തത്ത്വചിന്തകര്‍

അബൂനസ്ര്‍ അല്‍ഫാറാബി

പ്രമുഖ മുസ്‌ലിംതത്ത്വചിന്തകനും യവനചിന്തകളുടെ വ്യാഖ്യാതാവുമായ അല്‍ഫാറാബിയുടെ പൂര്‍ണനാമം അബൂനസ്ര്‍ ഇബ്‌നുമുഹമ്മദ് ഇബ്‌നു തര്‍ഖന്‍ ഇബ്‌നു മസ്‌ലഗ് അല്‍ഫാറാബി എന്നാണ്. ഫാറാബി ജില്ലയിലെ വലീജ് എന്ന സ്ഥലത്ത് ക്രി.വ. 870 ല്‍ ജനിച്ചു. ബഗ്ദാദില്‍ നിന്നാണ് ഫാറാബി അവസാനമായി വിദ്യയഭ്യസിച്ചത്. യോഹന്നാ ഇബ്‌നു ഹൈലാന്‍ അദ്ദേഹത്തിന്റെ ഗുരുവായിരുന്നു. ദര്‍ശനം , സാഹിത്യം, ഗണിതം, വൈദ്യം, സംഗീതം, ജ്യോതിശാസ്ത്രം തുടങ്ങിയ വിവിധമേഖലകളില്‍ അവഗാഹം നേടി. ഫാറാബിക്ക് 70 ഭാഷകളറിയാമായിരുന്നുവത്രെ. ബഗ്ദാദില്‍ നിന്ന് അദ്ദേഹം ഹലബില്‍ (അലപ്പോ) വന്നു താമസമാക്കി. ഫാറാബി സൂഫി പാരമ്പര്യത്തെ സ്‌നേഹിച്ചു. പൈതഗോറസിന്റെ ദര്‍ശനം (ശാരീരിക ബ്രഹ്മവാദം), തര്‍ക്കശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലാണ് ഫാറാബി ആദ്യരചനകള്‍ നടത്തിയത്. അരിസ്റ്റോട്ടില്‍ ഗ്രന്ഥങ്ങള്‍ തേടിപ്പിടിച്ചു പഠിക്കുകയും വ്യാഖ്യാനിക്കുകയും പഠിപ്പിക്കുകയും ചെയ്ത അദ്ദേഹം രണ്ടാം അരിസ്റ്റോട്ടില്‍/ഹകീമുസ്സാനി എന്നറിയപ്പെടുന്നു. അരിസ്റ്റോട്ടില്‍ കൃതികളുടെ സംഖ്യയും ക്രമവും ഉണ്ടാക്കിയത് ഫാറാബിയാണ്. ഇവയ്‌ക്കെല്ലാം അദ്ദേഹം വ്യാഖ്യാനങ്ങള്‍ രചിച്ചിട്ടുണ്ട്. പ്ലേറ്റോ, അരിസ്‌റ്റോട്ടില്‍ എന്നിവരുടെ ചിന്തകളെ താരതമ്യം ചെയ്യാനും സമന്വയിപ്പിക്കാനും അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ സ്തുത്യര്‍ഹമാണ്. ഒരു വസ്തുവിന്റെ അസ്തിത്വം സ്വയം വസ്തുതന്നെയെന്ന് ഫാറാബി സിദ്ധാന്തിക്കുന്നു. സത്ത രണ്ടുതരമാണ്. ആവശ്യം, സംഭവ്യം. സംഭവ്യം കാരണബന്ധിതമാണ്. കാരണരഹിതസത്തയാണ് ദൈവം. എന്നാല്‍ ഈശ്വരസത്തയെ പ്രമാണങ്ങള്‍കൊണ്ട് തെളിയിക്കാന്‍ സാധ്യമല്ല. കാരണം ഈശ്വരന്‍തന്നെയാണ് പ്രമാണവും സത്യവും. ഈശ്വരന്‍ അദൈ്വതമാണ്. ദൈവത്തിന്റെ സത്ത (ഗുണം) നിര്‍ണയിക്കുക സാധ്യമല്ല. നല്ല പേരുകളും വിശേഷണങ്ങളും ഉപയോഗിച്ച് നാം ദൈവത്തെ സംബോധനചെയ്യുന്നുവെങ്കിലും അവയെല്ലാം കാവ്യത്തിലെ ഉപമകള്‍പോലെ കരുതണം. അദൈ്വതം , വിശ്വത്തിന്റെ വികാസം എന്നിവയില്‍ ഫാറാബിയുടെ ചിന്ത ഇസ്‌ലാമികമല്ല.

ജ്ഞാനം ഈശ്വരദത്തമാണെന്ന് ഫാറാബി വിശ്വസിച്ചു. ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ഐക്യമാണ് മാനവന്റെ പരമലക്ഷ്യം. എന്നാല്‍ ഐക്യത്തിന്റെ വിശദീകരണങ്ങള്‍ ഗ്രാഹ്യമാകണമെന്നില്ല. മരണാനന്തരം മനുഷ്യന്‍ ലുപ്തനായിത്തീരുന്നു. ജ്ഞാനം ലഭിച്ച ജീവാത്മാക്കള്‍ക്ക് സ്ഥലപരിമിതിയില്ല.
ഫലഭാഗ ജ്യോതിഷത്തിലോ രാാസായനവിദ്യ(ആല്‍കെമി)യിലോ ഫാറാബിക്ക് വിശ്വാസമുണ്ടായിരുന്നില്ല. നന്‍മകളും തിന്‍മകളും(സാമൂഹികനിയമങ്ങള്‍) ഈശ്വരദത്തമാണ് എന്ന് അദ്ദേഹം വിശ്വസിച്ചു. എന്നാല്‍ സാമൂഹിക നീതികള്‍ മനുഷ്യന്റെ സൃഷ്ടിയാണ്. തന്‍മതിന്‍മകളെ തിരിച്ചറിയാന്‍ മനുഷ്യപ്രജ്ഞകള്‍ക്ക് സാധിക്കും. ജ്ഞാനം കാവ്യത്തേക്കാള്‍ ശ്രേഷ്ഠമാണ്. വിശുദ്ധ ജ്ഞാനമാണ് മനുഷ്യന് സ്വാതന്ത്ര്യം നല്‍കുന്നത്. ജ്ഞാനം ഈശ്വരാധീനമായതിനാല്‍ സ്വാതന്ത്ര്യവും ഈശ്വരാധീനമാണെന്ന ദുസ്സൂചന ഈ നിരീക്ഷണത്തിലുണ്ട്. ഇത് പറയുമ്പോള്‍ ഫാറാബി വിധിവാദത്തിന് കീഴടങ്ങുകയാണ്.
രാജ്യശാസനമാണ് ഫാറാബിക്ക് സ്വീകാര്യമായ ഭരണക്രമം. പ്ലേറ്റോയുടെ പ്രജാതന്ത്രം(റിപബ്ലിക്) വായിച്ച ഫാറാബി ഇപ്രകാരം ചിന്തിച്ചത് അത്ഭുതകരമാണ്. ക്രി. വ. 950 അദ്ദേഹം അന്തരിച്ചു.

About the author

padasalaadmin

Add Comment

Click here to post a comment

Topics