സ്ത്രീജാലകം

കുശുമ്പ് നിറഞ്ഞ പെണ്‍ഹൃദയം

സ്ത്രീകള്‍ക്കിടയിലെ കുശുമ്പ് വളരെ പ്രസിദ്ധവും പരിചിതവുമാണ്. അവരുടെ ഞരമ്പുകളിലൂടെ അത് ഒഴുകുകയും അവരുടെ മജ്ജയില്‍ അത് ചേര്‍ന്ന് നില്‍ക്കുകയും ചെയ്തിരിക്കുന്നു. ഇക്കാര്യത്തില്‍ അറബ് സ്്ത്രീയെന്നോ, പാശ്ചാത്യ സ്ത്രീയെന്നോ വ്യത്യാസമില്ല. പ്രപഞ്ചത്തിലെ എല്ലാ സ്ത്രീകളും -വളരെ അപൂര്‍വം ചിലരൊഴികെ- ഈ വിശേഷണത്തില്‍ ഒരു പോലെ പങ്കാളികളാണ്. സ്ത്രീകള്‍ക്കിടയിലെ കുശുമ്പ് പല തരത്തിലുണ്ട്. പ്രശംസനീയമായതും, ആക്ഷേപാര്‍ഹമായതും അവയിലുണ്ട്. തന്നെക്കാള്‍ മതബോധമോ, വിജ്ഞാനമോ, സല്‍സ്വഭാവമോ ഉള്ളവരെ കാണുമ്പോള്‍ അവരെ അനുകരിക്കാനും, അവര്‍ക്ക് മേല്‍ ഉയര്‍ന്ന് നില്‍ക്കാനും നടത്തുന്ന ശ്രമങ്ങള്‍ പ്രശംസനീയമായവക്ക് ഉദാഹരണമാണ്. സൗന്ദര്യം, പ്രശസ്തി, വസ്ത്രം, ഭൗതികനിലവാരം, സാമൂഹികപദവി തുടങ്ങിയവയുടെ പേരിലുള്ള അസൂയയും ചൊടിയുമെല്ലാം ആക്ഷേപാര്‍ഹവും മറ്റുള്ളവരെ വേദനിപ്പിക്കുന്നവയുമാണ്. ഇത്തരം സമീപനം മറ്റുള്ളവര്‍ക്ക് നേരെ വിദ്വേഷം സൃഷ്ടിക്കാനും, അവരുട നാശം ആഗ്രഹിക്കാനും വഴിവെച്ചേക്കാം.

വളരെ നിസ്സാരമായ കാര്യങ്ങളുടെ പേരില്‍ തനിക്ക് പ്രിയപ്പെട്ട, തന്റെ കൂടെയുള്ളവരോട് വെറുപ്പ് പുലര്‍ത്താന്‍ ഈ സമീപനം സ്ത്രീയെ പ്രേരിപ്പിക്കുന്നു. തന്നേക്കാള്‍ ഏതെങ്കിലും നിലയില്‍ മേന്‍മയുള്ള മറ്റ് സ്ത്രീകളെ വെറുക്കുന്നവരാണ് അധികസ്ത്രീകളും. ജീവിതത്തില്‍ ഒരിക്കല്‍ പോലും സംസാരിച്ചിട്ടില്ലാത്ത, പരിചയമില്ലാത്തവരെ പോലും ഈയര്‍ത്ഥത്തില്‍ ചിലര്‍ വെറുക്കാറുണ്ട്. അവരുടെ സൗന്ദര്യത്തെയോ, സ്വഭാവത്തെയോ, ആകര്‍ഷണീയതയെയോ ആരെങ്കിലും പുകഴ്ത്തിയതായിരിക്കാം അതിന്റെ കാരണം!

