ഇസ് ലാമിക കലണ്ടറിലെ ആദ്യത്തെ മാസമായ മുഹര്‍റം നാല് പവിത്ര മാസങ്ങളിലൊന്നാണ്. ദുല്‍ഖഅ്ദ്, ദുല്‍ഹിജ്ജ, റജബ് എന്നിവയാണ് മറ്റു പവിത്രമാസങ്ങള്‍. ഈ മാസങ്ങളിലെ പുണ്യകര്‍മങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യമുണ്ട്. മുഹര്‍റം 10 ശ്രേഷ്ഠതയുള്ള ഒരു പുണ്യദിനമാണ്. ‘ആശൂറ’ എന്നാണതിന്റെ പേര്. ഈ ദിവസം നോമ്പനുഷ്ഠിക്കാന്‍ നബി(സ) നിര്‍ദേശിച്ചിട്ടുണ്ട്. റമദാന്‍ നോമ്പിനു ശേഷം ഏറ്റവും ശ്രേഷ്ഠമായത് അല്ലാഹുവിന്റെ മാസമായ മുഹര്‍റത്തിലെ നോമ്പാണെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. പിന്നിട്ട വര്‍ഷത്തെ പാപങ്ങള്‍ക്ക് അത് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും നബി(സ) പറഞ്ഞിരിക്കുന്നു(മുസ് ലിം).
നബി(സ)യും അനുചരന്മാരും മക്കയിലായിരിക്കെത്തന്നെ ആശൂറാ നോമ്പനുഷ്ഠിച്ചിരുന്നതായി സ്വഹീഹുല്‍ ബുഖാരിയടക്കമുള്ള പ്രാമാണിക ഹദീസ് ഗ്രന്ഥങ്ങളിലുണ്ട്. മദീനയിലെ ജൂതന്മാരും ഈ ദിവസം നോമ്പനുഷ്ഠിക്കുന്നതായി ഹിജ്റക്കു ശേഷം നബി(സ)യുടെ ശ്രദ്ധയില്‍പെട്ടു. അവര്‍ നോമ്പ് അനുഷ്ഠിക്കുന്നതിന്റെ കാരണം തിരക്കിയപ്പോള്‍, ഇസ്രാഈല്‍ സന്തതികളെ ദൈവം ശത്രുവില്‍(ഫറോവയില്‍)നിന്ന് രക്ഷിച്ച ദിവസമാണിതെന്നും അതിനു നന്ദിയായി ഈ ദിവസം മൂസാ(അ) നോമ്പനുഷ്ഠിച്ചിരുന്നതായും അവര്‍ പറഞ്ഞു. മൂസാ(അ)യോട് നിങ്ങളേക്കാള്‍ അടുപ്പമുള്ളവര്‍ ഞങ്ങളാണെന്ന് പറഞ്ഞ റസൂല്‍(സ) ആ ദിവസം നോമ്പനുഷ്ഠിക്കുകയും മുസ്ലിംകളോടും നോമ്പ് നോല്ക്കാന് കല്‍പിക്കുകയും ചെയ്തു. (ബുഖാരി 1865-ാം നമ്പര്‍ ഹദീസ്). മദീനയിലെ ജൂതന്മാരുടെ ആഘോഷദിനമായിരുന്നു ആശൂറായെന്നും ആഘോഷത്തിനു പകരം ആ ദിവസം നോമ്പു അനുഷ്ഠിക്കാന് നബി(സ) അനുചരന്മാരോട് പറഞ്ഞുവെന്നുമാണ് ബുഖാരി തന്നെ ഉദ്ധരിച്ച മറ്റൊരു ഹദീസിലുള്ളത് (1866-ാം നമ്പര്‍ ഹദീസ്).
ആദ്യഘട്ടത്തില്‍ ആശൂറാ നോമ്പ് നിര്‍ബന്ധമായിരുന്നു. ഹിജ്റ രണ്ടാം വര്‍ഷം റമദാനിലെ നോമ്പ് നിര്‍ബന്ധമാക്കിയതോടെ ആശൂറാ നോമ്പ് ഐഛികമാക്കുകയായിരുന്നു. ‘ പുണ്യമാഗ്രഹിച്ച് ആശൂറാഇനോളം ശ്രേഷ്ഠമായ ഒരു ദിനമോ റമദാനേക്കാള്‍ ശ്രേഷ്ഠമായ ഒരു മാസമോ നബി(സ) വ്രതമനുഷ്ഠിച്ചതായി എനിക്കറിയില്ല’ എന്ന് അബ്ദുല്ലാഹിബ്നു അബ്ബാസ് പറഞ്ഞതായി മുസ്ലിം ഉദ്ധരിച്ചിട്ടുണ്ട്. പല സ്വഹാബിമാരും മുഹര്‍റം ഒമ്പതിനും പത്തിനും നോമ്പനുഷ്ഠിച്ചിരുന്നു. അടുത്ത വര്‍ഷം ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ മുഹര്‍റം ഒമ്പതിനും നോമ്പനുഷ്ഠിക്കുമെന്ന് നബി(സ) പറഞ്ഞതായി ഇമാം അഹ്മദുബ്നു ഹമ്പല്‍ (ഹദീസ് നമ്പര്‍ 2002) നിവേദനം ചെയ്തിട്ടുണ്ട്. മുഹര്‍റം പത്തിനോടൊപ്പം ഒമ്പത്, പതിനൊന്ന് തീയതികളിലും നോമ്പനുഷ്ഠിക്കല്‍ കൂടുതല്‍ നല്ലതാണെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
Add Comment