വിശിഷ്ടനാമങ്ങള്‍

അല്‍അലിയ്യ് (അത്യുന്നതന്‍)

അല്ലാഹുവിന്റെ പദവിക്കുമുകളില്‍ യാതൊരു പദവിയുമില്ല. മനുഷ്യന്‍ മനസ്സിലാക്കിയതില്‍നിന്നെല്ലാം അതീതമായ ഔന്നത്യത്തിന്റെ ഉടമയാണ് അല്ലാഹു. ദാസന്‍ എത്ര ഉയര്‍ന്നാലും അല്ലാഹുവിന്റെ പദവിയിലെത്താന്‍ കഴിയില്ല. ‘അലാഅ്’, ‘ഉലുവ്വ്’ എന്നീ ധാതുക്കളില്‍നിന്നാണ് വിശേഷണമുണ്ടായത്. ഇതിനര്‍ഥം സര്‍വ്വതിന്റെയും മുകളിലുള്ളത് എന്നാണ്. ”ഇതെന്തുകൊണ്ടെന്നാല്‍, അല്ലാഹു തന്നെയാകുന്നു സത്യം! അവനെ വെടിഞ്ഞ് അവര്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നതൊക്കെയും മിഥ്യയാകുന്നു. അത്യുന്നതനും മഹനീയനായവനും അല്ലാഹു തന്നെ.” (അല്‍ഹജ്ജ്: 62), ‘അല്ലാഹു-ബ്രഹ്മാണ്ഡ പാലകനായ അവന്‍-നിത്യജീവത്തായ അസ്തിത്വമാകുന്നു. അവനല്ലാതെ ദൈവമില്ല. അവനെ മയക്കമോ നിദ്രയോ ബാധിക്കുന്നില്ല. വാന-ഭുവനങ്ങളിലുള്ളതെല്ലാം അവന്റേതാകുന്നു. അവന്റെ സന്നിധിയില്‍ അനുമതി കൂടാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അടിമകളുടെ മുമ്പിലുള്ളതൊക്കെയും അവന്‍ അറിയുന്നു. അവര്‍ക്ക് അദൃശ്യമായതും അവന്‍ അറിയുന്നു. അവന്റെ ജ്ഞാനത്തില്‍നിന്ന് ഒന്നുംതന്നെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാവില്ല-അവരെ അറിയിക്കണമെന്ന് അവന്‍ സ്വയം ഉദ്ദേശിച്ചതല്ലാതെ. അവന്റെ ആധിപത്യം വാനലോകങ്ങളിലും ഭൂമിയിലും വ്യാപിച്ചിരിക്കുന്നു. അവയുടെ സംരക്ഷണം അവനെ ഒട്ടും ക്ഷീണിപ്പിക്കുന്നതല്ല. അവന്‍ അത്യുന്നതനും അതിഗംഭീരനും തന്നെ.” (അല്‍ബഖറ: 255)

Topics