ഔദ്യോഗികനാമം പീപ്പിള്‍സ് ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അള്‍ജീരിയ. നാണയം ദീനാറും ഔദ്യോഗിക ഭാഷ അറബിയുമാണ്. തലസ്ഥാനം അള്‍ജിയേഴ്‌സ്. ഫലഭൂയിഷ്ടത കുറഞ്ഞ മരുഭൂമികളാലും പീഠഭൂമികളാലും നിറഞ്ഞു നില്‍ക്കുന്ന ഒരു പ്രദേശമാണ് അള്‍ജീരിയ. തെക്കുഭാഗത്തുള്ള സഹാറ മരുഭൂമി രാജ്യത്തിന്റെ മൊത്തം വിസ്തൃതിയുടെ മുക്കാല്‍ ഭാഗത്തോളം വരും. ഭൂകമ്പങ്ങളുടെ നാടാണ് അള്‍ജീരിയ. നിരവധി പേര്‍ക്ക് ജീവഹാനി സംഭവിക്കുവാനും പല നഗരങ്ങളും പൂര്‍ണമായി നശിക്കുവാനും ഭൂകമ്പങ്ങള്‍ കാരണമായി. അള്‍ജീരിയയുടെ മണ്ണ് കൃഷിക്കനുയോജ്യമല്ലാത്തത് കൊണ്ടുതന്നെ അവശ്യവസ്തുക്കളില്‍ നാലിലൊന്ന് മാത്രമാണ് കൃഷി ചെയ്യുന്നത്. ബാക്കിയുള്ളവ ഇറക്കുമതി ചെയ്യുന്നു. അള്‍ജീരിയയില്‍ 98 ശതമാനവും മുസ്‌ലിംകളാണ്. അല്‍ജസീറ എന്ന അറബി പദത്തില്‍ നിന്നാണ് അള്‍ജീരിയ എന്ന നാമം ഉണ്ടായത്. അള്‍ജീരിയയിലെ ആദിവാസികള്‍ ബര്‍ബര്‍ വര്‍ഗക്കാരും ഇവിടേക്ക് ആദ്യമായി കുടിയേറിപ്പാര്‍ത്തത് ഫിനീഷ്യരുമാണ്. എ.ഡി ഏഴാം നൂറ്റാണ്ടില്‍ ഈജിപ്തില്‍ നിന്നും മുസ്‌ലിംകള്‍ ഈ പ്രദേശത്തേക്ക് കുടിയേറിപ്പാര്‍ത്തു. അവരില്‍ നിന്നാണ് ഇസ്‌ലാം അള്‍ജീരിയയില്‍ വ്യാപിക്കുന്നത്. ഒടുവില്‍ അത് അമവി ഖിലാഫത്തിന് കീഴിലായി. എ.ഡി 742-ല്‍ അനേകം നാട്ടുരാജ്യങ്ങള്‍ അള്‍ജീരിയയില്‍ രൂപംകൊണ്ടു. 1518-ല്‍ സ്‌പെയിന്‍കാരെ തുരത്തി അള്‍ജീരിയയില്‍ ഉഥ്മാനിയ്യാ ഖിലാഫത്ത് നിലവില്‍വന്നു. 1830-ല്‍ ഉഥ്മാനിയ്യാ സാമ്രാജ്യത്തെ പരാജയപ്പെടുത്തി ഫ്രഞ്ചുകാര്‍ അള്‍ജീരിയ കീഴ്‌പ്പെടുത്തി. ഫ്രഞ്ച് ഭരണകാലത്ത് സാമ്പത്തിക തകര്‍ച്ചക്കും സാമൂഹികാസമത്വങ്ങള്‍ക്കും രാജ്യം സാക്ഷ്യം വഹിച്ചു. ഈ കാലഘട്ടത്തില്‍ വളരെയധികം യൂറോപ്യര്‍ അള്‍ജീരിയയിലേക്ക് കുടിയേറി. രാജ്യത്തെ ഭൂരിപക്ഷമായ മുസ്‌ലിംകളെ രണ്ടാംകിട പൗരന്മാരായാണ് ഭരണകൂടം പരിഗണിച്ചത്. ഫ്രഞ്ചുകാര്‍ക്കിടയിലും തദ്ദേശീയര്‍ക്കിടയിലും നിരവധി സംഘട്ടനങ്ങള്‍ നടന്നു.
