Home / നാഗരികത / ശാസ്ത്രം / തത്വചിന്തകര്‍ / ഇസ്‌ലാമിക തത്ത്വശാസ്ത്രം
ISLAMIC-PHILOSOPHY

ഇസ്‌ലാമിക തത്ത്വശാസ്ത്രം

ഇസ്‌ലാമിക തത്ത്വശാസ്ത്രത്തിന് ഉറവിടം കുറിച്ചത് ഗ്രീസായിരുന്നു. ഗ്രീക്ക് തത്ത്വശാസ്ത്രജ്ഞന്‍മാരെക്കുറിച്ചും അവരുടെ വാദങ്ങളെക്കുറിച്ചും മുസ്‌ലിംകള്‍ക്ക് ഒട്ടേറെ അവസരങ്ങള്‍ അക്കാലത്ത് ലഭിച്ചു. റോമക്കാര്‍, ഗ്രീസിനെ കീഴടക്കി തങ്ങളുടെ സാമ്രാജ്യത്തോട് ചേര്‍ത്തു. റോമാഅതിര്‍ത്തികളില്‍ ഒട്ടേറെ പണ്ഡിതന്‍മാരും ശാസ്ത്രജ്ഞന്‍മാരും ഉണ്ടായി. അവരൊക്കെ റോമക്കാരാണെന്നായിരുന്നു ഭൂരിപക്ഷ ജനതയുടെയും ധാരണ.

അറേബ്യയില്‍ പ്രവാചകത്വലബ്ധിയുടെ ഘട്ടത്തില്‍ റോമാസാമ്രാജ്യം മാത്രമേ നിലവിലുണ്ടായിരുന്നുള്ളൂ. തത്ത്വശാസ്ത്രവിഷയത്തിലുള്ള മഹദ്ഗ്രന്ഥങ്ങള്‍ റോമില്‍ മാത്രം പ്രചാരത്തിലുണ്ടായിരുന്നുള്ളൂവെന്ന കാരണത്താല്‍ അതില്‍ അതീവതല്‍പരനായിരുന്ന ഖലീഫ മഅ്മൂന്‍ റഷീദ് റോമാചക്രവര്‍ത്തിയുമായി കത്തിടപാടുകള്‍ നടത്തുകയുണ്ടായി. അതെത്തുടര്‍ന്ന് റോമാചക്രവര്‍ത്തി അഞ്ച് ഒട്ടകങ്ങള്‍ക്ക് വഹിക്കാവുന്നത്രയും ഗ്രന്ഥങ്ങള്‍ അയച്ചുകൊടുത്തു. ആ ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ അരിസ്‌റ്റോട്ടിലിന്റെ പുസ്തകങ്ങളും ഉണ്ടായിരുന്നുവെന്നാണ് ചരിത്രരേഖകള്‍ വെളിപ്പെടുത്തുന്നത്. ഖലീഫയുടെ കല്‍പനയനുസരിച്ച് അവയെല്ലാം അറബിഭാഷയിലേക്ക് വിവര്‍ത്തനംചെയ്യപ്പെട്ടു. റോമാക്കാരുടെ അഭിപ്രായങ്ങളും വീക്ഷണങ്ങളും അതുവഴി മുസ്‌ലിംശാസ്ത്രജ്ഞന്‍മാരെയും ഇസ്‌ലാമികതത്ത്വശാസ്ത്രത്തെയും സ്വാധീനിക്കാന്‍ അത് വഴിയൊരുക്കി.

അക്കാലത്ത് ഗ്രീസിലുണ്ടായിരുന്ന ശാസ്ത്രജ്ഞന്‍മാര്‍ മൂന്നുവിഭാഗത്തില്‍പെടുന്നു.

1. പ്രപഞ്ചം അനാദിയാണെന്നും സൃഷ്ടികളില്‍പെട്ടതല്ലെന്നും വാദിച്ചിരുന്ന നിരീശ്വരവാദികള്‍.

