നോമ്പ്-ലേഖനങ്ങള്‍

റമദാനിലെ 20 തെറ്റുധാരണകള്‍

വിശ്വാസിയായ മനുഷ്യന് ഏറ്റവും കൂടുതല്‍ ആത്മീയനിര്‍വൃതി നല്‍കുന്ന മാസമാണ് വിശുദ്ധഖുര്‍ആന്‍ അവതീര്‍ണമായ റമദാന്‍. അല്ലാഹു നല്‍കിയ മാര്‍ഗദര്‍ശനമായ ഖുര്‍ആനെ മുന്‍നിര്‍ത്തി നന്ദിപ്രകാശനമായാണ് വിശ്വാസി വ്രതം അനുഷ്ഠിക്കുന്നത്. എന്നാല്‍ വ്രതാനുഷ്ഠാനം ആരംഭിക്കുന്നതോടെ അതിന്റെ ചൈതന്യത്തിന് വിരുദ്ധമായി ചില തെറ്റുധാരണകള്‍ ചിലരില്‍ കടന്നുകൂടാറുണ്ട്. അതെക്കുറിച്ച ചെറുവിവരണമാണ് ചുവടെ:

1. നോമ്പുതുറവിഭവങ്ങളുടെ ആധിക്യം

വ്രതാനുഷ്ഠാനത്തില്‍ പകല്‍വേളകളില്‍ അന്നപാനീയഭോഗങ്ങളുടെ വര്‍ജ്ജനം നിര്‍ബന്ധമാണല്ലോ. എന്നാല്‍ പ്രസ്തുത വര്‍ജനം അവസാനിക്കുന്ന മുറയ്ക്ക് അവ കൂടുതലായി അകത്താക്കാനുള്ള പ്രവണത ചിലരില്‍ കാണാം. പകല്‍വേളകളില്‍ ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കുന്നതുകാരണം രാത്രിവേളകളില്‍ പരിധിവിട്ട് അവ അകത്താക്കുന്നതില്‍ തെറ്റില്ല എന്ന് വിചാരിക്കുന്നവരാണ് അധികപേരും. അതിനായി ഏറെ പൈസ ചിലവാക്കുന്നവരുമുണ്ട്. നോമ്പുതുറ എന്ന പേരില്‍ എണ്ണമറ്റ വിഭവങ്ങള്‍(അതിലധികവും ശരീരത്തിന് ദോഷകരമായവയാണ്താനും) തയ്യാറാക്കുന്നതും ആഹരിക്കുന്നതും റമദാനിന്റെ ചൈതന്യത്തിന് വിരുദ്ധമാണ്.

2. അത്താഴം നേരത്തേയാക്കുക

പുലര്‍ച്ചെയുള്ള അത്താഴം തറാവീഹിനുശേഷം അല്‍പനേരം ഉറങ്ങി എഴുന്നേറ്റ് കഴിക്കുന്ന ശീലം മുന്‍കാലതലമുറയില്‍ വ്യാപകമായിരുന്നു. ശക്തമായ ബോധവത്കരണത്തെത്തുടര്‍ന്നാണ് ആ തെറ്റായ രീതി മാറി ഇപ്പോള്‍ സുബ്ഹിന് തൊട്ടുമുമ്പ് കഴിക്കുന്ന പതിവ് നടപ്പില്‍വന്നത്.

3. നിയ്യത്തില്ലാതെയുള്ള നോമ്പ്

നാടാകെ നോമ്പിന്റെ ആത്മീയാന്തരീക്ഷത്തില്‍ മുഴുകിയിരിക്കെ അതില്‍നിന്ന് മാറിനില്‍ക്കാനാവാത്തതുകൊണ്ട് പകല്‍ പട്ടിണികിടന്ന് നോമ്പാക്കുന്ന ചിലരുണ്ട്. റമദാനിലെ 30 പകലും അവര്‍ പട്ടിണികിടക്കും. എന്നാല്‍ കൃത്യമായ ഉദ്ദേശ്യലക്ഷ്യത്തോടെയല്ലാതെ നോമ്പ് പിടിക്കുന്നത് ഫര്‍ദായ സംഗതിയായി പരിഗണിക്കപ്പെടുകയില്ല. അതിനാല്‍ നിയ്യത്ത് (കരുതല്‍ )നിര്‍ബന്ധമാണ്.