അബ്ദുല്‍ ഖാദിര്‍ അല്‍ജസാഇരിയുടെ നേതൃത്വത്തില്‍ ശക്തമായ സമരം നടത്തിയതിന്റെ ഫലമായി അധിനിവേശക്കാര്‍ 1962-ല്‍ രാജ്യം വിടാന്‍ നിര്‍ബന്ധിതരായി. 1982-ല്‍ രൂപീകൃതമായ രണ്ട് മുഖ്യധാരാ മുസ്‌ലിം സംഘടനകളാണ് ജമാഅത്തുല്‍ അദ്‌ലും, ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രണ്ടും. തദ്ദേശീയരും കുടിയേറ്റക്കാരായ വെള്ളക്കാരും തമ്മില്‍ നടന്ന കലാപങ്ങളില്‍ തദ്ദേശീയര്‍ക്കൊപ്പം നില്‍ക്കുകയും കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ ആക്രമണങ്ങള്‍ നടത്തുകയും ചെയ്തതിന്റെ ഫലമായി സാല്‍വേഷന്‍ ഫ്രണ്ടിന് ജനകീയ പിന്തുണ നേടാന്‍ സാധിച്ചു. ഇസ്‌ലാമിന്റെ പേരിലാണ് അള്‍ജീരിയ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയത്. ജനങ്ങളുടെ മതമായി ഔദ്യോഗിക രേഖകളില്‍ അത് ഇസ്‌ലാമിനെ അംഗീകരിക്കുന്നു. അതേസമയം വിമോചിത അള്‍ജീരിയയിലെ ആദ്യപ്രസിഡന്റായിരുന്ന അഹ്മദ് ബെന്‍ബല്ല (1962-65) ഇസ്‌ലാമിന്റെ സ്വാധീനം സ്വകാര്യജീവിതത്തിലൊതുക്കി. 1963-ലെ ഭരണഘടനയനുസരിച്ച് രാജ്യത്തിന്റെ മതം ഇസ്‌ലാമാണ്. എന്നാല്‍ അക്കാലത്ത് രാജ്യത്ത് സജീവമായി ചര്‍ച്ച ചെയ്യപ്പെട്ട വിഷയം സമൂഹത്തിന്റെ മതേതരവത്കരണമായിരുന്നു. അള്‍ജീരിയയെ ഇസ്‌ലാമില്‍നിന്ന് അകറ്റി നിര്‍ത്താനാണ് 1964-ല്‍ ‘അള്‍ജീരിയന്‍ ചാര്‍ട്ടര്‍’ എന്ന വ്യവസ്ഥ അംഗീകരിക്കപ്പെട്ടത്. മാറിമാറി വരുന്ന ഭരണാധികാരികളുടെ സെക്യുലരിസ്റ്റ് സോഷ്യലിസ്റ്റ് ആഭിമുഖ്യം കാരണം മതം സ്വകാര്യജീവിതത്തിലെ ചില ആചാരങ്ങളില്‍ തളച്ചിട്ടു. സാംസ്‌കാരികാധിനിവേശത്തിന് വിധേയമായ ഭൂരിപക്ഷജനവിഭാഗത്തെ നേരായ ദിശയിലേക്ക് നയിക്കുന്നതിനു പകരം അധിനിവേശക്കാരുടെ താല്‍പര്യ സംരക്ഷകരായി മാറുകയായിരുന്നു സ്വതന്ത്രഅള്‍ജീരിയന്‍ ഭരണാധികാരികള്‍. അശ്ലീലതയോടും മദ്യത്തോടുമുള്ള യുവാക്കളുടെ അഭിനിവേശം, മതനിഷേധത്തിന്റെയും ആഭ്യന്തര സംഘര്‍ഷത്തിന്റെയും രാഷ്ട്രീയ പശ്ചാത്തലം തുടങ്ങിയവ അള്‍ജീരിയയെ അസ്വസ്ഥയിലേക്കും അരാജകത്വത്തിലേക്കും നയിച്ചു. ഇറാനിലെ ഇസ്‌ലാമിക വിപ്ലവം അള്‍ജീരിയയില്‍ വമ്പിച്ച സ്വാധീനങ്ങളും അനുരണനങ്ങളും ഉണ്ടാക്കി. പാരീസിലായിരുന്ന ഖുമൈനിയുടെ സന്ദേശങ്ങള്‍ അള്‍ജീരിയയിലും ഇസ്‌ലാമിക വിപ്ലവാവേശം ഉണ്ടാക്കി. ഇസ്‌ലാമിന്റെ സമഗ്രതയും സമ്പൂര്‍ണതയും, അള്‍ജീരിയയില്‍ തന്നെ ഏറ്റവും നല്ല സംഘടനാ ഭദ്രതയുള്ള സംഘടനയായി ജമാഅത്ത് വളര്‍ന്നുവന്നു. ഇതേസമയം ഇസ്‌ലാമികാഭിമുഖ്യത്തില്‍ നിന്നും ഉയര്‍ന്നുവന്ന സാല്‍വേഷന്‍ ഫ്രണ്ട് തീവ്രമായ രാഷ്ട്രീയ ലൈനിലേക്ക് വ്യതിചലിക്കുകയും ചെയ്തു. ആഭ്യന്തര കലാപങ്ങളില്‍ ദീര്‍ഘവീക്ഷണമില്ലാത്ത നിലപാടുകള്‍ സ്വീകരിച്ചത് തദ്ദേശിയരുടെ പിന്തുണ കിട്ടാന്‍ സാല്‍വേഷനെ സഹായിച്ചെങ്കിലും രാഷ്ട്രീയ അരാജകത്വം നിലനിര്‍ത്തുന്നതില്‍ അവരും തങ്ങളുടേതായ പങ്ക് വഹിച്ചു.
