ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍

അല്‍ഹറകത്തുല്‍ മുഖാവമത്തുല്‍ ഇസ്‌ലാമിയ്യ (ഹമാസ്)

പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളില്‍ പടിഞ്ഞാറന്‍ സാമ്രാജ്യത്വശക്തികള്‍ പശ്ചിമേഷ്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റിവരക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. മേഖലയില്‍ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്ന അജണ്ട മാത്രമായിരുന്നു അതിനുപിന്നില്‍. ഒരു രാഷ്ട്രീയ സയണിസ്റ്റ് പ്രസ്ഥാനം കൊളോണിയല്‍ വംശീയ പദ്ധതി നടപ്പിലാക്കുകയായിരുന്നു. ഫലസ്തീനില്‍ സ്വാതന്ത്ര്യത്തിനും സാമ്പത്തിക പുരോഗതിക്കും ഒരു വിമോചിത രാജ്യത്തിനുമായി തദ്ദേശീയര്‍ ആറ്റുനോറ്റിരിക്കുന്ന വേളയില്‍, 1896-ല്‍ പ്രസിദ്ധീകരിച്ച (ദേര്‍ ജൂതന്‍ സ്റ്റാറ്റ്) എന്ന കുറിപ്പില്‍ യൂറോപ്പില്‍ വിശിഷ്യാ പൂര്‍വ യൂറോപ്പിലും ജൂതന്മാര്‍ അനുഭവിക്കുന്ന മൃഗീയമായ വംശീയ വിവേചനവും സെമിറ്റിക് വിരുദ്ധ പ്രവണതകളും അവസാനിക്കണമെങ്കില്‍ ജൂതര്‍ക്ക് ഭൂരിപക്ഷമുള്ള ഒരു രാജ്യം കൂടിയേ മതിയാവൂ എന്ന് പ്രഖ്യാപിച്ച് തിയോഡര്‍ ഹെര്‍സല്‍ രഗംത്ത് വന്നു. 1897-ല്‍ ഹെര്‍സല്‍ പ്രഥമ ലോകസയണിസ്റ്റ് കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്തു. ദേര്‍ ജൂതന്‍ സ്റ്റാറ്റില്‍ പരാമര്‍ശിച്ച ആശയങ്ങളടങ്ങുന്ന ബാസല്‍ പ്രഖ്യാപനത്തിന്റെ നിര്‍വഹണത്തിനായി പ്രസ്തുത കോണ്‍ഗ്രസ് ഒരു സയണിസ്റ്റ് സംഘടനക്ക് രൂപം നല്‍കി. ജൂയിഷ് ഒട്ടോമന്‍ കോളനൈസേഷന്‍ അസോസിയേഷന്‍ എന്ന പേരില്‍ ഒരു വേദിയും അതിന് ചില പെരുമാറ്റ ചട്ടങ്ങളും ഉണ്ടാക്കി.

ഫലസ്തീനില്‍ വലിയ എസ്റ്റേറ്റുകളും ചെറിയ കൃഷിയിടങ്ങളും വാങ്ങാനും അത് കൃഷിക്കും വനവല്‍ക്കരണത്തിനും ഖനനത്തിനും ഉപയോഗിക്കാനും ജൂതര്‍ക്ക് പ്രത്യേക അവകാശമുണ്ടായിരിക്കും. പ്രസ്തുത ഏരിയയിലെ കെട്ടിടങ്ങള്‍, പാലങ്ങള്‍, റോഡുകള്‍, വീടുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവ നിര്‍മിക്കാന്‍ അനുമതിയുണ്ടാകും. 