ഞാനറിഞ്ഞ ഇസ്‌ലാം

സ്രഷ്ടാവിനെ കണ്ടെത്തി; ഇനി ആഗ്രഹം ഹജ്ജ്

1995 ലാണ് ഞാന്‍ ഇസ്‌ലാം ആശ്ലേഷിച്ചത്. ഒരു മുസ്‌ലിമാണെന്ന് പറയുന്നതില്‍ വെള്ളക്കാരിയായ ഞാന്‍ തികച്ചും അഭിമാനംകൊള്ളുന്നു. എന്റെ മകനില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ഞാന്‍ മുസ്‌ലിം ആകുമായിരുന്നില്ല. മുസ്‌ലിം ആകാനുള്ള ശ്രമത്തില്‍ എനിക്ക് ജോലിയും കൂട്ടുകാരും കുടുംബവും ഒക്കെ ബലികഴിക്കേണ്ടിവന്നുവെന്ന് മാത്രം.

ചര്‍ച്ചുകളില്‍ മുടങ്ങാതെ പോയിക്കൊണ്ടിരുന്ന പെന്തക്കോസ്റ്റ് വിശ്വാസിനിയായിരുന്നു ഞാന്‍. തെരുവിലെ കുട്ടികളെ ചര്‍ച്ചിലേക്കും സണ്‍ഡേ ക്ലാസിലേക്കും കൂട്ടിക്കൊണ്ടുപോവുക എന്റെ പതിവായിരുന്നു. മകന്‍ എന്നോട് ഇസ് ലാമിനെക്കുറിച്ച ്പറയുന്നതുവരെ വായനയും ബൈബിള്‍ പഠനവുമായി മുന്നോട്ടുപോവുകയായിരുന്നു ഞാന്‍.
ഒരുദിവസം വീട്ടിലെത്തിയ മകന്‍ എന്നോട് ചോദിച്ചു:’മമ്മീ , എന്തുകൊണ്ട് നിങ്ങള്‍ മുസ്‌ലിമാകുന്നില്ല.’ ചോദ്യംകേട്ട് ഞെട്ടിത്തരിച്ച ഞാന്‍ ഉടന്‍ മറുപടിയുംകൊടുത്തു:’ഒരിക്കലുമില്ല’.

അവന്‍ പറഞ്ഞു: ‘മമ്മീ ഇസ്‌ലാം എത്ര സംശുദ്ധവും തെളിമയാര്‍ന്നതുമായ മതമാണെന്നോ! അതിന്റെ ആളുകള്‍ അഞ്ചുനേരം ദൈവത്തോട് പ്രാര്‍ഥിക്കുന്നവരാണ്.’
അതുകേട്ടതോടെ ഞാന്‍ ഇസ്‌ലാമിനെ സംബന്ധിച്ച പുസ്തകങ്ങളും ഖുര്‍ആന്‍ പരിഭാഷയും വായിക്കാനാരംഭിച്ചു. ഖുര്‍ആനിലൂടെ മുന്നോട്ടുപോകുംതോറും ഇസ്‌ലാം സത്യമാണ് തോന്നിത്തുടങ്ങി. അല്ലാഹുവിലേക്ക് ഞാന്‍ തിരിഞ്ഞു. അവസാനം ഞാന്‍ കൊതിച്ച സമാധാനവും ശാന്തിയും എനിക്ക് ലഭിച്ചു. ഒരു ദിവസം എന്റെ സഹോദരനോട് ഫോണിലൂടെ ഞാന്‍ മുസ്‌ലിമായിരിക്കുന്നു എന്ന് പറയുന്നതുവരെ കുടുംബാംഗങ്ങളില്‍നിന്ന് വിവരം മറച്ചുവെച്ചിരിക്കുകയായിരുന്നു.