സാമുദായികവും വര്‍ഗീയവുമായ ഒരു അജണ്ടയുടെ തേരിലേറിയായിരുന്നു സാല്‍വേഷന്റെ രൂപീകരണം. ഭരണകൂടത്തിന്റെ ഏകാധിപത്യപ്രവണതകള്‍ക്കെതിരെ ജമാഅത്ത്, സാല്‍വേഷന്‍, അള്‍ജീരിയന്‍ ലീഗ് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് തുടങ്ങിയവ ചേര്‍ന്ന് പ്രതിഷേധ സമരമുറകള്‍ ആവിഷ്‌കരിച്ചു. രൂപീകരണഘട്ടത്തില്‍ ജമാഅത്തിന് ആളുകള്‍ക്കിടയിലേക്ക് ഇറങ്ങിവരാതെ പ്രവര്‍ത്തകരുടെ സംസ്‌കരണപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവന്നു. എന്നാല്‍ തീവ്രമായ ഒരു രാഷ്ട്രീയ വൈകാരികത കാരണം സാല്‍വേഷനില്‍ ആര്‍ക്കും പ്രവേശിക്കാന്‍ പറ്റുമായിരുന്നു. അത് പെട്ടെന്ന് തഴച്ചുവളര്‍ന്നെങ്കിലും അതുപോലെ ദുര്‍ബലമാവുകയുംചെയ്തു. ഭരണകൂടത്തിനെതിരെ സമരമുറകളുമായി ജമാഅത്ത് രംഗത്തിറങ്ങിയതോടെ അതിനെ ബലമായി നേരിടുകയും അടയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. നിരവധി പ്രവര്‍ത്തകരെ തുറങ്കിലടക്കുകയും അന്യായമായി വധിക്കുകയും ചെയ്തു. ഇതോടെ ചില പ്രവര്‍ത്തകര്‍ സാല്‍വേഷനില്‍ ചേരുകയും ഗറില്ലാ ആക്രമണമുറകള്‍ സ്വീകരിക്കുകയും ചെയ്തു. സമാധാനപരമായ പ്രതിഷേധ മാര്‍ഗങ്ങള്‍ അവലംബിക്കുകയും ഭരണകൂടത്തെ താഴെയിറക്കാന്‍ മറ്റുള്ള സംഘടനകളുമായി ചേര്‍ന്ന് രാഷ്ട്രീയനീക്കങ്ങള്‍ നടത്തുകയും ചെയ്തപ്പോള്‍ ഭരണകൂടത്തിന് പ്രീണനത്തിന്റെ വഴി സ്വീകരിക്കേണ്ടി വന്നു. പള്ളികളും, ക്ലബ്ബുകളും മദ്രസകളും ഉപയോഗിച്ച് ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കെതിരെയും അതിന് പിന്തുണ നല്‍കുന്ന സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെയും പ്രതിഷേധ പരിപാടികള്‍ ജമാഅത്തിന്റെ കീഴില്‍ നടന്നുകൊണ്ടിരിക്കുന്നു. രാജ്യത്തിനാവശ്യമായ സമാധാന പദ്ധതികള്‍ സമര്‍പ്പിക്കുവാനും പ്രാദേശിക വികസന ക്രമങ്ങള്‍ നിശ്ചയിക്കുവാനും സാധിച്ചതുകൊണ്ട് ജമാഅത്തിന്റെ ജനപ്രീതി കുത്തനെ ഉയര്‍ന്നു.