1920 ജൂലൈയില്‍ ഫലസ്തീനിലെ ബ്രിട്ടന്റെ സൈനിക ഭരണകൂടം മാറി സിവില്‍ ഭരണകൂടം നിലവില്‍ വന്നു. ഇതോടെ അധിനിവേഷം നാട്ടില്‍ കുറ്റിയുറപ്പിക്കുകയാണെന്ന് തിരിച്ചറിഞ്ഞ ഫലസ്തീനികള്‍ ശക്തമായ ചെറുത്തുനില്‍പ്പ് തുടങ്ങി. മൂന്ന് പതിറ്റാണ്ടുകള്‍ തുടര്‍ന്ന പ്രതിഷേധത്തിനൊടുവില്‍ 1947 ഫെബ്രുവരിയില്‍ പ്രശ്‌നം യു.എന്‍ ജനറല്‍ അസംബ്ലിക്കു മുമ്പില്‍ വെക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചു. 1947 നവംബര്‍ 29-ന് ഐക്യരാഷ്ട്ര സഭ പാസ്സാക്കിയ 181-ാം പ്രമേയം അറബ് രാജ്യം, ജൂതരാജ്യം, ജെറൂസലം എന്ന അന്താരാഷ്ട്രമേഖല എന്നിങ്ങനെ ഫലസ്തീനിനെ മൂന്നായി വിഭജിക്കാനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചു. 1948 മെയ് 15-ന് ബ്രിട്ടീഷ് സേന പിന്‍വാങ്ങാനും രണ്ട് മാസം കഴിഞ്ഞ് രണ്ട് രാജ്യങ്ങള്‍ക്ക് രൂപം നല്‍കുവാനുമായിരുന്നു പദ്ധതി. അങ്ങനെ ലോകം മൂകസാക്ഷിയായി സമാധാന സഖ്യം, സുരക്ഷാസമിതി എന്നിങ്ങനെ പടിഞ്ഞാറ് പടച്ചുവെച്ച വ്യവസ്ഥാപിത സ്ഥാപനങ്ങളുടെ അനുമതിയോടുകൂടി ഫലസ്ഥീന്‍ വിഭജിക്കപ്പെട്ടു.

പടിഞ്ഞാറ് ബോധപൂര്‍വം മൂടിവെക്കുന്ന നിരവധി അനീതികള്‍ ഈ വിഷയത്തില്‍ സംഭവിച്ചിട്ടുണ്ട്. ഇസ്‌റാഈല്‍ രാഷ്ട്രം സ്ഥാപിക്കുമ്പോള്‍ തന്നെ 530 ഫലസ്തീന്‍ ഗ്രാമങ്ങള്‍ നശിപ്പിക്കപ്പെട്ടു. വഴിയാധാരമായിപ്പോയ 80% (5 മില്യന്‍) പേരും സ്വന്തം വീടുകളില്‍നിന്ന് ആട്ടിയോടിക്കപ്പെട്ടു. കഴിഞ്ഞ അരനൂറ്റാണ്ടായി സ്വദേശത്തേക്ക് തിരച്ചുവരാന്‍ കഴിയാത്ത അമ്പത് ലക്ഷത്തിലധികം അറബികള്‍ വിവിധ രാജ്യങ്ങളില്‍ അഭയാര്‍ഥികളായി താമസിക്കുന്നു. ജൂതഅധിനിവേശവും ഭീകരതയും ആരംഭിച്ചതു മുതല്‍ ഒറ്റയ്ക്കും കൂട്ടായും ഫലസ്തീനികള്‍ നടത്തിയ ചെറുത്തുനില്‍പ്പിന് സംഘടിത രൂപം നല്‍കാനാണ് ശൈഖ് അഹ്മദ് യാസീന്‍ 1987-ല്‍ അല്‍ഹര്‍ക്കതുല്‍ മുഖാവമത്തുല്‍ ഇസ്‌ലാമിയ്യ (ഹമാസ്) രൂപീകരിച്ചത്. 1948-നു മുമ്പുള്ള സ്വതന്ത്ര ഫലസ്തീനാണ് ഹമാസ് ലക്ഷ്യംവെക്കുന്നത്. ആസൂത്രിതമായ പോരാട്ടങ്ങളിലൂടെ സയണിസ്റ്റ്ഭീകരരെ തുരത്തിയോടിക്കാനാണ് ഹമാസ് പ്രവര്‍ത്തിക്കുന്നത്. സയണിസ്റ്റ്പട്ടാളത്തിനുനേരെ കല്ലെറിഞ്ഞ് ചെറുത്തുനിന്ന പിഞ്ചോമനകള്‍ നടത്തിയ ഇന്‍തിഫാദ (ഉയര്‍ത്തെഴുല്‍േപ്) എന്ന പോരാട്ടത്തിലൂടെയാണ് ഹമാസ് രംഗത്തുവന്നത്. ഹമാസ് പ്രഖ്യാപിച്ച