാസംമുട്ടുന്ന ഗ്രാമത്തിനോ പട്ടണത്തിനോ ഉണ്ടാകുന്ന ക്ലേശത്തേക്കാള്‍ ദുഷ്‌കരമാണ് ഇത്. കാരണം മാനസികവും ധൈഷണികവുമായ ഉപരോധം ബുദ്ധിയെയും മനസ്സിനെയും പോറലേല്‍പിക്കുന്നു. തന്റേതായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്നില്ല എന്നതാണ് ദുര്‍ബലനെ അലട്ടുന്ന സുപ്രധാന പ്രശ്‌നം. ഇത് സമൂഹത്തിന് ഭാരമാകുന്ന വ്യക്തിയെ സൃഷ്ടിക്കുകയാണ് ചെയ്യുക. തന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്വന്തം നിലക്ക് മനുഷ്യന്‍ അശക്തനാവുന്നതോടെ അവന്‍ സ്വയമൊരു സാമൂഹിക പ്രശ്‌നമായി മാറുമെന്നത് അല്ലാഹുവിന്റെ നടപടിക്രമമാണ്. നാം ഒട്ടേറെ പേരുടെ ജീവിതത്തില്‍ കണ്ടിട്ടുള്ളതാണ് ഇത്.
മനുഷ്യന്‍ പൊതുവെ നല്ല ശക്തിയും സമ്പത്തുമുള്ള അവസ്ഥയിലാണ് മറ്റുള്ളവരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുക. ദരിദ്രനും, ദുര്‍ബലനും, ശരാശരിയിലും താഴെ ബൗദ്ധിക നിലവാരമുള്ളവരും മറ്റുള്ളവരുടെ സഹായം പ്രതീക്ഷിച്ചിരിക്കുകയാണ് ചെയ്യുക. ഇത് സുപ്രധാനമായ പ്രശ്‌നമാണ്. കാരണം മിക്ക മുസ്‌ലിം സമൂഹങ്ങളും ദുര്‍ബലമാണ്. അവിടത്തെ നിവാസികളിലധികവും മറ്റുള്ളവരില്‍ നിന്ന് സഹായം പ്രതീക്ഷിക്കുന്നവരാണ്. എന്നാല്‍, അവരെ സഹായിക്കാന്‍ കഴിയുന്നവര്‍ വിരളമാണ്.
വ്യക്തികളുടെയും സമൂഹങ്ങളുടെയും ദൗര്‍ബല്യത്തിന്റെ മൂലകാരണങ്ങള്‍ മേല്‍പ്പറഞ്ഞവയാണ്. നമ്മുടെ വൈയക്തികവും സാമൂഹികവുമായ ജീവിതത്തെ രൂപപ്പെടുത്തുന്ന ഘടകങ്ങളാണ് അവ. നമ്മുടെ മുന്നേറ്റത്തെയും, പിന്നാക്കാവസ്ഥയെയും ഇപ്പോള്‍ നിര്‍ണയിച്ച് കൊണ്ടിരിക്കുന്നത് മറ്റുള്ളവരുടെ സഹായങ്ങളാണ്. നാം സ്വയം തയ്യാറായി ദൃഢനിശ്ചയത്തോടെ മുന്നോട്ട് വന്നാല്‍ വിജയം വരിക്കുക തന്നെ ചെയ്യും.
ഡോ. അബ്ദുല്‍ കരീം ബകാര്‍
Add Comment