4. ആദ്യദിവസത്തെ നോമ്പ്

റമദാന്‍ ഒന്ന് ആയെന്നറിയാതെ സാധാരണനിലക്ക് ഭക്ഷണംകഴിച്ച വ്യക്തി പിന്നീട് അന്ന് വ്രതമാരംഭിച്ചതായി അറിഞ്ഞാല്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് നോമ്പുകാരെപ്പോലെ കഴിച്ചുകൂട്ടേണ്ടതാണ്. അല്ലാതെ തനിക്ക് നോമ്പില്ലെന്ന ന്യായംപറഞ്ഞ് പരസ്യമായി ഭക്ഷണംകഴിക്കുകയോ കുടിക്കുകയോ ചെയ്യരുത്. അന്നത്തെ നോമ്പ് പിന്നീട് പിടിച്ചുവീട്ടേണ്ടതാണ്.

5. തറാവീഹ് നമസ്‌കാരം

റമദാനിലെ ആദ്യനോമ്പിന്റെ അന്ന് രാത്രിയിലാണ് തറാവീഹ് നമസ്‌കാരം അധികപേരും നമസ്‌കരിച്ചുതുടങ്ങുന്നത്. പകല്‍ നോമ്പുപിടിച്ച ദിവസങ്ങളിലെ രാത്രിയിലാണ് തറാവീഹ് തുടങ്ങുന്നതെന്ന് ചിലരെങ്കിലും തെറ്റുധരിച്ചിട്ടുണ്ട്. എന്നാല്‍ അറബ് മാസങ്ങള്‍ ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. മാസം തുടങ്ങുന്നത് സൂര്യസ്തമയത്തോടെയാണ് എന്ന വസ്തുത അവര്‍ അറിയേണ്ടതുണ്ട്. അതിനാല്‍ വ്രതം ആരംഭിക്കുന്നതിന് മുമ്പുള്ള രാത്രിയില്‍ തറാവീഹ് നമസ്‌കരിക്കണം.

6. അബദ്ധവശാല്‍ അന്നപാനീയങ്ങള്‍ കഴിക്കുക

ആരെങ്കിലും താന്‍ നോമ്പുകാരനാണെന്നത് മറന്ന് ഭക്ഷണസാധനങ്ങള്‍ കഴിക്കുകയോ ജലപാനംനടത്തുകയോ ചെയ്താല്‍ നോമ്പ് മുറിയുമെന്ന് ചിലര്‍ തെറ്റുധരിച്ചിട്ടുണ്ട്. വാസ്തവത്തില്‍ അബദ്ധംപിണഞ്ഞതിന്റെ പേരില്‍ ഒരാളുടെയും നോമ്പ് മുറിയുകയില്ല. വെള്ളം അറിയാതെ ഇറങ്ങിപ്പോയതിന്റെയും കുടിച്ചുപോയതിന്റെയും പേരില്‍ നോമ്പ് നഷ്ടപ്പെടുകയില്ല.

7.ടൂത്ത്ബ്രഷിന്റെ ഉപയോഗം

നോമ്പനുഷ്ഠിച്ചുകൊണ്ട് മിസ്‌വാക്കോ ബ്രഷോ ഉപയോഗിക്കുന്നത് അനുവദനീയമല്ലെന്ന് ചിലര്‍ തെറ്റുധരിച്ചിരിക്കുന്നു. എന്നാല്‍ നബിതിരുമേനി (സ) വ്രതത്തിലായിരിക്കെ മിസ്‌വാക്ക് ഉപയോഗിച്ചതായി ഹദീസുകളില്‍ കാണാം. എന്തിനേറെ , പേസ്റ്റോ പല്‍പ്പൊടിയോ ഉപയോഗിച്ച് പല്ലുവൃത്തിയാക്കുകയുംചെയ്യാം. ദന്തശുദ്ധീകരണത്തിനുപയോഗിക്കുന്ന മിസ്‌വാക്കിന് രുചിയും മണവും ഉണ്ടെന്ന വസ്തുതയാണവര്‍ക്ക് തെളിവ്.

8. ശാരീരികബന്ധം

റമദാനിലെ രാത്രികളില്‍ ജീവിതപങ്കാളിയോടൊപ്പമുള്ള പ്രേമപ്രകടനങ്ങളും ബന്ധവും നിഷിദ്ധമാണെന്ന് ചിലര്‍ കരുതുന്നുണ്ട്. എന്നാല്‍ പകല്‍സമയത്ത് മാത്രമേ അത്തരം സംഗതികള്‍ക്ക് വിലക്കുള്ളൂ.