ജിഹാദിന്റെ ആദ്യപടിയായിരുന്നു ഇത്. കഴിഞ്ഞ 5 വര്‍ഷമായി നടക്കുന്ന ശക്തമായ ചെറുത്തുനില്‍പ്പിന്റെ പശ്ചാത്തലത്തില്‍ ഗസ്സയില്‍ നിന്നുള്ള പിന്‍മാറ്റ തീരുമാനം ഹമാസിന്റെ കരുത്ത് തെളിയിക്കുതായിരുന്നു. രണ്ടാം ഇന്‍തിഫാദ ആരംഭിച്ചതു മുതല്‍ ഹമാസിനെ മുന്നില്‍ നിര്‍ത്തി ഫലസ്തീനിലെ മുഴുവന്‍ സംഘടനകളും അധിനിവേശ ശക്തികള്‍ക്കെതിരെ ശക്തമായ ഗറില്ലാ ആക്രമണമാണ് നടത്തുന്നത്. 2003-ല്‍ ഗസ്സയില്‍ പൊട്ടിത്തെറിച്ച റോഡ് ബോംബുകളുടെ എണ്ണം 18 വര്‍ഷത്തെ ദക്ഷിണ ലബനാന്‍ അധിനിവേശത്തിനിടയില്‍ ആകെയുണ്ടായ സ്‌ഫോടനങ്ങളുടെ അത്രവരുമെന്ന് ഇസ്‌റായേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ ദക്ഷിണകമാന്റ് വെളിപ്പെടുത്തുകയുണ്ടായി. ഏകപക്ഷീയമായ പിന്‍മാറ്റത്തിന് ഷാരോണിനെ പ്രേരിപ്പിച്ചത് ശക്തമായിക്കൊണ്ടിരിക്കുന്ന ചെറുത്തുനില്‍പ്പുകളാണ്.

ഇസ്‌റാഈലിന് രണ്ട് മുഖ്യ ലക്ഷ്യങ്ങളാണുള്ളത്. ഒന്ന്: മേഖലയില്‍ അനിഷ്ടസംഭവങ്ങള്‍ കൂടിവരുന്നത് ഇസ്‌റാഈലിന്റെ സൈനിക രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ സഹായകമായിത്തീരും. ഇന്‍തിഫാദയെ ഒതുക്കിക്കളയുന്നത് ഫലസ്തീന്‍ സമൂഹത്തിന്റെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക സംവിധാനത്തെ അടിമുടി തകര്‍ത്ത് ഒരു കേന്ദ്രീകൃത അധിനിവേശശക്തിയായി അവര്‍ വളരുന്നത് തടയാന്‍ വേണ്ടിയാണെന്നും ഷാരോണ്‍ പതിവായി പറയാറുണ്ട്. ഇസ്‌റാഈല്‍ ഏകപക്ഷീയമായി ഫലസ്തീനികള്‍ക്ക്‌മേല്‍ അടിച്ചേല്‍പ്പിക്കുന്ന അവസാന ഭൂപടത്തിന്റെ യാഥാര്‍ഥ്യവല്‍ക്കരണം കൂടി ഇതിന്റെ ഉദ്ദേശ്യമാണ്. ഗസ്സയില്‍ ഒരു ‘തുറന്ന ജയിലും’ പടിഞ്ഞാറെ ഭാഗത്ത് ഏതാനും ഒറ്റപ്പെട്ട വാസസ്ഥലങ്ങളും ഒഴിച്ചിട്ട് ബാക്കി വരുന്നതെല്ലാം ഇസ്‌റാഈലിലേക്ക് കൂട്ടിച്ചേര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോഴും പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. പ്രായോഗിക രംഗത്ത് ഇസ്രാഈലിന് കൃത്യമായ ലക്ഷ്യങ്ങളുണ്ട്. ഫലസ്തീനിലെ രാഷ്ട്രീയ സൈനിക മേഖലയിലെ ഉന്നതരെ വധിക്കുകയും ഫലസ്തീനെ പൂര്‍ണ അരാജകത്വത്തിലേക്ക് തള്ളിവിടുകയും അതിലൂടെ അധിനിവേശം എളുപ്പമാക്കുകയും ചെയ്യുക എന്നതാണ് അത്. ശൈഖ് അഹ്മദ് യാസീനും, അബ്ദുല്‍ അസീസ് റന്‍തീസിയുമടക്കമുള്ള സമുന്നത നേതൃത്വത്തെ നിഷ്ഠൂരമായി വധിക്കുകയും നിലവിലുള്ള ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിക്കുകയും ചെയ്യുക എതാണ് ‘ഓപ്പറേഷന്‍ കണ്ടിന്യൂയിങ്’ ലൂടെ സയണിസ്റ്റ് ഭീകരര്‍ ഉദ്ദേശിച്ചത്. ആദ്യത്തേത് ഫലപ്രദമായി നടപ്പിലാക്കുകയും രണ്ടാമത്തേത് ആഭ്യന്തര സംഘര്‍ഷത്തിലൂടെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ശൈഖ് അഹ്മദ് യാസീന്‍, ഡോ. അബ്ദുല്‍ അസീസ് റന്‍തീസി, സ്വലാഹ് ശഹാദ, യഹ്‌യ അയ്യാശ്, ഇസ്മാഈല്‍ അബൂസനബ് തുടങ്ങി ഒട്ടേറെ ഹമാസ് നേതാക്കളെയും അതിന്റെ പതിനായിരക്കണക്കിന് പോരാളികളെയും ഇസ്‌റാഈല്‍ വധിച്ചിട്ടും ഇപ്പോഴും എഫ്16 ഉം അപ്പാഷെയും, മാരകായുധങ്ങള്‍ ഉപയോഗിച്ച് നരവേട്ട തുടരുന്നുവെങ്കിലും ഹമാസിന്റെ ഇന്‍തിഫാദയെ ചെറുക്കാന്‍ അധിനിവേശ ശക്തികള്‍ക്ക് സാധിച്ചിട്ടില്ല. മാത്രമല്ല, ഭീകരത എന്ന ഓമനപ്പേരില്‍ ഹമാസിനെ പരിചയപ്പെടുത്തിയ പടിഞ്ഞാറന്‍ ആധിപത്യ വ്യവസ്ഥിതിക്ക് കനത്ത പ്രഹരമേല്‍പ്പിച്ചുകൊണ്ട് ഫലസ്തീന്‍ ജനത അവരെ ഭരണദൗത്യം ഏല്‍പ്പിക്കുക കൂടി ചെയ്തു.

ജനഹിതത്തെ മാനിക്കാതെ സ്വന്തം താല്‍പര്യമാണ് ലോകഹിതമെന്ന് വരുത്തിത്തീര്‍ക്കുന്ന അമേരിക്കയുടെ ഒത്താശയോടെ ഹമാസിനെ അട്ടിമറിക്കാനുള്ള ശ്രമത്തിലാണ് ഇസ്‌റാഈല്‍. ചരിത്രത്തിന്റെയോ യുക്തിയുടെയോ പിന്‍ബലമില്ലാതെ കയ്യൂക്കിന്റെ മേന്‍മയില്‍ അധിനിവേശം ചെയ്ത ഇസ്‌റായേല്‍ എന്ന അമേരിക്കയുടെ അമ്പത്തൊന്നാം സ്റ്റേറ്റിനെ തുടച്ചുനീക്കാന്‍ ഹമാസ് ശക്തമായ ചെറുത്തുനില്‍പ്പുകള്‍ ആസൂത്രണം ചെയ്തുവരികയാണ്. 1988 ആഗസ്റ്റ് 18-ന് പുറത്തിറക്കിയ ഹമാസിന്റെ സംഘടനാരേഖയില്‍ വ്യക്തമാക്കുന്നത് കാണുക: ”ഹമാസ് ഒരു മാനുഷിക പ്രസ്ഥാനമാണ്. ഇസ്‌ലാമിന്റെ സഹിഷ്ണുതയെ അത് മുറുകെപ്പിടിക്കുന്നു. ഇസ്‌ലാമിന്റെ തണലില്‍ എല്ലാ മതങ്ങള്‍ക്കും പരസ്പരം സഹവര്‍ത്തിക്കുവാന്‍ കഴിയുമെന്നും സര്‍വ്വര്‍ക്കും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കപ്പെടുമെന്നും അത് വിശ്വസിക്കുന്നു. അതേ സമയം ഫലസ്തീന്‍ എല്ലാകാലത്തും ഇസ്‌ലാമിന്റെ ഭൂമിയാണ്. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ സാധ്യമല്ല. ഫലസ്തീന്റെ ഒരു ഭാഗവും ആര്‍ക്കും വിട്ടുകൊടുക്കാന്‍ ഒരാള്‍ക്കും അവകാശമില്ല. ഫലസ്തീനില്‍ സയണിസ്റ്റുകളോട് ജിഹാദ് ചെയ്യേണ്ടത് ഓരോ മുസ്‌ലിം പുരുഷന്റെയും സ്ത്രീയുടെയും ബാധ്യതയാണ്. ജിഹാദല്ലാതെ ഫലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരമാര്‍ഗമില്ല.” ഹമാസിനെ അധികാരത്തിലേറ്റുക വഴി അതിന്റെ ലക്ഷ്യത്തെയും മാര്‍ഗത്തെയും ഫലസ്തീന്‍ ജനത അംഗീകരിച്ചിരിക്കുകയാണെന്നും ജനാധിപത്യത്തിന്റെ തമ്പുരാക്കന്മാര്‍ മനസ്സിലാക്കണം എന്ന ഫലസ്തീന്‍ പ്രധാനമന്ത്രി ഇസ്മാഈല്‍ ഹനിയ്യയുടെ സമീപകാല പ്രസ്താവനയും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. ഭരണനേതൃത്വത്തിലൂടെ ആഭ്യന്തര സമാധാനവും സുരക്ഷയും ഉണ്ടാക്കുകയും ഇസ്‌റായേലിനെതിരെയുള്ള സമരത്തിന് മൂര്‍ത്തമായ രൂപം നല്‍കുകയുമാണ് ഹമാസ് ചെയ്യുന്നത്. പ്രത്യേക പരിശീലനം കൊടുത്ത കേഡര്‍മാരെ രാജ്യത്തിന്റെ സൈന്യത്തിലേക്കും ഹമാസിന്റെ മെമ്പര്‍മാരെ വളണ്ടിയര്‍ സൈനിക വിങുകളിലേക്കും തെരഞ്ഞെടുത്ത് പൊതുജനത്തെ ജിഹാദിന്റെ ആവശ്യകതയെ ബോധ്യപ്പെടുത്തുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നതിന് മീഡിയകളെയും പണ്ഡിത സഭകളെയും ഹമാസ് ഭംഗിയായി ഉപയോഗിക്കുകയും ചെയ്യുന്നു. ഹമാസ് ഇന്‍തിഫാദ ആരംഭിച്ചതോടെ ഫലസ്തീന്‍ ചെറുത്തുനില്‍പ് വീണ്ടും 48-ലെ ഇഖ്‌വാന്റെ ഐതിഹാസികമായ ജിഹാദിന്റെ യുഗത്തിലേക്ക്, അതിനുമുമ്പ് 30-കളില്‍ ഇസ്സുദ്ദീനുല്‍ ഖസ്സാം നടത്തിയ ജിഹാദിന്റെ കാലഘട്ടത്തിലേക്ക് തിരിച്ചുപോക്കാരംഭിച്ചു. ആയിരക്കണക്കിന് രക്ത സാക്ഷികളെ സമര്‍പ്പിച്ച് ഹമാസ് നടത്തിക്കൊണ്ടിരിക്കുന്ന ജിഹാദ് ഇന്ന് ഈസ്‌റാഈല്‍ അതിന്റെ ചരിത്രത്തില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായിരിക്കുന്നു. ഇസ്‌റാഈലിന് ദിനേന 16 മില്യന്‍ ഡോളര്‍ നഷ്ടമുണ്ടാക്കുന്നു എന്നാണ് കണക്ക്. 85% ജൂതരും ഇന്‍തിഫാദയെ ഭയന്നുകൊണ്ടാണ് ജീവിക്കുന്നത്. പുറമെ ഇസ്‌റാഈലിലേക്ക് കുടിയേറിയ പത്ത് ലക്ഷത്തിലധികം ജൂതര്‍ നാടുവിട്ടുകഴിഞ്ഞു.

