ഞാനറിഞ്ഞ ഇസ്‌ലാം

ഭൂതകാലത്തില്‍നിന്ന് വര്‍ത്തമാനത്തിലേക്ക് ഒരു യാത്ര

യുകെയിലെ ക്രിസ്ത്യന്‍ സ്റ്റുഡന്റ്. ഇറ്റലിക്കാരിയായ മുസ്‌ലിംടീച്ചര്‍. ഇവരെ രണ്ടുപേരെയും ഒരുമിപ്പിക്കുന്ന സംഗതിയെന്താണ്? എന്റെ ജീവിതത്തിലെ രണ്ട് സ്‌നാപുകളാണിവ. ഭൂതവും വര്‍ത്തമാനവുമെന്ന്് അവയെ വിശേഷിപ്പിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. യുകെയിലെ ഒരു ക്രൈസ്തവകുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. രണ്ടുകൊല്ലത്തിനുമുമ്പ് ഇസ്‌ലാംസ്വീകരിച്ച് ഇപ്പോള്‍ ഇറ്റലിയില്‍ താമസിക്കുകയാണ്.

തികച്ചും നാടകീയമായ ഒന്നായിരുന്നു എന്റെ ഇസ്‌ലാമാശ്ലേഷണം എന്ന് ഞാന്‍ പറയില്ല. പക്ഷേ, തികച്ചും അവിശ്വസനീയമായ രീതിയില്‍ സത്യത്തിലെത്തിയതോര്‍ത്ത് കണ്ണുകള്‍ നിറയാറുണ്ട്. വിശ്വാസം അതിന്റെ പ്രഥമഘട്ടത്തില്‍നിന്ന് അവിശ്വസനീയമായ പാത തെരഞ്ഞെടുത്തുവെങ്കിലും ക്രൈസ്തവതയുമായി ഞാന്‍ കലഹത്തിലൊന്നുമായിരുന്നില്ല.
സ്ഥലത്തെ ചര്‍ച്ചിന്റെ മേധാവികളായിരുന്നു എന്റെ ഡാഡിയും മമ്മിയും. ക്വയറില്‍ ഞാന്‍ പാടാറുണ്ടായിരുന്നു. വേനല്‍ക്കാലബൈബിള്‍ കാമ്പില്‍ പങ്കെടുക്കുമായിരുന്നു. ചര്‍ച്ചിന്റെ മേല്‍നോട്ടക്കാരിയാകുന്നത് സ്വപ്‌നംകണ്ടിരുന്നു.

കാലമേറെ പിന്നിട്ടു. എന്നില്‍ എല്ലാറ്റിനെക്കുറിച്ചുമുള്ള ജിജ്ഞാസ വളര്‍ന്നു. അങ്ങനെയിരിക്കെ ഒരു ടര്‍ക്കിഷ് യുവാവിനെകണ്ടുമുട്ടി. അപ്പോഴാണ് ഇസ് ലാമിനെക്കുറിച്ച എന്റെ അറിവ് വട്ടപ്പൂജ്യമാണെന്ന് തിരിച്ചറിഞ്ഞത്. ഇസ്‌ലാമിലെ സ്ത്രീയെന്തെന്ന് അറിയാന്‍ ഞാനുറച്ചു.
ക്ലാസില്‍ ഹിജാബ് അണിഞ്ഞ രണ്ടുമുസ്‌ലിംകുട്ടികളേ ഉണ്ടായിരുന്നുള്ളൂ. ഇസ്‌ലാമിനെക്കുറിച്ച ധാരണകള്‍കാരണം അവരുമായി അടുപ്പം വെച്ചുപുലര്‍ത്തിയിരുന്നില്ല. എന്നാല്‍ എന്റെ ലക്ഷ്യം അവരുമായി കൂട്ടുകൂടാന്‍ എന്നെ പ്രേരിപ്പിച്ചു. അവരുടെ വിശ്വാസദാര്‍ഢ്യം ഏവരെയും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. അതെന്റെ ഹൃദയത്തെ തൊട്ടുണര്‍ത്തി. അവിശ്വസനീയമായിരുന്നു അതിന്റെ സൗന്ദര്യം. അവരുടെ നിത്യജീവിതത്തില്‍ അത് ഇഴുകിച്ചേര്‍ന്ന് ഏവര്‍ക്കും ദൃശ്യമായി അത്. അതോടൊപ്പം പ്രചോദനവും.

അതിനിടയില്‍ ഞാന്‍ പരിചയപ്പെട്ട ചെറുപ്പക്കാരന്‍ (അദ്ദേഹം ഇപ്പോഴെന്റെ ഭര്‍ത്താവാണ്) മതത്തെ തന്റെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചു. ആശ്ചര്യകരമായിരുന്നു അത്. ഞാനുമായുള്ള കൂടിക്കാഴ്ചയും സംസാരവും ക്രൈസ്തവതയെക്കുറിച്ചുള്ള സംസാരവും ടിയാന്റെ വിശ്വാസത്തെ നവീകരിക്കാന്‍ ത്വരകമായി പ്രവര്‍ത്തിക്കുകയായിരുന്നു.

