സ്ത്രീജാലകം

സ്വഫിയ്യ ബിന്‍ത് അബ്ദില്‍ മുത്ത്വലിബ്(റ)

പോര്‍ക്കളത്തിലെ വീരാംഗന-3

ഉഹുദ് യുദ്ധത്തിലും അഹ്‌സാബ് യുദ്ധവേളയില്‍ സ്വഫിയ്യ കാഴ്ചവെച്ച ധീരകൃത്യങ്ങള്‍ എക്കാലത്തും ഓര്‍മിക്കപ്പെടും. ഉഹുദ് യുദ്ധത്തില്‍ ശത്രുസൈന്യത്തിന്റെ അവിചാരിതമായ ആക്രമണമുണ്ടായ സമയ്തത് ശത്രുക്കള്‍ നബിതിരുമേനിയെ ലക്ഷ്യമാക്കി ഓടിയടുക്കുന്നത് സ്വഫിയ്യ (റ) കണ്ടു. അദ്ദേഹത്തെ വധിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. പ്രതിരോധിക്കാന്‍ ഏതാനുംപേര്‍ മാത്രമാണുണ്ടായിരുന്നത്. ആ രംഗംകണ്ട സ്വഫിയ്യ സന്ദര്‍ഭത്തിനൊത്തുയര്‍ന്നു. പരിക്കേറ്റവര്‍ക്ക് വെള്ളം കൊണ്ടുവന്ന് കൊടുക്കുകയായിരുന്നു അവര്‍. തോല്‍പാത്രം താഴെയിട്ട് പിന്തിരിഞ്ഞോടുന്ന ഒരു മുസ്‌ലിംഭടന്റെ കൈവശമുണ്ടായിരുന്ന കുന്തം പിടിച്ചുവാങ്ങി യുദ്ധമുഖത്തേക്ക് കുതിച്ചു. അവര്‍ ഉച്ചത്തില്‍ പറഞ്ഞു: ‘ഛെ ഭീരുക്കള്‍! അല്ലാഹുവിന്റെ ദൂതനെ വിട്ട് നിങ്ങള്‍ തോറ്റോടുന്നോ?’

സ്വഫിയ്യ കുന്തവുമായി ഓടിവരുന്നത് കണ്ടപ്പോള്‍ നബി(സ)ക്ക് ഉത്കണ്ഠയായി. അവരുടെ സഹോദരന്‍ ഹംസ(റ) രക്തസാക്ഷിയായി യുദ്ധക്കളത്തില്‍ കിടക്കുന്നു. അദ്ദേഹത്തിന്റെ മൃതശരീരം ശത്രുക്കള്‍ കുത്തിക്കീറി വികൃതമാക്കിയിട്ടുണ്ട്. ആ രംഗം സ്വഫിയ്യ കാണുന്നത് ഉചിതമായിരിക്കുകയില്ല എന്ന് വിചാരിച്ച് അവരുടെ മകന്‍ സുബൈറിനോട് നബി പറഞ്ഞു: ‘സുബൈര്‍ , ഉമ്മയെ ശ്രദ്ധിക്കൂ’. അതുകേട്ട് സുബൈര്‍ അവര്‍ക്കരികെ ചെന്ന് അഭ്യര്‍ഥിച്ചു: ‘ഉമ്മ മാറിനില്‍ക്കൂ. അങ്ങോട്ട് പോകരുത്. മടങ്ങിപ്പോകാനാണ് അല്ലാഹുവിന്റെ റസൂല്‍ നിങ്ങളോട് കല്‍പിക്കുന്നത്. ‘

‘എന്തിന് ? എന്റെ സഹോദരനെ കൊന്ന് വയര്‍ കുത്തിപ്പിളര്‍ത്തിയത് ഞാന്‍ അറിഞ്ഞിരിക്കുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തിലാണത് സംഭവിച്ചതെന്ന് എനിക്കറിയാം.’ സ്വഫിയ്യ പറഞ്ഞു.ഇതുകേട്ട നബി തിരുമേനി സുബൈറിനോട് വിളിച്ചുപറഞ്ഞു: ‘സുബൈര്‍ , അവരെ തടയേണ്ട , വിട്ടേക്കൂ’.