ഇസ്‌ലാം ഒരു സമ്പൂര്‍ണ ജീവിത പദ്ധതിയാണെന്നും അള്‍ജീരിയന്‍ ജനത ആഗ്രഹിക്കുന്ന പ്രശ്‌ന പരിഹാരത്തിന് ഒരേ ഒരു മാര്‍ഗം ഇസ്‌ലാമാണെന്നും ജമാഅത്ത് സമര്‍ഥിക്കുന്നു. അതിനാവശ്യമായ പ്രചാരണ പരിപാടികള്‍, രാഷ്ട്രീയ അരാജകത്വം അവസാനിപ്പിക്കുവാനുള്ള ഫലപ്രദമായ നിര്‍ദേശങ്ങള്‍, സാമ്പത്തിക പ്രതിസന്ധികള്‍ക്കുള്ള പരിഹാരങ്ങള്‍, അള്‍ജീരിയയിലെ കൃഷികളുടെ പുനരുത്ഥാനം, യുവതലമുറയെ വഴിതെറ്റിക്കുന്ന നിശാക്ലബ്ബുകളുടെയും മദ്യശാലകളുടെയും നിരോധനം, മതപഠനങ്ങളുടെ കാര്യക്ഷമത, ഫത്‌വാ കൗണ്‍സില്‍(ഇസ്‌ലാമിനെതിരെ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി, ആധുനിക കാലഘട്ടത്തില്‍ ഇസ്‌ലാമിന്റെ അതിജീവിനം തുടങ്ങിയവ സമര്‍ഥിക്കുവാന്‍ മതപണ്ഡിതന്മാരുടെയും ഭൗതികബുദ്ധിജീവികളുടെയും കൂട്ടായ സംഘം) വെബ്‌സൈറ്റുകള്‍, പബ്ലിക്കേഷന്‍സുകള്‍ തുടങ്ങിയ നിരവധി ജനകീയ സംരംഭങ്ങളെയാണ് ജമാഅത്ത് അള്‍ജീരിയയുടെ മണ്ണില്‍ വേരുറപ്പിച്ചത്. ഇറാനിലെയും തുര്‍ക്കിയിലെയും ഇസ്‌ലാമിക മുന്നേറ്റങ്ങള്‍ അള്‍ജീരിയന്‍ ജനതക്ക് ആത്മവിശ്വാസം നല്‍കി. നയങ്ങളിലും നിലപാടുകളിലും നിലവിലുള്ള അള്‍ജീരിയന്‍ ഭരണകൂടത്തിന് സമാന്തരമായ ബദല്‍രേഖ സമര്‍പ്പിക്കുന്നതിലും ജമാഅത്ത് വിജയിച്ചു. പാശ്ചാത്യാഭിമുഖ്യം പുലര്‍ത്തുന്ന യുവ തലമുറക്ക് മതവിജ്ഞാനം കഴിവുള്ള സ്ഥാപനങ്ങള്‍ നിര്‍മിക്കുന്നതില്‍ സംഘടന മുന്നിട്ടിറങ്ങി. വളര്‍ന്നുവരുന്ന തലമുറയില്‍ ജമാഅത്തിന് സ്വാധീനമുണ്ടാക്കാനും ഈ സംരംഭങ്ങള്‍ സഹായകമായി. വളര്‍ന്നുവരുന്ന ഇസ്‌ലാമിക ഉണര്‍വുകളെ ബലംപ്രയോഗിച്ചു തടയിടുവാനും നിയമം മുഖേന നിരോധിക്കുവാനും സൈന്യം രംഗത്തുവന്നു. തല്‍ഫലമായി ജമാഅത്ത് കൂടുതല്‍ പ്രവിശ്യാ കേന്ദ്രീകൃതമായി. പ്രവിശ്യകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാണ് സംഘടനയുടെ ഘടന. പ്രാദേശികമായി തിരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുവാനും സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുവാനും ജമാഅത്തിന് സാധിക്കുന്നു. തുനീഷ്യയിലെ അന്നഹ്ദ, ഈജിപ്തിലെ മുസ്‌ലിം ബ്രദര്‍ഹുഡ് തുടങ്ങിയവയില്‍ നിന്നും സഹായസഹകരണങ്ങള്‍ ജമാഅത്തിന് കിട്ടുന്നുണ്ട്.
വെബ്‌സൈറ്റ് : https://www.aljamaa.net/ar/
Add Comment