സാമൂഹികം-ഫത്‌വ

കട്ടവന് ‘ക്രൂരശിക്ഷ’യെന്തിന് ?

ചോ: കളവുനടത്തുന്നവന്റെ കൈമുറിക്കണമെന്നാണല്ലോ ഇസ്‌ലാമിന്റെ നിയമം. എന്തിനാണ് ഇത്ര ക്രൂരമായ ശിക്ഷ നല്‍കുന്നത് ?

———————

ഉത്തരം:  കാരുണ്യവും വിട്ടുവീഴ്ചയും മനുഷ്യന്റെ ഏറ്റവും ഉന്നതമായ സ്വഭാവഗുണങ്ങളാണൈന്ന് സര്‍വസമ്മതമായ കാര്യമാണ്. ഏതെങ്കിലും തെറ്റിന്റെ പേരില്‍ ഒരാളെ ക്രൂരമായി ശിക്ഷിക്കുന്നത് അയാളില്‍ തിരുത്താനാകത്തവിധം പ്രതിലോമകരമായ സ്വഭാവവ്യതിയാനത്തിന് വഴിയൊരുക്കുമെന്നതിന് മുന്‍കാല-വര്‍ത്തമാനകാല സംഭവങ്ങള്‍ തെളിവാണ്.

ഒരു പ്രത്യേകസാഹചര്യത്തിലും ഒരു വ്യക്തിയിലും ഒതുങ്ങിനില്‍ക്കുന്ന തിന്‍മക്കെതിരില്‍ നടപടിയെടുക്കേണ്ടിവരുന്ന ഘട്ടത്തില്‍ പ്രസ്തുത വിട്ടുവീഴ്ചാനടപടി പൂര്‍ണമായും ശരിയാകാം. എന്നാല്‍ ഒരു സമൂഹത്തെ മൊത്തം ബാധിക്കുന്ന വിഷയത്തില്‍ അത് എത്രമാത്രം ശരിയാണ് ? അത് മനസ്സിലാക്കാന്‍  ഏറ്റവും പുരോഗമനപരമെന്ന് ലോകം ധരിച്ചുവശായിട്ടുള്ള അമേരിക്കന്‍ നിയമനടപടിക്രമങ്ങളിലേക്കും നീതിന്യായവ്യവസ്ഥയിലേക്കും ഒരു എത്തിനോട്ടം ആവശ്യമാണ്.

ഒരു മോഷ്ടാവ് പിടിക്കപ്പെട്ടാല്‍ അമേരിക്കന്‍ നിയമമനുസരിച്ച് കുറ്റകൃത്യത്തിന്റെ തോത് കണക്കാക്കി അവന് തടവുശിക്ഷയോ  നിര്‍ബന്ധസാമൂഹികസേവനമോ നല്‍കുന്നു. ആ ശിക്ഷ കഴിയുന്നതോടെ അവന്‍ സ്വതന്ത്രനാകും. എന്നാല്‍ അവ്വിധമുള്ള കുറ്റവാളികള്‍ വീണ്ടും അതേ കുറ്റകൃത്യം ആവര്‍ത്തിക്കുന്നതായാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. മോഷണം നടത്തുമ്പോള്‍ തുടര്‍ന്നും പിടിക്കപ്പെടാതിരിക്കാന്‍ അവന്‍ ശ്രദ്ധിക്കുമെന്നുമാത്രം.  ഇനി അവന്‍ വീണ്ടും പിടിക്കപ്പെട്ടാലോ പഴയതുപോലെ ജയില്‍വാസം മാത്രം. പിന്നെ, ജയില്‍വാസം അത്രമോശം സംഗതിയൊന്നുമല്ലല്ലോ. ദിനേന മൂന്നുനേരം ശാപ്പാട്, ആരോഗ്യസംരക്ഷണത്തിന് ജിംനേഷ്യം, തുടര്‍വിദ്യാഭ്യാസപരിപാടികള്‍, ബന്ധുജനങ്ങള്‍ക്ക് സന്ദര്‍ശനാനുവാദം. അമേരിക്കയില്‍ ജയില്‍ശിക്ഷ എന്നത് ചിലര്‍ക്കെങ്കിലും ഹോട്ടല്‍ താമസംപോലെയാണ്.