9. ആര്‍ത്തവം

രാത്രി ആര്‍ത്തവം അവസാനിച്ച് സുബ്ഹിന് മുമ്പ് കുളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നോമ്പുപിടിക്കാനാവില്ലെന്ന് ചില സ്ത്രീകള്‍ തെറ്റുധരിച്ചിരിക്കുന്നു. അത്താഴം കഴിച്ച് നിയ്യത്തോടെ അവര്‍ക്ക് വ്രതം ആരംഭിക്കാവുന്നതാണ്. തുടര്‍ന്ന് കുളിച്ച് വൃത്തിയായി അവര്‍ നമസ്‌കരിക്കുകയാണ് വേണ്ടത്.

10. വലിയ അശുദ്ധിയുള്ള പുരുഷന്‍മാര്‍

ശാരീരികബന്ധത്തിലേര്‍പ്പെട്ട ശേഷം സുബ്ഹ് ബാങ്കിന് മുമ്പ് കുളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നോമ്പനുഷ്ഠിക്കാന്‍ കഴിയില്ലെന്ന് ചില പുരുഷന്‍മാര്‍ ധരിച്ചുവശായിട്ടുണ്ട്. എന്നാല്‍ അവര്‍ക്ക് പുലര്‍ച്ചെയുള്ള അത്താഴം കഴിച്ചശേഷം അവര്‍ക്ക് കുളിക്കാം.

11. നമസ്‌കാരസമയങ്ങള്‍
ചിലയാളുകള്‍ പകല്‍സമയം കിടന്നുറങ്ങിയും മറ്റും ളുഹ്ര്‍, അസ്ര്‍ നമസ്‌കാരങ്ങള്‍ ചേര്‍ത്തുനമസ്‌കരിക്കുന്നത് കാണാറുണ്ട്. അങ്ങനെ രണ്ട് സമയത്തുള്ള നമസ്‌കാരങ്ങള്‍ ഒരു സമയത്ത് നമസ്‌കരിക്കുന്നത് തെറ്റാണ്.

12. നോമ്പുതുറ സമയം

ചിലയിടങ്ങളില്‍ നോമ്പുതുറക്കാനായി തയ്യാറെടുത്തിരിക്കുന്നവര്‍ മഗ്‌രിബ് ബാങ്ക് പൂര്‍ത്തിയാവാന്‍ കാത്തുനില്‍ക്കുന്നത് കാണാറുണ്ട്. എന്നാല്‍ അത് ശരിയല്ല. ബാങ്ക് തുടങ്ങുമ്പോള്‍തന്നെ നോമ്പ് തുറക്കേണ്ടതാണ്.

13. പ്രാര്‍ഥന
അധികപേരും നോമ്പുതുറക്കുന്നതിനുമുമ്പും ശേഷവും ചൊല്ലേണ്ട പ്രാര്‍ഥനകളെക്കുറിച്ച് ബോധവാന്‍മാരല്ല. അല്ലാഹു പ്രാര്‍ഥനസ്വീകരിക്കുന്ന മൂന്ന് സമയങ്ങളില്‍ ഒന്നാണിത്.

14. റമദാന്റെ അവസാനദിനങ്ങള്‍

റമദാനിലെ 25 ദിനങ്ങള്‍ കഴിയുന്നതോടെ വിശ്വാസികള്‍, പ്രത്യേകിച്ചും അവസാന 3 ദിനങ്ങള്‍ പെരുന്നാളിനുവേണ്ടിയുള്ള ഷോപിങിനുവേണ്ടി ചെലവഴിക്കുന്നത് ഇന്ന് സര്‍വസാധാരണമായിരിക്കുന്നു. ഇബാദത്തുകള്‍ ഒഴിവാക്കിയുള്ള മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ഷോപിങില്‍ യാതൊരു കുഴപ്പവും അവര്‍ക്ക് തോന്നാറില്ല. റമദാന്‍ മാസത്തിന്റെ പവിത്രതയും പ്രാധാന്യവും അത്തരമാളുകള്‍ മറന്നിരിക്കുന്നുവെന്നേ പറയാനാകൂ.

15. പെരുമാറ്റരീതികള്‍

റമദാന്‍ ചില ആളുകള്‍ക്ക് ഇതരമാസങ്ങളില്‍നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നത് പകല്‍സമയത്തെ പട്ടിണികിടക്കല്‍ പ്രക്രിയ ഒന്നുകൊണ്ടുമാത്രമാണ്. അവരുടെ സ്വഭാവങ്ങളില്‍ മാറ്റമോ ആരാധനാകര്‍മങ്ങളില്‍ ചൈതന്യമോ തരിമ്പും ദൃശ്യമല്ല. എല്ലാ ദുര്‍വൃത്തികളും മ്ലേഛതകളും അപ്പോഴും അവരിലുണ്ട്. എന്നാല്‍ റമദാന്‍ മനുഷ്യന്റെ സ്വഭാവത്തെ സംസ്‌കരിക്കാനാണ് ഉപവാസത്തിലൂടെ ആവശ്യപ്പെടുന്നത്.

16. സമയംകൊല്ലി ഏര്‍പ്പാട്

റമദാനില്‍ അധികപേരും ചാനലുകളിലും മൊബൈലുകളിലുമുള്ള സമയംകൊല്ലി ദൃശ്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത് കാണാറുണ്ട്. പകല്‍സമയങ്ങള്‍ എങ്ങനെയും തള്ളിനീക്കുകയെന്നതാണ് അവരുടെ മുഖ്യലക്ഷ്യം. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ സ്വായത്തമാക്കാനും ജീവിതം വിശുദ്ധമാക്കാനും ഈ അവസരം അവര്‍ ഉപയോഗപ്പെടുത്തുന്നില്ല.

17. യാത്രയിലെ നോമ്പ്

ഇന്നത്തെ ബിസിനസ് യുഗത്തില്‍ ദൈനംദിനയാത്രകള്‍ ചെയ്യേണ്ടിവരുന്ന വിശ്വാസികളേറെയാണ്. യാത്രക്കാരന് നോമ്പിന് ഇളവുണ്ടെന്ന സൂക്തം മുന്നില്‍കണ്ട് നോമ്പ് ഉപേക്ഷിക്കാമെന്ന തെറ്റുധാരണ പലര്‍ക്കുമുണ്ട്. എന്നാല്‍ നോമ്പുകാരനെന്ന നിലയ്ക്കുള്ള യാത്ര ക്ഷീണമോ ആരോഗ്യപ്രശ്‌നങ്ങളോ സൃഷ്ടിക്കുന്നുണ്ടെങ്കില്‍ മാത്രമേ ആ ഇളവ് ഉപയോഗപ്പെടുത്തേണ്ട ആവശ്യമുള്ളൂ.

19. ഉമിനീര്‍ വിഴുങ്ങല്‍

വായില്‍ ഉമിനീര്‍ എത്തിയാല്‍ അത് ഇറക്കാതെ സദാ തുപ്പിക്കൊണ്ടിരിക്കുന്ന ആളുകള്‍ റമദാനിലെ പതിവ് കാഴ്ചയാണ്. തുപ്പല്‍ വിഴുങ്ങരുതെന്ന് ചിലര്‍ പറഞ്ഞുവിശ്വസിപ്പിച്ച് അവരെ തെറ്റുധാരണയില്‍ കുടുക്കിയിരിക്കുകയാണ്. സ്വാഭാവികമായി ഏതൊരാളുടെയും വായിലുണ്ടാകുന്ന ഉമിനീര്‍ തുപ്പിക്കളയേണ്ട കാര്യമില്ല. അതേസമയം എന്തെങ്കിലും അസ്വാഭാവികകാഴ്ചയുടെയും മണത്തിന്റെയോ ഫലമായുള്ള ഉമിനീര്‍ തുപ്പിക്കളയണം. ദാഹംശമിപ്പിക്കാനായി ഉമിനീരുണ്ടാക്കി വിഴുങ്ങുന്നത് തെറ്റാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുപോലെ വായിലെത്തിയ കഫം തുപ്പിക്കളയേണ്ടതാണ്.

19. സുഗന്ധദ്രവ്യങ്ങള്‍
നോമ്പുകാരന്‍ സുഗന്ധദ്രവ്യങ്ങള്‍ പൂശരുതെന്ന് ചിലര്‍ കര്‍ശനമായി വിലക്കാറുണ്ട്. എന്നാല്‍ സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കുന്നതിന് ദീനില്‍ യാതൊരു വിലക്കുമില്ല.

20. മൂക്കില്‍ വെള്ളംകയറ്റിയുള്ള വുദു

വുദുവിന്റെ വേളയില്‍ വായിലും മൂക്കിലും വെള്ളംകയറ്റുന്നത് നോമ്പ് ബാത്വിലാക്കുമെന്ന് ചിലര്‍ കരുതുന്നു. എന്നാല്‍ ഈ ധാരണതീര്‍ത്തും തെറ്റാണ്.

Topics