ഏറ്റവുമൊടുവില്‍ 2012-നവംബറില്‍ ഹമാസ് നേതാവ് അഹ്മദ് ജഅ്ബരിയെ വധിച്ചതിനെ തുടര്‍ന്ന് നടന്ന യുദ്ധത്തിലും കനത്ത നഷ്ടവുമായാണ് ഇസ്രായേല്‍ പിന്‍വാങ്ങിയത്. ഹമാസില്‍ നിന്ന് രക്ഷനേടാന്‍ ഇസ്രായേല്‍ തീര്‍ത്ത ലോഹകവചങ്ങളെ ഭേദിച്ച് ഹമാസിന്റെ ഹിജാറത്തുസ്സിജ്ജീല്‍ മിസൈലുകള്‍ തെല്‍അവീവിന്റെ മുറ്റത്ത് വന്ന് പതിക്കുകയും ഭയചകിതരായ ഇസ്രായേലികളെ അവിടെ നിന്ന് മാറ്റിത്താമസിപ്പിക്കുകയും ചെയ്തു. ഇസ്രായേലിന്റെ യുദ്ധ വിമാനങ്ങള്‍ തകര്‍ത്തും, കോട്ടകളിലേക്ക് മിസൈലയച്ചും ഹമാസ് കരുത്ത് കാണിക്കുകയുണ്ടായി.

ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ ഫലസ്തീനിലെ പ്രതിനിധാനമായ ഹമാസിന്റെ പ്രവര്‍ത്തനം മുഖ്യമായും കേന്ദ്രീകരിക്കുന്നത് യുവാക്കളിലും യുവതികളിലും വിദ്യാര്‍ഥികളിലുമാണ്. കേഡര്‍, ബറ്റാലിയന്‍, ബ്രിഗേഡിയര്‍ വിങ്, മെമ്പര്‍മാര്‍ എന്നിങ്ങനെയാണ് അംഗങ്ങളെ ഹമാസ് വേര്‍തിരിക്കുന്നത്. ബ്രിഗേഡിയര്‍ വിങിലുള്ളവരാണ് ചാവേര്‍ സ്‌ഫോടനങ്ങള്‍ നടത്തുന്നത്. സ്ത്രീകളിലും ഇതേ ഘടനയനുസരിച്ച് ഹമാസ് സംഘടനാ വിന്യാസം നടത്തിയിട്ടുണ്ട്. കേഡര്‍മാര്‍ സംഘടനയുടെ സജീവത നിലനിര്‍ത്തുന്നതിന് മുഴുസമയം നീക്കിവെച്ചവരും ബറ്റാലിയന്‍ നേരിട്ട് ഇസ്‌റാഈല്‍ സേനയുമായി ഏറ്റുമുട്ടുന്നവരും മെമ്പര്‍മാര്‍ വളണ്ടിയര്‍ സൈനികരും ആണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ഥികള്‍ക്കിടയിലും ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ പ്രസ്ഥാനമാണ് ഹമാസ്. കൗണ്‍സില്‍ ആക്ട് റിഫോം മൂവ്‌മെന്റ് എന്ന വിദ്യാര്‍ഥി സംഘടനയാണല്ലോ ഹമാസ് ആയിത്തീര്‍ന്നത്. ഹമാസ് അതിന്റെ നിര്‍ണായകമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഒരേ സമയം രാജ്യത്തിന്റെ ഭരണവും വന്‍ശക്തികളുടെ ഉപരോധവും ആഭ്യന്തര സംഘര്‍ഷവും കൈകാര്യം ചെയ്യുവാന്‍ ഹമാസ് ബാധ്യസ്ഥരായിരിക്കുന്നു. പ്രതിസന്ധികളെ നിരന്തരം അതിജീവിച്ച് നീങ്ങിയ ഹമാസിന് പ്രശ്‌നങ്ങള്‍ അനായാസമാകുമെന്ന് പ്രത്യാശിക്കാം. ഹമാസിന് കൂടുതല്‍ അധികാരമുള്ള ഗസ്സയെ ഉപരോധിക്കാനും ഹമാസിനെ ലോകത്തെ ഏറ്റവും വലിയ ‘തുറന്ന ജയില്‍’ ആയി പ്രഖ്യാപിക്കാനുമാണ് ഇസ്‌റാഈലിന്റെ നീക്കം.

Topics