2. പ്രകൃതിവാദികള്‍: പ്രപഞ്ചത്തില്‍ കാണുന്ന സമസ്തസൃഷ്ടികളും പ്രകൃതിയുടെ പ്രവര്‍ത്തനഫലമായുണ്ടാകുന്നതാണെന്ന വാദക്കാരായിരുന്നു ഇവര്‍. പ്രകൃതിയുടെ പ്രവര്‍ത്തനങ്ങളും അവയുടെ പ്രതികരണങ്ങളും കൊണ്ട് പ്രപഞ്ചം നടന്നുവരുന്നുവെന്നായിരുന്നു ഇവരുടെ വിശ്വാസം. മതദൃഷ്ട്യാ സ്വീകാര്യമല്ലായിരുന്നതിനാല്‍ മുസ്‌ലിങ്ങള്‍ക്കിടയില്‍ ഈ സിദ്ധാന്തം വിലപ്പോയില്ല.

3. ഇരുദൈവങ്ങളില്‍ വിശ്വസിച്ചിരുന്നവരായിരുന്നു മൂന്നാമത്തെ കൂട്ടര്‍. സോക്രട്ടീസാണ് ഈ സിദ്ധാന്തത്തിന്റെ പ്രണേതാവെന്ന് പറയപ്പെടുന്നു. സോക്രട്ടീസും അദ്ദേഹത്തിന്റെ കാലശേഷം ശിഷ്യന്‍മാരായ പ്ലേറ്റോ, അരിസ്‌റ്റോട്ടില്‍ തുടങ്ങിയവര്‍ ഈ വാദത്തെ പ്രചരിപ്പിച്ചു. നിരീശ്വരവാദികളെയും പ്രകൃതിവാദികളെയും പ്ലേറ്റോ എതിര്‍ത്തു.

വഴിപിഴച്ച വാദങ്ങളെ മുസ്‌ലിംകള്‍ ചോദ്യംചെയ്യുകയും അവയുടെ പൊള്ളത്തരങ്ങള്‍ സമൂഹത്തിന് മുമ്പാകെ തുറന്നുകാട്ടുകയുംചെയ്തു. അവയെ ചോദ്യംചെയ്യാന്‍ മുസ്‌ലിംകള്‍ക്ക് പ്രചോദനംനല്‍കിയത് അരിസ്‌റ്റോട്ടിലായിരുന്നു. അതിനാല്‍ ദൈവികഗ്രന്ഥങ്ങളുടെ പിന്‍ബലമില്ലാതെയുള്ള അത്തരം ഖണ്ഡനമണ്ഡനങ്ങള്‍ പല അനിസ്‌ലാമികആശയങ്ങളും ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കാന്‍ ഇടയാക്കി. അരിസ്റ്റോട്ടിലിന്റെ വാദങ്ങള്‍ അബൂനസ്ര്‍ ഫറാബിയും ഇബ്‌നുസീനയും മുഖേന ശക്തിയായി ജനമധ്യത്തില്‍ അറിയപ്പെട്ടു. മുസ്‌ലിംപണ്ഡിതന്‍മാര്‍ക്കിടയില്‍ അരിസ്റ്റോട്ടിലിയന്‍ വാദങ്ങള്‍ക്ക് സ്വീകാര്യത നേടിക്കൊടുത്തു.