യൂണിവേഴ്‌സിറ്റിയില്‍വെച്ചും വ്യക്തിജീവിതത്തിലും ഇസ്‌ലാമുമായി ഞാന്‍ നടത്തിയ സമ്പര്‍ക്കങ്ങള്‍ എന്റെ മനസ്സില്‍ സദാ കത്തിനിന്നു. ക്രൈസ്തവതയിലുള്ള എന്റെ താല്‍പര്യം ക്രമേണ ക്ഷയിച്ച് അവിടെ ഇസ്‌ലാമിനോടുള്ള ചായ്‌വ് ശക്തമായി. ഈ പ്രക്രിയക്കിടെ ദൈവവിശ്വാസം ശരിയായി ഊട്ടിയുറപ്പിക്കാന്‍ അവസരം നല്‍കിയത് ഇസ്‌ലാമാണെന്ന് തിരിച്ചറിഞ്ഞു.
ഇസ്‌ലാമിലേക്ക് കടന്നുവന്ന ക്രൈസ്തവര്‍ അതിന്റെ ചുറ്റുപാടുകളുമായി പിന്നീട് ബന്ധം പാടെ മുറിച്ചവരായാണ് ഞാന്‍ കണ്ടിട്ടുള്ളത്. അതിന്റെ കാരണവും എനിക്ക് മനസ്സിലാകും. പുതിയ വിശ്വാസം എന്നാല്‍ പുതിയ അധ്യായമാണല്ലോ. പക്ഷേ ഈ വിട്ടുനില്‍ക്കല്‍ ഒട്ടേറെ വേദന സമ്മാനിക്കുന്നു. പ്രത്യേകിച്ചും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായുമുള്ള ബന്ധം വേര്‍പെടുന്ന ഘട്ടത്തില്‍.
പരിവര്‍ത്തനംചെയ്യുന്നവര്‍ തങ്ങളുടെ അനുഭവം കുടുംബത്തിലും സുഹൃദ് വലയത്തിലും അക്കാര്യം പങ്കുവെക്കുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു. കഴിഞ്ഞകാലവുമായി എത്രയും പെട്ടെന്ന് വിടചൊല്ലാനുള്ള തിരക്കിലായിരിക്കും പലപ്പോഴും അവര്‍. അതിനാല്‍ ഒരു ലക്ഷ്മണരേഖ അവര്‍ വരച്ചുകഴിഞ്ഞിരിക്കും. ക്രൈസ്തവിശ്വാസികളുടെ മാനറിസങ്ങളെ മനസ്സിലാക്കാനും അതനുസരിച്ച് അവരെ പ്രബോധനംചെയ്യാനും ഉള്ള സിദ്ധി നേടുന്നതില്‍ മുസ്‌ലിംസമൂഹത്തിന് കിട്ടുന്ന സുവര്‍ണാവസരം അത് പാഴാക്കുന്നുവെന്ന് അവര്‍ക്കറിയാതെയല്ല അത്.

പുതുവിശ്വാസികള്‍ എപ്പോഴും തെറ്റുധാരണകള്‍ തിരുത്താനുള്ള ശ്രമത്തിലായിരിക്കും. രണ്ടു വ്യത്യസ്തമതധാരകളെ അവയുടെ അതിര്‍ത്തി ഭേദിച്ച് മനസ്സിലാക്കിയവരാണവര്‍. മാത്രമല്ല,രണ്ടുമതങ്ങള്‍ക്കുനേരെയും ഉണ്ടായിട്ടുള്ള വിമര്‍ശനങ്ങളെ നന്നായി കേട്ടിട്ടുമുണ്ടാകും. രാത്രിയുടെ അന്ധകാരങ്ങളില്‍ തങ്ങളുടെ മതത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന അത്തരംചോദ്യങ്ങള്‍ ഏവരും ചോദിച്ചിട്ടുമുണ്ടാകും.

ഇന്നത്തെ ലോകത്ത് വ്യത്യസ്തലേബലുകളില്‍ അറിയപ്പെടുന്നവര്‍ എന്തായാലും അബ്രഹാമിക് പാരമ്പര്യത്തില്‍ നിന്നുള്ളവരാണെന്നതില്‍ സംശയമില്ല. ബൈബിളിലും ഖുര്‍ആനിലും സമാനാശയത്തില്‍ ഒട്ടേറെ ചരിത്രങ്ങളും സാരോപദേശങ്ങളുമുണ്ട്. അവയില്‍ പലതും കൃത്യമായി തലക്കെട്ട് നല്‍കപ്പെടണം. അല്ലാതെ നമുക്കിടയില്‍ ബന്ധമുണ്ടാക്കാന്‍ സാധിക്കുന്ന പാലങ്ങള്‍ പൊളിച്ചിടേണ്ട ആവശ്യമില്ല. അങ്ങനെയെങ്കില്‍ ഭൂതകാലത്തില്‍നിന്ന് വര്‍ത്തമാനത്തിലേക്ക് അധികം ദൂരമുണ്ടാകില്ല.

സാറ

Topics