ഹദീസ് നിഷേധം

ചേകന്നൂരിന്റെ ഹദീസ് നിഷേധം

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നവരോട് ആശയസമരം നടത്തിയിരുന്ന മൗലവി ചേകന്നൂര്‍ പള്ളിദര്‍സുകളില്‍നിന്നാണ് മതപഠനം പൂര്‍ത്തീകരിച്ചത്. സ്വന്തം ഇജ്തിഹാദും മദ്ഹബുമായി പ്രയാണം തുടങ്ങിയ അദ്ദേഹം സര്‍ക്കാറിന് നല്‍കുന്ന നികുതി സകാത്തായി പരിഗണിക്കാമെന്ന വാദം മുന്നോട്ടുവെച്ചു. പിതാമഹന്റെ സ്വത്തില്‍ പൗത്രന് അനന്തരാവാകാശമുണ്ടെന്ന് അദ്ദേഹം സമര്‍ഥിക്കാന്‍ ശ്രമിച്ചെങ്കിലും പണ്ഡിതന്‍മാര്‍ അതിനെ ഖണ്ഡിച്ചു. ആ ഘട്ടത്തിലാണ് തന്റെ സ്വന്തം മാസികയായ ‘നിരീക്ഷണ’ത്തിലൂടെ ഹദീസുകള്‍ സ്വീകാര്യമാവാന്‍ സ്വഹാബിതലം മുതല്‍ രണ്ട് സാക്ഷികള്‍ വേണമെന്ന നിബന്ധനവെച്ചത്. ഹദീസ് സ്വീകാര്യതയുടെ സര്‍വാംഗീകൃതമാനദണ്ഡങ്ങള്‍ക്ക് തികച്ചുംവിരുദ്ധമാണ് ഈ അഭിപ്രായം. ഇസ്‌ലാമികശിക്ഷാനിയമമനുസരിച്ച് കേസ് തെളിയാന്‍ സത്യസന്ധരായ രണ്ട് സാക്ഷികള്‍ വേണമെന്നിരിക്കെ എത്രയോ മടങ്ങ് പ്രാധാന്യമേറിയ ഹദീസുകളുടെ കാര്യത്തില്‍ നബി(സ)യില്‍നിന്ന് ഒരാള്‍കേട്ടാല്‍മതി എന്ന തീരുമാനം എങ്ങനെ സ്വീകാര്യമാവും എന്ന യുക്തിവാദമാണ് അദ്ദേഹം ഉന്നയിച്ചത്. രണ്ട് സ്വഹാബിമാര്‍ ഒരുപോലെ ഉദ്ധരിച്ച ഹദീസുകള്‍ അത്യപൂര്‍വമോ തീരെ ഇല്ലാത്തതോ ആണെന്നിരിക്കെ പരോക്ഷമായ ഹദീസ്‌നിഷേധമായിരുന്നു അദ്ദേഹത്തിന്റെ ലാക്ക്. അത് പിന്നീട് തന്റെ ‘ബുഖാരിയും മുസ്‌ലിമും ലോകപൊള്ളന്‍മാരാണെന്നതിന്റെ വ്യക്തമായ തെളിവുകള്‍’ എന്ന കൃതിയിലൂടെ അദ്ദേഹം വെളിപ്പെടുത്തുകയുംചെയ്തു:’അഹ്‌ലുല്‍ ഹദീസുകാരുടെ ഇമാമുകളായ ബുഖാരിയും മുസ് ലിമും ലോകപൊള്ളന്‍മാരാണെന്നും നബിയെയും ഇസ്‌ലാമിനെയും താറടിക്കാനും ഖുര്‍ആന്‍ വിരുദ്ധമായ ജൂതനിയമങ്ങള്‍ ഇസ്‌ലാമിലേക്ക് കുത്തിക്കയറ്റാനും വേണ്ടി വേഷം മാറിവന്ന ജൂത ഏജന്റുമാരാണെന്നും ലക്ഷ്യസഹിതം വെളിപ്പെട്ടുകഴിഞ്ഞാല്‍ ‘ഏകസാക്ഷി, രണ്ടുസാക്ഷി ചര്‍ച്ച’കള്‍ക്കൊന്നും യാതൊരാവശ്യവുമില്ലെന്ന് മാന്യവായനക്കാരെ അറിയിച്ചുകൊള്ളുന്നു. എന്നാല്‍പിന്നെ നബിയില്‍നിന്ന് രണ്ട് സാക്ഷിമുഖേന തെളിഞ്ഞുകിട്ടിയ എല്ലാ ഹദീസുകളും ഇസ്‌ലാമിന്റെ രണ്ടാംപ്രമാണമായി സ്വീകരിക്കുമെന്ന് എന്തിന് പറഞ്ഞു എന്നായിരിക്കും ചോദ്യം. ‘അല്ലാഹുവിന് ഒരു കുട്ടിയുണ്ടെങ്കില്‍ ആ കുട്ടിയെ ആദ്യമായി ആരാധിക്കുന്നവന്‍ ഞാനാണെന്ന് നീ പ്രഖ്യാപിക്കൂ’എന്ന് ഖുര്‍ആന്‍ അസ്സുഖ്‌റുഫ് 81-ല്‍ അല്ലാഹു നബിയോടാജ്ഞാപിക്കുകയുണ്ടായല്ലോ. അതിന്റെ ലക്ഷ്യമെന്തായിരുന്നുവോ അതുതന്നെയാണ് ഇതിലുമുള്ളത്. രണ്ടും എതിരാളികളെ മുട്ടുകുത്തിക്കാനുള്ള പ്രഖ്യാപനമെന്നാണെന്ന് സാരം ‘(പേജ്.5, പ്രസാധകര്‍?, പ്രസ്സ്?, വര്‍ഷം 1992)

