ഹദീസ് നിഷേധം

ഹദീഥ് നിഷേധ പ്രവണതയുടെ തുടക്കം

ഇസ്‌ലാമികചരിത്രത്തില്‍ ഹദീഥ് നിഷേധപ്രവണത പല കാലഘട്ടങ്ങളിലും തലപൊക്കുകയും അപ്രത്യക്ഷമാവുകയും ചെയ്തിട്ടുണ്ട്. വിവിധ ചരിത്രസന്ധികളില്‍ രംഗപ്രവേശം ചെയ്ത ഹദീഥ് നിഷേധ പ്രവണതകള്‍, അതിന്റെ മുന്നിലും പിന്നിലും നിന്ന വ്യക്തികള്‍, സംഘങ്ങള്‍, അവരുടെ ആരോപണങ്ങള്‍ എന്നിവ നാം അറിയേണ്ടതുണ്ട്. ഹദീഥ് നിഷേധത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ നാലായി തരംതിരിക്കാം.

ഒന്ന്:മൂന്നാം ഖലീഫ ഉസ്മാന്‍(റ)ന്റെ വധം, അലി(റ)യുടെ അധികാരാരോഹണം, അലി-മുആവിയ വടംവലി തുടങ്ങിയ സംഭവവികാസങ്ങളുടെ പരിസരത്ത് രൂപപ്പെട്ട വിവിധ കക്ഷികള്‍ തമ്മിലുള്ള കിടമത്സരം.

രണ്ട് : യവനതത്ത്വചിന്തയില്‍ ആകൃഷ്ടരായ ചില മുസ്‌ലിം ചിന്തകര്‍ അതിനനുസൃതമായി ഇസ്‌ലാമികപ്രമാണങ്ങളെ വ്യാഖ്യാനിക്കാന്‍ കാണിച്ച വ്യഗ്രത.

മൂന്ന്: ഇസ്‌ലാം ദര്‍ശനത്തോടുള്ള കുടിപ്പക മൂത്ത യൂറോപ്യന്‍ കുരിശുപക്ഷം(ജുതരും ക്രിസ്ത്യാനികളും ഇതില്‍ പങ്കാളികളാണ്) സൈനികാക്രമണത്തിന് സമാന്തരമായി ആസൂത്രണം ചെയ്ത സാംസ്‌കാരികാക്രമണവും അതിനായി രൂപം നല്‍കിയ സംസ്‌കാരികസേന(ഓറിയന്റലിസ്റ്റുകള്‍) നടത്തിയ ഗൂഢനീക്കങ്ങളും.

നാല്: പാശ്ചാത്യസംസ്‌കാരത്തില്‍ ആകൃഷ്ടരായ ഓറിയന്റലിസത്തിന്റെ ഗൂഢനീക്കങ്ങള്‍ക്ക് കരുത്തുപകര്‍ന്ന മുസ്‌ലിംനാമധാരികളായ ചിന്തകന്‍മാരും എഴുത്തുകാരും നടത്തിയ ‘ഗവേഷണ’ങ്ങള്‍.

ഹദീഥ് നിഷേധികള്‍ ഒരുപോലെയായിരുന്നില്ല. അവരില്‍ മൊത്തമായി നിഷേധിച്ചവരുണ്ട്. ഭാഗികമായി നിഷേധിച്ചവരുണ്ട്. മുതവാതിറു(ഒട്ടേറെ നിവേദകപരമ്പരകളിലൂടെ കൈവന്നത്)കളെയും ആഹാദു(ഏകനിവേദക പരമ്പരയിലൂടെ കൈവന്നത്)കളെയും ഒരുപോലെ നിഷേധിച്ചവരുണ്ട്. ആഹാദുകളെമാത്രം നിഷേധിച്ചവരുണ്ട്(തുടരും).

ഹുസൈന്‍ കടന്നമണ്ണ

About the author

padasalaadmin

Add Comment

Click here to post a comment

Topics