ഭൗതികപുരോഗതി നേടുന്നതില്‍ പാശ്ചാത്യവികസന സങ്കല്‍പം പങ്കുവഹിച്ചുവെങ്കിലും അത് വസ്തുനിഷ്ഠമായ വിലയിരുത്തലിന് വിധേയമാക്കേണ്ടതുണ്ട്.
1. പാശ്ചാത്യ നാഗരികത മൂല്യങ്ങളെയും ഇസ്‌ലാമിക സവിശേഷതകളെയും തകര്‍ത്തു. അഹംഭാവം വളര്‍ത്തി. സ്വത്വപ്രേമം അതിന്റെ മുഖമുദ്രയായി. ഈ ലക്ഷ്യസാക്ഷാത്കാരാര്‍ഥം ഇതര സംസ്‌കാരങ്ങളെയും ഭൂഖണ്ഡങ്ങളെയും വരെ തകര്‍ക്കാന്‍ അവര്‍ ഒരുമ്പെട്ടു. മൂന്നു ഭൂഖണ്ഡങ്ങളും അവിടത്തെ സമ്പത്തുക്കളും യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും കടത്തിയ വകയിലാണ് അല്ലാതെ അവരുടെ മൂല്യങ്ങളുടെ അടിത്തറയിലല്ല പാശ്ചാത്യലോകം പുരോഗതി കണ്ടെത്തിയത്. വടക്കേ അമേരിക്കയില്‍ തൊഴിലെടുപ്പിക്കാന്‍ മൂന്നുനൂറ്റാണ്ടോളം ആഫ്രിക്കന്‍ ജനതയെ കടത്തിക്കാണ്ടുപോയ സംഭവത്തെപ്പറ്റി ചിന്തകനായ റജാ ഗരോഡി എഴുതിയത് ചിന്തോദ്ദീപകമാണ്:’ആയിരക്കണക്കിന് മനുഷ്യരുടെ തലയോട്ടികളാല്‍ പിരമിഡുണ്ടാക്കിയ ചെങ്കിസ്ഖാന്റെ കൊലയോട് ഇത് താരതമ്യം ചെയ്യാനാവില്ല. പാശ്ചാത്യര്‍ ചെയ്ത കൊടുംക്രൂരതയെ അപേക്ഷിച്ച് ചെങ്കിസ്ഖാന്റേത് ഒരു കൈത്തൊഴിലാളിയുടെ പ്രവര്‍ത്തനംമാത്രമാണ്.’
2. വ്യക്തിയിലും വ്യക്തിയുടെ സുഖക്ഷേമത്തിലും മാത്രം വിശ്വസിക്കുന്ന പാശ്ചാത്യസമൂഹങ്ങള്‍ മനുഷ്യനെ ഉല്‍പാദന – ഉപഭോഗ യന്ത്രമായി മാത്രമാണ് കാണുന്നത്. അത്യാവശ്യമല്ലാത്ത ഉപഭോഗവസ്തുക്കള്‍ക്കായി മനുഷ്യനെ കൊല്ലാനും അതിന് മടിയില്ല. കുടുംബ-അയല്‍പക്ക -മനുഷ്യ ബന്ധങ്ങള്‍ മുറിഞ്ഞു. വിശ്വാസം, സ്‌നേഹം മുതലായ മൂല്യങ്ങള്‍ നിഷ്‌കാസിതമായി. ജീവിതത്തിന് ശോഭയണിയിക്കുന്ന എല്ലാ കാഴ്ചകളും അസ്തമിച്ചു. ഭൗതികജീവിത നിലവാരം വളര്‍ന്നതിനനുസരിച്ച് മദ്യ-മയക്കുമരുന്ന് ഉപഭോഗം കൂടി. ആത്മഹത്യ വര്‍ധിച്ചു. ലൈംഗിക അരാജകത്വം മുഖമുദ്രയായി.
3. സാങ്കേതികവിദ്യയുടെ പുരോഗതിക്കനുസരിച്ച് ആണവായുധങ്ങളടക്കം കൂട്ടസംഹാരായുധങ്ങള്‍ നിര്‍മിക്കപ്പെട്ടു. യുദ്ധത്തിന്റെ സാമ്പത്തികഭാരം യുദ്ധക്കളത്തില്‍ മാത്രമല്ല, കുടുംബാംഗങ്ങളിലും നാശം വിതച്ചു.
4. വ്യവസായ കേന്ദ്രീകരണവും തന്‍മൂലമുണ്ടായ നാഗരികനിര്‍മിതികളും പരിസ്ഥിതി നശീകരണത്തിന് കാരണമായി. മനുഷ്യജീവിതത്തിന്റെ നൈരന്തര്യത്തെ പിടിച്ചുകുലുക്കുമാറ് മാരകമായ രോഗങ്ങള്‍ക്ക് കാരണമായി. രാസവളങ്ങളും കീടനാശിനികളും മാത്രമല്ല, മരുന്നുകള്‍ വരെ തീരാദുരിതം തീര്‍ക്കുന്ന പരുവത്തിലെത്തി.
5. പ്രകൃതിവസ്തുക്കളുടെ അനന്തമായ ദുരുപയോഗവും ചൂഷണവും വര്‍ധിച്ചു. ഒരിക്കലുപയോഗിച്ചാല്‍ പിന്നീടുണ്ടാവാത്ത പ്രകൃതിവസ്തുക്കള്‍ പോലും ലക്കുംലഗാനുമില്ലാതെ ഉപയോഗിച്ചുകൊണ്ടിരുന്നു. പ്രകൃതി വീണ്ടുമുല്‍പാദിപ്പിക്കുന്ന മറ്റുചിലത് അവയേക്കാള്‍ കൂടുതലളവില്‍ ഉപയോഗിച്ച് തീര്‍ത്തു. വികസനത്തിന്റെ മേല്‍ ദൂഷ്യഫലങ്ങള്‍ പാശ്ചാത്യന്‍ സംസ്‌കൃതി തന്നെ അംഗീകരിച്ചതാണെന്നിരിക്കെ ഇസ് ലാമിക വ്യക്തിത്വവും സ്വത്വബോധവും നഷ്ടപ്പെടുത്തിയുള്ള ‘വികസനം ‘നമുക്ക് ആവശ്യമില്ല.
Add Comment