ചുരുക്കിപ്പറയട്ടെ, കോടതികള്‍ കള്ളന് ഇളവുകൊടുക്കുകയും കള്ളന്‍ മോഷണംസ്ഥിരംപരിപാടിയാക്കുകയും ചെയ്യുന്നു. കോടതിയും കള്ളനും എന്നും കണ്ടുമുട്ടുകയും അവന് മോചനം നല്‍കുകയുംചെയ്യുന്നു. ഈ നാടകങ്ങള്‍ക്ക് പൈസ ചെലവഴിക്കുന്നതാരാണ് ? നികുതിയടക്കുന്ന രാജ്യനിവാസികള്‍. അവര്‍ ഒരു കള്ളനുവേണ്ടി വര്‍ഷംതോറും അമ്പതിനായിരം ഡോളര്‍ മാറ്റിവെക്കുന്നു.

ഇസ്‌ലാമില്‍ മോഷ്ടാവിനുള്ള ശിക്ഷ കരച്ഛേദമാണ്. അല്ലാഹു ഖുര്‍ആനില്‍ പറയുന്നതിപ്രകാരമാണ്. ‘കള്ളന്റെയും കള്ളിയുെടയും കൈകള്‍ മുറിച്ചുകളയുക. അവര്‍ പ്രവര്‍ത്തിച്ചതിനുള്ള പ്രതിഫലമാണത്; അല്ലാഹുവില്‍ നിന്നുള്ള മാതൃകാപരമായ ശിക്ഷയും. അല്ലാഹു പ്രതാപവാനും യുക്തിമാനുമാകുന്നു.'(അല്‍ മാഇദ 38)

നബിതിരുമേനി ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: ‘കാല്‍ ദീനാറാണ് ഒരാള്‍ കട്ടതെങ്കില്‍പോലും അയാളുടെ കരം ഛേദിക്കുക'(ബുഖാരി)

എന്നാല്‍ പ്രസ്തുത ശിക്ഷ നടപ്പാക്കുന്നതിന് ചില ഉപാധികളുണ്ട്.  മോഷ്ടാവ് പ്രായപൂര്‍ത്തിയെത്തിയവനും ബുദ്ധിസ്ഥിരതയുള്ളവനും ആയിരിക്കണം.  മോഷ്ടാവിനുള്ള ശിക്ഷ കൃത്യമായ വിചാരണയുടെയും ക്രമസമാധാനാന്തരീക്ഷത്തിന്റെയും അധികാരപ്പെട്ട കേന്ദ്രങ്ങളിലൂടെയായിരിക്കണം. ക്ഷാമകാലത്ത് ശിക്ഷാവിധി മാറ്റിവെച്ച നടപടി ഉമര്‍(റ)കാലത്തുണ്ടായിട്ടുണ്ട്. ഏതെങ്കിലും ഇസ്‌ലാമികരാജ്യത്ത് മോഷ്ടാവിനുള്ള നടപ്പാക്കുന്നത് കേട്ടാല്‍ ഉടന്‍ പാശ്ചാത്യന്‍രാജ്യങ്ങള്‍ മനുഷ്യാവകാശം ലംഘിച്ചെന്ന് ആരോപിച്ച് പ്രതിഷേധവുമായി രംഗത്തിറങ്ങുകയായി. എന്നാല്‍ അത്തരം പ്രതിഷേധവുമായി രംഗത്തുവരുന്നതിനുമുമ്പ് അത്തരക്കാര്‍ ചിന്തിക്കേണ്ട ഒരു വസ്തുതയുണ്ട്. അതായത്, കര്‍ശനശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളില്‍ മോഷണം കുറവായിരിക്കുമെന്നതാണത്. മോഷ്ടിച്ചാല്‍ കൈ നഷ്ടപ്പെടുമെന്ന ഭയപ്പെടുന്നതിനാല്‍ ആരും മോഷ്ടിക്കാന്‍ തുനിയുകയില്ല. മാപ്പുകൊടുക്കുകയും ഇളവുചെയ്യുകയും ചെയ്യുകയെന്ന പാശ്ചാത്യന്‍ നയം ഫലംകാണാതിരിക്കുമ്പോള്‍ കൈമുറിക്കുമെന്ന മുന്നറിയിപ്പ് മോഷണം കുറക്കാന്‍ സഹായിക്കുന്നു.’ബുദ്ധിശാലികളേ, പ്രതിക്രിയയില്‍ നിങ്ങള്‍ക്കു ജീവിതമുണ്ട്.നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍’.(അല്‍ബഖറ 179)ഇവിടെപ്പറഞ്ഞ പ്രതിക്രിയ കൊല്ലപ്പെട്ടവന്റെ അനന്തരാവകാശികള്‍ക്കുള്ള അവകാശമാണ്. അത് നിയമകേന്ദ്രങ്ങളുടെ മേല്‍നോട്ടത്തിലാണ് നടപ്പാക്കുക. പണ്ഡിതന്‍മാര്‍ പറയുന്നത് നിങ്ങള്‍ കൊലയാളിയുടെ ജീവനെടുക്കുമ്പോഴും മോഷ്ടാവിന്റെ കരംഛേദിക്കുമ്പോഴും  സമൂഹത്തിനെ മൊത്തത്തില്‍ ബാധിച്ചേക്കാവുന്ന വിപത്തിനെയും നഷ്ടത്തെയും പ്രതിരോധിക്കുകയാണ് ചെയ്യുന്നതെന്നാണ്.