നമ്മേക്കാള്‍ മേന്‍മയുള്ളവരോട് നമുക്ക് കുശുമ്പുണ്ടായേക്കാമെന്നത് സ്ത്രീയെന്ന നിലയില്‍ ഞാന്‍ അംഗീകരിക്കുന്നു. നമുക്കില്ലാത്തത് മറ്റുള്ളവരുടെ കൈവശം കാണുമ്പോഴുണ്ടാകുന്ന കെറുവ്് തന്നെയാണ് -നാമത് പരസ്യമായി അംഗീകരിച്ചില്ലെങ്കില്‍ പോലും- അതിന്റെ കാരണം. പ്രസ്തുത രോഷം വിദ്വേഷമായി രൂപാന്തരപ്പെടുകയും അത് അവരോട് മോശമായി വര്‍ത്തിക്കുന്നതിലേക്ക് നമ്മെ നയിക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ സുന്ദരികളോ, വിജയികളോ ആയ സ്ത്രീകള്‍ അവര്‍ക്ക് സമാനമായവരില്‍ നിന്ന് ശക്തമായ ആക്രമണത്തിന് വിധേയമാവുന്നതായി നാം കാണുന്നു. സുന്ദരികളായ സ്ത്രീകളെ അസൂയക്കണ്ണുകളോട് കൂടി നാം നിരീക്ഷിക്കുന്നു. വളരെ മനോഹരമായ വസ്ത്രം ധരിച്ച് വരുന്ന സ്ത്രീയെ കണ്ടാല്‍ അവളില്‍ തീരെ ആകര്‍ഷകമല്ലാത്ത ഭാഗങ്ങളിലേക്കാണ് നാം നോക്കുക. ഒരു പക്ഷേ അവളെ പരിഹസിക്കുന്നതിനും വേദനിപ്പിക്കുന്നതിനും വരെ നാം മുന്നിട്ടിറങ്ങാറുണ്ട്.

ഏതെങ്കിലും സ്ത്രീയെ തന്റെ ഇണ പ്രശംസിക്കുന്നത് ഒരു സ്ത്രീക്കും സഹിക്കില്ല. പ്രശംസിക്കപ്പെടുന്ന സ്ത്രീ ഭര്‍ത്താവിന്റെ ബന്ധുവോ, കുടുംബമോ ആണെങ്കിലും ഇതു തന്നെയാണ് അവസ്ഥ. സ്ത്രീ തന്റെ ഇണയെ സ്‌നേഹിക്കുന്നതിന് അനുസരിച്ച് അദ്ദേഹത്തിന്റെ കാര്യത്തിലുള്ള ആത്മരോഷം അധികരിച്ച് കൊണ്ടേയിരിക്കുന്നു. ഭര്‍തൃകുടുംബവുമായും ബന്ധുക്കളുമായും ഒട്ടേറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ഈ നയം വഴിവെക്കാറുണ്ട്. ചിലപ്പോള്‍ ഭര്‍ത്താവുമായുള്ള ബന്ധം തകര്‍ന്ന് പോകുന്നതിന് വരെ ഇത് കാരണമാവാറുണ്ട്. ‘താഴ്‌വരയുടെ മുകളില്‍ കയറി നിന്നാല്‍ താഴ്ഭാഗം കാണാന്‍ കഴിയുകയില്ല ആത്മരോഷമുള്ളവര്‍ക്ക്’ എന്ന് ഇബ്‌നു ഹജര്‍ പറഞ്ഞുവത്രെ.

അപകര്‍ഷതാബോധത്തിന്റെയും, അരക്ഷിതാവസ്ഥയുടെയും ഫലമായി ശക്തമായ കുശുമ്പ് സ്ത്രീകളില്‍ വളര്‍ന്ന് വരാറുണ്ട്. ഇത്തരം സ്ത്രീകള്‍ക്ക് യാതൊരു ബോധവും ഉണ്ടാവാറില്ല. തന്റെ കുശുമ്പിന് പരിധി വെക്കുന്നവളാണ് ബുദ്ധിമതിയായ സ്ത്രീ. കുശുമ്പിന്റെ കടിഞ്ഞാണ്‍ അഴിച്ച് വിട്ട് തന്റെ വ്യക്തിത്വത്തെ നശിപ്പിക്കുന്നതിനോ, സാമൂഹിക ബന്ധങ്ങള്‍ തകര്‍ക്കുന്നതിനോ അവള്‍ തുനിയുകയില്ല.

ഡോ. നൗഫ് അലി മത്വീരി

Topics