ഹദീസ് നിരാസത്തിന് മൗലവി സ്വീകരിച്ച കുതന്ത്രം ഏറ്റവുമധികം ഹദീസുകള്‍ ഉദ്ധരിച്ച സ്വഹാബിവര്യന്‍ അബൂഹുറയ്‌റയുടെയും ഹദീസ് സമാഹാര പ്രമാണികഗ്രന്ഥങ്ങളുടെ കര്‍ത്താക്കളായ ബുഖാരിയുടെയും മുസ്‌ലിമിന്റെയും നേര്‍ക്ക് കടന്നാക്രമണം നടത്തുകയെന്നതായിരുന്നു. സമാദരണീയരായ ഈ മഹത്തുക്കളെ തനി ജൂതന്‍മാരും പൊള്ളന്‍മാരും കള്ളന്‍മാരുമാണെന്ന് സ്ഥാപിക്കാന്‍ മൗലവി ചേകന്നൂര്‍ നിരവധി കൃതികള്‍ രചിച്ചുതള്ളി.

മൗലവി ചേകന്നൂര്‍ ഉയര്‍ത്തിയ വാദമുഖങ്ങള്‍ ഇവയായിരുന്നു:
1. ബാങ്കും ഇഖാമത്തും ഇല്ല.
2. അഞ്ചുനേരം നമസ്‌കാരം ഇല്ല.
3. റമദാനില്‍ 3 ദിവസമേ നോമ്പുള്ളൂ.
4. നികുതി കൊടുക്കുന്നവര്‍ സകാത്ത് കൊടുക്കേണ്ടതില്ല.
5. ഹജ്ജില്‍ കല്ലേറ് ഇല്ല
6. ഇസ്‌റാഅ് ഖുര്‍ആന്‍ പരാമര്‍ശിച്ചതിനാല്‍ സത്യമാണ്. എന്നാല്‍ അത് ബൈതുല്‍ മുഖദ്ദസ് വരെയുള്ള ഉല്ലാസയാത്ര മാത്രമായിരുന്നു. മിഅ്‌റാജ് പെരുങ്കള്ളമാണ്.
7. നബിയുടെ പേരില്‍ ചൊല്ലുന്ന സ്വലാത്തും സലാമും ദൈവധിക്കാരമാണ്.
8. ഇസ്‌ലാം കാര്യങ്ങള്‍ അഞ്ചല്ല, പത്താണ്.