യുദ്ധമവസാനിച്ചപ്പോള്‍ സ്വഫിയ്യ സഹോദരന്‍ ഹംസ(റ)യുടെ മൃതദേഹത്തിനരികെ ചെന്നു. അദ്ദേഹത്തിന്റെ വയര്‍ കുത്തിക്കീറി കരള്‍ മാന്തിയെടുത്ത് മൃതദേഹം ആകെ വികൃതമാക്കിയിരിക്കുന്നു. ദുഃഖം കടിച്ചിറക്കി, അവര്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ മാര്‍ഗത്തിലാണ് ഇത് സംഭവിച്ചത്. അല്ലാഹുവിന്റെ വിധിയില്‍ ഞാന്‍ സംതൃപ്തയാണ്. അവന്റെ പ്രതിഫലം കാംക്ഷിച്ച് ഞാന്‍ ഈ വേദന സഹിക്കുന്നു’.

അഹ് സാബ് യുദ്ധവേളയിലും സ്വഫിയ്യയുടെ ആത്മധൈര്യം പ്രകടമാക്കുന്ന ഒരു സംഭവമുണ്ടായി. അഹ്‌സാബ് യുദ്ധസമയത്ത് നബി(സ) സ്ത്രീകളെയും കുട്ടികളെയും സുരക്ഷിതമായ ഒരു കോട്ടയിലാക്കിയാണ് ശത്രുസൈന്യത്തെ നേരിടാന്‍ പോയത്. ഹസ്സാനുബ്‌നു സാബിത്തിന്റെ ഉടമസ്ഥതയിലുള്ളതും മദീനയിലെ ഏറ്റവും സുശക്തവുമായ കോട്ടയില്‍ തന്റെ പിതൃവ്യയായ സ്വഫിയ്യയെയും പത്‌നിമാരെയും ഒരു സംഘം മുസ്‌ലിംസ്ത്രീകളെയും നിര്‍ത്തി തിരുമേനിയും മുസ് ലിംസൈന്യവും കിടങ്ങിനപ്പുറം സംഘടിച്ചുനില്‍ക്കുന്ന ശത്രുസേനയെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സ്ത്രീകളെയും കുട്ടികളെയും കുറിച്ച് ചിന്തിക്കാന്‍ പോലും സാധ്യമല്ലാത്ത സാഹചര്യം. കോട്ടക്കകത്തുള്ള സ്വഫിയ്യ(റ) കോട്ടക്ക് പുറത്തുള്ള ഓരോ ചലനവും നിരീക്ഷിച്ചുകൊണ്ട് സദാ ജാഗരൂകയാണ്. പ്രഭാതസമയത്ത് ഒരു മനുഷ്യരൂപം നടന്നുവരുന്നത് സ്വഫിയ്യ(റ)യുടെ ശ്രദ്ധയില്‍പെട്ടു. സൂക്ഷിച്ചുനോക്കിയപ്പോള്‍ ജൂതഗോത്രത്തില്‍പെട്ടയാളാണ്. വിവരങ്ങളറിയാന്‍ വന്ന ചാരന്‍. കോട്ടയില്‍ സ്ത്രീകളും കുട്ടികളും മാത്രമാണോ, കൂടെ പുരുഷന്‍മാരുണ്ടോ എന്നറിയാന്‍ വന്നതായിരിക്കും. കോട്ടിയല്‍ സ്ത്രീകളും കുട്ടികളും തനിച്ചാണെന്ന വിവരം ശത്രുക്കളറിഞ്ഞാല്‍ അവര്‍ സ്ത്രീകളെയും കുട്ടികളെയും പിടിച്ചുകൊണ്ടുപോകുമെന്ന് സ്വഫിയ്യ ഭയന്നു. പിന്നെ ഒട്ടും സംശയിച്ചില്ല. വസ്ത്രം മുറുക്കിയെടുത്ത് ശിരോവസ്ത്രം ചുറ്റിക്കെട്ടി ഒരു ഇരുമ്പുദണ്ഡുമായി വേഗത്തില്‍ പുറത്തിറങ്ങി. ശബ്ദമുണ്ടാക്കാതെ പാത്തും പതുങ്ങിയും ചെന്ന് ചാരന്റെ മൂര്‍ധാവില്‍ ഒരടികൊടുത്തു. നിലത്തുവീണപ്പോള്‍ പിന്നെയും പിന്നെയും അടിച്ചു. ജീവന്‍ പോകുന്നതുവരെ.

ഹൈദരലി ശാന്തപുരം

Topics