സ്‌പെയിന്‍ പോലുള്ള ചില പാശ്ചാത്യന്‍നാടുകളില്‍ തത്ത്വശാസ്ത്രത്തിന് പ്രചാരമുണ്ടാക്കിക്കൊടുത്തത് പൗരസ്ത്യരായിരുന്നു. ബഗ്ദാദിലെ സുപ്രസിദ്ധവൈദ്യനായിരുന്ന ഇസ്ഹാഖ് ബിന്‍ ഇംറാനായിരുന്നു അവരില്‍ പ്രമുഖന്‍. വൈദ്യശാസ്ത്രവും തത്ത്വജ്ഞാനവും പാശ്ചാത്യനാടുകളില്‍ പ്രചരിച്ചത് ഇദ്ദേഹം വഴിയായിരുന്നു. ഇബ്‌നുമാജ എഴുതിയ തത്ത്വശാസ്ത്രവിശകലനങ്ങള്‍ ഏറിയകൂറും അരിസ്റ്റോട്ടിലിന്റെതായിരുന്നു. ഹിജ്‌റ ആറാം നൂറ്റാണ്ടില്‍ തുടക്കത്തില്‍ ജനിച്ച ഇബ്‌നുതുഫൈല്‍ ഇബ്‌നുമാജയുടെ ശിഷ്യന്‍മാരില്‍ പെട്ട ആളാണെന്ന് അഭിപ്രായമുണ്ട്. ഹിജ്‌റ 530 ല്‍ ജനിച്ച് 594 ല്‍ മരണമടഞ്ഞ ഇബ്‌നുറുഷ്ദും ഇബ്‌നുമാജയുടെ മറ്റൊരു ശിഷ്യനാണ്. എന്തായാലും ഇവര്‍ മൂന്നുപേരും സമകാലീനരാണെന്ന കാര്യത്തില്‍ സംശയമില്ല.
പൗരസ്ത്യനാടുകളില്‍ തത്ത്വശാസ്ത്രത്തിന് പ്രാധാന്യം കൊടുത്ത രാജാക്കന്‍മാര്‍ ‘മുവഹ്ഹിദീ’ങ്ങള്‍ എന്നറിയപ്പെടുന്ന കടുത്ത ഏകദൈവവിശ്വാസികളായിരുന്നു. തത്ത്വശാസ്ത്രത്തില്‍ നൈപുണി നേടിയ യൂസുഫ് ബിന്‍ അബ്ദില്‍ മുഅ്മിന്‍ ഇക്കാര്യത്തില്‍ പ്രത്യേകം തല്‍പരനായിരുന്നു. ഇബ്‌നുതുഫൈലിനെ തന്റെ ഉറ്റസുഹൃത്താക്കി അദ്ദേഹം. അരിസ്റ്റോട്ടിലിന്റെ പരിഭാഷകളില്‍ വന്ന വൈകല്യങ്ങള്‍ നിമിത്തം അദ്ദേഹത്തിന്റെ പല നിഗമനങ്ങളും ദുര്‍ഗ്രാഹ്യമായി ജനസമക്ഷം അവതരിപ്പിക്കപ്പെട്ടു. ഇത് യൂസുഫ് ബിന്‍ അബ്ദില്‍ മുഅ്മിന്‍ ഇബ്‌നുതുഫൈലിന്റെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും കൃത്യാന്തരബാഹുല്യത്തെത്തുടര്‍ന്ന് അദ്ദേഹം തന്റെ ശിഷ്യന്‍ ഇബ്‌നു റുഷ്ദിനെ ഏല്‍പിച്ചു.

പാശ്ചാത്യപൗരസ്ത്യദേശങ്ങളില്‍ അരിസ്റ്റോട്ടിലിന്റെ തത്ത്വശാസ്ത്രം പ്രചരിക്കാനിടയായത് അങ്ങനെയാണ്. എന്നാല്‍ മുസ് കള്‍ മറ്റ് ഗ്രീക്ക് ശാസ്ത്രജ്ഞന്‍മാരെക്കുറിച്ച് അജ്ഞന്‍മാരാണെന്ന് ധരിക്കരുത്. അരിസ്റ്റോട്ടിലിന്റെ സിദ്ധാന്തങ്ങള്‍ മുസ്‌ലിംകള്‍ പ്രചരിപ്പിക്കാന്‍ മറ്റുപല കാരണങ്ങളുമുണ്ടായിരുന്നു.

About

Leave a Reply

Your email address will not be published. Required fields are marked *