വൈരുധ്യങ്ങളുടെയും വിവേകശൂന്യമായ വാദങ്ങളുടെയും വൈകാരികാക്രമണങ്ങളുടെയും ആകത്തുകയാണ് ചേകന്നൂരിസം. ഹദീസുകളെ മൊത്തമായി തള്ളിക്കളഞ്ഞപ്പോഴും തന്റെ വാദങ്ങള്‍ക്ക് പിന്‍ബലമേകുന്ന ദുര്‍ബലഹദീസുകളെ അദ്ദേഹം തെളിവായി ഉദ്ധരിച്ചു. മൂന്ന് വര്‍ഷത്തിലധികം നബി(സ)യോടൊപ്പം നിരന്തരസഹവാസമുണ്ടായിരുന്ന അബൂഹുറയ്‌റയുടെതായി ആവര്‍ത്തനം ഒഴിച്ചുനിര്‍ത്തിയാല്‍ 446 ഹദീസുകളാണ് ബുഖാരിയില്‍ കാണാനാവുക. സ്വഹീഹായ അദ്ദേഹത്തിന്റെ ഹദീസുകളില്‍ പലതിനും മറ്റു സ്വഹാബാക്കളുടെ ഉദ്ധരണികള്‍ പിന്‍ബലമായുണ്ട്.
ഇബ്‌നു ഹജറുല്‍ അസ്ഖലാനിയുടെ പ്രസിദ്ധകൃതിയായ ബുലൂഗുല്‍ മറാമിലെ ബാബുല്‍ മവാഖീത്(നമസ്‌കാരസമയങ്ങള്‍) ബാബുല്‍ അദാന്‍ (ബാങ്കുവിളി) എന്നീ അധ്യായങ്ങള്‍ മറിച്ചുനോക്കിയാല്‍ യഥാക്രമം രണ്ടും ഒന്നും ഹദീസ് മാത്രമാണ് അബൂഹുറയ്‌റയുടെതായി ഉദ്ധരിക്കപ്പെട്ടിട്ടുള്ളത്(പ്രസ്തുതവിഷയത്തില്‍ ബാക്കിയുള്ള 25 ഹദീസുകളും മറ്റു സ്വഹാബാക്കളില്‍നിന്ന് വന്നിട്ടുള്ളതാണ്). അപ്പോള്‍ ‘ബാങ്കും ഇഖാമത്തുമെല്ലാം അതേ അബൂഹുറയ്‌റ തന്നെ ഇറക്കുമതി ചെയ്ത ജൂതസിദ്ധാന്തങ്ങളടങ്ങിയ തനി അനാചാരങ്ങളാണെന്നാണ് ഇവിടെ ശക്തിയായി സ്ഥാപിക്കാന്‍ പോകുന്നത് ‘(ഖുര്‍ആന്‍ വിരുദ്ധബാങ്കും ഇഖാമത്തും-മൗലവി ചേകന്നൂര്‍ , 1990 മാര്‍ച്ച്, പി.കെ.എം. പ്രസ്സ് & പബ്ലിഷിങ് ഹൗസ്,എടപ്പാള്‍) എന്ന പെരുമ്പറകൊട്ടലിന്റെ പൊള്ളത്തരം നമുക്ക് ബോധ്യമാവുന്നുണ്ട്.

സ്വയം ജൂതഗൂഢാലോചനയ്ക്ക് ഇരയായി ദീനുല്‍ ഇസ്‌ലാമിനെ ജൂതായിസമാക്കി ചിത്രീകരിച്ച ചേകന്നൂര്‍ മൗലവി ഹദീസുകളെ തള്ളിപ്പറയാന്‍ ഖുര്‍ആന്‍ സൂക്തങ്ങളെ ദുര്‍വ്യാഖ്യാനംചെയ്തതും കാണുക. അല്‍ജാസിയയിലെ 6-ാംസൂക്തം ‘അവ അല്ലാഹുവിന്റെ സൂക്തങ്ങളാകുന്നു. അവയെ നാം താങ്കള്‍ക്ക് യഥാവിധം ഓതിക്കേള്‍പ്പിക്കുന്നു. അതിനാല്‍ അല്ലാഹുവിനും അവന്റെ സൂക്തങ്ങള്‍ക്കും ശേഷം മറ്റെന്ത് വൃത്താന്തത്തി(ഹദീസ്) അവര്‍ വിശ്വസിക്കുന്നത്’ .ഇതില്‍ ഹദീസ് എന്ന വാക്കിന് വൃത്താന്തം , സന്ദേശം എന്നീ അര്‍ഥങ്ങളല്ലാതെ ‘നബിയുടെ ഹദീസ്’ എന്ന് വിവക്ഷ നല്‍കാനാവില്ല. പ്രസ്തുത അധ്യായത്തിലെ ആദ്യ അഞ്ച് സൂക്തങ്ങള്‍ ചേര്‍ത്തുവായിക്കുമ്പോള്‍ എന്താണ് അവിടെ ‘ഹദീസ്’ എന്ന് മനസ്സിലാക്കാനാവും.