ഞാന്‍ മുസ്‌ലിമായി എന്ന വെളിപ്പെടുത്തല്‍ കേട്ട് സഹോദരന്‍ ഞെട്ടിത്തെറിച്ചു. കാരണം ഉറച്ച വിശ്വാസവും അര്‍പ്പണമനസ്സും വെച്ചുപുലര്‍ത്തുന്ന ക്രൈസ്തവകുടുംബമായിരുന്നു ഞങ്ങളുടേത്. അവരില്‍ ഞാന്‍ മാത്രമാണല്ലോ ഇസ്‌ലാം സ്വീകരിച്ചത്. ഒരുദിവസം എന്റെ കുടുംബം ഫോണിലൂടെ എന്നോട് പറഞ്ഞു ‘നീ ഇനി ഞങ്ങളുടെ സഹോദരിയല്ല.നീയുമായി യാതൊരു ബന്ധവും മേലിലുണ്ടാവില്ല’. എന്നാല്‍ അതൊന്നും എനിക്ക് പ്രശ്‌നമല്ല. എന്നെങ്കിലും അവരുമായി കൂടിച്ചേരാന്‍ അല്ലാഹു എനിക്ക് അവസരമൊരുക്കുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്.
ഇസ്‌ലാമിനെ കണ്ടെത്തുന്നതുവരെ അതെന്താണെന്ന് എനിക്കറിയില്ലായിരുന്നു. കണ്ടെത്തുന്നതുവരെ എന്നുപറഞ്ഞത് ബോധപൂര്‍വമാണ്. കാരണം മാധ്യമങ്ങളും ചാനലുകളും ശരിയായ ഇസ്‌ലാമിനെക്കുറിച്ചായിരുന്നില്ലല്ലോ പറഞ്ഞുകൊണ്ടിരുന്നത്.
മുസ്‌ലിംസ്വത്വബോധം ലഭിച്ചപ്പോള്‍ എനിക്കത് മട്ടുപ്പാവില്‍കയറി ലോകത്തോട് വിളിച്ചുപറയണമെന്ന് തോന്നുന്നത്ര സന്തോഷം തോന്നി. എനിക്ക് ഒരുപക്ഷേ കുടുംബം നഷ്ടപ്പെട്ടിരിക്കാം. പകരം, ഇസ്‌ലാമില്‍ എനിക്ക് വലിയ ഒരു കുടുംബത്തെയാണ് ലഭിച്ചത്. എന്റെ പുതിയ സഹോദരങ്ങളായ മുസ്‌ലിംകളെപ്പറ്റി പറയാന്‍ എനിക്ക് വാക്കുകളില്ല. അക്കൂട്ടത്തില്‍ സ്വന്തം കുടുംബാംഗത്തെപ്പോലെ എന്നെ പരിചരിച്ച ഫഖ്‌റുദ്ദീന്‍ സാഹിബിനെയും മദ്‌റസയില്‍ കുട്ടികളോടൊപ്പം ഇരുത്തി അറബി പഠിപ്പിച്ച അപ്പാ തസ്‌നീം എന്നിവരെ പ്രത്യേകം സ്മരിക്കുന്നു.
മുസ്‌ലിം ആയതില്‍പിന്നെ പുറത്തേക്ക് പോകുമ്പോഴെല്ലാം ഞാന്‍ ഹിജാബ് ധരിക്കാറുണ്ട്. ഇന്‍ശാ അല്ലാഹ്, മക്കയില്‍ ഹജ്ജിന് പോകണമെന്ന് അതിയായ ആഗ്രഹമുണ്ട്. പക്ഷേ, അത് സാധിക്കുമോയെന്നുറപ്പില്ല. അല്ലാഹുവിന്റെയും അവന്റെ റസൂല്‍ മുഹമ്മദ്(സ)ന്റെയും തൃപ്തി കരസ്ഥമാക്കണമെന്നാണ് ഓരോ നിമിഷവും ചിന്തിച്ചുകൊണ്ടിരിക്കുന്നത്.

ഇസ്‌ലാം ഒരു ജീവിതപദ്ധതിയാണ്. അത് സമാധാനമാണ് പകര്‍ന്നുനല്‍കുന്നത്. വിശ്വാസി അല്ലാഹുവിന് കീഴൊതുങ്ങുന്നതിലൂടെ സമാധാനമാണ് കാംക്ഷിക്കുന്നത്. അല്ലാഹുവിനോടാണ് അവന്റെ ബാധ്യതയും കടപ്പാടും സ്‌നേഹവും പ്രകടിപ്പിക്കാനുള്ളത്. അങ്ങനെവരുമ്പോള്‍ എല്ലാ പ്രവൃത്തികളും അവനുള്ള അനുസരണമായിരിക്കും.
എല്ലാവര്‍ക്കുമൊപ്പം ഒരു മുസ്‌ലിം എന്നനിലയില്‍ എനിക്ക് അഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കാനാകുന്നുണ്ട്. അതിനാല്‍ മുസ്‌ലിംകുടുംബത്തില്‍ ജനിച്ചിട്ടും ഇസ്‌ലാമികനിയമങ്ങളനുസരിച്ച് മുന്നോട്ടുപോകാത്ത ആളുകള്‍ക്ക് ഇനിയും സമയം വൈകിയിട്ടില്ല എന്ന് ഉണര്‍ത്താന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ഈ നിമിഷംമുതല്‍ മുസ് ലിമാവുക.

Topics