നബിതിരുമേനി മോഷ്ടാവിനെ ശപിച്ചിരിക്കുന്നു. കാരണം സമൂഹത്തിലെ അഭിശപ്തഘടകമാണ് അവന്‍. അവനെ ശിക്ഷിക്കാതെ വിട്ടാല്‍ ആ തിന്‍മ സമൂഹത്തെയൊന്നാകെ ബാധിക്കും.

നബിയുടെ കാലഘട്ടത്തില്‍ മഖ്‌സൂം ഗോത്രക്കാരിയും ഉന്നതകുലജാതയുമായ ഒരു യുവതി മോഷണം നടത്തി. അവള്‍ക്കുവേണ്ടി  ശുപാര്‍ശപറയാന്‍ ഉസാമബകിന്‍ സൈദ് നബിയുടെ അടുക്കലെത്തി. പ്രവാചകന്‍ കോപാകുലനായി അദ്ദേഹത്തോടുപറഞ്ഞു:’അല്ലാഹു ശിക്ഷവിധിച്ച കാര്യത്തില്‍ ശുപാര്‍ശപറയാനാണോ നീ ശ്രമിക്കുന്നത്.  നിന്റെ മുന്‍ഗാമികളായ ജനതയ്ക്കും നാശം പിടികൂടാന്‍ ഇതായിരുന്നു കാരണം. അവരില്‍ സമ്പന്നരും തറവാടികളും മോഷണംനടത്തിയാല്‍ വെറുതെവിടുകയും പാവപ്പെട്ടവന്‍ മോഷണംനടത്തിയാല്‍ ശിക്ഷ നടപ്പാക്കുകയുംചെയ്തിരുന്നു. അറിയുക, മുഹമ്മദിന്റെ മകള്‍ ഫാത്വിമയാണ് കളവുനടത്തുന്നതെങ്കില്‍പോലും ഞാനവളുടെ കൈ ഛേദിക്കും'(അല്‍ ബുഖാരി)

മോഷണവുമായി ബന്ധപ്പെട്ട കൃത്യത്തില്‍ അല്ലാഹുവിന്റെ വിധിയിതാണ്; മോഷ്ടാവിന്റെ കരം മണിബന്ധംവരെ ഛേദിക്കുക. മുകളില്‍ സൂചിപ്പിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ പക്ഷേ ശിക്ഷ നടപ്പിലാക്കാവൂ എന്നുമാത്രം.  

കരംഛേദിക്കുകയെന്നത് വളരെ വേദനാജനകമായ സംഗതിയാണ്. അതേസമയം  സമൂഹത്തിന്റെ ആത്മവിശ്വാസവും നിര്‍ഭയത്വവും പരിരക്ഷിക്കപ്പെടാതെ പോകുന്നത് രാഷ്ട്രസുരക്ഷയെവരെ ബാധിക്കുന്ന ഒന്നാണ്. മനുഷ്യന് വേണമെങ്കില്‍ മനുഷ്യന്‍ ഉണ്ടാക്കിയ നിയമത്തെച്ചൊല്ലി വാദമുഖങ്ങള്‍ ഉയര്‍ത്താം. എന്നാല്‍ അല്ലാഹുവിന്റെ വിധിവിലക്കുകളാണ് ആത്യന്തികമായി നിലനില്‍ക്കുന്നതും അപ്രാമാദികവും.’അനിസ്‌ലാമിക വ്യവസ്ഥയുടെ വിധിയാണോ അവരാഗ്രഹിക്കുന്നത്. അടിയുറച്ച സത്യവിശ്വാസികള്‍ക്ക് അല്ലാഹുവെക്കാള്‍ നല്ല വിധികര്‍ത്താവായി ആരുണ്ട്?'(അല്‍ മാഇദ 50)

 

 

Topics