‘ഹാമീം. ഈ വേദപുസ്തകത്തിന്റെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവില്‍ നിന്നാണ്. തീര്‍ച്ചയായും ആകാശഭൂമികളില്‍ സത്യവിശ്വാസികള്‍ക്ക് എണ്ണമറ്റ തെളിവുകളുണ്ട്. നിങ്ങളെ സൃഷ്ടിച്ചതിലും അല്ലാഹു ജീവജാലങ്ങളെ ഭൂമിയില്‍ പരത്തിയതിലും, അടിയുറച്ച വിശ്വാസമുള്ള ജനത്തിന് അളവറ്റ അടയാളങ്ങളുണ്ട്.രാപ്പകലുകള്‍ മാറിമാറി വരുന്നതില്‍; അല്ലാഹു മാനത്തുനിന്ന് ജീവിതവിഭവം ഇറക്കിത്തരുന്നതില്‍; അതു വഴി ചത്ത ഭൂമിയെ ചൈതന്യവത്താക്കുന്നതില്‍; കാറ്റുകളുടെ ഗതി നിയന്ത്രിക്കുന്നതില്‍; എല്ലാറ്റിലും ചിന്തിക്കുന്ന ജനത്തിന് ഒട്ടേറെ അടയാളങ്ങളുണ്ട് ‘(അല്‍ജാസിയ 1-5) പ്രാപഞ്ചികസൂക്തങ്ങളെക്കുറിച്ച വൃത്താന്തമല്ലാതെ മറ്റെന്ത് ഹദീസാണ് ഇവിടെ നമുക്ക് അനുമാനിക്കാനാവുക.
ഹദീസ് നിഷേധത്തിന് കണ്ടെത്തിയ രണ്ടാമത്തെ ഖുര്‍ആന്‍ സൂക്തം നമുക്ക് പരിശോധിക്കാം. ‘ആകാശഭൂമികളുടെ ഭരണ സംവിധാനത്തെക്കുറിച്ച് അവര്‍ അല്‍പവും ആലോചിച്ചുനോക്കിയിട്ടില്ലേ? അല്ലാഹു സൃഷ്ടിച്ച ഒന്നിനെക്കുറിച്ചും അവര്‍ മനസ്സിലാക്കിയിട്ടില്ലേ? അവരുടെ ജീവിതാവധി അടുത്തെത്തിയിരിക്കാമെന്നതിനെപ്പറ്റിയും? ഇനി ഈ ഖുര്‍ആനിനുശേഷം അതല്ലാത്ത ഏതൊരു സന്ദേശത്തിലാണ് അവര്‍ വിശ്വസിക്കാന്‍ പോകുന്നത്?'(അല്‍അഅ്‌റാഫ് 185) ഈ സൂക്തത്തിന്റെ പ്രാരംഭത്തില്‍ പരാമര്‍ശിക്കുന്ന പ്രാപഞ്ചികദൃഷ്ടാന്തങ്ങളുമായി നബി(സ)യുടെ ഹദീസിന് വല്ല ബന്ധവുമുണ്ടോ? മൗലവി ചേകന്നൂരിന്റെ വാദമനുസരിച്ച് മുഹമ്മദ് നബിയുടെ കാലശേഷം എത്രയോ കഴിഞ്ഞ് മുആവിയയുടെ കാലത്താണ് അബൂഹുറയ്‌റയും കൂട്ടരും ‘ഹദീസ് നിര്‍മാണം ‘ ആരംഭിക്കുന്നത്. അപ്പോള്‍ നബി(സ)യുടെ മക്കാജീവിതകാലത്ത് തന്നെ അല്ലാഹു മുന്‍കൂറായി ഹദീസ് തള്ളിക്കളയാന്‍ ഉപദേശിച്ചുവെന്നാണോ?
അല്‍ മുര്‍സലാത്ത് അധ്യായത്തിലെ അമ്പതാമത്തെ സൂക്തമാണ് ഹദീസ് നിഷേധത്തിന് ഉള്ള മറ്റൊരു തെളിവ്. ‘ഈ ഖുര്‍ആന്നപ്പുറം ഏതു വൃത്താന്തത്തി(ഹദീസ്)ലാണ് അവരിനി വിശ്വസിക്കുക?’ ഈ അധ്യായത്തിന്റെ മൊത്തം ഉള്ളടക്കം അന്ത്യനാളിലെ വിഹ്വലതകളും സ്വര്‍ഗനരക വര്‍ണനകളുമാണ്. അത് സമാപിച്ചുകൊണ്ട് അല്ലാഹുവിന്റെ ചോദ്യമാണ് അവസാനസൂക്തമെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും.
ചുരുക്കത്തില്‍ സ്വഹാബിമാരെ കള്ളന്‍മാരും നുണയന്‍മാരുമാക്കിക്കൊണ്ട് ഹദീസിനെ തള്ളിപ്പറയാനും നിഷേധിക്കാനുമുള്ള ഏതൊരാളുടെയും ശ്രമം അടിസ്ഥാനമില്ലാത്ത വൃഥാവേലയാണെന്ന് പറയാം.

About the author

padasalaadmin

Add Comment

Click here to post a comment

Topics